Image

ചന്ദ്രയാന്‍ 3 ഇന്നു കുതിച്ചുയരും (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 14 July, 2023
ചന്ദ്രയാന്‍ 3 ഇന്നു കുതിച്ചുയരും (ദുര്‍ഗ മനോജ് )

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണപദ്ധതിയായ ചന്ദ്രയാന്‍ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും. ചന്ദ്രയാന്‍ 3 ന്റെ കൗണ്ട് ഡൗണ്ട് ഇന്നലെ ഉച്ചക്ക് ആരംഭിച്ചു. 25 മണിക്കൂര്‍ 30 മിനിറ്റ് ആണ് കൗണ്ട് ഡൗണ്‍ സമയം. ഇന്ന് ഉച്ചക്ക് 2.35 ന് വിക്ഷേപണത്തറയില്‍ നിന്നും ചന്ദ്രയാന്‍ മിഷന്‍ ബഹിരാകാശത്തേക്കു കുതിച്ചുയരും. കൗണ്ട് ഡൗണ്‍ സമയത്തില്‍ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണു ചെയ്തു തീര്‍ക്കുക.

2008 ലെ ചന്ദ്രയാന്‍ 1 ല്‍ പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തില്‍ സ്വതന്ത്രമായി വീഴാന്‍ അനുവദിക്കുകയാണ് ചെയ്തത്. 2019ലെ ചന്ദ്രയാന്‍ 2ല്‍ വേണം കുറച്ചു കൊണ്ടുവന്ന് സുരക്ഷിതമായി ഇറക്കുകയായിരുന്നു ദൗത്യം. എന്നാല്‍ റോവറിന് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങേണ്ടി വന്നതിനാല്‍ ആ ദൗത്യം പരാജയപ്പെട്ടു. ഇപ്പോള്‍ ചന്ദ്രയാന്‍ 3 ല്‍, ചന്ദ്രോപരിതലത്തില്‍ സുരക്ഷിത സ്ഥലം കണ്ടെത്തി വേഗം കുറച്ച് ഇറങ്ങേണ്ടതുണ്ട്.ചന്ദ്രയാന്‍ 2ല്‍ കൊണ്ടുപോയ ഓര്‍ബിറ്റര്‍ തന്നെയാണ് മൂന്നിലും ഭൂമിയുമുള്ള ആശയ വിനിമയത്തിന് ഉപയോഗിക്കുക.
ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന ഭാഗങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡറും, ഉപരിതലത്തില്‍ സഞ്ചരിക്കാനുള്ള റോവറും, ഇവയെചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളുമാണ്. റോക്കറ്റില്‍ നിന്നും വേര്‍പെട്ടാല്‍ റോവറിനേയും ലാന്‍ഡറിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് മോഡ്യൂള്‍ ആണ്. ഭൂമിയെ ചുറ്റുന്നതിനിടയില്‍ ഭ്രമണപഥത്തിന്റെ വ്യാസം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കു പ്രവേശിക്കേണ്ടത്. തുടര്‍ന്ന് ചന്ദ്രനിലെ ഭ്രമണപഥ വ്യാസം കുറയ്ക്കണം. ആഗസ്റ്റ് 23, 24 തീയതികളിലാവും ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കുക.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന ഐ എസ് ആര്‍ ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജി എസ് എല്‍ സി മാര്‍ക്ക് 3 റോക്കറ്റിന്റെ ഏഴാമത് ദൗത്യമാണ് ഇന്നത്തേത്. 43.5 മീറ്റര്‍ ഉയരവും, 642 ടണ്‍ ഭാരവും ഉള്ള ഈ റോക്കറ്റില്‍ ആദ്യഘട്ടത്തില്‍ ഖര ഇന്ധനവും, രണ്ടാം ഘട്ടത്തില്‍ ദ്രാവക ഇന്ധനവും, മൂന്നാം ഘട്ടത്തില്‍ ക്രയോജനിക് ഇന്ധനവും ആണ് ഉപയോഗിക്കുക. യാത്ര തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്നും വേര്‍പെട്ട് ഭൂമിയില്‍ നിന്നും 179 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും.

2019 ല്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട ദൗത്യം ഇക്കുറി ചന്ദ്രയാന്‍ 3 ല്‍ വിജയകരമാകട്ടെ. യു എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇന്ത്യയും കുതിച്ചുയരട്ടെ.

ISRO's Chandrayaan 3 launch toaday.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക