Image

ആക്രമണത്തിന് ആറുമാസത്തിന് ശേഷം സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ വിക്ടറി സിറ്റി പുറത്തിറങ്ങി

Published on 06 February, 2023
ആക്രമണത്തിന് ആറുമാസത്തിന് ശേഷം സല്‍മാന്‍ റുഷ്ദിയുടെ  നോവല്‍  വിക്ടറി സിറ്റി പുറത്തിറങ്ങി

മാസങ്ങൾക്കു മുൻപ് ആക്രമണത്തിന് ഇരയായ എഴുത്തുകാരൻ സൽമാൻ റുഷ്‌ദിക്ക് എഴുതാനോ ടൈപ്പ് ചെയ്യാനോ കഴിയുന്നില്ല. "ഞാൻ സുഖമായിരിക്കുന്നു" എന്ന അഭിപ്രായം എനിക്ക് ആശ്വാസമാണ്," അദ്ദേഹം പറഞ്ഞു. 

കത്തിക്കു കണ്ണിൽ വീണ്ടും വീണ്ടും കുത്തിയ അക്രമി റുഷ്‌ദിയുടെ വലതു കണ്ണിന്റെ കാഴ്ച ഇല്ലാതാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ന്യൂ യോർക്കിൽ  വച്ചായിരുന്നു ആക്രമണം. നിരവധി ആഴ്ചകൾ ആശുപത്രിയിൽ കഴിഞ്ഞു.  

"ഞാൻ ഭാഗ്യവാനാണ്,"  റുഷ്‌ദി പറഞ്ഞു. "എന്റെ ഇപ്പോഴത്തെ പ്രധാന വികാരം നന്ദിയാണ്. എന്റെ നില മെച്ചപ്പെട്ടു. സംഭവിച്ചത് ഓർക്കുമ്പോൾ, ഞാൻ തീരെ മോശം അവസ്ഥയിലല്ല," മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഡേവിഡ് റെംനിക്കുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

"വലിയ മുറിവുകൾ ഉണങ്ങി," അവാർഡുകൾ നേടിയ എഴുത്തുകാരൻ പറഞ്ഞു. "എന്റെ തള്ള വിരലിലും ചൂണ്ടു വിരലിലും കൈപ്പത്തിയുടെ താഴ്ഭാഗത്തും എനിക്ക് സ്പര്ശനം അറിയാം. കൈക്കു വലിയ ചികിത്സയൊന്നും ചെയ്യുന്നില്ല. പക്ഷെ ഞാൻ മെച്ചപ്പെടുന്നുണ്ടെന്നാണ് അവർ എന്നോട് പറയുന്നത്." 

എന്നാൽ ചില വിരലുകളുടെ തുമ്പിൽ വേണ്ടത്ര സ്പർശനം ഇല്ല. അതു കൊണ്ട് ടൈപ്പ് ചെയ്യാനും എഴുതാനും ബുദ്ധിമുട്ടാണ്.

ആക്രമണം ഉണ്ടായ ശേഷം പുറത്തേക്കു പോകുന്നത് ആകെക്കൂടി ആശുപത്രിയിലേക്കുള്ള യാത്രകൾ മാത്രമാണ്. "എനിക്ക് എണീറ്റ് നടക്കാനാവും. എനിക്കു വലിയ പ്രശ്നമില്ല. അങ്ങിനെ ഞാൻ പറയുമ്പോൾ എനിക്കു നിരന്തരം പരിശോധനകൾ വേണമെന്നതു മറക്കുന്നില്ല. അതിഭീകരമായ ആക്രമണം ആയിരുന്നു അത്." 

മനസിലും മുറിപ്പാടുകൾ ഉണ്ടെന്നു റുഷ്‌ദി പറഞ്ഞു. സുരക്ഷയോടുള്ള സമീപനം തിരുത്തേണ്ടി വരാം. രണ്ടു പതിറ്റാണ്ടായി മരണ ഭീഷണി അവഗണിച്ചു സുരക്ഷ ഇല്ലാതെയാണ് ജീവിച്ചു വന്നത്. 

ആക്രമണത്തിന് ഇരയായ ഒരാൾക്ക് ഉണ്ടാകാവുന്ന സമ്മർദം ഉണ്ട് - പി ടി എസ് ഡി. "എഴുതുക എന്നത് വളരെ വളരെ ബുദ്ധിമുട്ടായി. എഴുതാൻ ഇരിക്കും, പക്ഷെ ഒന്നും സംഭവിക്കുന്നില്ല. എഴുതും, പിറ്റേന്നു വെട്ടിക്കളയും. ഞാൻ ഇപ്പോഴും കാട്ടിൽ നിന്നു പുറത്തു കടന്നിട്ടില്ല." 

ഇതിനിടെ  റുഷ്ദിയുടെ പുതിയ നോവല്‍  'വിക്ടറി സിറ്റി' പ്രസിദ്ധീകരിച്ചു.  വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കിയുളളതാണ് നോവല്‍. ദേവതയില്‍ നിന്ന് അനുഗ്രഹം ലഭിച്ച്‌ അത്ഭുത ശക്തി ലഭിച്ച പമ്ബ കമ്ബാന എന്ന അനാഥ പെണ്‍കുട്ടി ബിസ്‌നാഗ എന്ന നഗരം സ്ഥാപിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

ആക്രമിക്കപ്പെടുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കിയ നോവലാണ് ഇത്. റുഷ്ദിയുടെ പതിനഞ്ചാമത്തെ നോവലാണ് വിക്ടറി സിറ്റി. ആരോഗ്യാവസ്ഥ പൂര്‍ണമായി മെച്ചപ്പെടാത്തതിനാല്‍ അദ്ദേഹം നോവലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.  

ന്യൂയോര്‍ക്കിലെ ഷതോക്വ ഇന്‍സ്റ്റിറ്റിയൂഷനിലെ സാഹിത്യ ചര്‍ച്ചാവേദിയില്‍ വെച്ചാണ് ഇരുപത്തിനാലുകാരനായ ഹാദി മതാര്‍ എഴുപത്തിനാലുകാരനായ റുഷ്ദിയെ കുത്തിവീഴ്ത്തിയത്.  

#Rushdie on himself

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക