Image

ജേസൺ ജോണിന് വേണ്ടി തെരച്ചിൽ ഇനിയും  വിഫലം

Published on 14 February, 2023
ജേസൺ ജോണിന് വേണ്ടി തെരച്ചിൽ ഇനിയും  വിഫലം

ഓസ്റ്റിൻ, ടെക്സസ്: ഈ മാസം അഞ്ചാം തീയതി മുതൽ കാണാതായ ജേസൺ ജോണിന് വേണ്ടി ഞായറാഴ്‌ചയും തിങ്കളാഴ്ചയും ലേഡി ബേർഡ് തടാകത്തിൽ  ഊർജിതമായ തെരച്ചിൽ പോലീസ് നടത്തുകയുണ്ടായെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.

മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുള്ള രണ്ട് നായ്ക്കളെയും ബോട്ടുകളിൽ  തെരച്ചിലിന് കൊണ്ടുവന്നു. അവ രണ്ടും തടാകത്തിലെ ഒരു പ്രത്യേക സ്ഥലത്ത് കുരച്ചുകൊണ്ട് നിന്നു. ഇതേത്തുടർന്ന് ആ  ഭാഗത്തു മുങ്ങൽ വിദ്ഗദർ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തുകയുണ്ടായില്ലെന്ന് ജെയ്സന്റെ പിതാവ് ജോൺ  മത്തായി പറഞ്ഞു.

ഓസ്റ്റിൻ  മേയർ കിർക്ക് വാട്‌സൺ  ജെയ്സന്റെ തിരോധാനത്തെപ്പറ്റി ട്വീറ്റ് ചെയ്യുകയും കുടുംബത്തോടൊപ്പം നിലകൊള്ളുന്നതായി അറിയിക്കുകയും ചെയ്തു.  

ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ചാക്കോണുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മേയർ വാട്‌സൺ പറഞ്ഞു. ജെയ്‌സനെ   കണ്ടെത്താൻ  തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പോലീസ് മേധാവി ഉറപ്പു നൽകിയെന്നും മേയർ ട്വീറ്റിൽ പറഞ്ഞു. പ്രായപൂർത്തിയായവരെ കാണാതായ കേസായി തങ്ങൾ ഇത് അന്വേഷിക്കുകയാണെന്ന് എപിഡി പറയുന്നു.

ഇതേസമയം, ഹ്യൂസ്റ്റനിൽ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ഞായറാഴ്ച ഓസ്റ്റിനിലെത്തി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിച്ചു. ജെയ്‌സനെ  കണ്ടെത്താൻ തന്റെ എല്ലാ കഴിവുകളും വിനിയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ശനിയാഴ്ച നടന്ന വിജിലിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിനെയും അതിന്റെ ഓസ്റ്റിൻ ചാപ്റ്ററിനെയും പ്രതിനിധീകരിച്ച്   പ്രീതി പൈനാടത്തും നാരായൺ ജംഗയും പങ്കെടുത്തു.  

രണ്ട് വർഷം മുമ്പാണ് ജേസൺ ഓസ്റ്റിനിലേക്ക്  താമസം മാറിയത്. ഫെബ്രുവരി അഞ്ച് ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ക്യാമറയിൽ  കണ്ട ജെയ്‌സൺ  പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.  

ജിഐസി കുടുംബാംഗങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്യുകയും അധികാരികൾക്കുള്ള നിവേദനത്തിന്  പിന്തുണ നൽകുകയും ചെയ്തു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തിരച്ചിൽ ഊർജിതമാക്കാൻ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി സി മാത്യു ടെക്സസ് ഗവർണർക്ക് നിവേദനം  സമർപ്പിക്കും .

ജെയ്‌സനു  5'10" ഉയരവും 190 പൗണ്ട് ഭാരവുമുണ്ട് .  കറുത്ത പാന്റും  കറുപ്പും വെളുപ്പും പ്രിന്റ് ജാക്കറ്റും വെളുത്ത സോൾ ഉള്ള  ജോർഡൻസും ധരിച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക