Image

ലബുരാല്‍ കോര്‍ത്ത ദോറ നോ,ലബുരാല്‍ ഫ്രാങ്കോ : ചലിക്കാത്ത ലോണ്‍മൂവറും ചലിക്കുന്ന ഫ്രാങ്കോയും (കഥ)ഷിജു തച്ചനാലില്‍

ഷിജു തച്ചനാലില്‍,റാന്നി Published on 05 March, 2016
ലബുരാല്‍ കോര്‍ത്ത ദോറ നോ,ലബുരാല്‍ ഫ്രാങ്കോ : ചലിക്കാത്ത ലോണ്‍മൂവറും ചലിക്കുന്ന ഫ്രാങ്കോയും (കഥ)ഷിജു തച്ചനാലില്‍
ഡോര്‍ബെല്ലടിക്കുന്നതു കേട്ട്, മദ്ധ്യാഹ്നത്തിലെ ഉറക്കം മുറിഞ്ഞ അസ്വസ്ഥതയോടെ പിറുപിറുത്തുകൊണ്ട് വാതില്‍ തുറക്കുമ്പോള്‍, ദാ നില്‍ക്കുന്നു അടിച്ചുതളിക്കാരി മരിയ. സോറി. 

അടിച്ചുതളിക്കാരി എന്ന് കേരളീയത്തില്‍ ആത്മഗതം ചെയ്തുവെന്നേയുള്ളൂ. അമേരിക്കയില്‍ തളിക്കാനൊന്നുമില്ലല്ലോ.

ചാണകമോ പുണ്യാഹമോ ഒന്നും!

ഒണ്‍ലി ക്ലീനിംഗ്. അതുകൊണ്ട് വന്നയാള്‍ ക്ലീനിംഗ് വുമണ്‍. പേര് മരിയ. കൂടെ കുട്ടിപ്പട്ടാളവും. നാലെണ്ണമുണ്ട്. ഓരോ വര്‍ഷം ഇടവിട്ട് ഓറോ റിലീസിംഗ് ആണെന്നു തോന്നുന്നു. വളരെ ഗ്രാഫിക്കലായ വളര്‍ച്ച രേഖപ്പെടുത്തപ്പെട്ട മൂന്നെണ്ണം തറയിലും ഒരെണ്ണം ട്രോളിയിലും. അതുമാത്രം നടക്കാറായിട്ടില്ല. ഓരോന്നിനും അഞ്ചുവയസ്സു മുതല്‍ താഴോട്ടു കൂട്ടാം.

'മരിയാ നീ കണ്ടമാനം ക്ഷീണിച്ചു പോയല്ലോ?' ഞാന്‍ എനിക്കറിയാവുന്ന മെക്‌സിക്കനും ഇംഗ്ലീഷുമൊക്കെ ചേര്‍ത്തു കാച്ചിവിട്ടു. അവള്‍ കാണാത്രയ്ക്കങ്ങു മോശമല്ല. പക്ഷേ സത്യം, എന്റെയുള്ളില്‍ സ്‌നേഹത്തിന്റെയും ഔദ്യോഗികദൂരത്തില്‍ നിന്നുകൊണ്ടായിരുന്നു എന്റെ ക്ഷേമാന്വേഷണം.

മറുപടി ഒരു ശബ്ദഘോഷമായിരുന്നു. നമ്മുടെ നാട്ടിലെ ഏതാണ്ടു ചില ചന്തപ്പെണ്ണുങ്ങളുടെ പരട്ടവര്‍ത്തമാനം പോലെ 'കരകര' എന്നുള്ള മറുപടി. ചോദിക്കേണ്ടെന്നു തോന്നിപ്പോയി., മറുപടി കേട്ടപ്പോള്‍.

'സര്‍, താങ്കള്‍ക്കറിയാമായിരുന്നല്ലോ, ഞാനിവിടെ നിന്നു പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്നു എന്ന്.'
എന്റെ അര്‍ത്തുങ്കല്‍ പുണ്യാളാ, യെവളു പറയണതു ഭാര്യയെങ്ങാന്‍ കേട്ടാല്‍ അവളു വിചാരിക്കൂലോ ട്രോളിയിലിരിക്കുന്നത് എന്റെ വകയാണെന്ന്. എന്റെ വായടഞ്ഞുപോയി. വിചാരിച്ചു തീരുംമുമ്പ് ഭാര്യയുടെ ആഗമനവുമുണ്ടായി.

ഭാര്യയെ കണ്ടിട്ടും കൂസലില്ലാതെ അവള്‍ തുടര്‍ന്നു. ഇതു യുവാന്റേതാണ്. അതു പറഞ്ഞപ്പോള്‍ അവള്‍ ആരെയോ തോല്‍പ്പിച്ചതുപോലെയുള്ള ഗര്‍വ് പ്രദര്‍ശിപ്പിച്ചു. പിന്നെ അവള്‍ ഒരുമാതിരി വല്ലാത്ത സ്‌നേഹത്തോടെ ട്രോളിയിലിരിക്കുന്ന കുഞ്ഞിന്റെ തലയില്‍ തോണ്ടി. അതു വാ കീറി കരഞ്ഞു. എന്റെ ഭാഗ്യത്തിന് അവസാനം അവള്‍ പറഞ്ഞതാണ് എന്റെ ഭാര്യ കേട്ടത്.

'ഇപ്പൊ ഞാനും യുവാനും ഒരുമിച്ചാണു താമസം.'

'അപ്പോള്‍ ഫ്രാങ്കോയോ?'

ഞങ്ങളിരുവരും അറിയാതെ അവളോടു ചോദിച്ചുപോയി. ആ പേരു കേട്ടതേ, അവള്‍ വെറുപ്പോടെ തല വെട്ടിച്ചു.

'അവന്‍ ചതിയനാണ്. അവനെ ഞാന്‍ പോലീസിനെക്കൊണ്ടു പിടിപ്പിച്ചു. പെര്‍മിറ്റില്ലാതെ അമേരിക്കയില്‍ തങ്ങുന്ന അയോഗ്യന്‍. ഒിശ്വസ്തതയില്‍ വെളിച്ചെണ്ണ കലക്കുന്നവന്‍. അവനെ പോലീസു പൊക്കിക്കൊണ്ടുപോയി. ഇപ്പോ, അകത്താണവന്‍. ശിക്ഷ കഴിഞ്ഞാലുടനെ അവനെ ഇവിടെ നിന്നു നാടുകടത്തും. അതിനൊള്ള പണിയും ഞാന്‍ കൊടുത്തിട്ടുണ്ട്. പെണ്ണുങ്ങളെ പറ്റിച്ചാലെന്തു നടക്കുമെന്ന് അവനറിയണം. ഇനിയൊരു പെണ്ണിനെയും അവനങ്ങനെ പറ്റിക്കരുത്.' അവള്‍ വാരിക്കോരിച്ചൊരിഞ്ഞ് ഫ്രാങ്കോയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

'അപ്പോള്‍ നീയോ?'

'ഞാനിപ്പൊ അമേരിക്കക്കാരിയാ. നോക്കിയേ നാലെണ്ണത്തിന്റെ തള്ള!'

ഓ! പെണ്ണുങ്ങള്‍ക്ക് അമേരിക്കയില്‍ അങ്ങനെയൊരു സൗകര്യമുണ്ടല്ലോ. നിയമവിധേയമായോ അല്ലാതെയോ എങ്ങനെയെങ്കിലും അമേരിക്കയില്‍ കയറിപ്പറ്റി രണ്ടുകുട്ടികളെ ഏതെങ്കിലും സായ്പില്‍ നിന്നു സംഘടിപ്പിച്ചെടുത്താല്‍ കൂള്‍കൂളായി അമേരിക്കന്‍ പൗരത്വം കിട്ടും.

ഗര്‍ഭപാത്രവും അനുബന്ധസൗകര്യങ്ങളുമില്ലാത്ത ഫ്രാങ്കോയെപ്പോലുള്ളവര്‍ ഇതുപോലെയുള്ള അക്കിടി പറ്റിയാല്‍ ഇങ്ങനെയൊക്കെത്തന്നെ കഷ്ടപ്പെടുകയേയുള്ളൂ. എന്നിരുന്നാലും , രാജ്യം കടത്തി വിട്ടവനും പിന്നീട് ഏതെങ്കിലും തരത്തില്‍ മടങ്ങി വരും; കള്ളത്തരത്തില്‍. പിന്നെ ഏതെങ്കിലുമൊക്കെ വിധത്തില്‍ അമേരിക്കന്‍ പൗരത്വം നേടിയെടുക്കുകയും ചെയ്യും.

'എന്നാലും നിന്റെ കെട്ടിയവനല്ലായിരുന്നോ അവന്‍? നിന്റെ മക്കളുടെ പിതാവും...'
'ആരു പറഞ്ഞു എന്റെ മക്കളുടെ പിതാവാണെന്ന്? അമ്മ പറയണതാ മക്കളുടെ പിതാവ്. ദേ, ഈ നില്‍ക്കുന്ന രണ്ടു സാധനങ്ങളുടെ തന്ത അയാളു തന്നെയാ.'  മൂത്ത രണ്ടു കുട്ടികളെയും അവള്‍ വലിച്ചു മുന്നിലേക്കു നിറുത്തി. വളരെ മൃദുവായി ബാക്കി രണ്ടിന്റെയും ശരീരത്തിലുഴിഞ്ഞുകൊണ്ടു പറഞ്ഞു:

'ഇവരു രണ്ടും യുവാന്റെയും.'

ഫ്രാങ്കോയുടെ മക്കളെ കാണിച്ചപ്പോള്‍ അവള്‍ക്കു കലിയും യുവാന്റെ മക്കളെ കാണിച്ചപ്പോള്‍ വല്ലാത്ത സ്‌നേഹവും! അവളുടെ കൂടെ ഇനിയുള്ള ജീവിതം ഫ്രാങ്കോയുടെ മക്കള്‍ക്ക് ഒരിക്കലും അത്രയ്ക്കങ്ങ് ഒരു ഓളമാവില്ലെന്നുറപ്പുണ്ട് അവളുടെ പ്രകടനം കണ്ടപ്പോള്‍. ആ കുഞ്ഞുങ്ങളുടെ മുഖത്തു നോക്കിയപ്പോള്‍ വല്ലാത്ത വിഷമം തോന്നി. 

ഞാന്‍ ചോദ്യങ്ങള്‍ തുടരുവാനാണു ഭാവമെന്നറിഞ്ഞപ്പോള്‍ ഭാര്യയുടെ മുഖം ഇരുളുവാന്‍ തുടങ്ങി. അതു കണ്ടതോടെ എനിക്കു തുടങ്ങി, ബി.പി. അതായത് ഭാര്യയെ പേടി. പെട്ടെന്ന് മാളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ തുടങ്ങിയ എലി, പൂച്ചയെ കണ്ടപ്പോള്‍ തല വലിക്കുന്നതുപോലെ ഞാന്‍ രംഗം കാലിയാക്കി.

അതോടെ അവള്‍ക്കും സമാധാനമായി എന്നു തോന്നുന്നു. പിന്നെ അവിടെ പെണ്ണുങ്ങളുടെ ലോകെ പിറന്നു. എന്റെ ഭാര്യ ഹിന്ദിയും ഇംഗ്ലീഷും സ്പാനിഷും മലയാളവുമൊക്കെ ഇടകലര്‍ന്ന ഏതാണ്ടൊരു ഭാഷയില്‍ മറിയയോട് ഡയലോഗുകള്‍ തട്ടിവിടുന്നതു കേട്ടു. മറിയയ്ക്കും സംഗതികള്‍ മനസ്സിലാവുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലായാല്‍ മതിയല്ലോ. ഭാഷ ഏതായാലും വിഷയമല്ല. ആശയം കൈമാരിക്കിട്ടിയാല്‍ എല്ലാം ഭേഷാകും. വൃത്തിയാക്കേണ്ടുന്ന ഇടങ്ങളുടെയും വസ്തുക്കളുടെയും ഒരു നീണ്ട പട്ടിക മേരിയയുടെ മുന്നില്‍ നിരത്തുകയാണ് ഭാര്യ.

ഞാന്‍ സാവധാനം ബാല്‍ക്കണിയിലേക്കു പോന്നു. എനിക്ക് ഫ്രാങ്കോയെ ഓര്‍മ വന്നു. കാണാന്‍ സുന്ദരനല്ലെങ്കിലും വിരൂപനല്ല. നല്ല ആരോഗ്യം. നല്ല വാക്ചാതുരിയും, ജീവിക്കുവാനുള്ള അഭിനിവേശവും നിറഞ്ഞുനിന്നിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അയാള്‍.

മറിയയും അയാളും ഒന്നുചേര്‍ന്നാണ് മെക്‌സിക്കോ വിട്ടതും ഇവിടെ കുടിയേറിയതും. അവള്‍ക്കു വേണ്ടി അവന്‍ മഞ്ഞുരാവുകളെ വേനല്‍പകലുകളാക്കി. അവനു പിറന്ന രണ്ടു കുഞ്ഞുങ്ങളേയും അവളേയും അവനാലാവുംവിധം ഭംഗിയായി സംരക്ഷിക്കുന്നുമുണ്ടായിരുന്നു.

എവിടെയായിരുന്നു അവനു പിഴച്ചത്? ജോലിക്കിടയില്‍ കണ്ടുമുട്ടിയ മറ്റൊരു പെണ്ണുമായുണ്ടായ ബന്ധത്തിലായിരുന്നോ? സ്വന്തം മക്കളെയും ഭാര്യയെയും അപ്പോഴും അവന്‍ മറന്നിരുന്നില്ല. അവര്‍ക്കു വേണ്ടതെല്ലാം അവന്‍ ഒരുക്കിക്കൊടുന്നുണ്ടായിരുന്നു. പക്ഷെ, കാര്യങ്ങള്‍ അവന്റെ ഭാര്യയായ മരിയ അറിഞ്ഞപ്പോഴേക്കും എല്ലാം തകിടം മറിയുകയായിരുന്നു. അവള്‍ അവനെ, വാടകവീടാണെങ്കിലും അതില്‍ നിന്നു പുറത്താക്കി. പിന്നെ വീട്ടുവാടകയ്ക്കും കുടുംബച്ചെലവുകള്‍ക്കുമായി സമീപത്തുള്ള പല വീടുകളിലും കൂലിക്കു പാത്രങ്ങള്‍ കഴുകുന്നതിനും മറ്റു ശുചീകരണജോലികള്‍ക്കും പോയിത്തുടങ്ങി. ഇതിനിടയില്‍ ഒരു പ്രതികാരത്തിനെന്നവണ്ണം അവള്‍, ഫ്രാങ്കോവിന്റെ സഹപ്രവര്‍ത്തകനായിരുന്ന യുവാന്റെ കൂടെ പൊറുക്കുവാനും തുടങ്ങി. അതുകൊണ്ടും കലിയടങ്ങാത്തതുപോലെ അവള്‍ ഫ്രാങ്കോവിനെ പോലീസിനെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്നു പറയുന്നു.

ഇവള്‍ പെണ്ണുതന്നെയോ അതോ യക്ഷിയോ?

ഇപ്പോഴും അവളുടെ കലിയടങ്ങിയിട്ടില്ല.

പക്ഷേ, അവന്‍ ചെയ്ത അതേ തെറ്റുതന്നെയല്ലേ അവളും ചെയ്തിരിക്കുന്നത്? ബൈബിള്‍ ഭാഷയില്‍ പറഞ്ഞാല്‍ വ്യഭിചാരം തന്നെ.

ഓര്‍മ്മ വരുന്നത് രബീന്ദ്രനാഥ് ടാഗോറിന്റെ സുപ്രസിദ്ധമായ പോസ്റ്റ്മാന്‍ എന്ന ചെറുകഥയിലെ ഒരു വരിയാണ്. 'ഇന്‍സ്‌ക്രൂട്ടബിള്‍ ആര്‍ ദ വേയ്‌സ് ഓഫ് വിമെന്‍സ് മൈന്‍ഡ്.' അതേ, എന്നെന്നും ദുരൂഹമായ സമസ്യയായി തുടരുന്ന പെണ്‍മനം.

ഞാനെന്നാണ് ഫ്രാങ്കോവിനെ ആദ്യം കണ്ടതെന്ന് കൃത്യമായി ഓര്‍ക്കുന്നുണ്ട്.

അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. മദ്ധ്യാഹ്നത്തില്‍ ഊണു കഴിഞ്ഞ് വിശ്രമിക്കുവാനൊരുങ്ങുമ്പോഴായിരുന്നു പുറത്ത് ലോണില്‍, ഒരു ലോണ്‍ മൂവറിന്റെയും ഒപ്പം രണ്ടാളുകളുടെയും ശബ്ദം കേട്ടത്. ഞാന്‍ തിരുഞ്ഞു നോക്കിയപ്പോള്‍ ഫ്രാങ്കോയും അവന്റെ കൂട്ടുകാരനും പിന്നെ പുല്ലുവെട്ടുന്ന കാഴ്ചയാണു കണ്ടത്. ഒരുതരം അമ്പരപ്പോടെയും കലിയോടെയുമാണ് ലോണിലേക്കു ചെന്നത്. അതിക്രമിച്ചു കടന്നുവന്നവരെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന ഒരു മനക്കണക്കും കൂട്ടി. പക്ഷെ, അവിടെയെത്തി സ്പാനിഷും ഇംഗ്ലീഷും മനോഹരമായി സംയോജിപ്പിച്ച് സംസാരിക്കുകയും ചെയ്തു.

'കെപാസോ ഓര്‍ഹോ?' വിശേഷം എന്തുണ്ടു ജോര്‍ജ്ജേ എന്ന്!

എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ പേര് അയാല്‍ ഉച്ചരിക്കുന്നതു കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത അദ്ഭുതം തോന്നി. എന്നാലും ഞാനതു മറച്ചുവെച്ച് ഒരല്പം ഈര്‍ഷ്യ പ്രകടിപ്പിച്ചു നിന്നപ്പോള്‍ അയാള്‍ സ്വയം ഒന്നുകൂടി പരിചയപ്പെടുത്തി.

'ഞാന്‍ നിങ്ങളുടെ സുഹൃത്ത്, ബിസിനസ്സുകാരന്‍ സ്റ്റീഫന്‍ ജോണിന്റെ ജോലിക്കാരനായിരുന്നു. അവിടെ നിന്നു സമ്പാദിച്ച പണംകൊടുത്തും വായ്പയും മറ്റും സംഘടിപ്പിച്ചും ഈ ലോണ്‍ മൂവര്‍ വാങ്ങുകയായിരുന്നു. സ്റ്റീഫന്‍ എനിക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ വീടുകളും ലോണുകളും പരിചയപ്പെടുത്തിത്തന്ന കൂട്ടത്തില്‍ താങ്കളുടെ പേരും പറഞ്ഞുതന്നിരുന്നു. ഒപ്പം താങ്ങള്‍ക്ക് വളരെ 

അത്യാവശ്യമായി ലോണ്‍ നന്നാക്കേണ്ടതുണ്ടെന്നും അതിന് ആളെ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ഇവിടെ വന്നപ്പോള്‍ സമയം ഇത്രയുമായി. ഇനി, താങ്കള്‍ ഉച്ചയൂണു കഴിഞ്ഞ് കിടന്നുറങ്ങുകയാണെങ്കില്‍ വിളിച്ചുണര്‍ത്തുന്നത് അനൗചിത്യമായി തോന്നിയാലോ എന്നു വിചാരിച്ചു. തന്നെയുമല്ല, അത്യാവശ്യം പരിചരിക്കേണ്ട അവസ്ഥയിലാണ് ഈ ലോണ്‍ എന്നും കണ്ടു. എപ്പോഴാണെങ്കിലും താങ്കള്‍ എന്നെ വിളിക്കും. എന്നാല്‍പ്പിന്നെ കാടുപിടിച്ചതുപോലെ കിടക്കുന്ന ഈ ലോണ്‍ ഇന്നുതന്നെ ശരിയാക്കിയേക്കാമെന്നു കരുതി.'

ഒറ്റ ശ്വാസത്തിന് അത്രയും പറഞ്ഞ് അയാള്‍ ക്ഷമാപണത്തോടെ എന്നെ നോക്കി. എനിക്കു പിന്നെ മറുത്തൊന്നും പറയുവാനും തോന്നിയില്ല.

'നോ പ്രോബ്ലം ഫ്രാങ്കോ. വീ ആര്‍ അമിഗോസ്'(നമ്മള്‍ സുഹൃത്തുക്കളാണ്) 

അയാള്‍ക്കു സന്തോഷമായി. അയാള്‍ തന്റെ ജോലി തുടര്‍ന്നു. അവിടെത്തന്നെ നില്‍കുകയായിരുന്ന എന്നെ നോക്കി ഇടയ്ക്ക് അയാള്‍ പറഞ്ഞു. 'എന്റെ ഫോണ്‍ വര്‍ക്കു ചെയ്യുന്നില്ല...' ഒരല്പം നിറുത്തിയിട്ട് അയാള്‍ ചോദിച്ചു: ' ഭക്ഷണം വല്ലുതമിരിപ്പുണ്ടോ? നല്ല ഭക്ഷണം കഴിച്ചിട്ട് നാളേറെയായി...'

എനിക്ക് ഉള്ളിലൊരു ചിരിപൊട്ടി. പറയേണ്ടിയിരുന്നത് ഈ കാര്യമാണ്. അതിനെന്തിനു ഫോണിനെ കൂട്ടുപിടിച്ച് വളഞ്ഞു മൂക്കില്‍ പിടിക്കണം? ഞാന്‍ സ്‌നേഹപൂര്‍വ്വം അയാളെയും സുഹൃത്തിനെയും കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുത്തു. ഭക്ഷണാനന്തരം അയാള്‍ സ്‌നേഹപൂര്‍വ്വം എന്നെ നോക്കി ചിരിച്ചു.

എന്തോ, അന്യനായ ഒരുവനോടു തോന്നുന്ന അപരിചിതത്വം ഞങ്ങള്‍ക്കിടയില്‍ നിന്നു മാഞ്ഞുപോയിരുന്നു. പിന്നീടയാള്‍ വന്നപ്പോള്‍ കൂടെ മരിയയും യുവാനുമുണ്ടായിരുന്നു. അന്ന് അവര്‍ ഭക്ഷണമൊന്നും കഴിച്ചില്ല. സാവധാനം അയാള്‍ കാശു സമ്പാദിക്കുവാനാരംഭിച്ചിരുന്നു. വീണ്ടും ഒന്നുരണ്ടു ലോണ്‍ മൂവറുകള്‍ വാങ്ങുകയും അതിനൊക്കെ ജോലിക്കാരെ വയ്ക്കുകയും ചെയ്തു. അയാളുടെ വരുമാനം കൂടുകയായിരുന്നു.

അപ്രകാരം ചെന്നുപെട്ട വീടുകളിലൊന്നില്‍ വെച്ച് അവന്‍ പരിചയപ്പെട്ട ഒരു സ്ത്രീയോടൊന്നിച്ച് മരിയ ഫ്രാങ്കോയെ കാണുകയുണ്ടായി. അന്നു തുടങ്ങി ഫ്രാങ്കോയുടെ കഷ്ടകാലം. സ്വന്തം കഷ്ടപ്പാടില്‍ കണ്ടെടുത്ത വീട്ടില്‍ നിന്നും അവന്‍ നിഷ്‌കാസിതനായി. അവന്റെ മക്കളില്‍ നിന്നും അവന്‍ അകറ്റപ്പെട്ടു. ഇപ്പോള്‍ ജീവിതത്തിലും അവള്‍ അവനെ വേട്ടയാടുകയാണ്. അവനെ അവള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നോ? അതോ അത്രമേല്‍ വെറുത്തിരുന്നുവോ? എന്തായാലും അവന്‍ ചെയ്ത അതേ തെറ്റുതന്നെയല്ലേ അവളും ചെയ്യുന്നത്.

വീണ്ടും പുറത്ത് ലോണ്‍മൂവറിന്റെ അസ്വസ്ഥജനകമായ ഹുങ്കാരവം കേട്ടു. വെറുതെ, ഒരു കൗതുകത്തിനു പുറത്തേക്കു ചെന്നുനോക്കി. യുവാനാണ്

'യുവാന്‍ നീ സ്വന്തമായി ലോണ്‍മൂവര്‍ വാങ്ങിയോ?'

'ഇല്ല. ഇത് ഫ്രാങ്കോവിന്റേതാണ്.'

'നിനക്കു നിന്റെ സ്വന്തമായി ഒന്നുമില്ലേ?' അവന്‍ ജാള്യതയോടെ ഒരു ചിരി ചിരിച്ചു. മറ്റുള്ളവനെ വഞ്ചിക്കുന്നതിന് ബുദ്ധിയും ബുദ്ധിക്കുറവും ഒന്നും പ്രശ്‌നമല്ലല്ലോ? ഫ്രാങ്കോ ജയിലിനുള്ളില്‍ നരകതുല്യം കഴിയുമ്പോള്‍ അവന്റെ അദ്ധ്വാനത്തെ അപഹരിച്ച് ഭാര്യയും അവളുടെ ജാരനും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നു. അത് സ്വന്തമെന്ന അഹങ്കാരത്തോടെ ഉപയോഗിക്കുമ്പോഴും അതിന്റെ ഉടമ കുറ്റക്കാരനാവുന്നു. എന്തൊരു വൈരുദ്ധ്യം നിറഞ്ഞ കാഴ്ചപ്പാടുകളാണ് ഈ ഭൂമിയിലെമ്പാടും?...

ചലിക്കാത്ത ലോണ്‍മൂവറും ചലിക്കുന്ന ഫ്രാങ്കോയും

Read part 1





ലബുരാല്‍ കോര്‍ത്ത ദോറ നോ,ലബുരാല്‍ ഫ്രാങ്കോ : ചലിക്കാത്ത ലോണ്‍മൂവറും ചലിക്കുന്ന ഫ്രാങ്കോയും (കഥ)ഷിജു തച്ചനാലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക