Image

മാതാപിതാക്കള്‍ക്ക് യുവജനങ്ങളുടെ ആദരം'നന്മവെളിച്ച'വുമായി കെ.സി.വൈ.എം. പാലാ രൂപതാംഗങ്ങള്‍

Published on 12 August, 2014
മാതാപിതാക്കള്‍ക്ക് യുവജനങ്ങളുടെ ആദരം'നന്മവെളിച്ച'വുമായി കെ.സി.വൈ.എം. പാലാ രൂപതാംഗങ്ങള്‍
പാലാ : മാതാപിതാക്കള്‍ പ്രകാശ ഗോപുരങ്ങളാണെന്നും കാണപ്പെട്ട ദൈവങ്ങളാണെന്നും ഇളംതലമുറയെ ആഹ്വാനം ചെയ്തുകൊണ്ട് യുവജനങ്ങള്‍ പ്രതിജ്ഞ നടത്തി. കെ.സി.വൈ.എം. പാലാ രൂപതയാണ് 'നന്മവെളിച്ചം' എന്ന പേരില്‍ ഇപ്രകാരം പ്രതിജ്ഞ നടത്തിയത്. തങ്ങളുടെ ജീവിതകാലത്ത് ഒരിയ്ക്കലും മാതാപിതാക്കളെയോ സ്വന്തബന്ധങ്ങളിലുള്ള വൃദ്ധജനങ്ങളെയോ എന്നേയ്ക്കുമായി ഒറ്റപ്പെടുത്തില്ലെന്നാണ് യുവജനങ്ങള്‍ പ്രതിജ്ഞ ചെയ്തത്. വൃദ്ധജനങ്ങള്‍ നരകയാതന അനുഭവിക്കുന്ന സ്ഥിതിവിശേഷം സ്വന്തം കുടുംബത്തിന്റെ ചുറ്റുപാടുകളില്‍ എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ക്ക് സാന്ത്വനമായി ഓടിയെത്തുമെന്നും അത്തരം സാഹചര്യങ്ങള്‍ക്കെതിരേ ധീരമായി പൊരുതുമെന്നും യുവാക്കള്‍ പ്രതിജ്ഞയെടുത്തു. കൂത്താട്ടുകുളത്തു നടന്ന നിശാക്യാമ്പിനോടനുബന്ധിച്ചാണ് നൂറോളം വരുന്ന യുവതീയുവാക്കള്‍ കയ്യില്‍ മണ്‍ചിരാതു കത്തിച്ച്പിടിച്ച് ഏഷ്യയിലെ ഏറ്റവും വലിയ നിലവിളക്കിനു മുന്നില്‍ പ്രതിജ്ഞയെടുത്തത്. ആയിരത്തൊന്നു തിരിയുള്ള കൂറ്റന്‍ നിലവിളക്കിനുമുന്നില്‍ വെളിച്ചം തെളിച്ച് അച്ഛനമ്മമാര്‍ വലിയ പ്രകാശഗോപുരങ്ങളാണെന്ന് ഉറക്കെ ഏറ്റുചൊല്ലി നടത്തിയ പ്രതിജ്ഞ തികച്ചും വേറിട്ട അനുഭവമാണ് കാണികള്‍ക്ക് പ്രദാനം ചെയ്തത്. കെ.സി.വൈ.എം. പാലാ രൂപത പ്രസിഡന്റ് ബിജു കാനാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്‍ എതിര്‍വശത്ത് കണ്ണുനിറഞ്ഞുതുളുമ്പി നില്‍ക്കുന്ന അനേകം വിശ്വാസികളെ കാണാമായിരുന്നു. കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നത് ദിവസവും  പത്രമാധ്യമങ്ങളിലൂടെ കാണാനിടയാകുന്നതാണ് ഇങ്ങനെയൊരു പ്രതിജ്ഞ നടത്താന്‍ കെ.സി.വൈ.എമ്മിനെ പ്രേരിപ്പിച്ചതെന്ന് ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി പറഞ്ഞു. ഒരു മാസക്കാലം 'സാന്ത്വന'കാലമായി ആചരിച്ച് രൂപതയിലെ അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും സന്ദര്‍ശിക്കുകയും, വൃദ്ധജനങ്ങളോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന മദ്യപാനപ്രവണതയ്‌ക്കെതിരേ മരണംവരെ മദ്യപിക്കില്ലെന്ന് ഏറ്റുചൊല്ലി കെ.സി.വൈ.എം. അംഗങ്ങള്‍ 'ഭീഷ്മശപഥം' നടത്തിയത് ശ്രദ്ധനേടിയിലുന്നു. പരമ്പരാഗതമായി നാം വിശിഷ്ടമായി കാത്തുസൂക്ഷിച്ചിരുന്ന മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സമൂഹമധ്യത്തില്‍ അവയെ വീണ്ടും ശക്തമായി അവതരിപ്പിക്കുക എന്ന മാനവിക ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് കെ.സി.വൈ.എം. ഭാരവാഹികള്‍ പറഞ്ഞു. ഇലഞ്ഞി ഫൊറോന വികാരി ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, കൂത്താട്ടുകളും പള്ളിവികാരി ഫാ. തോമസ് ബ്രാഹ്മണവേലില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍,  ഫാ. ജോസഫ് ആലഞ്ചേരി, കെ.സി.വൈ.എം. പാലാ രൂപത പ്രസിഡന്റ് ബിജു  കാനാട്ട്, ജന.സെക്രട്ടറി ആന്റോച്ചന്‍ പുന്നത്താനിയില്‍, സൗമ്യ വാതല്ലൂര്‍, പ്രിന്‍സ് മൂപ്പനാത്ത് എന്നിവര്‍ സംബന്ധിച്ചു.



മാതാപിതാക്കള്‍ക്ക് യുവജനങ്ങളുടെ ആദരം'നന്മവെളിച്ച'വുമായി കെ.സി.വൈ.എം. പാലാ രൂപതാംഗങ്ങള്‍
നന്മവെളിച്ചം : വൃദ്ധജനങ്ങളും മാതാപിതാക്കളും പ്രകാശഗോപുരങ്ങളാണെന്ന് ഏറ്റുപറഞ്ഞ് പ്രായമായവര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ കെ.സി.വൈ.എം. പാലാ രൂപതാംഗങ്ങള്‍
മാതാപിതാക്കള്‍ക്ക് യുവജനങ്ങളുടെ ആദരം'നന്മവെളിച്ച'വുമായി കെ.സി.വൈ.എം. പാലാ രൂപതാംഗങ്ങള്‍
ഏഷ്യയിലെ ഏറ്റവും വലിയ നിലവിളക്കിനു മുമ്പില്‍ കത്തിച്ച ചിരാതുകള്‍ കൈകളിലേന്തി പ്രതിജ്ഞ ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക