Image

പരിമിതികളെ ചിറകുകളാക്കി : മറ്റുള്ളവര്‍ക്ക് അഭയമൊരുക്കാന്‍ സജി അമേരിക്കയില്‍

Published on 01 May, 2023
പരിമിതികളെ ചിറകുകളാക്കി : മറ്റുള്ളവര്‍ക്ക് അഭയമൊരുക്കാന്‍ സജി അമേരിക്കയില്‍

ന്യൂജേഴ്‌സി: അടുത്തറിഞ്ഞവര്‍ക്കൊക്കയും സജി തോമസ് കൊട്ടാരക്കര ഒരു അത്ഭുതമാണ്. പരിമിതികളെ ചിറകുകളാക്കി പറന്നുയര്‍ന്ന ഒരാള്‍. അതൊക്കെയും മറ്റുള്ളവര്‍ക്കുവേണ്ടിയാണ് എന്നതാണ് അത്ഭുതം. ലോകത്തിനു മുഴുവന്‍ മാതൃകയായി തീരുന്ന ഇദ്ദേഹത്തിന് പറയാനുള്ളതൊക്കെയും മറ്റുള്ളവരുടെ വിശേഷങ്ങളാണ്.

ഒന്നര വയസ്സുള്ളപ്പോള്‍ കഴുത്തിന് താഴേക്ക് തളര്‍ന്നു. പിന്നെ ആറാം വയസ്സു മുതല്‍ ഊന്നു വടിയിലായി ജീവിതം. പക്ഷേ ആ വടി പിന്നീട് ഊന്നി നടന്നതൊക്കെയും മറ്റുള്ളവര്‍ക്കുവേണ്ടി. പതിമൂന്ന് സ്‌നേഹഭവനങ്ങള്‍ ഒരുക്കി, നിരവധി പെണ്‍കുട്ടികളുടെ വിവാഹം നടത്തി, മുന്നൂറോളം ആളുകള്‍ക്ക് ഡയാലിസിസ് നടത്താന്‍ സൗകര്യം ഒരുക്കി വരുന്നു. നിരവധി വായനശാലകള്‍ സ്ഥാപിച്ചു. നിരവധി കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷണവും ആവശ്യ സാധനങ്ങളും വിതരണം ചെയ്തു വരുന്നു... സജി തോമസിന്റെ കാരുണ്യം എല്ലാ മേഖലകളിലേക്കും എത്തി. അങ്ങനെ സജി തോമസിന്റെ മികവിന് അംഗീകാരമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്‌കാരവുമെത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കോണ്‍ഫറന്‍സില്‍  ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടലില്‍ നിന്ന് ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സജി തോമസ് തന്റെ ആവശ്യങ്ങള്‍ വേദിയിലും സദസ്സിലുമുളളവരോടായി പങ്കുവച്ചു. അടിയന്തരമായി മൂന്നുവീടുവേണം, രോഗികള്‍ക്കായി ഒരു ആംബുലന്‍സ് വേണം. വാക്കുകളിടറി സജി പിന്നീട് സംസാരിച്ചതൊക്കെയും മറ്റുള്ളവര്‍ക്കുവേണ്ടി. നിറഞ്ഞ കൈയടിയോടെ സജി വേദി വിടുമ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ ആ മനസ്സിലുണ്ട്. 

സജി പണം നേരിട്ട് തരണമെന്ന് ആവശ്യപ്പെടാറില്ല. അര്‍ഹരായവരെ ചൂണ്ടി കാണിക്കുക ചെയ്യും. ബോധ്യപ്പെട്ടാല്‍ എല്ലാം നേരിട്ടാകാം. വീട് വയ്ക്കാനുള്ള സാധന സാമഗ്രികള്‍ നല്‍കുന്നവരേയും പരിചയപ്പെടുത്തും. ഇനി ഇതിനൊന്നും സമയമില്ലാത്തവരാണെങ്കില്‍ എല്ലാം ഏറ്റെടുക്കാനും സജി ഒരുക്കമാണ്. സജിയെ വ്യത്യസ്തനാക്കുന്നതും ഇതു തന്നെ. എല്ലാം സുതാര്യമാകണമെന്ന നിര്‍ബന്ധം മാത്രമാണ് സജിയ്ക്കുള്ളത്. നിലവില്‍ രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്കും ഒരു ക്ഷയരോഗിക്കുമാണ് അടിയന്തരമായി ഭവനം ഒരുക്കേണ്ടത്. 

കൊട്ടാരക്കര വാളകം സ്വദേശിയായ സജി ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആണ്. ഇതിനിടയിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. മറ്റുള്ളവര്‍ക്കുവേണ്ടി നമ്മളാല്‍ കഴിയുംവിധം സഹായം ചെയ്യുന്നതാണ് ലോകത്തെ ഏറ്റവും വലിയ നന്മയെന്ന് സജി തോമസ് പറയുന്നു. അര്‍ഹരായവരെ കണ്ടെത്തി തന്നെയാണ് ഇതുവരെയുള്ള എല്ലാ ജീവകാരുണ്യ പ്രവര്‍ത്തികളും ചെയ്തത്. നേരിട്ട് പണം നല്‍കണമെന്ന് ആരോടും ഇന്നു വരെ ആവശ്യപ്പെട്ടിട്ടില്ല. ദുരിതം അനുഭവിക്കുന്നവരെ എങ്ങനെയും സഹായിക്കണമെന്ന് മാത്രമേയുള്ളു. വേള്‍ഡ് മലയാളി കൗണ്‍സില്‍ തന്ന അംഗീകാരത്തിന് ഒരുപാട് നന്ദിയെന്നും സജി തോമസ് പറഞ്ഞു.

സജി തോമസ്: 9446749749

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക