Image

എക്കോ അവാർഡ്‌-ഡിന്നർ  നൈറ്റ് ഇന്ന് ലോംഗ് ഐലൻഡിൽ

മാത്യുക്കുട്ടി ഈശോ Published on 09 December, 2022
എക്കോ അവാർഡ്‌-ഡിന്നർ  നൈറ്റ് ഇന്ന് ലോംഗ് ഐലൻഡിൽ

ന്യൂയോർക്ക്:  ഡിസംബർ 9  വെള്ളി വൈകിട്ട് 6-ന്  ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753)  വച്ച്  "ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്" ദാനവും  വാർഷിക ഡിന്നർ മീറ്റിങ്ങും നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി സംഘാടകർ അറിയിച്ചു.  ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ECHO  എന്ന ചാരിറ്റി സംഘടന അതിന്റെ പ്രവർത്തി പന്ഥാവിൽ പത്താമത് വർഷത്തേക്ക് പ്രവേശിക്കുന്നതിൻറെ സന്തോഷത്തിൽ കൂടിയാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഒരു ദശാബ്ദ കാലത്തിനടുത്ത് സാമൂഹിക സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിജയകരമായി മുന്നേറുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് ചെയർമാൻ ഡോ. തോമസ് മാത്യു  പ്രസ്താവിച്ചു.

അമേരിക്കൻ സിനിമാ-സീരിയൽ മേഖലയിലെ പ്രശസ്ത അഭിനേതാവും നിർമ്മാതാവും എഴുത്തുകാരനുമായ   സ്റ്റീഫൻ ബാൾഡ്വിൻ ആണ് ഡിന്നർ മീറ്റിംഗിലെ മുഖ്യ അതിഥി.  1999 ജനുവരി 23-നു  ബിഹാറിൽ വച്ച് അക്രമികൾ  തീ കൊളുത്തി കൊല ചെയ്ത ഓസ്‌ട്രേലിയൻ മിഷനറി ആയിരുന്ന  ഗ്രഹാം സ്റ്റെയ്ൻസിൻറെ ജീവിതം ആസ്പദമാക്കി 2019-ൽ  നിർമിച്ച "The Least of These: The Graham Staines Story" എന്ന ഡ്രാമയിൽ ഗ്രഹാം സ്റ്റൈൻസിന്റെ വേഷം അഭിനയിച്ചത് സ്റ്റീഫൻ ബാൾഡ്വിൻ ആയിരുന്നു.  നൂറിലധികം സിനിമാ - സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റീഫൻ, ഇപ്പോൾ  Humble Resource (HR) എന്ന ഒരു ചാരിറ്റി സംഘടനയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്.

നസ്സോ കൗണ്ടിയിലെയും ഹെംപ്സ്റ്റഡ് ടൗണിലെയും തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക- രാഷ്ട്രീയ പ്രതിനിധികളും മറ്റു സാമൂഹിക സാംസ്കാരിക മേഖലയിലെ അറിയപ്പെടുന്ന വ്യക്തികളും ഇന്നത്തെ ഡിന്നർ മീറ്റിംഗിൽ സന്നിഹിതരായിരിക്കും. ഈ വർഷത്തെ ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തനത്തിനുള്ള  "ECHO Humanitarian  Award- 2022", വെസ്റ്റ് ചെസ്റ്ററിലെ സെഞ്ച്വറി 21 റോയൽ റിയൽ എസ്റ്റേറ്റ്  പ്രിൻസിപ്പൽ ബ്രോക്കറായ  ജോർജ് ജോൺ (ബെന്നി) കല്ലൂരിന് വൈകിട്ടത്തെ മീറ്റിങ്ങിൽ നൽകുന്നതാണ്.

മലയാള  സംഗീത ലോകത്തെ മുടിചൂടാ മന്നന്മാരായിരുന്ന പഴയകാല സംഗീത സംവിധായകരുടെ മനോഹര ഗാനങ്ങളിലൂടെ ഒരു യാത്ര നടത്തി നമുക്ക് ആനന്ദം പകർന്നു തരുന്ന അനുഗ്രഹീത യുവ ഗായകൻ നവനീത് ഉണ്ണികൃഷ്ണന്റെ ഒരു മണിക്കൂറിലേറെ നീളുന്ന സംഗീത വിരുന്നും നിങ്ങൾക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിൽ ജനിച്ചു വളർന്നെങ്കിലും മലയാള സംഗീതത്തിൽ അഗാധ അറിവ് സമ്പാദിച്ച അനുഗ്രഹീത കലാകാരനാണ്  നവനീത് ഉണ്ണികൃഷ്ണൻ എന്ന കോളേജ് കുമാരൻ.

ഡിന്നർ-അവാർഡ് സന്ധ്യ ഒരു പ്രേത്യേക അനുഭൂതി ആക്കുന്നതിനും അതിലൂടെ ജീവകാരുണ്യ പ്രസവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നതിനും ഉള്ള അവസരം നഷ്ടപ്പെടുത്താതെ ആസ്വദിക്കുന്നതിന്  എല്ലാവരെയും ഇന്ന് വൈകിട്ട് 6-ന്  കൊട്ടിലിയൻ റെസ്റ്റോറന്റിലേക്കു  ക്ഷണിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 516 -902-4300.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക