Image

പതിമൂന്നാം ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ നവംബര്‍ 26 മുതല്‍ 28 വരെ

ബിജു വെണ്ണിക്കുളം Published on 20 November, 2015
പതിമൂന്നാം ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ നവംബര്‍ 26 മുതല്‍ 28 വരെ
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാവിഭാഗം സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. നവംബര്‍ 26, 27, 28 തിയ്യതികളിലായി അമറാത്ത് പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കുന്ന ഉത്സവഗ്രാമത്തിലാണു ഇത്തവണ ആഘോഷപരിപാടികള്‍ നടക്കുന്നത്. ഷാഹി സ്‌പൈസസ് ആണു മുഖ്യ പ്രായോജകര്‍. 'സമാധനപരമായ സഹവര്‍ത്തിത്വം' എന്ന ആശയത്തിലൂന്നിക്കൊണ്ടാണു ഈ വര്‍ഷത്തെ ഉത്സവം സംഘടിപ്പിക്കുന്നത്. ഉത്സവപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതും ഈ ആശയത്തിന്റെ അടിത്തറയിലാണ്.  പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ശ്രീ.രഞ്ജിത് ഈ വര്‍ഷത്തെ മുഖ്യാതിഥി ആയിരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നല്‍കി വരുന്ന കൈരളി- അനന്തപുരി അവാര്‍ഡിനു ഇത്തവണ അര്‍ഹനായിരിക്കുന്നത് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും സ്വയം അവയവദാനം നടത്തി, അവയവ ദാനത്തിനു വേണ്ടി മാതൃകാപരമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ആണ്.

തനത് കലകളുടെ ഒരു സംഗമഭൂമിയായിരിക്കും ഇത്തവണത്തെ ഉത്സവവേദി. ഇന്ത്യയില്‍നിന്നും മുപ്പതോളം കലാകാരന്മാര്‍ മൂന്ന് ദിവസത്തെ ഉത്സവത്തിനായി ഒമാനിലെത്തുന്നു. കേരളത്തിലെ പരമ്പരാഗത വാദ്യ നൃത്ത രൂപങ്ങള്‍ക്കു പുറമേ, കച്ചി, പഞ്ചാബി, ഒഡീസി, തമിഴ്, മറാത്തി, ഗുജറാത്തി നൃത്തരൂപങ്ങളോടൊപ്പം, ഉത്സവഛായക്ക് മാറ്റ് കൂട്ടാന്‍, ഐസിസിആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്) അവതരിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും വേദിയിലെത്തുന്നു. പ്രമുഖ നാടന്‍പാട്ടു കലാസംഘം 'കരിന്തലക്കൂട്ടം' നാടന്‍പാട്ടു സംഘത്തിന്റെ പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള അവതരണവും, ഒമാന്റെ തനത് നൃത്തങ്ങളും ഇത്തവണത്തെ ആകര്‍ഷണമാകും. പ്രവാസികളുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന രീതിയില്‍ ഘോഷയാത്ര, തെരുവു മാജിക്, സൈക്കിള്‍ യജ്ഞം, തുടങ്ങിയ പരിപാടികളും ഉത്സവത്തിനു കൊഴുപ്പേകും.
ഗള്‍ഫിലെ പ്രമുഖ മലയാളം റേഡിയോ ആയ വോയ്‌സ് ഓഫ് കേരള 1152 എഎം സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട്, ഗാനമേള, റോഡ് ഷോ, ഒമാനിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും അമ്പതോളം ടീമുകള്‍ പങ്കെടുക്കുന്ന ശാസ്ത്ര പ്രദര്‍ശനം എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒമാനിലൂടെ പ്രവാസികളുടെ അംഗീകാരം നേടിയ കേരളവിഭാഗം പരിപാടികളുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തുന്നത്. മസ്‌കറ്റ് ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ തുറന്നവേദിയില്‍ സംഘടിപ്പിക്കുന്ന ഈ ത്രിദിന ഉത്സവത്തില്‍ അമ്പതിനായിരത്തില്‍പ്പരം കാണികളെയാണു പ്രതീക്ഷിക്കുന്നത്. ഒരു റിയാല്‍ വിലയുള്ള പ്രവേശനപാസിലൂടെ മൂന്നു ദിവസത്തെ പരിപാടികളും കാണാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം, ഒന്നാം സമ്മാനമായ കാറുള്‍പ്പെടെ ആകര്‍ഷകങ്ങളായ പതിനഞ്ച് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. വേദിയിലെത്തുന്നവര്‍ക്കെല്ലാം നിരവധി സമ്മാനങ്ങള്‍ നേടുവാനുള്ള അവസരങ്ങളും വിവിധ പ്രയോജകര്‍ ഒരുക്കിയിട്ടുണ്ട്.

മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ്, സര്‍വ്വീസസ് ആന്‍ഡ് ട്രേഡ് എല്‍എല്‍സി, ബദര്‍ അല്‍ സാമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ സ്, മദേര്‍സ് റെസിപ്പി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, മലബാര്‍ ഗോള്‍ഡ്, ഐ.ടി.എല്‍ വേള്‍ഡ് എന്നിവരാണു മറ്റ് മുഖ്യ പ്രയോജകര്‍.
അഞ്ഞൂറോളം വരുന്ന കേരളവിഭാഗത്തിന്റെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഉത്സവം വിജയിപ്പിക്കുവാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ്. പി.എം. ജാബിര്‍ ചെയര്‍മാനും, കെ.രതീശന്‍ വൈസ് ചെയര്‍മാനും, രജിലാല്‍ കോക്കോടന്‍ കണ്‍ീവീനറുമായ സംഘാടകസമിതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

പതിമൂന്നാം ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ നവംബര്‍ 26 മുതല്‍ 28 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക