Image

സാന്റാ അന്നാ പള്ളിയില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2011
സാന്റാ അന്നാ പള്ളിയില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.

ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലനായ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ ജീവചരിത്രം ഹൃദ്യമായ ഭാഷയില്‍ അഗസ്റ്റ്യനച്ചന്‍ വിവരിച്ചു. 1506-ല്‍ ഫ്രാന്‍സില്‍ ജനിച്ചുവളര്‍ന്ന്‌ പാരീസ്‌ സര്‍വ്വകലാശാലയില്‍ പഠിച്ച്‌ അദ്ധ്യാപകനാകുകയും ഈശോ സഭയ്‌ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു. `ലോകം മുഴുവന്‍ നേടിയാലും ആത്മാവ്‌ നശിച്ചാല്‍ ഫലമെന്ത്‌?' എന്ന മഹത്‌ വചനം ഉള്‍ക്കൊണ്ട്‌ 1942 മുതല്‍ മൂന്നു തവണ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്‌ എത്തി. അറബിക്കടലിന്റെ തീരത്തുകൂടി മണിനാദം മുഴക്കി സഞ്ചരിച്ച വലിയ ത്യാഗദീപ പ്രേക്ഷിതശ്രേഷ്‌ഠനായിരുന്നു വി. ഫ്രാന്‍സീസ്‌ സേവ്യര്‍. 1552-ല്‍ ചൈനയിലേക്കുള്ള യാത്രാമധ്യേ രോഗബാധിതനായി 46-മത്തെ വയസ്സില്‍ അന്തരിച്ചു. 1562-ല്‍ വിശുദ്ധനായി. ഭൗതികാവശിഷ്‌ടം ഇപ്പോഴും ഗോവയില്‍ സൂക്ഷിക്കുന്നു.

ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയാണ്‌ വിശുദ്ധന്‍ പ്രവര്‍ത്തിച്ചതും ജീവിച്ചതും. നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ സേവനം ആത്മീയമായി കരുതിയ വിശുദ്ധനെ പോലെ സഭയോടുള്ള സ്‌നേഹവും പ്രേക്ഷിതജോലിയും നമ്മളിലും ഉണ്ടാവട്ടെ എന്നും ബഹ. അഗസ്റ്റിനച്ചന്‍ ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ലദീഞ്ഞ്‌, തുടര്‍ന്ന്‌ മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തിരുസ്വരൂപവും വഹിച്ച്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തി. ബിജു ആലുംമൂട്ടില്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി കുടുംബക്കാര്‍ ആയിരുന്നു പ്രസുദേന്തിമാര്‍.

ദീപാലംകൃതമായ ശോഭയാല്‍ അള്‍ത്താരയും വിശുദ്ധന്റെ രൂപവും മനോഹരമാക്കി അലങ്കരിച്ചത്‌ ജോവി ജോസഫാണ്‌. ഇടവക ഗായകസംഘാംഗങ്ങളായ ബാബു ജോസ്‌, ഫിലിപ്പ്‌ ദേവസി, ലാല്‍ സെബാസ്റ്റ്യന്‍, സിബല്‍ ജോസ്‌, ബിന്ദു മാത്യു, ജോസ്‌, സൗമ്യ എന്നിവര്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. ജോസ്‌ പടവുപുരയ്‌ക്കല്‍ നയിച്ച ചെണ്ടമേളം പ്രദക്ഷിണത്തിനു മോടിയേകി. ബിജു ജോര്‍ജ്‌, തര്യന്‍ ജോര്‍ജ്‌, ജോസ്‌ ഇട്ടീരാ എന്നിവര്‍ ചേര്‍ന്ന്‌ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നൊരുക്കി.

ട്രസ്റ്റിമാരായ ജോസുകുട്ടി പാമ്പാടി, ഷാജി തോമസ്‌, ജോര്‍ജ്‌ യോഹന്നാന്‍, സണ്ണി നടുവിലേക്കുറ്റ്‌ എന്നിവര്‍ തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ടോമി പുല്ലാപ്പള്ളിയും, സജി പിറവവും ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.
സാന്റാ അന്നാ പള്ളിയില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക