Image

നക്ഷത്രങ്ങള്‍ മിന്നുകെട്ടുമ്പോള്‍- ഫഹദ്-നസ്രിയ നിക്കാഹ് നാളെ

Published on 20 August, 2014
നക്ഷത്രങ്ങള്‍  മിന്നുകെട്ടുമ്പോള്‍- ഫഹദ്-നസ്രിയ നിക്കാഹ് നാളെ
തിരുവനന്തപുരം: മലയാളി സിനിമയിലെ രണ്ട് യുവ താരങ്ങള്‍ കൂടി നാളെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട  താരങ്ങളായ നസ്രിയയും ഫഹദ്  ഫാസിലും  കഴക്കൂട്ടം  അല്‍സാജ് കണ്‍വെന്‍ഷന്‍  സെന്ററില്‍ നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് വിവാഹിതരാവുന്നത്.  ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിവാക്കി മൂന്ന് ദിവസം മുമ്പാണ് ഫഹദ് ആലപ്പുഴയിലുള്ള വീട്ടിലെത്തിയത്. മണിരത്‌നത്തിന്റെ ലൊക്കേഷനിലായിരുന്നു താരം. വിവാഹത്തിനു മുമ്പ് ചിത്രത്തിന്റെ സെഷന്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വിവാഹനിശ്ചയം മുതല്‍ തന്നെ ചടങ്ങുകള്‍ക്കെല്ലാം തികഞ്ഞ സ്വകാര്യത നല്‍കാന്‍ ഫഹദും നസ്രിയയും ശ്രദ്ധിച്ചിരുന്നു. പൊതുചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കാതിരിക്കാനും ഇരുവരും ശ്രദ്ധ പുലര്‍ത്തി. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച നടന്ന ഫഹദിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോസെഷന്‍  മാധ്യമപ്രവര്‍ത്തകര്‍ക്ക്  ലഭിച്ചത്.


ഇതിനു മുന്നോടിയാടി ഇന്ന് നസ്രിയയുടെ കൈയില്‍  മൈലാഞ്ചി മൊഞ്ച് വരും. മുഖത്ത് വധുവിന്റെ നാണവും. കോവളം ഉദയസമുദ്രയില്‍ ഇന്ന് വൈകിട്ട് നടക്കുന്ന മൈലാഞ്ചി കല്യാണത്തിന് വധുവിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ. സിനിമയില്‍ വലിയൊരു സൗഹൃദ വലയത്തിനുടമയാണ് നസ്രിയ. അടുത്ത കൂട്ടുകാരികളെ നസ്രിയ മൈലാഞ്ചി കല്യാണത്തിന്  നേരിട്ട് വിളിച്ചിട്ടുണ്ട്. സബ്യസാചി ഡിസൈന്‍ ചെയ്ത ലഹംഗയാണ് ഈ ചടങ്ങില്‍ നസ്രിയയെ സുന്ദരിയാക്കുക. നച്ചു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന  നസ്രിയയുടെ ബന്ധുക്കളെല്ലാം  തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. കുറച്ചു വര്‍ഷം വിദേശത്തായിരുന്നു നസ്രിയയും കുടുംബവും. വിവാഹത്തിന് വിദേശത്തുള്ള ഉറ്റ സുഹൃത്തുക്കളും  എത്തുന്നുണ്ട്.

സബ്യസാചിയുടെ ഡിസൈന്‍

വിവാഹനിശ്ചയത്തിനെന്ന പോലെ വിവാഹത്തിനും പ്രത്യേകതകളുള്ള വസ്ത്രവുമായാണ് നസ്രിയയിലെ മണവാട്ടി ഒരുങ്ങുക. മുംബയ് ഫാഷന്‍ ഡിസൈനര്‍ സബ്യസാചിയാണ് നസ്രിയയുടെ വിവാഹവസ്ത്രം ഒരുക്കുക. നിശ്ചയത്തിന് മഞ്ഞയും പീച്ച് കളറും ലൈറ്റ് പച്ചയും കലര്‍ന്ന പുതുമയാര്‍ന്ന ലഹംഗയായിരുന്നു നസ്രിയ അണിഞ്ഞിരുന്നത്. അതുപോലെ പുതുമയുള്ളതാണ് വിവാഹ വസ്ത്രമായും  ഒരുക്കിയിരിക്കുന്നത്. നസ്രിയയും അച്ഛനും അമ്മയും ചേര്‍ന്നാണ് വസ്ത്രം ഡിസൈന്‍ ചെയ്യിക്കാന്‍ എത്തിയത്. മറ്റുള്ള പര്‍ച്ചേസിംഗ് എല്ലാം  തിരുവനന്തപുരത്തു തന്നെ  ആയിരുന്നു.

24ന് ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന  റിസപ്ഷനില്‍ അണിയാനുള്ള വസ്ത്രവും സബ്യാ കളക്ഷന്‍ തന്നെയാണ്. നസ്രിയയ്ക്കു പൊതുവേ ആഭരണങ്ങളോട് അത്ര ഭ്രമമില്ല. വിവാഹനിശ്ചയത്തിനും ഒരു നെക്ലസിലും കമ്മലിലും നസ്രിയ ആഭരണം ഒതുക്കി. ആ ലാളിത്യം  കല്യാണവേളയിലും  ഉണ്ടാകുമെന്നാണ്  അടുപ്പമുള്ളവര്‍ പറയുന്നത്. എന്തായാലും തിരുവനന്തപുരത്തെ  അതിപ്രശസ്തമായ  ജുവലറിയില്‍ നിന്നു തന്നെയാണ് ആഭരണങ്ങള്‍ എടുത്തിരിക്കുന്നത്. വജ്രാഭരണങ്ങളാണ് കൂടുതലും വാങ്ങിയിരിക്കുന്നത്.

70 തരം ഭക്ഷണം

70 തരം കേരളീയ വിഭവങ്ങളാണ്  വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി  അല്‍സാജില്‍ ഒരുങ്ങുന്നത്. ഒപ്പം 20 തരം ഡെസേര്‍ട്ടുകളും ഉണ്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളാണ് തീന്മേശയിലുണ്ടാവുക. തനി കേരള വിഭവങ്ങള്‍ മാത്രമാണ് വിവാഹസദ്യയില്‍ ഇടംപിടിക്കുന്നത്. മിക്ക ജില്ലയിലെയും മികച്ച പാചകക്കാര്‍ തന്നെയാണ് വിഭവങ്ങളുണ്ടാക്കുന്നതും. തലശ്ശേരി ബിരിയാണിയും ദം ബിരിയാണിയും കോഴിക്കോടന്‍ മുട്ടമാല സുര്‍ക്കയും അമ്പലപ്പുഴ പാല്‍പ്പായസവും.... തുടങ്ങി വിഭവങ്ങള്‍ എണ്ണിയാല്‍ തീരില്ല.

ഓര്‍ക്കിഡ് ലില്ലി പൂക്കളില്‍ മുങ്ങിയ മില്‍ക്കി വേ

ലൈവ് ബുഫേയാണ്  മണ്ഡപത്തിലുള്ള ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരത്ത് ആദ്യമായാണ് ലൈവ് ബുഫേ മണ്ഡപത്തില്‍ തന്നെ സെറ്റ് ചെയ്യുന്നത്. മൂന്ന് തരത്തിലാണ്  മണ്ഡപം ഒരുക്കിയിരിക്കുന്നത്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന മില്‍ക്കിവേ പേരുപോലെ തന്നെ വെള്ളപ്പൂക്കളാല്‍ അലങ്കരിച്ചിരിക്കും. വെള്ള ഓര്‍ക്കിഡ്, ലില്ലി പൂക്കളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മില്‍ക്കി വേയില്‍ ഭക്ഷണം ഒരുക്കിയിട്ടില്ല. പകരം, സ്റ്റാര്‍ ഹില്ലിലും മൂണ്‍ ബീമിലും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമാണ്  ഭക്ഷണം ക്രമീകരിക്കുന്നത്. മൈലാഞ്ചി കല്യാണം കഴിഞ്ഞുടന്‍ നസ്രിയയും ബന്ധുക്കളും കല്യാണ മണ്ഡപത്തിലെത്തും.

ഫഹദും ബന്ധുക്കളും നേരിട്ട് മണ്ഡപത്തില്‍  എത്തുമെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍, ഫഹദ് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നുതന്നെ തലസ്ഥാനത്തെത്തും. ഇവിടെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാകും ഫഹദ് ഉണ്ടാവുക. ബന്ധുക്കള്‍ പിന്നീട്  രാത്രിയും രാവിലെയുമായി എത്തും.

പൊലീസും പ്രൈവറ്റ് സെക്യൂരിറ്റിയും

വിവാഹത്തിന് താരങ്ങള്‍ എത്തുന്നതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.  ഒപ്പം പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും മണ്ഡപത്തില്‍  ഉണ്ടാവും.വിവാഹക്ഷണക്കത്ത് ഉള്ളവരെ മാത്രമേ ഗേറ്റില്‍നിന്ന്  അകത്തേക്ക്  കടത്തിവിടൂ. ദൃശ്യ  മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം 1200 വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
        

ഹണിമൂണിന്  പോകാന്‍ മിനി കൂപ്പര്‍ കാര്‍

നസ്രിയയ്ക്കായി പുതിയ കാര്‍ വാങ്ങി ഫഹദ്. വിവാഹം കഴിഞ്ഞിട്ടുളള യാത്രകള്‍ക്കായി മിനി കൂപ്പറാണ് ദമ്പതികള്‍ ഉപയോഗിക്കുക. 33 ലക്ഷം രൂപയാണ് കാറിന്റെ വില.

നക്ഷത്രങ്ങള്‍  മിന്നുകെട്ടുമ്പോള്‍- ഫഹദ്-നസ്രിയ നിക്കാഹ് നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക