Image

മലങ്കര കത്തോലിക്കാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്

Mohan Varghese Published on 13 August, 2014
മലങ്കര കത്തോലിക്കാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്
ന്യൂയോര്‍ക്ക് : മലങ്കര കത്തോലിക്കാ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ്റ് 9,10 ദിവസങ്ങളില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രല്‍ കാമ്പസില്‍ നടന്നു. ഞാനും എന്റെ കുടുംബവും യഹോവായെ സേവിക്കും എന്ന വേദവാക്യമായിരുന്നു കോണ്‍ഫറന്‍സിന്റെ ആപ്തവാക്യം . കുടുംബം എന്ന വിഷയത്തെപ്പറ്റി ഗഹനമായി ചിന്തിക്കുവാനും അവലോകനം നടത്തുവാനുമായി പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ദിവസങ്ങളായിരുന്നു അവ. ഒന്‍പതാം തിയതി ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിച്ച കോണ്‍ഫറന്‍സ് തുടര്‍ന്ന് നടന്ന ലഘു സമ്മേളനത്തില്‍ വെച്ച് മലങ്കര കത്തോലിക്കാ സഭ നേര്‍ത്തമേരിക്കന്‍ അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗബേസിയോസ് ഉദ്ഘാടനം ചെയ്തും കുടുംബങ്ങള്‍ക്ക് ആണ് നമ്മുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനം .
 അപ്പനും അമ്മയും മക്കളും ഒരേപോലെ ദൗത്യ നിര്‍വ്വഹണത്തില്‍ താല്പരരാകുമ്പോള്‍ കുടുംബം നിരന്തരം വളര്‍ച്ചയുടെ പാതയിലാകും. പ്രാര്‍ത്ഥനയില്‍ അടിസ്ഥാനമിടുന്ന കുടുംബങ്ങള്‍ക്ക് പ്രയാസങ്ങളെയും പ്രതിസന്ധികളെയും വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ നേരിടാന്‍ സാധിക്കും. സാങ്കേതിത വിദ്യകള്‍ ജീവിതത്തെ അനായാസമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അവ ജീവിതത്തെ ആത്മരഹിതമാക്കുകയാണ് ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ ലോകം സൃഷ്ടിക്കുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ ജീവിതത്തിന്റെ ഗുണത്തെയും ശുദ്ധിയെയും പലപ്പോഴും ചോര്‍ത്തിക്കളയുന്ന മാധ്യമങ്ങളാകുന്നു. യുവജനങ്ങള്‍ ചതിക്കുഴിയില്‍ വീഴുന്നതും അവയിലൂടെയാണ്. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും അധിഷ്ഠിതമായി നവ കുടുംബസൃഷ്ടിക്കായി നമുക്ക് ഒന്നു ചേരാം എന്ന് അഭിവന്ദ്യ പിതാവ് ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു.
തുടര്‍ന്ന് യുവജനങ്ങള്‍ , കുഞ്ഞുങ്ങല്‍, കുടുംബാംഗങ്ങള്‍ എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിക്കപ്പെട്ടു.
കുടുംബജീവിതത്തിലെ സംവേദന രീതികളുടെ വ്യത്യസ്ഥ വിഷയങ്ങളുമായി ഫാദര്‍ എബ്രഹം ഒറപ്പാങ്കല്‍ മുതിര്‍ന്നവര്‍ക്ക് ക്ലാസുകള്‍ നയിച്ചു.
ഭാര്യയും ഭര്‍ത്താവും എങ്ങനെയാണ് പരസ്പരം സംവേദനം ചെയ്യേണ്ടതെന്നും എപ്പോഴൊക്കെയാണ് ഈ സംവേദനക്ഷമത നഷ്ടമാകുന്നതെന്നു അച്ഛന്‍ തന്റെ ക്ലാസില്‍ പറഞ്ഞു. പരസ്പരം ബഹുമാനിച്ചും പരിഗണിച്ചും സ്‌നേഹിച്ചുമുള്ള ഒരു ജീവിത രീതിയാണ് അഭികാമ്യം .
കുടുംബത്തില്‍ വ്യത്യസ്ത ധര്‍മ്മങ്ങളാണ് അനുഷ്ഠിക്കാനുള്ളത്. എപ്പോഴൊക്കെ പരസ്പരബഹുമാനം നഷ്ടപ്പെടുന്നുണ്ടോ അപ്പോഴൊക്ക്‌ അലോസരങ്ങള്‍ കുടുംബത്തില്‍ അലയടിക്കും എന്ന് തന്റെ ദീര്‍ഘമായ അനുഭവങ്ങളുടം വെളിച്ചത്തില്‍ ഒറ്റപ്പാങ്കലച്ചന്‍ കുടുംബസ്ഥരെ ബോധ്യപ്പെടുത്തി.യുവജനങ്ങള്‍ക്ക് ക്ലാസുകള്‍ എടുത്തത് ഡോ.മനോജ് മാത്യൂ, ഡോ.തോമസ് മാര്‍ യൗസേബിയോസ് എന്നിവരാണ്. കുഞ്ഞുങ്ങള്‍ക്ക് ക്ലാസുകള്‍ നയിച്ചത് ബ്രദര്‍ ജെറി മാത്യൂ , ജെന്നി ചാക്കോ, ജിജി ജോര്‍ജ്ജ് എന്നിവരാണ്.
ആദ്യദിനത്തില്‍ ചിരിയരങ്ങ്, ബൈബിള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കപ്പെട്ടു. ആദ്യ ദിനം സമാപിച്ചത് വിവിധ ഇടവകകള്‍ അവതരിപ്പിച്ച കലാപരിപാടികളോട് കൂടയാണ്. രണ്ടാം ദിനത്തില്‍ രാവിലെ അഭിവന്ദ്യ പിതാവിന് ആരാധനാപരമായ സ്വീകരണവും വിശുദ്ധകുര്‍ബ്ബാനയും നടന്നു. തുടര്ന്ന് ഫാദര്‍ സന്തോഷ് മുതിര്‍ന്നവര്‍ക്ക് കുടുംബങ്ങളിലെ സമൃദ്ധിയെപ്പറ്റി ക്ലാസുകളെടുത്തു.
തുടര്‍ന്ന് ഉച്ചക്ക് ശേഷം ചോദ്യോത്തര വേളയായിരുന്നു. അഭിവന്ദ്യ തിരുമേനി, മോണ്‌സിണോര്‍ പീറ്റര്‍ കോച്ചേരി എന്നിവര്‍ ചോദ്യോത്തര വേളയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന കോണ്‍ഫറന്‍സ് അവലോകനത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വളരെ ക്രിയാത്മകങ്ങളായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച്, അഭിവന്ദ്യ തിരുമേനിയുടെ അപ്പേസ്‌തോലിക ആശീര്‍വാദത്തോടുകൂടി കോണ്‍ഫറന്‍സ് സമാപിച്ചു. വിവിധ കമ്മറ്റികളിലായി അനേകം ആളുകള്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി പ്രയത്‌നിച്ചു.
ജനറല്‍ കണ്‍വീനറായി ഫാദര്‍ സണ്ണി മാത്യൂവും ഫാദര്‍ സത്യന്‍ ആന്റണിയും സെക്രട്ടറിയായി മിസ്റ്റര്‍ ബാബുക്കുട്ടി തുണ്ടിയത്തും പ്രവര്‍ത്തിച്ചു. വാഷിംഗടണ്‍, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, റോക് ലാന്റ് , ന്യൂറോഷല്‍ , എന്‍മണ്ട് തുടങ്ങി ആറ് ഇടവകകളില്‍ നിന്നായി 420 പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.



മലങ്കര കത്തോലിക്കാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്
മലങ്കര കത്തോലിക്കാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക