Image

എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ജോസ്‌ മാളേയ്‌ക്കല്‍ Published on 29 August, 2014
എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയഅല്‍മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്‌ എം സി സി) പോഷകഘടകമായ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ചാപ്‌റ്റര്‍ പൊതുജന ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായുള്ള ആദ്യത്തെ സെമിനാര്‍ ആഗസ്റ്റ്‌ 24 ഞായറാഴ്‌ച്ച നടത്തി.

ഞായറാഴ്‌ച്ച കുര്‍ബാനയ്‌ക്കുശേഷം ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി.പി.എ. യുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ എസ്‌ എം സി സി സ്ഥാപകനേതാവ്‌ ഡോ. ജയിംസ്‌ കുറിച്ചി മുഖ്യപ്രഭാഷണം നടത്തി. ദേശീയതലത്തില്‍ സഭയോടും സഭാപിതാക്കന്മാരോടും ചേര്‍ന്നുനിന്നുകൊണ്ട്‌ സഭാപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നതിനും, വിശ്വാസം സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, പ്രാദേശികതലത്തില്‍ ഇടവക വികാരിക്കൊപ്പം ചേര്‍ന്നുനിന്ന്‌ ഇടവകയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാ അത്മായസംഘടനകള്‍ക്കും അത്മായര്‍ക്കും കടമയുണ്ടെന്ന്‌ അദ്ദേഹം അനുസ്‌മരിപ്പിച്ചു.

എസ്‌ എം സി സി സ്‌പിരിച്വല്‍ ഡയറക്ടറും, ഇടവകവികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി തന്റെ ഉത്‌ഘാടനസമ്പേശത്തില്‍ എസ്‌ എം സി സി നടപ്പിലാക്കിവരുന്ന ജനോപകാരപ്രദമായ പരിപാടികളില്‍ ഇടവകയിലെ എല്ലാവരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ ഉത്‌ബോധിപ്പിച്ചു. അതോടൊപ്പം തന്നെ രൂപതയുടെയും ഇടവകയുടെയും ഭരണകാര്യങ്ങളിലും, നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും അല്‌മായര്‍ക്കുള്ള പങ്കിനെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം. കൂടുതല്‍ ആളുകള്‍ എസ്‌ എം സി സി യുടെ പ്രവര്‍ത്തങ്ങളില്‍ പങ്കുചേര്‍ന്ന്‌ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപറഞ്ഞു. അല്‌മായരുടെ നേതൃത്വവികസനവും, യുവജന ശാക്തീകരണവും ഈ സംഘടനയുടെ ലക്ഷ്യങ്ങളാണ്‌.

പൊതുജനബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ എസ്‌ എം സി സി നടപ്പിലാക്കിയ ജനോപകാരപ്രദമായ കര്‍മ്മപരിപാടികളും മുന്‍പോട്ട്‌ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനപരിപാടികളും പ്രസിഡന്റ്‌ സാബു ജോസഫ്‌ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ വിശദീകരിച്ചു. ഇടവകയിലെ യുവജനവിഭാഗത്തെ ശക്തിപ്പെടുത്തുക, കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഗവ. ഏജന്‍സികളെ സഹായിക്കുക, അമേരിക്കന്‍ രാഷ്ട്രിയത്തില്‍ സജീവമായി പങ്കെടുക്കുക, കൗമാരപ്രായക്കാരായ സ്‌കൂള്‍/കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സലിങ്ങ്‌ ഏര്‍പ്പെടുത്തുക, കുട്ടികള്‍ക്ക്‌ ട്യൂട്ടറിംഗ്‌ നടത്തുക തുടങ്ങി നിരവധി കര്‍മ്മപരിപാടികള്‍ ബ്രെയിന്‍സ്റ്റോമിങ്ങ്‌ സെഷനില്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചു. ഒക്ടോബ 11 ശനിയാഴ്‌ച്ച ദേശിയതലത്തില്‍ ഫിലാഡല്‍ ഫിയാ ചാപ്‌റ്റര്‍ നടത്താനുദ്ദേശിക്കുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമന്റിനുള്ള തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നതായി ട്രഷറര്‍ ടോമി അഗസ്റ്റിന്‍ പറഞ്ഞു.

പ്രസിഡന്റ്‌ സാബു ജോസഫ്‌ സ്വാഗതവും, സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍ നന്ദിയും പറഞ്ഞു. ജോസഫ്‌ കൊട്ടുകാപ്പള്ളില്‍ മുന്‍ കമ്മിറ്റി മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങളുടെ സംക്ഷിതരൂപം അവതരിപ്പിച്ചു. വിഷയാവതരണ ത്തിനുശേഷം നടന്ന ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ വളരെ സജീവമായി പങ്കെടുത്തു.

കൈക്കാരന്മാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, എസ്‌ എം സി സി മുന്‍പ്രസിഡന്റ്‌ ജോസ്‌ മാളേയ്‌ക്കല്‍, ട്രഷറര്‍ ടോമി അഗസ്റ്റിന്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്‌ ഓലിക്കല്‍, ജോസഫ്‌ കൊട്ടുകാപ്പള്ളില്‍, ജോയി കരുമത്തി, ദേവസിക്കുട്ടി വറീദ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളായ ജോജിചെറുവേലില്‍, സിബിച്ചന്‍ മുക്കാടന്‍, സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍മാരായ ജാന്‍സി ജോസഫ്‌, ജോസഫ്‌ ജെയിംസ്‌, മരിയന്‍ മദേഴ്‌സ്‌ പ്രസിഡന്റ്‌ സൂസന്‍ ഡൊമിനിക്‌ എന്നിവര്‍ പരിപാടികളില്‍ ആദ്യന്തം പങ്കെടുത്ത്‌ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്‌തു. ഉച്ച ഭക്ഷണത്തോടെ യോഗം പിരിഞ്ഞു.
എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക