ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ഷെഫ് റിഷി രൂപ് സിംഗിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരി മരിയ സിംഗ്, 31, എന്ന മരിയ ഗലിറ്റ്സൈന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതയായി.
മൂന്നു വര്‍ഷം മുന്‍പ് 2017 ല്‍ ആയിരുന്നു വിവാഹം. ദമ്പതികള്‍ക്ക് രണ്ടു വയസ്സുള്ള ഒരു മകനുണ്ട്-- മാക്സിം. ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി ചെയ്യുകയായിരുന്നു മരിയ. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന മരിയ മകന് മാക്സിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു പതിവായിരുന്നു.
ഓസ്ട്രിയന്‍ രാജകുടുംബത്തിലെ മരിയ അന്നയും പീറ്റര്‍ ഗാലിറ്റ്സൈനുമാണ് മാതാപിതാക്കള്‍.
ഈ മാസം നാലിനു മരിച്ച രാജകുമാരിയുടെ സംസ്കാരം ഹൂസ്റ്റണില്‍ നടന്നു.
1988 ല്‍ ലക്സംബര്‍ഗില്‍ ജനിച്ച മരിയ അഞ്ചാം വയസ്സില്‍ റഷ്യയില്‍ എത്തി. ബിരുദം നേടിയതിനുശേഷം ബല്‍ജിയത്തില്‍ ആര്‍ട് ആന്‍ഡ് ഡിസൈന്‍ പഠനം നടത്തി. ബ്രസല്‍സ്, ചിക്കാഗൊ എന്നിവിടങ്ങളില്‍ താമസിച്ചതിനു ശേഷമാണ് ഹൂസ്റ്റണില്‍ കുടുംബത്തിനൊപ്പം സ്ഥിര താമസം തുടങ്ങുന്നത്.
മരിയക്ക് സെനിയ ഗാലിറ്റ്സിൻ ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിൻ സിയറ, അലക്സാണ്ട്ര രാജകുമാരി എന്നിങ്ങനെ മൂന്ന് സഹോദരിമാരും ദിമിത്രി, ഇയോൺ എന്നിങ്ങനെ രണ്ട് സഹോദരന്മാരുമുണ്ട്.
മാതാവായ മരിയ-അന്ന രാജകുമാരി ഓസ്ട്രിയയിലാണ് ജനിച്ചത്. പിതാവ് പിയോട്ടർ ഗാലിറ്റ്സിൻ റഷ്യൻ പ്രഭുവായിരുന്നു. ഓസ്ട്രിയയിലെ റുഡോൾഫ് ആയിരുന്നു മരിയയുടെ മുത്തച്ഛൻ.