Image

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ഗംഭീര വരവേല്‍പ്പ്‌ നല്‍കുന്നു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 August, 2014
പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ഗംഭീര വരവേല്‍പ്പ്‌ നല്‍കുന്നു
ന്യൂജേഴ്‌സി : ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസ്സുകൊണ്ട്‌, ആകമാന സുറിയാനി സഭയുടെ കീഴിലുള്ള നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു.

പരിശുദ്ധ ബാവാ തിരുമനസ്സിനോടുള്ള ബഹുമാനാര്‍ത്ഥം 2014 സെപ്‌തംബര്‍ 19 വെള്ളിയാഴ്‌ച ന്യൂ ജെഴ്‌സിയിലുള്ള ഈസ്റ്റ്‌ ഹാനോവര്‍ മേനറില്‍ വെച്ച്‌ നല്‍കുന്ന ബാങ്ക്വറ്റ്‌ ഡിന്നറില്‍ സഭാവിശ്വാസികള്‍ക്കു പുറമെ വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍, അമേരിക്കന്‍ ഗവണ്മെന്റ്‌ പ്രതിനിധികള്‍, രാഷ്‌ട്രീയസാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ എന്നിവരും പങ്കെടുക്കും.

നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള നൂറു കണക്കിനു സഭാവിശ്വാസികള്‍ പരിശുദ്ധ പിതാവിന്‌ സമുചിതമായ വരവേല്‍പ്‌ നല്‍കുന്നതിനും പരിശുദ്ധ പിതാവില്‍ നിന്നുള്ള ശ്ലൈഹിക വാഴ്‌വുകള്‍ ഏറ്റുവാങ്ങുന്നതിനുമുള്ള ആ ധന്യ മുഹൂര്‍ത്തത്തിനായി ഉത്സാഹപൂര്‍വ്വം കാത്തിരിക്കുകയാണ്‌.

പരിശുദ്ധ ബാവായുടെ സ്ഥാനാരോഹണത്തിനുശേഷം അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്‌ നടത്തപ്പെടുന്ന ആദ്യ അപ്പോസ്‌തോലിക സന്ദര്‍ശനം ഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ നാഴികക്കല്ലില്‍ എന്നെന്നും സ്‌മരിക്കപ്പെടുന്ന ഒരു മഹാചരിത്ര സംഭവമായി മാറ്റുന്നതിനും, അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനിയുടേയും, ബഹു. കൗണ്‍സില്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ ചെയ്‌തുവരുന്നത്‌.

പരിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി ആഗോള സുറിയാനി സഭയുടെ പരമോന്നത പദവിയിലെത്തിയ ഈ മഹാപുരോഹിതന്‍, ബഹു ഭാഷാ പണ്ഡിതന്‍, ഭരണനിപുണന്‍, തത്വചിന്തകന്‍, സൗമ്യശീലന്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയനാണ്‌. യുവത്വവും ചുറുചുറുക്കും കൈമുതലായുള്ള, പാശ്ചാത്യപൗരസ്‌ത്യ സംസ്‌ക്കാരങ്ങള്‍ അടുത്തറിഞ്ഞിട്ടുള്ള പരിശുദ്ധ പിതാവ്‌, യുവതലമുറയെ കരുതുന്നതിനും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആകമാന സുറിയാനി സഭയെ സത്യവിശ്വാസത്തില്‍ സധൈര്യം നയിക്കുന്നതിനും കാണിക്കുന്ന ശുഷ്‌ക്കാന്തി, സഭാംഗങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ്‌ വീക്ഷിക്കുന്നത്‌. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ഗംഭീര വരവേല്‍പ്പ്‌ നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക