Image

ഉത്തേജനം (കഥ: സാം നിലമ്പള്ളില്‍)

Published on 23 May, 2023
ഉത്തേജനം (കഥ: സാം നിലമ്പള്ളില്‍)

കഷായം കുടിക്കുമ്പോള്‍ വെള്ളം കുടിക്കരുതെന്ന് വൈദ്യര് പറഞ്ഞു.

'വെള്ളം കുടിക്കാതിരുന്നാലെങ്ങനാ  ദിനകരന്‍ വൈദ്യരെ?' കൈകാലുകള്‍ക്ക് ബലക്ഷയം ഉണ്ടെന്ന് പറഞ്ഞുചെന്ന ബദറുദീന്‍കുട്ടി സംശയം പ്രകടിപ്പിച്ചു. 'മനുഷമ്മാര് മയ്യത്തായി പോകത്തില്ലേ?'

'കഷായത്തില്‍ വെള്ളമുണ്ടല്ലോ?' കഷായം വെറുംവെള്ളമാണെന്ന് രോഗി തെറ്റിദ്ധരിച്ചെങ്കിലോ എന്നുകരുതി വൈദ്യര്‍ പെട്ടന്ന് തിരുത്തി. 'മരുന്നുകള്‍ വാറ്റിയെടുത്ത ജലമാണല്ലോ കഷായം. പിന്നെ, അത്യാവശ്യത്തിന് വേണമെങ്കില്‍ കഞ്ഞിവെള്ളം ഉപ്പില്ലാടെ കുടിക്കാം, ചൂടോടെ.'

വാറ്റിയെടുത്തത് എന്നുപറഞ്ഞത് രോഗിയില്‍ വീണ്ടും സംശയം ജനിപ്പിച്ചു. 'വാറ്റുന്നത് ചാരായമല്ലേ ദിനകരന്‍ വൈദ്യരേ? അത് നമുക്ക് ഹറാമാണ്. വാറ്റാത്ത മരുന്നുവല്ലതും തന്നാമതി.'

'വാറ്റുന്നതെന്ന് ഞാന്‍ പറഞ്ഞത് മരുന്നുകളുടെ സത്ത് ഊറ്റിയെടുക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്.' വൈദ്യര്‍ വിശദീകരിച്ചു. 'ഇതില്‍ ചാരായമൊന്നുമില്ല.'

'അല്ല. വൈദ്യരടെ കഷായത്തിലും അരിഷ്ടത്തിലുമൊക്കെ ചാരായമുണെന്നൊരു പറച്ചിലുണ്ട്. അതുകൊണ്ട് ചോദിച്ചതാ.'

'ആരാ ഈ അനാവശ്യമൊക്കെ പറഞ്ഞുപരത്തുന്നതെന്ന് എനിക്കറിയാം.' ദിനകരന്‍ വൈദ്യര്‍ ദേഷ്യപ്പെട്ടു. 'ആ തോമസുവൈദ്യരാ അതിന്റെ പിന്നില്‍. അല്ല ഞാന്‍ ചോദിക്കട്ടെ, ക്രിസ്ത്യാനിക്കെന്താ ആയുര്‍വേദവുമായിട്ട് ബന്ധം? ഇതൊക്കെ ഹിന്ദുക്കള്‍ക്ക് പറഞ്ഞിട്ടൊള്ളതാ.'

'ദിനകരന്‍ വൈദ്യരങ്ങനെ മതവികാരം ഇളക്കിവിടല്ലേ?' ഒരു ഇടതുപക്ഷ ചിന്തകനല്ലാത്ത ബദറുദീന്‍ പറഞ്ഞു. 'വൈദ്യന്മാര് എല്ലാജാതീലുമില്ലേ? മുസല്‍മാന്‍മരുടെ ഇടയില്‍ വലിയ വൈദ്യന്മാരുണ്ടല്ലോ, ഇബ്രാഹീംകുട്ടി വൈദ്യരെപ്പോലെ.'

ആരാ ഇബ്രാഹീംകുട്ടി വൈദ്യര്‍ എന്ന് ദിനകരന്‍ ചോദിച്ചില്ല, ആരോ പ്രശസ്ഥനായ വൈദ്യരാണെന്ന് ധരിച്ചു. അഥവാ ചോദിച്ചിരുന്നെങ്കില്‍ ബദറുദ്ദീനും വിഷമത്തിലായേനെ. കാരണം അയാള്‍ വെറുതെ ഒരു പേരങ്ങ് പറഞ്ഞെന്നേയുള്ളു.

 ദിനകരന്‍ വൈദ്യര്‍ ആയുര്‍വേദ കോളജിലൊന്നും പോയിപഠിച്ച് ഡിഗ്രിയെടുത്തിട്ടുള്ള ആളല്ല, പാരമ്പര്യമായിട്ട് അയാളുടെ കുടുംബക്കാര് വൈദ്യന്മാരാണ്. അഛനും, വല്ല്യഛനും, വല്ല്യഛന്റെ അഛനും ഒക്കെ വൈദ്യന്മാരായിരുന്നു. അതിന് പിന്‍പോട്ടുള്ള ചരിത്രം അറിയില്ല. ഇപ്പോള്‍ ദിനകരന്റെ ജേഷ്ട്ടാനുജന്മാരും അളിയന്മാരും എന്നുവേണ്ട കുടുംബത്തിലുള്ള സകലരും വൈദ്യശാല നടത്തുന്നുണ്ട്. ദശമൂലാരിഷ്ടത്തില്‍ ചാരായം ചേര്‍ത്ത് ചില പ്രത്യേക കസ്റ്റമേര്‍സിന് വൈകുന്നേരങ്ങളില്‍ വില്‍പനയുണ്ടെന്ന കുബുദ്ധികള്‍ പറഞ്ഞുപരത്തുന്നുണ്ട്. ആ കാര്യമാണ് ഇപ്പോള്‍ ദിനകരന്‍ വൈദ്യരെ ദേഷ്യംപിടിപ്പിക്കാന്‍ ബദറുദ്ദീന്‍ ചോദിച്ചത്.

ഇംഗ്‌ളീഷ് മരുന്നുകളൊക്കെ ദൂഷ്യംചെയ്യുന്നവയാണ് എന്ന വിശ്വാസംകൊണ്ടാണ് ബദറുദ്ദീന്‍ ആയുര്‍വേദമാകാമെന്ന് വിചാരിച്ചത്. വയസ് അറുപത്തിനാലേ ആയിട്ടുള്ളെങ്കിലും കൈകാലുകള്‍ക്ക് ബലക്ഷയമുണ്ടോ എന്നൊരു തോന്നല്‍, ബീവിയത് പറയുകേം ചെയ്തു. അവള്‍ക്കാണല്ലോ അത് ആധികാരികമായി പറയാന്‍ സാധിക്കുക. മുസ്‌ളിപവര്‍ എക്‌സ്ട്രാ എന്നൊരു സാധനമുണ്ടുപോലും. അത് മുസ്ലീങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയിട്ടുള്ളതാണെന്ന്. പക്ഷേ, മറ്റുജാതിക്കാരും കള്ളപ്പേരുപറഞ്ഞ് അതുവാങ്ങി കഴിക്കാറുണ്ടെന്ന് അവളോടാരോ പറഞ്ഞു. അതൊന്ന് വാങ്ങിക്കഴിച്ചാലോ എന്നാലോച്ചിരുന്നപ്പോളാണ് എന്തായാലും പരിചയക്കാരനായ ദിനകരന്‍ വൈദ്യരെ ഒന്ന് കണ്‍സള്‍ട്ട് ചെയ്യാമെന്ന വിചാരിച്ചത്.

'ദിനകരന്‍ വൈദ്യര് മുസ്ലിംപവര്‍ എക്‌സ്ട്രാ എന്നൊരു മരുന്നിനെപ്പറ്റി കേട്ടിട്ടുണ്ടോ?' ബദറുദ്ദീന്‍ ചോദിച്ചു. 'അത് നല്ലതാണെന്ന് വീട്ടിലെ ബീവി പറഞ്ഞു.'

വൈദ്യര്‍ അതുകേട്ട് ചിരിച്ചു.

'മുതലാളിക്ക് അതിന് വിഷയസംബന്ധമായി പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ? അല്ലാതെന്തിനാ അതൊക്കെ കഴിക്കുന്നത്?'

'വിഷയസംബന്ധം' എന്നതിന്റെ അര്‍ത്ഥം അറിയന്‍ വയ്യാത്തതുകൊണ്ട് ചെറുതായിട്ടൊന്ന് പരുങ്ങിയ ബദറുദ്ദീന്‍ പറഞ്ഞു. 'പ്രശ്‌നം ഉണ്ടെന്നാ ബീവിയുടെ അഭിപ്രായം.'

വൈദ്യര്‍ ചിരിക്കുന്നതെന്തിനാണെന്ന് ബദറുദ്ദീന് പിടികിട്ടിയില്ല.

'മുതലാളിക്ക് എത്ര വയസ്സായി?'

'അറുപത്തിനാല്.'

'അറുപത് കഴിഞ്ഞാല്‍ പരുഷന്മാര്‍ക്ക് കുറച്ച് ബലഹീനതകളൊക്കെ ഉണ്ടാകും,' വൈദ്യര്‍ വിശദീകരിച്ചു. 'അതൊക്കെ സാധാരണമാണ്. അതാണ് പ്രശ്‌നമെങ്കില്‍ ഞാന്‍ വേറൊരു മരുന്ന് തരാം. പക്ഷേ തുടര്‍ച്ചയായി കഴിക്കണം.'

ബലഹീനത മാറുമെങ്കില്‍ തുടര്‍ച്ചയായി കഴിക്കുന്നതില്‍ പ്രയാസമൊന്നുമില്ലെന്ന് ബദറുദ്ദീന്‍ പറഞ്ഞു. അങ്ങനെയാണ് ലൈംഗിക ഉത്തേജനത്തിനുള്ള രസായനം കൊടുത്തത്; രാത്രി കിടക്കുന്നതിനുമുന്‍പ് ഒരു സ്പൂണ്‍ വീതം കഴിക്കണമെന്നും നിഷ്‌ക്കര്‍ക്ഷിച്ചു. രസായനം കഴിച്ച രാത്രി മുതലാളി ബീവിയെ കിടത്തിയുറക്കിയില്ല.

ദിനകരന്‍ വൈദ്യന്‍ ആള് കൊള്ളാമല്ലോ എന്ന് ബദറുദ്ദീന്‍ വിചാരിച്ചു. ആകെപ്പാടെ ഒരു ഉന്‍മേഷം. കൈകാലുകളുടെ മാത്രമല്ല ശരീരത്തിന്റെ മൊത്തം ബലഹീനത മാറിയതുപോലെ; കൂടുതല്‍ ബലം വെച്ചതുപോലെ. ദിനകരന്‍ വൈദ്യരും വൈദ്യശാലയും ഉണ്ടെങ്കില്‍ ജീവിതാവസാനംവരെ ഈ രസായനം മുടക്കമില്ലാതെ കഴിക്കുകതന്നെ.

പക്ഷേ, മൂന്നാംദിവസം ബീവി പഴയാപ്‌ളയെ മുറിക്ക് പുറത്താക്കി വാതില്‍ അടച്ചു.

'ഇങ്ങനെയും ഒരു പരാക്രമം ഉണ്ടോ മനുഷന് വയസുകാലത്ത്' അവര്‍ വിചാരിച്ചു. 'കൊല്ലാന്‍ പോകുന്നപോലല്ലേ?'

മുറിക്ക് പുറത്തായ ബദറുദ്ദീന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരം വെളുപ്പിച്ചു.

ബീവിയുടെ മുറിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അയാള്‍ അടുത്തദിവസം രാത്രിയില്‍ വരാന്തയിലെ സെറ്റിയില്‍ ഉറക്കമില്ലാതെ കിടന്നു. ദാഹിച്ച് തൊണ്ടവരണ്ടതുകൊണ്ടാണ് അല്‍പം വെള്ളം കുടിക്കാമെന്ന് വിചാരിച്ച് അടുക്കളയില്‍ കയറിയത്. രസായനം കഴിക്കുമ്പോള്‍ വെള്ളംകുടിക്കരുതെന്ന് ദിനകരന്‍ വൈദ്യന്‍ പറഞ്ഞിട്ടുമില്ല. അടുക്കളയില്‍ചെന്ന് ലൈറ്റിട്ടപ്പള്‍ 'ആരപ്പാ ഈ കെടക്കുന്നത്? ജോലിക്കാരി റഹ്മത്തല്ലേ? ഇവളിവിടൊള്ള കാര്യം അറിഞ്ഞില്ലല്ലോ?' 

 പ്രായംകുറെ ആയെങ്കിലും ചില്ലറജോലികളൊക്കെ ചെയ്ത് ബീവിയെ സഹായിച്ച് ഇവിടിങ്ങനെ കഴിയുന്നു. മരുമകളോട് വഴക്കിട്ട് പോരുന്ന ദിവസങ്ങളില്‍ ചില രാത്രികളില്‍ ഇവിടെകിടക്കും. എന്നാല്‍പിന്നെ വരാന്തയില്‍കിടന്ന് കൊതുകുകടി കൊള്ളാതെ അടുക്കളയില്‍ കിടക്കാമെന്ന് കരുതി ബദറുദ്ദീന്‍ ലൈറ്റ് കെടുത്തി.
    
(കേസരി വീക്കിലിയില്‍ പ്രസിദ്ധീകരിച്ച പഴയകാല കഥ)

സാം നിലമ്പള്ളില്‍
samnilampallil@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക