Image

ഡോ. ഏലിയാസിനു അറ്റ്‌ലാന്റയില്‍ സ്വീകരണം 13ന്

Published on 03 November, 2015
ഡോ. ഏലിയാസിനു അറ്റ്‌ലാന്റയില്‍ സ്വീകരണം 13ന്
അറ്റ്‌ലാന്റ: ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഏലിയാസ് തോമസിനു നവംബര്‍ 13നു അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കും. ലില്‍ബണ്‍ സായ് റസ്‌റ്റോറന്റിലാണ് വൈകീട്ട് ഏഴിന് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നത്.

ലോക ഡന്റല്‍ അസോസിയേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇദ്ദേഹം തൊടുപുഴ സണ്ണി ഡന്റല്‍ ക്ലിനിക്കില്‍ ഇരുപത് വര്‍ഷത്തിലേറെയായി ഡന്റല്‍ സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ്. ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍, വേള്‍ഡ് മലയാളി അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ അറ്റ്‌ലാന്റ ഘടകം, ഫ്രണ്ട്‌സ് ഓഫ് തൊടുപുഴ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം. 1991-ല്‍ രൂപീകൃതമായ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ മലനാട് ശാഖയുടെ ചാര്‍ട്ടര്‍ മെംബര്‍മാരിലൊരാളായ ഡോ.ഏലിയാസ് 1993 മുതല്‍ 1998 വരെ ഈ ശാഖയുടെ ഓണറബിള്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഐ.ഡി.എ. കേരള ഘടകത്തിന്റെ ഓണറമ്പിള്‍ സെക്രട്ടറിയായി 1999-ല്‍ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അഞ്ചുവര്‍ഷം തുടര്‍ച്ചയായി ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. മൂന്നാറില്‍ 1999-ല്‍ നടത്തിയ ഡന്റല്‍ ഫെസ്റ്റിന്റെ മുഖ്യസംഘാടകനായിരുന്ന ഡോ.ഏലിയാസ് 2004-ല്‍ ഐ.ഡി.എ. കേരള ഘടകം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നാഗ്പൂരില്‍ 2008- ല്‍ നടന്ന 62-മത് ഇന്ത്യന്‍ ഡന്റല്‍ കോണ്‍ഫറന്‍സിന്റെ കോണ്‍ഫറന്‍സ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഡോ.ഏലിയാസ് 2009-ല്‍ സംഘടനയുടെ ദേശീയ ഉപാദ്ധ്യക്ഷനായും 2014-ല്‍ ഒക്ടോബറില്‍ ദേശീയ അദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.
റോട്ടറി, ജേസീസ് തുടങ്ങിയ സംഘടനകളുടെ സജീവപ്രവര്‍ത്തകനായ ഡോ.ഏലിയാസ് മൂവാറ്റുപുഴ റോട്ടറി, തൊടുപുഴ ജേസീസ് എന്നിവയുടെ പ്രസിഡന്റായും റോട്ടറി ഇന്റര്‍നാഷണല്‍ അസിസ്റ്റന്റ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ നിരവധി പുരസ്‌ക്കാരങ്ങളും ദന്തല്‍ സേവനരംഗത്തെ മികവിനു വിവിധ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സണ്ണി ഡന്റല്‍ ക്ലിനിക്കില്‍ തന്നെ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഭാര്യ മെര്‍ലിനൊപ്പം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഇദ്ദേഹം ഈ മാസം 15നു നാട്ടിലേക്കു മടങ്ങും. അഞ്ജന, അലീഷ എന്നിവരാണ് മക്കള്‍.

ഡോ. ഏലിയാസിനു അറ്റ്‌ലാന്റയില്‍ സ്വീകരണം 13ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക