Image

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വരവേല്‍പ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 12 September, 2014
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വരവേല്‍പ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയില്‍ വെച്ച്, 2014 സെപ്റ്റംബര്‍ 19ന്(വെള്ളി), ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക്, ഉജ്ജ്വല വരവേല്‍പ് നല്‍കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

പരിശുദ്ധ ബാവായുടെ അപ്പോസ്‌തോലിക സന്ദര്‍ശനം, എന്നെന്നും മനസ്സില്‍ മായാതെ കാത്തു സൂക്ഷിക്കാവുന്ന ആത്മീയ നിറവിന്റെ അനുഭവമാക്കി മാറ്റുന്നതിനും, ശ്ലൈഹിക വാഴ് വുകള്‍ സ്വീകരിച്ച് അനുഗ്രഹിതരായി തീരുന്നതിനുമുള്ള തയ്യാറെടുപ്പോടെ, വിശ്വാസികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന സുദിനം സമാഗതമാകുന്നതിന്റെ സന്തോഷത്തിലാണ് സഭാംഗങ്ങളേവരും.

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നടത്തപ്പെടുന്ന, പ: ബാവാ തിരുമനസ്സിന്റെ പ്രഥമ അപ്പോസ്‌തോലിക സന്ദര്‍ശനം, സഭാചരിത്രത്തന്റെ ഏടുകളില്‍ സ്വര്‍ണ്ണലിപികളില്‍ ചേര്‍ക്കപ്പെടുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിന് അതിഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തിലും, കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും, എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ഭദ്രാസന സെക്രട്ടറി വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌ക്കോപ്പായും, ട്രഷറര്‍ ശ്രീ.സാജു പൗലോസ് മാരോത്ത് അറിയിച്ചു. പരിശുദ്ധ ബാവായോടുള്ള ബഹുമാനാര്‍ത്ഥം, ഈസ്റ്റ് ഹാനോവര്‍ മാനര്‍ ബാങ്ക്വറ്റ് ഹാളില്‍ നടത്തപ്പെടുന്ന ഡിന്നറിന് സംബന്ധിക്കുന്നതിനായി, ക്രമീകരിച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും, ഏറെക്കുറെ റിസര്‍വ്വ് ചെയ്തു കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.

അതിഭദ്രാസന ആസ്ഥാനമായ വിപ്പനി മാര്‍ അപ്രേം കത്തീഡ്രലില്‍ ധൂപപ്രാര്‍ത്ഥനക്കുശേഷം, ഈസ്റ്റ് ഹാനോവര്‍ മാനറില്‍  എത്തിച്ചേരുന്ന പ.ബാവായെ, വര്‍ണ്ണക്കുടയുടെയും മുത്തുക്കുടയുടേയും അകമ്പടിയോടെ, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ താളകൊഴിപ്പോടെ, അഭിവന്ദ്യ തിരുമേനിമാര്‍ വന്ദ്യവൈദീക ശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്‍, പാത്രിയര്‍ക്കാ പതാകയുമേന്തി സഭാ കൗണ്‍സില്‍ അംഗങ്ങള്‍, എന്നിവര്‍ക്ക് പിന്നിലായി, പ. അന്ത്യോഖ്യാ സിംഹാസനത്തോടും, അതില്‍ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും, കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട്, കത്തിച്ച മെഴുകുതിരികളുമായി. നൂറുകണക്കിന് വിശ്വാസികള്‍ പ.പിതാവിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും.

തദനന്തരം നടത്തപ്പെടുന്ന, അനുമോദന സമ്മേളനത്തില്‍ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷം വഹിക്കുന്നതും, ബിഷപ്പ് മാര്‍ തോമസ് ഔസേബിയോസ്(സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച് ഇന്‍.യു.എസ്.എ) അഭിവന്ദ്യ അയൂബ് മാര്‍ സില്‍വാനോസ്(ആര്‍ച്ച് ബിഷപ്പ് ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് യു.എസ്.എ&യൂറോപ്പ്) ആര്‍ച്ച് ബിഷപ്പ് കജാഗ് ബര്‍സാമിയന്‍(അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബിഷപ്പ് മാര്‍ ഡേവിഡ്(കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോസിയോസ്(മാര്‍ത്തോമ്മാ സിറിയന്‍ ചര്‍ച്ച്(നോര്‍ത്ത് അമേരിക്ക), മി. റൊണാള്‍ഡ് ഫ്രാങ്കുലി(വിപ്പനി സിറ്റി മേയര്‍ തുടങ്ങി പല പ്രമുഖരും അനുമോദനങ്ങള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതുമാണ്. വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്‌ക്കോപ്പാ സ്വാഗതവും, സ്രീ.സാജു പൗലോസ് മാരോത്ത് നന്ദിയും രേഖപ്പെടുത്തും.റവ.ഫാ.പോള്‍ പറമ്പാത്ത്, റവ.ഫാ. പോള്‍ തോട്ടക്കാട്ട്, എന്നിവര്‍ എം.സി.മാരായും പ്രവര്‍ത്തിക്കും.

പരിശുദ്ധ പിതാവിന്റെ വരവേല്‍പിനോടനുബന്ധിച്ചുള്ള മുഴുവന്‍ പ്രോഗ്രാമുകളും, ലോകത്തെവിടെയും, യഥാസമയം ദര്‍ശിക്കുന്നതിനുള്ള അവസരമുണ്ടാക്കുന്നതിനായി, മലങ്കര ടിവി, ഐപിടിവി തുടങ്ങിയ വിവിധ ദൃശ്യ മാദ്ധ്യമങ്ങളിലൂടെ തത്സമയ സംപ്രേക്ഷണം നടത്തുന്നതിന്, ശ്രീ.ഏലിയാസ് വര്‍ക്കി, ശ്രീ.സുനില്‍ മഞ്ഞിനിക്കര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്.

അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴികക്കല്ലായി തീരുന്ന ഈ മഹാസംഗമം, വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് വിശ്വാസികളേവരുടെയും, നിരന്തരമായ പ്രാര്‍ത്ഥനയും, ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങളുമുണ്ടായിരിക്കണമെന്ന് ഇടവക മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ഉദ്‌ബോധിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ, കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.


പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വരവേല്‍പ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Patriarch Aphrem II Photo.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക