Image

ലൈ സെ ടാക്‌സി.ടി.വോ : ടി വോ എന്ന റ്റാക്‌സിക്കാരന്‍ (കഥ) ഷിജു തച്ചനാലില്‍, റാന്നി

ഷിജു തച്ചനാലില്‍, റാന്നി Published on 03 March, 2016
 ലൈ സെ ടാക്‌സി.ടി.വോ : ടി വോ എന്ന റ്റാക്‌സിക്കാരന്‍ (കഥ) ഷിജു തച്ചനാലില്‍, റാന്നി
നഗരത്തിലെ ഒടുങ്ങാത്ത ആരവങ്ങള്‍ക്കിടയില്‍ നിന്ന് പരമാവധി ശക്തിയില്‍ ആ ടാക്‌സിക്കാരനെ നോക്കി ഞാനുറക്കെ വിളിച്ചു. 'ഹേയ്, ടാക്‌സി'

യൂണിഫോംധാരിയായ അയാള്‍ അടുത്തു വന്നു. സംശയവും അല്പം ധാര്‍ഷ്യവും കലര്‍ന്ന കണ്ണുകളോടെ അയാള്‍ ചോദിച്ചു.: 'ആര്‍ യൂ ക്രിസ്റ്റഫര്‍?'

'നോ. അയാം ജോര്‍ജ്.'

ഒരു വല്ലാത്ത ഈര്‍ഷ്യയോടെയും അവജ്ഞയോടെയും അയാള്‍ സ്വദേശിയുടെ ഗര്‍വ്വു കലര്‍ന്ന സ്വരത്തില്‍ പ്രതികരിച്ചു: 'ജോര്‍ജ്... ഹെല്‍ വിത്ത് യൂ. അയാം.ഇന്‍ സേര്‍ച്ച് ഓഫ് വണ്‍ മിസ്റ്റര്‍ ക്രിസ്റ്റഫര്‍.'

ഏതോ അമേരിക്കക്കാരന്‍ ക്രിസ്റ്റഫറിനെ അന്വേഷിച്ചു നടക്കുന്ന അമേരിക്കക്കാരനായ അയാള്‍ക്ക് ഇന്ത്യക്കാരനായ ജോര്‍ജിനെ സഹായിക്കാന്‍ മനസ്സില്ലെന്ന്. വീടുവിട്ട മനുഷ്യനും കൂടുവിട്ട പക്ഷിയും അഭയാര്‍ത്ഥികള്‍ തന്നെയാണ്. പലയിടങ്ങളിലും നിന്ന് ആട്ടിപ്പായിക്കപ്പെടുന്നു. പലയിടങ്ങളിലും അവഗണിക്കപ്പെടുന്നു. അയാള്‍ക്കൊന്നു സൗമ്യമായി മറുപടി പറഞ്ഞാലെന്താണ്? അവന്റെ സ്വന്തം രാജ്യമാണെന്ന തിണ്ണമിടുക്കും അഭയാര്‍ത്ഥികളായെത്തിയവരോടുള്ള പ്രതിഷേധം കലര്‍ന്ന നിന്ദയും...

എന്നിരുന്നാലും ആവശ്യക്കാന് ഔചിത്യമില്ലെന്നുള്ള തോന്നലില്‍ ഞാന്‍ വീണ്ടും വിനയത്തിന്റെ ഒരു ചെറിയ വളവായി നിന്ന് അയാളോട് ചോദിച്ചു: 'കുഡ് യു ഹെല്‍പ് മി ടു ഫൈന്റ് എ ടാക്‌സി?'
എന്റെ ആ കള്ളവിനയം ആ കള്ളന് ചെറുതായി സുഖിച്ചുവെന്നു തോന്നി. ആദ്യത്തെ യാത്ര ശബ്ദഘോഷമൊന്നുമില്ലാതെ അയാള്‍ ദുരെയുള്ള മറ്റൊരു ടാക്‌സിയിലേക്കു വില്‍ ചൂണ്ടി.

'ഹീ കുഡ് ഹെല്‍പ് യൂ. ഹീ ഈസ് ആള്‍സോ ലൈക് യൂ. ഫ്രം അദര്‍ കണ്ട്രി - വിയറ്റ്‌നാം... വിയറ്റ്‌നാം.' ആ വിയറ്റ്‌നാം എന്നുള്ള ആവര്‍ത്തിച്ചു പറച്ചിലിലെ സുഖം സ്വയം നുണഞ്ഞുകൊണ്ടും പരദേശികളോടുള്ള വിദ്വേഷം ഒരാളോടെങ്കിലും പറഞ്ഞതിലെ കൃതാര്‍ത്ഥതയനുഭവിച്ചുകൊണ്ടും മേല്‍പടിയാന്‍ 'ഹാ ഹാ ഹാ' എന്നുറക്കെ ചിരിച്ച് എന്റെ മുമ്പില്‍ നിന്നു നിഷ്‌ക്രമിച്ചു.

'ചരിത്രം തിരഞ്ഞുവരുമ്പോള്‍ നീയും ഞാനുമൊക്കെ പരദേശിയല്ലേടാ എന്നു മനസ്സില്‍ പറഞ്ഞു. അമേരിക്കന്‍ മണ്ണിന്റെ യഥാര്‍ത്ഥ ഉടമകള്‍ - റെഡിന്ത്യന്‍സ് ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി വനാന്തരങ്ങളില്‍ അലയുകയാണ്. പിന്നീടു വന്ന കുടിയേറ്റക്കാരില്‍ ആദ്യം വന്നവരില്‍പ്പെട്ടവനാണു നീയെന്ന അവകാശം നിനക്കു ഞാന്‍ തരാം. അതിനുമപ്പുറം നീ യജമാനനാകരുത്...' 

എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ അയാളോടു പറയണമെന്നെനിക്കുണ്ട്. പക്ഷേ, സമയപരിമിതി മൂലവും ഒരു വഴക്കുണ്ടാക്കുവാനുള്ള മാനസീകാവസ്ത തല്‍ക്കാലമില്ലാത്തതിനാലും ഞാനതിനു തുനിഞ്ഞില്ല.

ടാക്‌സിയുടെ കോള്‍സെന്ററില്‍ ഞാന്‍ ബുക്ക് ചെയ്ത ടാക്‌സിയാണത്. പക്ഷേ, ഇവിടെയെത്തിയപ്പോള്‍ അവന്‍ തിരഞ്ഞ നിമിഷം തന്നെ എന്നെ കണ്ടില്ലെന്ന ന്യായം പറഞ്ഞ് മറ്റൊരു ദീര്‍ഘദൂര ഓട്ടക്കാരനെ കിട്ടിയപ്പോള്‍ എന്നെ അവന് ഒഴിവാക്കേണ്ടതുണ്ട്. അതിനുള്ള മാനസികമായ പ്രത്യാക്രമണമാണ് അവന്‍ നടത്തുന്നത്.

എന്തായാലും അവന്‍ ചൂണ്ടിക്കാണിച്ച ടാക്‌സിക്കാരനെ ഞാന്‍ കൈകാണിച്ചു വിളിച്ചു. അയാളാണെങ്കില്‍ എന്റെ വിളി പ്രതീക്ഷിച്ചെന്നവണ്ണം നില്‍ക്കുകയായിരുന്നു.

എന്റെ ആംഗ്യം കണ്ടതും അയാള്‍ ടാക്‌സിയില്‍ കയറി എനിക്കുനേരെ വരികയും ചെയ്തു. അടുത്തെത്തിയപ്പോള്‍ ആളെ പെട്ടെന്നൊന്നു വിലയിരുത്തുവാന്‍ ശ്രമിച്ചു. വലിയ ധാര്‍ഷ്ട്യമൊന്നും കാണിക്കുന്ന ഇനമല്ലെന്നു തോന്നുന്നു. കഴിഞ്ഞ കവിള്‍ത്തടങ്ങള്‍. വെളുത്തു മെല്ലിച്ച ശരീരം വിലകുറഞ്ഞ വസ്ത്രങ്ങള്‍ക്കുള്ളിലാണെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ദേഹത്തിനല്പം ഇടിവു സംഭവിച്ച ഒരു മദ്ധ്യവയസ്‌കന്‍. എന്നാല്‍ ആ കണ്ണുകളില്‍ ഇനിയും പ്രതീക്ഷകള്‍ കത്തിനില്‍ക്കുന്നുണ്ട്. ഉള്ളിലെരിയുന്ന പ്രതീക്ഷകളുടെ കനല്‍ തിളങ്ങുന്ന കണ്ണുകളുമായി കാറിന്റെ ഡോര്‍ തുറന്നിറങ്ങി വന്ന് എന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ അയാള്‍ വിനയത്തോടെ നിന്നു.

തീക്ഷ്ണയൗവ്വനത്തില്‍ നില്‍ക്കുന്ന എനിക്കയാളോട് 'എന്റെ ലഗേജുകള്‍ എടുത്തു കാറില്‍ വയ്ക്കൂ'എന്നു പറയുവാന്‍ തോന്നിയില്ല. അയാളില്‍ എന്റെ പിതാവിന്റെ പ്രതിരൂപം കാണുന്നതുപോലൊരു തോന്നല്‍.

പക്ഷെ, സേവനസന്നദ്ധനായി നില്‍ക്കുന്ന അയാളോട് ഭാര്യ എന്തൊക്കെയോ പറയുകയും അനുസരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അയാള്‍ തികഞ്ഞ തൃപ്തിയോടെ അക്കാര്യങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അത്രയ്ക്കങ്ങ് ആരെയും പെട്ടെന്നിഷ്ടപ്പെടാത്ത എന്റെ ഭാര്യയ്ക്കും അയാളെ ഇഷ്ടപ്പെട്ടുവെന്നു തോന്നി.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു മാസത്തേക്കു വാങ്ങിയ പലചരക്കുവകകളും പച്ചക്കറികളും പിന്നെ വീട്ടാവശ്യത്തിനു വാങ്ങിയ തുണിത്തരങ്ങളും കിടക്കയും അടക്കമുള്ള സാധനങ്ങളെല്ലാം അയാള്‍ വളരെ ചിട്ടയോടെ അയാളുടെ കാറിന്റെ പല ഭാഗങ്ങളിലായി അടുക്കി വച്ചു. 

സാധനങ്ങളോടും അയാളുടെ കാറിനോടും വളരെവളരെ സ്‌നേഹമസൃണമായ ഒരു സമീപനമായിരുന്നു അയാളുടേത്. ഒരളവുവരെ അയാള്‍ അയാളുടെ കാറിനോട്, ജീവനുള്ള ഒന്നിനോടെന്നപോലെയാണ് പെരുമാറിയത്. അതയാളുടെ പ്രണയിനിയാണെന്ന പോലെ തോന്നിക്കുമായിരുന്നു. സൂക്ഷ്മവിശകലനത്തില്‍ അതങ്ങനെതന്നെ. അതയാളുടെ വീടുള്‍പ്പെടെയുള്ള സമസ്തവുമായിരുന്നു. അതിലയാളുടെ കിടക്കയും വസ്ത്രങ്ങളും മറ്റും നല്ല വെടിപ്പായി സൂക്ഷിച്ചിരുന്നു. ഒപ്പം ബ്രഡ്ഡിന്റെ പൊതിയും അച്ചാറിന്റെ കുപ്പിയും മറ്റു ചില ഭക്ഷണസാധനങ്ങളും.

വാഹനം അതിന്റെ ജോലിയിലേക്കു പ്രവേശിച്ചു. അയാളുടെ ഡ്രൈവിങ്ങിനുപോലും മനോഹരമായ ഒരു കവിതയുടെ ഈണം തോന്നിയിരുന്നു. ഒറ്റക്കമ്പിയുള്ള ഒരു വീണയുണ്ടല്ലോ - എക്താര - അതുപോലുള്ള ഒന്നില്‍ നിന്നെന്നപോലെ കാര്‍ അയാളുടെ ശരീരനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇമ്പമായി മൂളിക്കുതിക്കുകയാണ്. അവനവന്റെ കര്‍മ്മങ്ങളെ കവിതകളാക്കുന്ന മാന്ത്രികവേല ചെയ്യുന്ന അപൂര്‍വ്വം ചില മനുഷ്യരില്‍ ഒരാളായിത്തോന്നി അയാളെയെനിക്ക്. ഒരു വിജനമായ കോവിലില്‍ നിന്ന് അര്‍ച്ചനാമന്ത്രമാലപിക്കുന്ന സാത്വികനായ പുരോഹിതനെപ്പോലെ തന്റെ ജോലിയില്‍ സ്വയം സമര്‍പ്പിതനായിരുന്നു. അയാള്‍.

ഏതു ജോലിയിലിരുന്നും ആര്‍ക്കും ആരെയും സഹായിക്കുവാനാവുമെന്നും ഏതു തൊഴിലിനെയും ഇമ്പമുള്ള ഒരീണമാക്കാമെന്നും അയാളെന്നെ പഠിപ്പിക്കുകയാണ്.

അയാളുമായി ഒന്നടുക്കണമെന്ന മനോഭാവത്തോടെ ഞാനയാളോടു വിശേഷങ്ങള്‍ തിരക്കി.
സംഭാഷണം ആദ്യം ആരംഭിച്ചത് അയാളുടെ അമേരിക്കന്‍ ജീവിതത്തില്‍ നിന്നുതന്നെയായിരുന്നു. ഒരു സാമ്പത്തികവിദഗ്ദ്ധന്റെ കണിശമായ വിലയിരുത്തലുകളിലൂടെ അയാള്‍ മുപ്പതുവര്‍ഷം മുമ്പ് അമേരിക്കയിലെത്തിയപ്പോഴുണ്ടായിരുന്ന സാമ്പത്തികക്രമങ്ങളും ഇപ്പോള്‍ വന്നിരിക്കുന്ന സാമ്പത്തിക സാമൂഹിക മാറ്റങ്ങളും പെട്രോളിനും ഡീസലിനും മറ്റും വന്നുചേര്‍ന്ന വിലവ്യതിയാനങ്ങളും അക്കമിട്ടു നിരത്തി എനിക്കു പറഞ്ഞു തന്നു. പല കാര്യങ്ങളെക്കുറിച്ചുമുള്ള അയാളുടെ കൃത്യമായ വിലയിരുത്തലുകളിലൂടെ ഒരു വെറും ടാക്‌സിക്കാരനാണ് അയാളെന്നുള്ള എന്റെ ധാരണ പതിയെ എന്നില്‍ നിന്നകലുകയായിരുന്നു.

പറഞ്ഞു പറഞ്ഞ് ഞാന്‍ അയാളുടെ വ്യക്തിജീവിതത്തിലേക്കും പതിയെ പ്രവേശിക്കുവാനാരംഭിച്ചു.സംഭാഷണത്തില്‍ നിന്ന് അയാള്‍ വിയറ്റ്‌നാം കാരനാണെന്നറിഞ്ഞപ്പോള്‍ എന്തോ, എനിക്കയാളോട് വല്ലാത്ത ഒരിഷ്ടം തോന്നി. ഡിഗ്രിക്ലാസുകളിലെ പാഠപുസ്തകങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും നിന്നറിഞ്ഞിരുന്ന ആ വിയറ്റ്‌നാമിലെ ഒരു പച്ചമനുഷ്യന്‍ വിയറ്റ്‌നാമിന്റെ കഥ പറയുവാന്‍ എന്റെ മുന്നലവതരിച്ചിരിക്കുകയാണെന്നു തോന്നി. ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അയാള്‍ ഉത്തരം നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിലൂടെ വിയറ്റ്‌നാംകാരനായ അയാളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളുമായി അയാള്‍ എന്നിലേക്കൊഴുകിയെത്തി.

വിയറ്റ്‌നാം...

അമേരിക്കന്‍ നാപ്പാം ബോംബുകള്‍ക്കിടയിലൂടെ കത്തുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് വിവസ്ത്രയായി അലറിക്കരഞ്ഞ് രണ്ടു കൈകളും ഉഴറിപ്പായുന്ന നഗ്നയായ ഒരു പെണ്‍കുട്ടിയുടെ കരള്‍പിളര്‍ക്കുന്ന ചിത്രം ഉള്ളില്‍ കനലായെരിഞ്ഞു തെളിഞ്ഞു. ലോകമനഃസാക്ഷി വിയറ്റ്‌നാമിലെ ചെറുമനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു ഹേതുവായ ലോകത്തിലെ എക്കാലത്തെയും യുദ്ധക്കെടുതികളുടെ നേര്‍സാക്ഷ്യം.

എഴുപതുകളില്‍, അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെ വിഷപ്പല്ലുകളേറ്റ് കരുവാളിച്ചുപോയ വിയറ്റ്‌നാമിന്റെ ദുഃഖം അയാളുടെ വാക്കുകളിലൂടെ എന്നെ ചൂഴുകയാണ്...

ചിതറിത്തെറിക്കുന്ന ഭൂമിയുടെ മാംസത്തുണ്ടുകളും മരങ്ങളും മനുഷ്യരും ജീവജാലങ്ങളും...
പ്രാണരക്ഷാര്‍ത്ഥം കിട്ടിയവയും കിട്ടിയവരെയും വാരിപ്പെറുക്കിയോടുന്ന നിരപരാധികളായ ജനസമൂഹം.

പോകുംവഴി ചിലപ്പോള്‍ കുഴിബോംബു പൊട്ടി അവരില്‍ ചിലര്‍, അപ്രത്യക്ഷരാകുന്നു. ചിലപ്പോഴത് പിതാവാകാം, മാതാവാകാം, മകനോ മകളോ ആവാം.

ശേഷിക്കുന്നവര്‍ വീണ്ടും ഓടുവാനോ തലയറഞ്ഞു ചാവാനോ വിധിച്ച യുദ്ധത്തിന്റെ ദല്ലാള ന്മര്‍ക്കും വില്‍പനക്കാര്‍ക്കും ചാകരക്കാലം... 

മൂന്നു ദശലക്ഷത്തിനുമേല്‍ ചാവുകള്‍! 

വെറും വെറുതെ, യുദ്ധക്കൊതിയ•ാരാല്‍ വെട്ടിവീഴ്ത്തപ്പെട്ട മൂന്നു ദശലക്ഷം മനുഷ്യശരീരങ്ങളില്‍ നിന്നു വാര്‍ന്നൊഴുകുന്ന രക്തത്തെ സങ്കല്‍പിച്ചു നോക്കി. മരണത്തിനു വിധിക്കപ്പെട്ട നിസ്സഹായജ ന്മങ്ങളുടെ ശരീരത്തില്‍ നിന്നു ചാലുകളായൊഴുകി അരുവികളായി രൂപപ്പെട്ട് പുഴയായി വളര്‍ന്ന് ഭൂമിയിലെ സമാധാനത്തിന്റെ തീരങ്ങളിലെ ധാന്യവയലുകളെയും ഫലവൃക്ഷങ്ങളെയും കടപുഴക്കിയെറിഞ്ഞു പാഞ്ഞുപോവുന്ന സമുദ്രമായി പരിണമിക്കുന്ന മായക്കാഴ്ചയില്‍ ഞാന്‍ കിടിലം കൊണ്ടു.

അമേരിക്കയ്ക്ക് കമ്യൂണിസത്തോടുള്ള അന്ധവിരോധം മാത്രമായിരുന്നു യുദ്ധങ്ങള്‍ക്കാധാരമായ കാരണം. അതിനുമുമ്പാവട്ടെ, രാജഭരണത്തിന്റെ മനസ്സാക്ഷിയില്ലായ്മയായിരുന്നു വിയറ്റ്‌നാം ജനതയുടെ വിധി. രാജാവിനും അയാള്‍ക്ക് അധരസേവ നടത്തുന്നവര്‍ക്കും കൊള്ളക്കാരായ മുതലാളിമാര്‍ക്കും മാത്രമായി തീറെഴുതപ്പെട്ട ഒരു രാജ്യത്തെ ഹതഭാഗ്യരായ ജനങ്ങളെപ്പറ്റി അയാള്‍ പറഞ്ഞു. വിയറ്റ്‌നാമിനെപ്പറ്റി ഞാന്‍ കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു. 

പ്രതിഷേധിക്കാനാവാതെ നിസ്സഹായരായി മരിച്ചുവീണവരാണേറെ. ചിലര്‍ യുദ്ധക്കൊതിയന്മരോടു ചേര്‍ന്നു. ചിലര്‍ ഫ്രാന്‍സിലേക്കും ജര്‍മനിയിലേക്കും ചൈനയിലേക്കും തായ്‌ലണ്ടിലേക്കും കുടിയേറി; പ്രിയപ്പെട്ട പലരേയും പലതിനേയും നഷ്ടപ്പെട്ടവരായും അംഗഹീനരായും സ്വപ്നം കാണുവാന്‍ പോലും മറന്നവരായും, പലപ്പോഴും അതിനു ഭയപ്പെട്ടവരുമായി...

മൃഗസമാനം പണിയെടുത്തിരുന്ന ചിലരുടെ ഇടയില്‍ യുദ്ധം ഉല്‍പാദിക്കപ്പെടുന്ന രാജ്യം ഒരു വാഗ്ദത്തഭൂമിയായി പരിണമിച്ചതിലെ നീതിശാസ്ത്രവും യുക്തിബോധവും എന്താണെന്നു മനസ്സിലാവുന്നില്ല. എന്തുചെയ്തും കിട്ടിയ മനുഷ്യജന്മത്തെ പിടിച്ചു നിറുത്തുവാനുള്ള ജീവവാസനയാവാം.

അമേരിക്കന്‍ കുടിയേറ്റത്തിനും പുതിയ പുതിയ കമ്പോളങ്ങള്‍ തുറക്കുവാന്‍ തുടങ്ങി. അമേരിക്ക വിയറ്റ്‌നാം ജനതയുടെ മറ്റൊരു വാഗ്ദത്തഭൂമിയായി മാറുന്ന വിരോദാഭാസത്തിനും ആ രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. അമേരിക്കന്‍ സ്വപ്നഭൂമി തേടിപ്പോകുവാന്‍ കോപ്പുകൂട്ടി നിന്നവരില്‍ അയാളുടെ ഒരു അകന്ന ബന്ധുവും പ്രിയബാല്യകാലസുഹൃത്തുമായ 6 എന്ന ഇരട്ടപ്പേരുകാരനുമുണ്ടായിരുന്നു. അവന്റെ ശരിക്കുമുള്ള പേര് 'വി'(ഢക) എന്നായിരുന്നു. റോമന്‍ഭാഷയില്‍ ഢക എന്നെഴുതിയാല്‍ അതു വായിക്കുന്നത് ആറ് എന്നാണല്ലോ. അവനും ആ ഇരട്ടപ്പേര് ഇഷ്ടമായിരുന്നു.

അവനുമായി കൂടുതല്‍ സ്‌നേഹബന്ധത്തിനിട വന്നത് എന്റെ പ്രണയിനിക്കു ഞാന്‍ നല്‍കിയിരുന്ന പ്രണയലേനങ്ങളിലെ സാഹിത്യം അവന്റേതായിരുന്നു എന്നുള്ളതാണ്. നാട്ടില്‍ നേഴ്‌സിങ്ങിനു പഠിച്ചിരുന്ന അവള്‍ എനിക്കു തന്നിരുന്ന പ്രണയസുരഭിലങ്ങളായ നോട്ടങ്ങളും ചലനങ്ങളുമാണ് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നതിന് അടയാളമായി മനസ്സ് ഇന്നും കൊണ്ടുനടക്കുന്ന ഓര്‍മ്മകള്‍.
പഠനങ്ങളുടെ നാളുകള്‍ കഴിഞ്ഞ് അവള്‍ അമേരിക്കയിലേക്കു പോയി. ആദ്യമാദ്യം കത്തുകളയച്ചിരുന്ന അവള്‍ പിന്നെപ്പിന്നെ അതു മറുന്നുതുടങ്ങി. നിരാകരിക്കപ്പെട്ട പ്രണയത്തിന്റെ വേദനയില്‍ ഞാന്‍ ഉരുകിവാര്‍ന്നു തീരുമായിരുന്ന നാളുകളില്‍ എനിക്ക് പ്രതീക്ഷകള്‍ നല്‍കിയത് 6 ആയിരുന്നു.

ഒടുവിലൊരുനാള്‍ അവനും അമേരിക്കയിലേക്കു പോകുന്നതിനുള്ള സാഹചര്യം ലഭിച്ചു. അപ്പോള്‍ അവന്‍ ആ സ്വര്‍ഗത്തിലേക്ക് എനിക്കും എത്രയും പെട്ടെന്ന് പ്രവേശനം ലഭിക്കുന്നതിനുള്ള സര്‍വസംവിധാനവും ചെയ്തു തരാമെന്നേറ്റപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അവനവിടെ ചെന്ന നാളുകളില്‍ കത്തുകള്‍ കൃത്യമായ ഇടവേളകളില്‍ എന്നെത്തേടി വന്നിരുന്നു. സാവധാനം അവന്റെ കത്തുകളിലെ സാഹിത്യം മങ്ങി. ഇടവേളകള്‍ കൂടി. പിന്നെപ്പിന്നെ ആ സ്‌നേഹബന്ധത്തിന്റെ ഉറവുചാല്‍ വറ്റിവരണ്ടുപോവുകയും ചെയ്തു. ഒരു സ്വപ്നം കൊല്ലപ്പെട്ടു തുടങ്ങിയതിലല്ല, ഒരു സ്‌നേഹബന്ധം അറ്റുപോയതിലായിരുന്നു എനിക്കു ദുഃഖം.

അമേരിക്കയിലെത്തി, ഡോളറുകളുടെ മായികപ്രപഞ്ചത്തില്‍ മയങ്ങിത്തുടങ്ങിയ അവന്‍ സാവധാനം എന്നെ മനഃപൂര്‍വ്വം മറന്നു തുടങ്ങിക്കാണുമെന്നു ഞാന്‍ വിചാരിച്ചു.

ഒരു പക്ഷേ, അവനവിടെ ഉന്നതമായ ഉദ്യോഗത്തിലിരിക്കുമ്പോള്‍ വെറുമൊരു ഡ്രൈവറായി ഞാനവിടെ ചെല്ലുകയും അവനുമായി കൂട്ടുതുടരുവാന്‍ ശ്രമിക്കുകയും ചെയ്താല്‍ അതവനു മാനക്കേടാണെന്നു തോന്നിത്തുടങ്ങിക്കാണുമെന്നും കരുതി.

പണം വളരെ വരുമ്പോള്‍ പഴയവരേയും പലതിനേയും മനുഷ്യന്‍ മറക്കേണ്ടതുണ്ടല്ലോ. അവന്റെ കാര്യത്തിലും അതു സംഭവിച്ചുകാണാമെന്നും ഞാന്‍ കരുതി. പക്ഷേ, സത്യം അതൊന്നുമല്ലായിരുന്നു. അവന്‍ അമേരിക്കയില്‍ വെച്ചു വിവാഹം കഴിച്ചത് എന്റെ പ്രണയിനിയെത്തന്നെയായിരുന്നു! ആ സത്യം ഇവിടെ വന്നതിനു ശേഷമാണ് ഞാനറിയുന്നത്. ഞാനതറിയുമ്പോഴുണ്ടാവുന്ന പ്രതികരണമെന്താവാമെന്ന ആശങ്കയിലായിരുന്നു അവര്‍ എന്നില്‍ നിന്നും അകലം പാലിച്ചത്. 

ഭൂമിയില്‍ പണമില്ലാത്തവന് എന്തു വില? അക്കാര്യം അവര്‍ എന്നെ എങ്ങനെയെങ്കിലും അറിയിച്ചിരുന്നുവെങ്കില്‍ ഞാനൊരു പക്ഷേ, അമേരിക്കയിലേക്കു വരികയേ ഇല്ലായിരുന്നു.
ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തതിനുശേഷം അയാള്‍ തുടര്‍ന്നു.

അവനിവിടെ ഇപ്പോഴൊരു കംപ്യൂട്ടര്‍ എഞ്ചിനിയറായി ജോലി നോക്കുന്നുണ്ട്. ഇടയ്ക്കു ചിലപ്പോള്‍ അവരെ ഒരുമിച്ചു കാണാറുമുണ്ട്. പക്ഷേ, വിദൂരമായ ഒരു അഭിവാദനത്തില്‍ പഴയകാല സ്‌നേഹബന്ധം തെന്നിമാറിപ്പോവും. ഭൂമിയില്‍ ഒരു മനുഷ്യജ•ം ഏതൊക്കെ വേഷം കെട്ടിയാണ് ഒന്നൊതുങ്ങുക. അവന്റെ കാര്യത്തിലും അതു സംഭവിച്ചുകാണാമെന്നു ഞാന്‍ കരുതുന്നു. ഈ നഷ്ടപ്രണയത്തിന്റെ വേദനയുണ്ടല്ലോ സാറേ, അതനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ നോവറിയൂ.

അയാളുടെ കണ്ണുകള്‍ ചെറുതായി കലങ്ങുന്നുണ്ടോ എന്നു ഞാന്‍ സംശയിച്ചു. അതോ അയാള്‍ വേദനയോടെ ചിരിക്കുകയാണോ? ഒരു പൂര്‍വ്വകാല പ്രണയത്തിന്റെയും വേദനാകരമായ നിരാസത്തിന്റെയും വഞ്ചനയുടെയും മുറിവുകളില്‍ നിന്നുയരുന്ന വേദനയില്‍?
അയാള്‍ കഥ തുടര്‍ന്നു.

എന്തായാലും അവന്‍മൂലം അമേരിക്കയെ സ്വപ്നം കണ്ടുതുടങ്ങിയ ഞാന്‍ പിന്നെ അമേരിക്കയിലേക്കെത്തുക എന്നത് ഒരു വാശിയായി സ്വീകരിച്ചു. അമേരിക്കയിലേക്കു പോവുന്ന വഴികളെക്കുറിച്ചു തിരക്കിത്തിരക്കി ഒടുവില്‍ ഇങ്ങോട്ടേയ്ക്കുള്ള ഒരു വഴി എനിക്കായി തുറന്നുകിട്ടി. നിയമവിഴികളിലൂടെയല്ലാതെ ഈ സ്വര്‍ഗഭൂമിയിലേക്കെത്താനുള്ള ഒരു രഹസ്യം മറ്റൊരു കൂട്ടുകാരനിലൂടെ ഞാനറിഞ്ഞു. ഇങ്ങോട്ടേക്ക് ആളുകളെ അതീവരഹസ്യമായി തിരഞ്ഞെടുക്കുന്ന ഒരു ക്യാമ്പില്‍ ഞാനും ഒരംഗമായി.

അവിടെ നിന്നും ലഭിച്ച ട്രെയിനിംഗ് അമേരിക്കയിലേക്കെങ്ങനെ ഒളിച്ചുകടക്കാമെന്നും എത്രകാലം ഒളിവില്‍ കഴിഞ്ഞുകൂടാമെന്നും എപ്രകാരം ഒരു തൊഴില്‍ സമ്പാദിക്കാമെന്നുമൊക്കെയായിരുന്നു. അത്യാവശ്യം അവിടുത്തെ ഒരംഗമാകുന്നതുവരെ പിടിച്ചു നില്‍ക്കുന്നതിനുള്ള മുറിയിംഗ്ലീഷും മറ്റു പെരുമാറ്റരീതികളുമൊക്കെ അനുബന്ധമായി ഞങ്ങളെ പഠിപ്പിച്ചു.

ഒടുവില്‍ ഞങ്ങളുടെ ഊഴം വന്നു. ഞങ്ങളുടേത് രണ്ടാമത്തെ സംഘമായിരുന്നു. പതിനൊന്നു പേരടങ്ങിയ ആ സംഘത്തിലെ അംഗമായി രാവുകളില്‍ നടന്നും പകലുകളില്‍ ഒളിച്ചുപാര്‍ത്തും ഞങ്ങളൊരുവിധത്തില്‍ അമേരിക്കയിലെത്തി.

നരക യാതനയുടെ ആ നാളുകള്‍ എനിക്കയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. 
'ഇന്നു ഞാന്‍ അമേരിക്കന്‍ പൗരനാണ്. ഇപ്പോഴെനിക്ക് വിയറ്റ്‌നാമില്‍ സ്ഥമുണ്ട്. അതിലൊരു വീടുമുണ്ട്. എന്റെ സഹോദരിമാരെ ഞാന്‍ തന്നെ നല്ലനിലയില്‍ വിവാഹം ചെയ്തയച്ചു. അച്ഛനും അമ്മയ്ക്കും ആവശ്യത്തിലധികം പണം ഞാന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ ജീവിതസാഹചര്യങ്ങളും അത്ര മോശമല്ല. ഇനിയിപ്പോള്‍ അമേരിക്ക വിട്ടാലും എനിക്ക് ഈ ഗവണ്‍മെന്റു നല്‍കുന്ന 'സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം' കിട്ടും. മുപ്പതുവര്‍ഷം മുമ്പ് ഒളിച്ചും പാത്തും അമേരിക്കയിലേക്കു കടന്നു വന്ന ഒരു നുഴഞ്ഞുകയറ്റക്കാരനല്ല ഞാനിപ്പോള്‍...'
അയാളുടെ മുഖത്ത് ആത്മാഭിമാനത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു. 

'അപ്പോള്‍ ഭാര്യയും മക്കളും?' ആകാംക്ഷയടക്കാനാവാതെ ഞാന്‍ ചോദിച്ചു. കാറിന്റെ പിന്‍സീറ്റിലിരിക്കുന്നകയായിരുന്ന എന്റെ ഭാര്യയുടെ മുഖത്തും ആ ചോദ്യം എനിക്കു വായിച്ചെടുക്കാമായിരുന്നു.

ആ ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞു. 'ഇപ്പോള്‍ എനിക്കു ഞാന്‍ മാത്രമേ ഉള്ളൂ. എന്റെ ഊണും ഉറക്കവുമെല്ലാം ഇതിലാണ്. ഈ ടാക്‌സിയില്‍. ഈ ടാക്‌സി ഒരേ സമയം എന്റെ 'വീടും' 'ജോലി'യുമാണ്.'

അല്‍പം നിറുത്തിയിട്ട് അയാള്‍ കുലീനത്വവും അല്‍പം നാണം കലര്‍ന്ന പുഞ്ചിരിയുമായി തുടര്‍ന്നു: 'ഇനി വേണം നാട്ടില്‍ ചെന്നു വിവാഹമൊക്കെ കഴിക്കാന്‍. എന്റെ മാതാപിതാക്കള്‍ ഈ അമ്പതുകഴിഞ്ഞ എനിക്കുവേണ്ടി അവിടെയൊരു പെണ്ണിനെ കണ്ടു വച്ചിരിക്കുന്നു...'

ഊറിനിറയുന്ന പുഞ്ചിരി മായുന്നതിനുള്ള ഇടവേളയ്ക്കുവേണ്ടി അയാള്‍ ഇടയ്ക്കിടെ വഴിയോരക്കാഴ്ചയിലേക്കു മുഖം തിരിച്ചു. ഞാന്‍ ചെറുചിരിയോടെ ഭാര്യയെ തിരിഞ്ഞുനോക്കി. 

അവളുടെ ചുണ്ടിന്‍കോണുകളിലും ഒരു പുഞ്ചിരി പറ്റി നില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു നേഴ്‌സായി ജോലി നോക്കുന്ന അവള്‍ ഇത്തരം ധാരാളം കഥകള്‍ കേട്ടു തഴമ്പിച്ചിരിക്കും. എന്നാലും അയാളുടെ കഥയുടെ വ്യത്യസ്തതകൊണ്ട് അവള്‍ അയാളെ സശ്രദ്ധം കേള്‍ക്കുകായിരുന്നു എന്നെനിക്കുറപ്പുണ്ട്.

പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അനേകം മരങ്ങളേയും ദുരങ്ങളേയും പുറകോട്ടു ചുഴറ്റിയെറിഞ്ഞ് ഞങ്ങളുടെ വാഹനം എണ്‍പതു കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു കൊണ്ടിരുന്നു.

പെട്ടെന്ന്, വളരെ പെട്ടെന്ന് അയാള്‍ വേഗം കുറയ്ക്കുന്ന ട്രാക്കിലേക്കും പിന്നെ വഴിയോരത്തേക്കുമായി കാര്‍ പായിച്ച് സഡന്‍ബ്രേക്കിട്ടു നിറുത്തി. ഞങ്ങളുടെ ഭാഗ്യത്തിന് പിന്നാലെ വാഹനങ്ങളൊന്നുമില്ലായിരുന്നു. ഇയാളിതെന്തൊരു ചതിവാണു കാണിച്ചതെന്ന അമ്പരപ്പോടെയും വിട്ടൊഴിയാത്ത ഭീതിയോടെയും ഞങ്ങള്‍ അയാളെ നോക്കി.

അയാള്‍ സ്റ്റിയറിംഗിലേക്കു കുഴഞ്ഞു വീഴുന്നതാണ് കണ്ടത്. കുലുക്കിവിളിക്കുവാന്‍ നോക്കി. അയാളുടെ ശരീരം ഉലയുന്നതല്ലാതെ അയാള്‍ ഉണരുന്നില്ല.

ഭാര്യ നേഴ്‌സായതുകൊണ്ട് അയാളുടെ പള്‍സ് പരിശോധിച്ചു.

അവളുടെ മുഖം വീണ്ടും വീണ്ടും വിവര്‍ണ്ണമായി.

അവള്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അയാളെ കാറില്‍ മലര്‍ത്തിക്കിടത്തി.

പലവട്ടം നെഞ്ചിലമര്‍ത്തുകയും മൂക്കിലൂടെ കൃത്രിമശ്വാസോച്ഛ്വാസം നല്‍കുകയും ചെയ്തുനോക്കി. ഫലമുണ്ടായില്ല.

സൈലന്റ് അറ്റാക്ക്!

മരണനേരത്തും തന്റെ കൈയ്യിലുള്ള ജീവനുള്ള സുരക്ഷിതമായ ഒരിടത്താക്കി, സഫലമാകാത്ത സ്വപ്നങ്ങളുമായി ഒറ്റയ്ക്കു യാത്രപോയ പ്രിയ ടാക്‌സിക്കാരാ, ഓരോ തൊഴിലിന്റെയും മഹത്വവും ഉത്തരവാദിത്വവും ഞങ്ങളെ ബോധ്യപ്പെടുത്തി നിങ്ങള്‍ ഞങ്ങളില്‍ അനശ്വരനാവുകയാണ്.

lai  xe  taxi

ലൈ സെ ടാക്‌സി .ടി.വോ.

ടി വോ എന്ന റ്റാക്‌സിക്കാരന്‍



 ലൈ സെ ടാക്‌സി.ടി.വോ : ടി വോ എന്ന റ്റാക്‌സിക്കാരന്‍ (കഥ) ഷിജു തച്ചനാലില്‍, റാന്നി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക