Image

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക്‌ പുനരധിവാസ സഹായമൊരുക്കി സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്‌

അനില്‍ പെണ്ണുക്കര Published on 07 September, 2014
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക്‌ പുനരധിവാസ സഹായമൊരുക്കി സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്‌
തിരുവല്ല: കേരളത്തിന്റെ ആത്മീയ ആചാര്യനും, സാംസ്‌കാരിക നായകനുമായ അഭിവന്ദ്യ ക്രിസോസ്‌റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ സ്വപ്‌നപദ്ധതിക്ക്‌ സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയുടെ ധന സഹായമെത്തി.

തിരുവല്ല വൈഎംസിഎയില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ സ്‌കൂളും അനുബന്ധസൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ക്രിസോസ്‌റ്റം മെത്രാപ്പോലിത്തയുടെ നേതൃത്വത്തില്‍ കവിയൂരില്‍ സ്ഥളം കണ്ടെത്തുകയും സ്‌കൂളും, പുനരിധിവാസ സൗകര്യങ്ങളുമൊരുക്കുന്ന വലിയ പദ്ധതിക്കാണ്‌ വൈഎംസിഎ തിരുവല്ല പദ്ധതിയിട്ടിരിക്കുന്നത്‌.

കവിയൂരില്‍ പൂര്‍ത്തിയാക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റേയും മറ്റ്‌ അനുബന്ധ സൗകര്യങ്ങളുടെയും ഒരു ഭാഗം പൂര്‍ത്തിയാക്കുവാന്‍ സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാചര്‍ച്ച്‌ നല്‍കിയ തുക ഉപയോഗിക്കും. രണ്ട്‌ തവണകളായി 5 ലക്ഷം രൂപയാണ്‌ ഈ കാരുണ്യ പദ്ധതിക്ക്‌ പള്ളി നേതൃത്വം നല്‍കിയത്‌.

രണ്ടാം തവണയുടെ ചെക്ക്‌ നല്‍കല്‍ ചടങ്ങ്‌ ലളിതമായ ചടങ്ങില്‍ തിരുവല്ല വൈ എം സി എയില്‍ നടന്നു. മാര്‍ക്രിസോസ്‌റ്റം മെത്രാപ്പോലിത്തയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടന്നചടങ്ങ്‌ തിരുവല്ല എം.എല്‍.എ അഡ്വ: മാത്യു ടി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.

ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ പുനരിധിവാസവും, പഠനവുമൊക്കെ രക്ഷകര്‍ത്താക്കള്‍ പോലും കാര്യമായി എടുക്കാത്ത സാഹചര്യത്തിലാണ്‌ മാര്‍ ക്രിസോസ്‌റ്റം തിരുമേനി ഈ സ്വപ്‌ന പദ്ധതിക്ക്‌ തുടക്കമിട്ടത്‌. ഈ സാഹചര്യങ്ങള്‍ ഇനിയും ഉയരുവാന്‍ പ്രവാസി സുഹൃത്തുക്കള്‍ സഹായിക്കണമെന്നും അഡ്വ: മാത്യു തോമസ്‌ എം.എല്‍.എ പറഞ്ഞു.

സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാപള്ളിയെ പ്രതിനിധീകരിച്ച്‌ ജോര്‍ജി വര്‍ഗ്ഗീസ്‌ ഫ്‌ളോറിഡയാണ്‌ ചെക്ക്‌ തിരുമേനിക്ക്‌ കൈമാറിയത്‌. പ്രൊഫ.പി.എസ്‌ സഖറിയ, നഗരസഭ കൗണ്‍സിലര്‍ ഷാജി, വൈഎംസിഎ സെക്രട്ടറി ജോയി ജോണ്‍, തിരുവല്ല മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ തുടങ്ങി നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകള്‍ ഉണ്ടായിട്ടും സമൂഹം ഉപേക്ഷിക്കുന്നവരോടൊപ്പം കൂടാനുള്ള തന്റെ ശ്രമത്തിന്‌ ലഭിക്കുന്ന വലിയ പിന്തുണ തുടര്‍ന്നും കര്‍മ്മ നിരതനാകാന്‍ പ്രേരിപ്പിക്കുന്നതായി ഫിലിപ്പോസ്‌ മാര്‍ക്രിസോസ്‌റ്റം പറഞ്ഞു.
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക്‌ പുനരധിവാസ സഹായമൊരുക്കി സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്‌
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക്‌ പുനരധിവാസ സഹായമൊരുക്കി സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക