Image

മനസ്സോരം മങ്ങാത്ത വിളക്ക് (കവിത: പി. സി. മാത്യു)

പി. സി. മാത്യു Published on 22 October, 2019
മനസ്സോരം മങ്ങാത്ത വിളക്ക് (കവിത: പി. സി. മാത്യു)
നറും മുലപ്പാലാദ്യമായ് നാവില്‍ നുണയാന്‍ തന്നതും
നറും തേന്‍ പലവട്ടം നാവിന്‍ തുമ്പില്‍ തൊട്ടു തന്നതും
നാമം ജപിച്ചീശ്വരനോട് പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞതും
നന്ദി ചൊല്ലിയീശ്വരനെ സ്തുതിക്കാന്‍ പഠിപ്പിച്ചതുമമ്മ...

അച്ഛെനെന്ന നാമം ആദ്യമായി കാതില്‍ മന്ത്രിച്ചതും
അമ്മയെന്ന മാനുഷ്യ വിളക്കാകുമണയാത്ത സത്യമല്ലോ .
ഓടിക്കളിച്ചെന്‍ കാല്‍മുട്ടിലുളവായ മുറിവിന്‍ നിണച്ചാല്‍
ഒപ്പിയെടുത്തു  വൈദ്യനെ തേടിയോടിയ സ്‌നേഹമാണമ്മ...

ആദ്യാക്ഷരം കുറിക്കുവനാശാനെത്തവേ 'ദൈവ'മെന്ന്
ആദ്യമായി കുറിക്കുവാനാശാനോട് പറഞ്ഞതുമമ്മ തന്നെ
ആഹാരം കഴിച്ചാല്‍ പാത്രമുണങ്ങാതെ കഴുകേണമെന്നും 
അതിഥി സല്‍ക്കാരം മറക്കരുതെന്നും പഠിപ്പിച്ചതമ്മ മാത്രം

അമ്മ പഠിപ്പിച്ച ബാല പാഠങ്ങളാണെന്റെ ജീവിത പാതയില്‍
അണയാത്ത വിളക്കായി വെളിച്ചം വീശുന്ന വിജയ മന്ത്രം...
അമ്മയെന്ന സത്യത്തിനു പ്രായമാകുമ്പോഴും നിലനില്‍ക്കുമാ
'അമ്മ പഠിപ്പിച്ച  മൂല്യങ്ങളോരോന്നും മായാതെ  മനസ്സോരം

മരിക്കാത്ത ഓര്‍മ്മകള്‍ ഓടിയെത്തും മനസ്സിന്റെ തീരത്തൊരു
മണല്‍ കൊട്ടാരം കാണുന്നു ഞാന്‍ ദൂരെ നാട്ടിലെന്‍  ഗ്രാമത്തില്‍
അതിനുള്ളിലിപ്പോഴും തെളിയുന്നൊരു നൂറ്റാണ്ടിന്‍ സ്‌നേഹമാകും
അണയുവാന്‍ വെമ്പി കരിന്തിരിയെരിയുമൊരു വിളക്കായെന്നമ്മ.

മനസ്സോരം മങ്ങാത്ത വിളക്ക് (കവിത: പി. സി. മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക