Image

ഇന്‍ഡസ്‌ ഡെയ്‌റ്റിങ്‌ (കഥ:പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 09 August, 2014
ഇന്‍ഡസ്‌ ഡെയ്‌റ്റിങ്‌ (കഥ:പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

കഥ:  ഇന്‍ഡസ് ഡെയ്റ്റിങ്
പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു,
D.Sc., Ph.D.] {Estimated reading time: 12-15 minutes} READ IN PDF also; see below)

ആര്‍ക്കിയോളജിസ്റ്റിന്റെ ആദ്യാനുരാഗമായ ലൂസിയുടെ ചിത്രത്തിനു മുമ്പില്‍ ഒരിക്കല്‍ക്കൂടി കൈകൂപ്പി ആര്‍ഥര്‍ യാത്രയ്‌ക്കു തയ്യാറെടുത്തു. ആഫ്രിക്കന്‍ വനാന്തരത്തില്‍ അസ്ഥികൂടമായി മാറിയ ലൂസിയുടെ പൂര്‍വ്വചരിതം സ്ഥാനഭ്രംശം വന്ന എല്ലുകളുടെ പുനര്‍സംഗമം രൂപാന്തരപ്പെടുത്തിയ ജ്ഞാനത്തില്‍, അയാള്‍ പതിവു ലിസ്റ്റിലെ അവശ്യ വസ്‌തുക്കള്‍ ഒന്നൊന്നായി ഉരുളാന്‍ കാത്തിരുന്ന സാംസോനൈറ്റില്‍ കുത്തിനിറച്ചു.

നേരം പുലരുന്നേയുള്ളു. ഒരിക്കലും ഉറങ്ങാത്ത ബ്രോഡ്‌വേയില്‍ തിരക്ക്‌ അല്‌പം കുറഞ്ഞിട്ടുണ്ടെന്ന്‌ ആര്‍ഥര്‍ കുളിമുറിയിലെ ചാഞ്ഞ സ്‌ഫടിക നിരയിലൂടെ കണ്ടു.

എസ്‌തര്‍, തലേനാള്‍ മാനസ്സിക രോഗികള്‍ക്കു കംപ്യൂട്ടറില്‍ പ്രിന്റു ചെയ്‌തു കൊടുത്ത കുറിമാനം നോക്കി, തലയെ മരവിപ്പിക്കുന്ന ഗുളികകള്‍ കഴിക്കുന്ന, റഷ്യയില്‍ നിന്നും അഭയാര്‍ഥി വിസയില്‍ കുടിയേറിയ മദ്ധ്യവയസ്‌കന്റെ വെളുപ്പും കറുപ്പും കലര്‍ന്ന നീണ്ട താടി കഴുത്തില്‍ കുരുങ്ങുന്ന ഭയാനക സ്വപനം കണ്ട്‌, നാലാം ദശയിലേക്കു കടന്ന ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞു കിടക്കുകയാണ്‌. കോഫി പഞ്ചസാര കുറച്ച്‌ മൈക്രോവേവില്‍ പാകപ്പെടുത്തി, അയാള്‍ അവളെ കുലുക്കി വിളിക്കാന്‍ കപ്പു നിറച്ചു.

ആര്‍ഥറെ ജെ.എഫ്‌.കെ.യിലേക്കു കൊണ്ടുവിടല്‍ എസ്‌തറിനു പതിവു പരിപാടിയാണ്‌. അതില്‍ പരിഭവമൊന്നുമില്ലെങ്കിലും അവള്‍ മിഡ്‌ടൌണ്‍ ടണലിലെ ഇ.സി.പാസ്സ്‌, അദൃശ്യമായ ലേസര്‍ മുന്‍ചില്ലില്‍ ഗൌളിക്കാലില്‍ അള്ളിപ്പിടിച്ചിരുന്ന ചിപ്പിനെ സ്‌കാന്‍ ചെയ്യുമ്പോള്‍ പതിവിലേറെ കോട്ടുവായിട്ടു.

രാവിലെ എഴുന്നേറ്റാല്‍ എസ്‌തര്‍ തീരെ സംഭാഷണപ്രിയയല്ല. ഉച്ചയോടടുക്കുമ്പോളാണ്‌ അവളുടെ നാക്ക്‌ കെട്ടഴിഞ്ഞ്‌ ഉച്ചസ്ഥായിയിലെത്തുക.

പാതിതുറന്ന ചില്ലിലെ കൊച്ചു കാറ്റു കൂടിയായപ്പോള്‍ അയാളുടെ കഴുത്ത്‌ വലത്തോട്ട്‌ കൂടുതല്‍ ചായാന്‍തുടങ്ങി. വേന്‍വിക്ക്‌ എക്‌സ്‌പ്രസ്സ്‌ വേയിലെ ട്രാഫിക്‌ കുരുക്കില്‍ കാറ്റടിക്കാതെയായപ്പോള്‍ അയാള്‍ മുറുമുറുപ്പോടെ കണ്ണുതുറന്നു. എസ്‌തര്‍ നല്ല ഉണര്‍വ്വോടെ വണ്ടി ഓടിക്കുന്നു.

എയര്‍പോര്‍ട്ട്‌ അടുത്തു. എസ്‌തറുടെ ലിപ്‌സ്റ്റിക്കില്ലാത്ത ചുണ്ടില്‍ മൃദുലമായി ചുംബിക്കാന്‍ ആര്‍ഥര്‍ ട്രങ്കു തുറന്നു. ജോന്‍ ഹോപ്‌കിന്‍സില്‍ റെസിഡെന്‍സി ചെയ്യുന്ന ഡീനയെ വിളിച്ച്‌ നെഴ്‌സിംഗ്‌ ഹോമിലുള്ള മുത്തശ്ശിയുടെ പിറന്നാളാണ്‌ അഞ്ചാം തിയ്യതിയെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്ത്‌ സി ടെര്‍മിനലിലേക്ക്‌ ചക്രമുരുട്ടി.

വിസ്‌മൃതിയിലേക്ക്‌ മറയുന്ന മന്‍ഹാട്ടന്‍ സ്‌കൈലൈന്‍, ഉയരങ്ങള്‍ തേടുന്ന പ്ലെയിനിന്റെ ആത്മാവില്‍ ലയിച്ചു. അവശേഷിച്ച ഉറക്കത്തിനു വിശ്രമം കൊടുത്ത്‌, ആര്‍ഥര്‍ ആര്‍ക്കിയോളജി കോണ്‍ഫെറന്‍സിന്റെ കീനോട്ട്‌ പ്രസംഗത്തിനുള്ള കുറിപ്പുകള്‍ കൂട്ടിയിണക്കി. ചിത്രങ്ങള്‍ക്കു ജീവന്‍ പകരാന്‍ പവര്‍ പോയിന്റിലെ ഏനിമേഷന്‍ മെനുവില്‍ പരതി.

സ്ഥലം മാറുമ്പോള്‍സകല കാലിക പ്രശ്‌നങ്ങളും അടുക്കും ചിട്ടയോടും കൂടി തലയിലെ മഞ്ഞച്ച പോസ്റ്റ്‌ ഇറ്റ്‌ പേഡില്‍ നമ്പരിട്ടു നീളുന്നത്‌ ആര്‍ഥര്‍ കണ്ടു. ഉയരുന്തോറും വളരുന്ന അന്തരീക്ഷ മര്‍ദ്ദത്തിലെ ന്യൂനത മനസ്സിന്റെ സമ്മര്‍ദ്ദം ലഘൂകരിച്ചു. അപ്പോള്‍, എസ്‌തര്‍ ഏല്‍പ്പിച്ച, ചെയ്യാതെ മാറ്റിവെച്ച കൊച്ചു ഗാര്‍ഹിക വേലകള്‍, വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ചിന്താധാരയില്‍അതിശയിച്ച്‌ അയാള്‍ പാതിമയക്കത്തിലേക്കു വഴുതി.

മയക്കത്തിലും നാളത്തെ പ്രസംഗത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ കുറുകിക്കുറുകി ആര്‍ഥറുടെ അബോധമനസ്സിലെ നെറ്റിയില്‍ വ്യാസാര്‍ദ്ധമില്ലാത്ത ബിന്ദുവായി മാറി.

കസ്റ്റംസ്‌ ക്ലിയറന്‍സ്‌ കഴിഞ്ഞ്‌ ആംസ്റ്റര്‍ഡാമിലെ ഹോട്ടല്‍മുറിയില്‍ചുടുകാപ്പിക്കു ബെല്ലമര്‍ത്തുമ്പോള്‍ഉച്ചവെയിലില്‍ തിളങ്ങുന്ന നീലാകാശം നോക്കിനിന്നു, അയാള്‍. കുട്ടിക്കാലത്ത്‌ മൂളിയ ബ്രിഡ്‌ജ്‌ ഓണ്‍ദി റിവര്‍ ക്വായ്‌ എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ്‌ ചെവിയില്‍ ചൂളം വിളിച്ചു.

എയര്‍പോര്‍ട്ടിന്നടുത്തായതി നാല്‍ പ്ലെയിനുകളുടെ ഇരമ്പല്‍ ടിനൈറ്റസിന്റെ മണിമുഴക്കമായി. നേരത്തേ ഉണര്‍ന്നിരുന്ന മനസ്സ്‌ മൂടിക്കെട്ടലില്‍, എണ്ണപിടിച്ച ചില്ലായ്‌ ചിന്തയിലെ വ്യക്തത കാര്‍ന്നു. സമയം നിശ്ചലമായതു പോലെ. ആര്‍ഥര്‍, സോഫയില്‍ ചെരിഞ്ഞ്‌ കിന്‍ഡിലില്‍ തലേന്നു ഡൌണ്‍ലോഡു ചെയ്‌ത തോമസ്‌പിക്കെറ്റിയുടെ 'കേപിറ്റല്‍ ...' വെളുത്ത അക്ഷരങ്ങളില്‍ നൈറ്റ്‌ മോഡില്‍ കണ്ണോടിച്ചു.

മാര്‍ക്‌സിയന്‍ കേപിറ്റലിന്റെ പരാമര്‍ശം അയാളെ ആര്‍ഥറെന്ന മുത്തച്ഛനെ ഓര്‍മ്മിപ്പിച്ചു. മന്‍ഹാട്ടനിലെ ഗാര്‍മെന്റ്‌ വ്യവസായത്തൊഴിലാളികളെ സംഘടിപ്പിച്ചതിനു ജെയിലില്‍ നാലുവര്‍ഷം കിടന്ന മുത്തച്ഛന്റെ കഥ അമ്മയുടെ ഉറക്കുപാട്ടായി. മുപ്പതുകളില്‍ ഹോളകോസ്റ്റില്‍ നിന്ന്‌ രക്ഷപ്പെട്ട എസ്‌തറിന്റെ കുടുംബം വാഷിങ്‌ടണ്‍ ഹൈറ്റിലേക്ക്‌ കുടിയേറിയ ചരിത്രം സിനഗോഗിലെ ആദ്യസംഗമത്തില്‍, എസ്‌തര്‍ പാഠപുസ്‌തകത്തിലെ വരികള്‍പോലെ ഉരുവിട്ടത്‌ അയാള്‍ അയവിട്ടു. എസ്‌തറിന്റെ കണ്ണിലെ തിളക്കം അള്‍ട്രാ വയലെറ്റ്‌ രശ്‌മികളായി. കണ്ണടച്ച്‌ തലച്ചോറുണര്‍ന്ന നിദ്രയില്‍ അയാള്‍ ചിതറിയ ചിത്രങ്ങള്‍ പകല്‍ക്കിനാവാക്കി.

ഐഫോണിന്റെ നിറുത്താതെയുള്ള ശബ്ദം പാതിരാത്രി കഴിഞ്ഞപ്പോള്‍ അയാളെ ഉണര്‍ത്തി. അത്‌ ഡീനയുടെ വിളിയാണെന്ന്‌ അവള്‍ക്കു മാത്രമായി പ്രത്യേകം സെറ്റു ചെയ്‌തു വെച്ചിരുന്ന റിങ്‌ടോണ്‍ അറിയിച്ചു. ഞെട്ടിയെഴുന്നേറ്റ ആര്‍ഥര്‍ കണ്ണു തിരുമ്മി.

സ്ഥലകാലങ്ങള്‍ സ്‌തംഭിച്ച അവസ്ഥയില്‍നിന്നും തന്നെ വിടര്‍ത്താനാവാതെ, ആര്‍ഥര്‍ ശൈത്യത്തിലെ സൈഡ്‌വോക്കിലെ ഉരുകാത്ത മഞ്ഞുകട്ടയായി.

ഡീന വളരെ കുറച്ചു മാത്രമേ വിതുമ്പലോടെ സംസാരിച്ചുള്ളു. 'മാം കാറപകടത്തില്‍ മരിച്ചിരിക്കുന്നു ? ന്യൂ ജേര്‍സിയില്‍നിന്നും മടങ്ങുമ്പോള്‍ ലിങ്കണ്‍ ടണലിനടുത്തു വെച്ച്‌.' പിന്നെ, നീണ്ട നിശബ്ദതയ്‌ക്കു ശേഷം അലയടിച്ച തേങ്ങല്‍.

സെമിനാര്‍ കണ്‍വീനര്‍ക്കു ഞൊടിയിടയില്‍ മെസ്സേജ്‌ ടെക്‌സ്റ്റ്‌ചെയ്‌ത്‌ അയാള്‍ ഹോട്ടലില്‍നിന്നും ചെക്ക്‌ഔട്ട്‌ ചെയതു. എയര്‍പോര്‍ട്ട്‌ ലോഞ്ചില്‍
മറ്റൊന്നും കാണാനാവാതെ, മറ്റൊന്നും കേള്‍ക്കാനാവാതെ, മാറുന്ന ഡിജിറ്റല്‍ സ്‌ക്രീനില്‍ യൂ യോര്‍ക്ക്‌ ഫ്‌ലൈറ്റിന്റെ ചുവന്ന അക്കം പച്ചയാവാന്‍ അക്ഷമനായി ഇരുന്നു.

ജെ.എഫ്‌.കെ.യില്‍ ലാന്‍ഡ്‌ ചെയ്യാറായപ്പോള്‍ ആര്‍ഥറിന്റെ ഹൃദയമിടിപ്പ്‌ ജാസ്‌ ബേന്‍ഡിന്റെ താളം മാറിച്ചവിട്ടുന്ന ബീറ്റുകളായി. കുട്ടിക്കാലത്ത്‌ പബ്ലിക്‌ സ്‌കൂളിലെ സായാഹ്ന പരിശീലന ക്ലാസ്സിലെ ആദ്യ ദിവസങ്ങളിലെ ട്രമ്പെറ്റിന്റെ തുളച്ചു കയറുന്ന സ്ഥാനം തെറ്റിയ സ്വരസ്ഥാനങ്ങള്‍വീണ്ടും ശീതീകരണപ്പെട്ടിയില്‍നിന്നും ഉരുകിയൊലിച്ച്‌ തലയെ മഥിച്ചു.

ടേക്‌സിക്കു കാത്തു നില്‍ക്കുമ്പോള്‍ ഡീനയെ വിളിച്ച്‌ ഫോണില്‍ മെസ്സേജിട്ടു.

സമ്മറിലെ അത്യുഷ്‌ണ ദിനങ്ങളിലൊന്ന്‌. 101 ഡിഗ്രി! ഉള്ളിലെ ചൂടിനെ തണുപ്പിക്കുന്ന അന്തരീക്ഷം.

ഡീന, ബോയ്‌ഫ്രണ്ട്‌ ഗ്രെഗ്ഗുമായി ബന്ധപ്പെട്ട്‌ മരണാനന്തരച്ചടങ്ങുകളുടെ വിശദമായ രൂപരേഖ തയ്യാറാക്കി വെച്ചിരുന്നു. മന്‍ഹാട്ടന്‍ വെസ്റ്റിലെ ഫ്യുനറല്‍ ഹോമില്‍ വെയ്‌ക്ക്‌; ക്വീന്‍സിലെ സെമിറ്റെറിയില്‍ അടക്കം; തുടര്‍ ദിനക്കര്‍മ്മങ്ങളുടെ വ്യക്തതയുള്ള കരടുരേഖ.

പ്രതിസന്ധിയില്‍ അവള്‍ഇത്രയും ധൈര്യത്തോടെ, വിവേകവും വിവേചനവും തിരിച്ചറിഞ്ഞ്‌ കാര്യങ്ങള്‍ നിയന്ത്രണാധീനമാക്കുമെന്ന്‌ ആര്‍ഥര്‍ ഒരിക്കലും കരുതിയിരുന്നില്ല. ചെറുകാറ്റില്‍ ഇളകിയാടുന്ന ദുര്‍ബ്ബല സസ്യം കൊടുങ്കാറ്റില്‍പിടിച്ചു നില്‍ക്കുന്നു!

ആര്‍ഥറിനു ഡീനയുടെ ഒരുക്കങ്ങള്‍ക്കു ചില്ലറ മാറ്റങ്ങള്‍ മാത്രമേ നിര്‍ദ്ദേശിക്കേണ്ടി വന്നുള്ളൂ. പരിപാടികള്‍ക്ക്‌ ഡാഡിയുടെ അംഗീകാരം ലഭിച്ചപ്പോള്‍, ദു:ഖം കലര്‍ന്ന അഭിമാനത്തോടെ അവള്‍ അയാളെ കെട്ടിപ്പിടിച്ച്‌ വീണ്ടും കരഞ്ഞു.

ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഡീന ബാള്‍ട്ടിമോറിലേക്ക്‌ മടങ്ങി. ആര്‍ഥര്‍ അപ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്‌ക്കായി.

നിഷ്‌ക്രിയത്വവും നിഷ്‌കാമ കര്‍മ്മത്തിന്റെ വകഭേദമോ എന്ന ഉള്ളിലെ സംവാദത്തിനു വിരാമമിടാന്‍ കഴിയാതെ ആര്‍ഥര്‍ സോഫയില്‍ സി.എന്‍.എന്‍.ലെ മാറുന്ന സ്‌റ്റോക്ക്‌മാര്‍ക്കറ്റ്‌ ഇന്‍ഡെക്‌സില്‍ നോക്കി നിശ്ചലനായി ഇരുന്നു. എസ്‌തറും താനും തമ്മില്‍ കച്ചവടച്ചിന്തയിലുള്ള പ്രധാന വ്യത്യാസം ഓര്‍ത്തു.

'അവള്‍ ക്ലിനിക്ക്‌ എത്ര ഭംഗിയായാണ്‌ നടത്തിയിരുന്നത്‌. താനാണെങ്കില്‍ ആര്‍ക്കിയോളജിയുടെ ലോകത്തെ തടവുകാരനായി ലോറെന്‍സ്‌ ഓഫ്‌ അറേബ്യായെയും ഇന്‍ഡ്യാന ജോണ്‍സിനെയും ആരാധിച്ച്‌, വാസ്‌തവികതയിലും സങ്കല്‌പത്തിലും, പണ്ഡിത ജേണലുകളുടെ പത്രാധിപസമിതികളിലെ അംഗത്വത്തിലും അഭിരമിച്ച്‌, മറ്റൊരു ലോകത്ത്‌ നീന്തി.

1927ലെ കടുത്ത സ്‌റ്റോക്ക്‌ മാര്‍ക്കെറ്റ്‌ പതനത്തിനുശേഷം ആര്‍ഥറിന്റെ മുത്തച്ഛന്‍ ഗവണ്‍മെന്റ്‌ ബോണ്ടുകള്‍ മാത്രമേ വാങ്ങിയിരുന്നുള്ളു. ആ ശീലം കുടുംബ പാരമ്പര്യമായിത്തീര്‍ന്നിരുന്നു. എസ്‌തറിന്റെ വീട്ടുകാര്‍, അവളെപ്പോലെ, അനിശ്ചിതത്വത്തിലേക്ക്‌ എടുത്തുചാടാന്‍ മടിക്കാത്ത സമീപകാല കുടിയേറ്റക്കാരായിരുന്നു. 2007ലെ ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റിലെ വീഴ്‌ച്ചയ്‌ക്കുശേഷം അവള്‍ കുറച്ചു കാലം മൂകയായി മാറിയിരുന്നെങ്കിലും.

കാടുകയറുന്ന ചിന്തയെ പിടിച്ചുകെട്ടാനാവാതെ ആര്‍ഥര്‍ ഒരേ ബിന്ദുവില്‍ തുറിച്ചു നോക്കിയിരിക്കുമ്പോള്‍ സഹപ്രവര്‍ത്തകന്‍ അരുണ ഗിരിയുടെ ഇമെയില്‍ ഐപേഡില്‍ ബീപ്പ്‌ ചെയ്‌തു. ഇന്ന്‌ വൈകുന്നേരം സെന്‍ട്രല്‍ പാര്‍ക്കിലെ സോക്കെര്‍ ഗ്രൗണ്ടില്‍മകന്റെ മകനെ റെക്രിയേഷനല്‍ മത്സരത്തിനു കൊണ്ടു വരുന്നുണ്ടെന്ന്‌; അവിടെ കണ്ടുമുട്ടാമെന്ന്‌.

വെള്ളി വെളിച്ചം കണ്ണിലടിച്ച പോലെ ആര്‍ഥര്‍ ഞെട്ടിയെഴുന്നേറ്റ്‌ മുഖം കഴുകി.

സൂര്യന്‍ വൈകി അസ്‌തമിക്കുന്ന സായഹ്നങ്ങളിലൊന്നായിരുന്നു അത്‌. മരങ്ങള്‍ ഇടതിങ്ങിയ സെന്‍ട്രല്‍ പാര്‍ക്കിന്റെ കിഴക്കു ഭാഗത്തെ കെട്ടിടങ്ങളില്‍ ചൂടുമാറാത്ത രശ്‌മികള്‍ ഉച്ചയിലെന്ന പോലെ ചില്ലു ജനലയില്‍നി ന്നും കുത്തനെ കുത്തി. പച്ചച്ചായമടിച്ച ചാരുബെഞ്ചില്‍ ആര്‍ഥര്‍ അരുണനുമൊത്ത്‌ ഏഴു വയസ്സുള്ള കുട്ടികളുടെ പന്തുകളി കണ്ടിരുന്നു.

ഇടവേളയ്‌ക്കു മുമ്പുള്ള ഒരു പെനല്‍ടി കിക്കിനു കുട്ടികള്‍ ആകാംക്ഷയോടെ നിന്നപ്പോള്‍, അരുണ ഗിരി ബേഗ്‌ തുറന്ന്‌ ആര്‍ഥര്‍ക്ക്‌ ഒരു പുസ്‌തകം നീട്ടി ? ഭഗവല്‍ ഗീതയുടെ ഇംഗ്ലീഷ്‌ പരിഭാഷ. അതില്‍, മൂന്നാം അദ്ധ്യായത്തില്‍ ചില ഖണ്ഡങ്ങള്‍മഞ്ഞ ഹൈലൈറ്റര്‍ പേനകൊണ്ട്‌ അടയാളപ്പെടുത്തിയതിലേക്ക്‌ അരുണന്‍ വിരല്‍ച്ചൂണ്ടി. ആദ്യത്തെ അണുബോംബു പരീക്ഷണത്തിനു മുമ്പ്‌ അനുഭവപ്പെട്ട അന്തര്‍ സംഘര്‍ഷം തരണം ചെയ്യാന്‍ഒപ്പന്‍ ഹൈയ്‌മര്‍ സഹപ്രവര്‍ത്തകരുമൊത്ത്‌ ഉറക്കെച്ചൊല്ലിയ പതിനൊന്നാം അദ്ധ്യായത്തിലെ പ്രസക്തഭാഗങ്ങള്‍ അയാള്‍ മൃദുലമായി വായിച്ചു.

അപ്പോഴേക്കും അരുണന്റെ പേരക്കിടാവിന്റെ പെനല്‍ടി കിക്ക്‌ ഗോള്‍ വല കുലുക്കിയിരുന്നു.

ഡീനയെക്കുറിച്ചും അരുണന്റെ എം.ഐ.ടി.യില്‍ റൊബാട്ടിക്‌സിലെ പ്രൊഫെസ്സറായ മകനെക്കുറിച്ചും അവര്‍ കൃത്യതയില്ലാത്ത ചില പ്രസ്‌താവനകള്‍ കൈമാറി. ഇത്തരം സംഭാഷണങ്ങള്‍ സാധാരണയായി എസ്‌തറിന്റെയും സംഗീതാദ്ധ്യാപികയായ ഭാര്യയുടെയും ഏറ്റവും ഒടുവിലെ വിശേഷങ്ങളിലാണ്‌ ചെന്നവസാനിക്കാറുള്ളത്‌.

അരുണഗിരി വിഷയം മാറ്റി. യാങ്കി സ്‌റ്റേഡിയത്തിലെ ന്യൂ യോര്‍ക്ക്‌ യാങ്കീസിന്റെ ടെക്‌സസ്‌ റേഞ്ചര്‍സുമായുള്ള കളി മഴമൂലം മാറ്റിയതിനെക്കുറിച്ച്‌, താല്‍പ്പര്യമില്ലെങ്കിലും, ന്യൂ യോര്‍ക്ക്‌ ടൈംസില്‍നിന്നും ആര്‍ജ്ജിച്ച അറിവിനെ തുടര്‍ സംഭാഷണമാക്കി. അര്‍ഥര്‍ നിശ്വാസം ആശ്വാസമാക്കി.

ആര്‍ഥര്‍, കിടപ്പു മുറിയിലെ ബുദ്ധപ്രതിമ ഇപ്പോള്‍തന്നെ പരിഹസിച്ചാണോ ചിരിക്കുന്നതെന്ന ശങ്കയില്‍ മുഖം തിരിച്ചു. ജപ്പാനിലെ പഴയ ഒരു കോണ്‍ഫെറന്‍സും കിന്‍കിഷിമാരുടെ ആതിഥേയത്വവും, പിന്നീട്‌ കിന്‍കിഷി കൊളംബിയായില്‍പ്രഭാഷണം നടത്താന്‍ ക്ഷണിതാവായി വന്നപ്പോള്‍ സര്‍ക്കിള്‍ ലൈനില്‍മന്‍ഹാട്ടന്‍ദ്‌ വീപിനെ ജലമാര്‍ഗ്ഗം വലയം വെച്ചതും അയാള്‍ ഓര്‍ത്തെടുത്തു. പരസ്‌പരം വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഓര്‍മ്മകോശങ്ങളുടെ പ്രതിപ്രവര്‍ത്തനത്തെ അത്ഭുതത്തോടെ അഭിനന്ദിച്ചു.

എസ്‌തറുടെ ചുമരിലെ രേഖാ ചിത്രത്തില്‍ ദൃഷ്ടി കുരുങ്ങാന്‍ തുടങ്ങവേ അയാള്‍ എഴുന്നേറ്റു നടന്നു. അവള്‍ മാഞ്ഞു പോയിട്ട്‌ മാസങ്ങള്‍ കഴിഞ്ഞെങ്കിലും, ഉണ്ടാക്കിയ ഉള്‍ശ്ശൂന്യത കുത്തിനിറയ്‌ക്കാന്‍ ഹഡ്‌സണിലേയും ഈസ്റ്റ്‌റിവറിലെയും വായുപ്രവാഹം അശക്തമെന്ന്‌ അയാള്‍ക്കു തോന്നി.

മൂകതയ്‌ക്കു മൌനസമ്മതം അര്‍പ്പിച്ച്‌, ആര്‍ഥര്‍ തനിച്ചിരിക്കല്‍ ഉത്സവമെന്നു വിശ്വസിച്ചിരുന്ന കാലത്തെ നിന്ദിച്ചു. ഒറ്റപ്പെടല്‍ ഒരു ദുരന്തമെന്നു പോലും അയാള്‍ക്കു തോന്നാന്‍ തുടങ്ങി.

വളരെ കുറച്ചു പേരുമായി മാത്രമേ, സ്വതേ മൌനവ്രതം ഇഷ്ടപ്പെട്ടിരുന്ന ആര്‍ഥര്‍ ഇപ്പോള്‍ബന്ധപ്പെടാറുള്ളു.

അരുണന്റെ ഏക്‌സെന്റിലെ അപരിചിതത്വം പൂര്‍ണ്ണമായും വിട്ടു പോയിട്ടില്ലെങ്കിലും, സങ്കീര്‍ണ്ണ സമസ്യകള്‍ക്കു ലളിതമായ തത്ത്വചിന്താ ഗുളികകള്‍ പൌരാണിക ഇന്ത്യന്‍ സംസ്‌കൃതിയില്‍ നിന്ന്‌ അയാള്‍ ഉദ്ധരിക്കുമ്പോള്‍, തോറയും ബൈബിളും നല്‍കാത്ത എന്തോ ഒന്നിന്റെ കുളിര്‍ച്ഛായ ഉള്ളിലേക്ക്‌ അരിച്ചിറങ്ങുന്നപോലെ ആര്‍ഥറിനു അനുഭവപ്പെട്ടിടുന്നു. അനുകൂല തലക്കുലുക്കത്തില്‍ ഇഷ്ടഭാവം പ്രകടിപ്പിക്കാന്‍ അയാള്‍വൈ മുഖ്യം കാട്ടിയിരുന്നുമില്ല.

അന്നൊരു ശനിയാഴ്‌ച്ചയവധിയായിരുന്നു. അരുണന്‍ ആര്‍ഥറെ സന്ദര്‍ശിക്കാന്‍ നാലു മണിക്കു ശേഷം എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നറിയിപ്പുപോലെ അയാളുടെ പുരികങ്ങള്‍ തുടിക്കാന്‍തുടങ്ങി.

അരുണഗിരി ടെക്‌സ്റ്റ്‌ ബുക്ക്‌കൃത്യതയോടെ കോളിങ്‌ ബെല്‍ അമര്‍ത്തി. കയ്യില്‍ കടലാസ്സില്‍ പൊതിഞ്ഞ നീണ്ട ഒരു ചുരുളുമുണ്ടായിരുന്നു.

അനാവശ്യ ഔപചാര്യതകള്‍ കാട്ടാതെ വിഷയത്തിലേക്കു കടക്കുന്ന പ്രകൃതമായിരുന്നു അരുണിന്റെത്‌. താന്‍ ഒരു ഒറ്റമൂലിയുമായാണ്‌ ഇന്ന്‌ വന്നിരിക്കുന്നതെന്ന്‌ അയാള്‍പറഞ്ഞു. ചുരുള്‍പ്പൊതി അഴിച്ച്‌ രണ്ട്‌ ചിത്രങ്ങള്‍പുറത്തെടുത്തു.

ആദ്യത്തേത്‌ എസ്‌തറിന്റെ ചിത്രത്തിനു മുകളില്‍ ഒട്ടിക്കാനുള്ള സ്വാതന്ത്ര്യം ചോദിച്ചുവാങ്ങി, അരുണന്‍. അത്‌ കന്യാകുമാരിയിലെ തെളിഞ്ഞ ഒരു പ്രഭാതത്തിന്റെ മനോഹരമായ ഫോട്ടോഗ്രാഫിക്‌ ചിത്രമായിരുന്നു. മുന്നു കടലുകളുടെ സംഗമത്തിന്റെ അടിത്തട്ടില്‍നിന്നും അരുണാഭയോടെ ഉദിച്ചുയരുന്ന സൂര്യബിംബം. ആര്‍ഥര്‍ സൂര്യരശ്‌മിയിലേക്ക്‌ കണ്ണെടുക്കാതെ നോക്കി.

രണ്ടാമത്തെ ചിത്രം ന്യൂ യോര്‍ക്കര്‍ മാസികയില്‍ വന്നിരുന്ന ഒരു കാര്‍ട്ടൂണിന്റെ എന്‍ലാര്‍ജു ചെയ്‌ത പ്രിന്റായിരുന്നു. പ്രണയ പാരവശ്യത്തോടെ കണ്ണുകളില്‍ നോക്കിയിരിക്കുന്ന രണ്ടു പക്ഷികള്‍. താഴെ കലിഗ്രഫിയില്‍വ്‌ യക്തതയുള്ള കേപ്‌ഷന്‍: 'തങ്കമേ, തേനേ, കരളേ, ഞാന്‍മരിച്ചു കഴിഞ്ഞാല്‍ നീയെന്നെ ഭക്ഷിക്കുമോ?'

അരുണനെ യാന്ത്രികമായി യാത്രയയച്ച ആര്‍ഥര്‍ തലയില്‍ വിളക്കു കത്തിക്കുന്ന അയാളുടെ സന്ദര്‍ശനങ്ങളുടെ ആവര്‍ത്തനത്തില്‍ ആഹ്ലാദിച്ചു. തനിക്കെന്തേ ഈ ചിന്ത നേരത്തേ തോന്നാതിരുന്നതെന്ന്‌ അത്ഭുതപ്പെട്ട്‌ ലോകവാര്‍ത്തകള്‍ക്കായി ടെലിവിഷന്‍തുറന്നു.

ആര്‍ഥര്‍ ജോലിയില്‍വീണ്ടും ശ്രദ്ധയാരംഭിച്ചു. എനള്‍സ്‌ ഓഫ്‌ ആര്‍ക്കിയോളെജിയുടെ പത്രാധിപസമിതിയില്‍നിന്നും രാജിവെക്കാനുള്ള തീരുമാനം നീട്ടിവെച്ചു. സമാനതകളും സാദൃശ്യതകളും വായനയ്‌ക്കിടയില്‍ നുഴഞ്ഞു കയറുമ്പോള്‍, എസ്‌തര്‍ തലയ്‌ക്കു മുകളില്‍ വായുവില്‍ വലയംവെച്ചു നീന്തുന്നതായുള്ള തോന്നലിനു ശമനം കിട്ടുന്നപോലെ!

ചെറുപ്പക്കാരനായ വീഡിയോഗ്രാഫര്‍ സുന്ദരികളുടെ മുഖം ഒപ്പിയെടുക്കുമ്പോള്‍ നിശ്ചലച്ഛായാഗ്രഹണത്തില്‍ പെടുന്നപോലെ, സൈഡ്‌വോക്കില്‍ സായാഹ്ന നടത്തയ്‌ക്കിടയില്‍ ആര്‍ഥറുടെ കേമെറക്കണ്ണുകള്‍ സ്‌ത്രീരൂപങ്ങളെ തുറിച്ചു നോക്കാന്‍തുടങ്ങി. തന്റെ മനസ്സില്‍ മുള പൊട്ടുന്ന അണ്ഡങ്ങള്‍ പരിണാമ ദശകളിലൂടെ പറന്നുയരുന്ന ചിത്രശലഭങ്ങളാകുന്നതും ചിറകറ്റു വീഴുന്നതും സങ്കല്‍പ്പിച്ച്‌ അയാള്‍ ഡോര്‍മേനെ നോക്കി പുഞ്ചിരിച്ചു. യാന്ത്രികമായി എലെവേറ്ററിന്റെ ബട്ടണമര്‍ത്തി.

പതിവില്‍ നേരത്തേ ഉറങ്ങാന്‍, തൂങ്ങുന്ന കണ്ണുകള്‍ ആര്‍ഥറെ കിടപ്പുമുറിയിലേക്കു വിളിച്ചു. അരുണന്റെ ചിത്രങ്ങള്‍ കൂട്ടു ചിന്തകളായി. സൂര്യോദയത്തിനു താഴെ എസ്‌തര്‍ ശയിക്കുന്നുണ്ടെന്ന അബോധമനസ്സിലെ അറിവുപോലും അടിത്തട്ടില്‍ ആഴ്‌ന്നു.

സ്വപ്‌നം, വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നവന്റെ തലയില്‍നിന്നും പൊന്തിവന്ന്‌ വായുവില്‍ ഉടയുന്ന, നൈമിഷിക സങ്കല്‌പമായിരിക്കാം. ഉറക്കത്തിന്റെ അഗാധതയിലേക്കു വഴുതിവീണ ആര്‍ഥര്‍, ആര്‍ക്കിയോളജിയും ചെറുപ്പത്തിലെ കണ്ടുമുട്ടലും മുത്തലും കൂട്ടിച്ചേര്‍ത്ത്‌ സകല്‍പ്പങ്ങള്‍ക്കതീതമായി തലയില്‍വൈദ്യുത തരംഗങ്ങള്‍നെയ്‌തു.

'അയാള്‍ ഗ്രോസറി സ്‌റ്റോറില്‍ നിന്നും കാലിഫോര്‍ണിയ ഡെയ്‌റ്റ്‌ ഫ്രൂട്ട്‌ വാങ്ങി, പ്ലാസ്റ്റിക്‌ അടപ്പ്‌ തുറന്ന്‌ കവലയില്‍ പക്ഷികള്‍ക്കായ്‌ കാത്തിരിക്കുന്നു. വിശപ്പില്ലാത്ത പക്ഷികള്‍മാത്രം തലയ്‌ക്കുചുറ്റും പറന്ന്‌ മണംപിടിച്ച്‌ മടങ്ങിപ്പോകുന്നു. ഒടുവില്‍ചില കഴുകന്മാര്‍മാത്രം കൊത്താന്‍വരുന്നു. ഭീതിയോടെ അയാള്‍ അടപ്പടച്ച്‌ ട്രാഫിക്‌ സിഗ്‌നലിനായി കാത്തുനില്‍ക്കുന്നു.'

'അയാള്‍ മെട്രോപ്പോളിറ്റന്‍മ്‌ യൂസിയം ഓഫ്‌ ആര്‍ട്‌സിലെ ഇനിയും കാലനിര്‍ണ്ണയം നടത്താത്ത, അസ്സലോ അനുകരണമോ എന്ന്‌ നിശ്ചയിക്കാത്ത, ഒരു ചിത്രത്തെക്കുറിച്ച്‌ സെമിനാറില്‍ പ്രഭാഷണം നടത്തുന്നു. കാര്‍ബണ്‍ ഡെയ്‌റ്റിങ്ങിന്റെ സാദ്ധ്യത വിവരിക്കുന്ന സ്ലൈഡ്‌ മാറ്റാനാവാതെ, വൈറസ്‌ കയറിയപോലെ കംപ്യൂട്ടര്‍ ചലനമറ്റ്‌ അതെ സ്ലൈഡില്‍ തൂങ്ങിക്കിടക്കുന്നു.'

'അയാള്‍ സൈഡ്‌ വോക്കില്‍ കറുത്ത വംശജനായ റാള്‍ഫിന്റെ സക്കെന്‍ഡ്‌ ഹാന്‍ഡ്‌ പുസ്‌തകങ്ങള്‍ പരതി നില്‍ക്കുന്നു. പുസ്‌തകക്കൂമ്പാരത്തില്‍നിന്ന്‌ മാന്ത്രിക സ്‌പര്‍ശനത്തില്‍'പ്രിഡേറ്റേഴ്‌സ്‌ പ്രെഡിലെക്‌ള്‍ഷെന്‍സ്‌ ഏന്റ്‌ പ്രെഡിക്കാമെന്റ്‌സ്‌' എന്ന പുസ്‌തകം തപ്പിയെടുക്കുന്നു.'

വെളിച്ചം നേരത്തേ നുഴഞ്ഞു കയറിയ ആ പ്രഭാതത്തിലും അയാള്‍സുഖമായുറങ്ങി.

ആര്‍ഥര്‍, തീരുമാനത്തിന്റെ നേരിഴകള്‍മെടഞ്ഞ്‌ നിശ്ചയദാര്‍ഢ്യത്തിന്റെ
കേബിള്‍വാര്‍ത്തു. അച്ഛന്റെ ഒച്ച അയാള്‍വീണ്ടും കേട്ടു: 'വിശിഷ്ട തീരുമാനങ്ങള്‍ക്കായി ആരും നവവത്സര ദിനത്തിനു കാത്തു നില്‍ക്കില്ല.'

അസാധാരണമായി അയാള്‍സ്വന്തം ചിന്തയെ ന്യായീകരിക്കാന്‍മതത്തെയും തത്ത്വശാസ്‌ത്രത്തെയും പങ്കുചേര്‍ത്തു. പ്രപഞ്ചത്തിനു അയ്യായിരം വര്‍ഷം പഴക്കമെയുള്ളൂവെന്ന്‌ ഒരു ആര്‍ക്കിയോളജിസ്റ്റ്‌ പോലും വിശ്വസിക്കുന്ന അവസരങ്ങളുണ്ട്‌ ? ഒരു പക്ഷേ, വെള്ളിയാഴ്‌ച സൂര്യാസ്‌തമനത്തിനും ശനിയാഴ്‌ച ഉച്ചയ്‌ക്കുമിടയില്‍; ഉല്‍പ്പത്തിയുടെ പുസ്‌തകത്തിലെ, ഒറ്റയ്‌ക്കു മുഷിഞ്ഞിരിക്കുന്ന ആദാമിന്റെ മടുപ്പു കണ്ട്‌ വാരിയെല്ല്‌ വലിച്ചൂരുന്ന സാഹസം കാട്ടിയ ദൈവത്തിന്റെ ക്രിയയ്‌ക്കിടയില്‍.

കുട്ടിക്കാലത്തെ സ്ലീപ്‌ഓവര്‍ഡെയ്‌റ്റുകളായി മാറിയ ദിനങ്ങളും രണ്ടു പതിറ്റാണ്ടില്‍താഴെയുള്ള വിവാഹജീവിതവും തമ്മിലുള്ള നീണ്ട ഇടവേളയില്‍, ആര്‍ഥറിന്‌ സ്‌ത്രീകളുമായി അടുത്ത്‌ ഇടപഴകാനുള്ള സാമര്‍ത്ഥ്യം ഏതാണ്ട്‌ കൈമോശം വന്നിരുന്നു. ഒറ്റപ്പെണ്ണുങ്ങളുമായി ഏറ്റവും ഒടുവില്‍സമയം പങ്കുവെച്ച അവസരം പോലും മറന്നിരിക്കുന്നു. എസ്‌തര്‍സദാ അയാളോടൊപ്പമുണ്ടായിരുന്നു. ഉപയോഗശൂന്യമായ ശക്തിയെ പ്രകൃതി തിരികെയെടുക്കുമെന്ന മന:ശാസ്‌ത്ര ക്ലാസ്സില്‍അടിവരയിടാന്‍ആവശ്യപ്പെട്ട അദ്ധ്യാപികയുടെ മുഴക്കമുള്ള ഊന്നല്‍അയാള്‍വീണ്ടും കേട്ടു.

ഏകാന്തതയ്‌ക്ക്‌ അതിന്റെ മേന്മയുണ്ട്‌: സമയരേഖയിലൂടെ പിന്തിരിഞ്ഞു നോക്കല്‍; ജീവിതത്തിലെ നാഴികക്കല്ലുകള്‍അടയാളപ്പെടുത്തല്‍; ആത്മനിഷ്‌ഠതയുടെ ഗുണം ആസ്വദിക്കല്‍; തന്നെത്തന്നെ പ്രധാന നടനാക്കുന്ന തിരക്കഥാരചനകള്‍; സംഭവങ്ങളുടെ പൂര്‍ണ്ണാര്‍ത്ഥത്തിന്റെ പുനരാഖ്യാനം.

കഥയുടെയും ഉപകഥയുടെയും വ്യക്തമായ വെളിപ്പെടലുകള്‍. നിങ്ങള്‍ഒരു ഭീരുവോ ധൈര്യശാലിയോ ആയിമാറുന്നു; സ്വയം തീര്‍ക്കുന്ന പ്രതിബന്ധങ്ങള്‍അടിച്ചേല്‍പ്പിക്കാന്‍ആരുമില്ല. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങളുടേത്‌; അനന്തരഫലവും നിങ്ങള്‍ക്കവകാശപ്പെട്ടത്‌; പ്രത്യാഘാതങ്ങള്‍ക്കു കുറ്റം ചാര്‍ത്താന്‍ആരുമില്ല. ഈ ഘട്ടങ്ങളിലൂടെ സാവധാനം സഞ്ചരിച്ചാല്‍, നിങ്ങള്‍വിവേകാനന്ദം വരിക്കുന്നു.

അത്യന്താപേക്ഷിതമായ അനിവാര്യതയുടെ ആപേക്ഷികതയെ ഉള്‍ക്കൊള്ളാന്‍അയാള്‍തയ്യാറെടുത്തു. സ്‌ത്രീസംസര്‍ഗ്ഗത്തിനു ഒരുക്കം കഴിഞ്ഞു; അതിനു വേണ്ട വിദഗ്‌ദ്ധ പരിശീലനമേ ബാക്കിയുള്ളു.

ന്യൂ യോര്‍ക്കിലെ കാലാവസ്ഥയിലുള്ള സംഭവബഹുലമായ വ്യതിയാനങ്ങളെക്കുറിച്ച്‌ ആര്‍ഥര്‍കാര്യമായി ചിന്തിക്കാന്‍തുടങ്ങിയത്‌ അരുണനുമായുള്ള അടുപ്പത്തിനു ശേഷമാണ്‌.

ഇലകള്‍കൊഴിഞ്ഞ്‌, സെന്‍ട്രല്‍പാര്‍ക്കിലെ നഗ്‌നമായ മരച്ചില്ലകള്‍താഴെ കൂമ്പാരമായിക്കിടക്കുന്ന മഞ്ഞച്ചുകരിഞ്ഞ ഇലകളെ നോക്കി നെടുവീര്‍പ്പിടുന്നതും; ശൈത്യത്തിലെ മൂടിക്കെട്ടിയ കൃശഗാത്ര ദിനങ്ങള്‍നേരത്തേ മറയുന്ന സൂര്യനെ തോല്‍പ്പിക്കാന്‍ക്രിസ്‌തുമസ്‌ന്യൂ ഇയര്‍അവധി ദിനങ്ങളില്‍വൈദ്യുതാലങ്കാരിയാകുന്നതും; തണുപ്പു മാറിയ ശിഖരങ്ങള്‍നവമുകുള ഭൂഷിതയായി പുഷ്‌പപ്രദര്‍ശനത്തിനു വസന്തത്തില്‍ക്ഷണിക്കുന്നതും; ഗ്രീഷ്‌മത്തിലെ ഉച്ചിയിലെ സൂര്യന്‍കടാക്ഷിക്കുമ്പോള്‍ജനം ഉടുവസ്‌ത്രം തിരസ്‌കരിച്ചു നമസ്‌കരിക്കുന്നതും; എല്ലാം, സര്‍വ്വസാധാരണമായ അനുഭവമെന്നേ ആര്‍ഥര്‍വിചാരിച്ചിരുന്നുള്ളു. ഭൂലോകത്തിന്റെ മറുവശത്ത്‌ ഋതുക്കളില്‍മാറ്റങ്ങള്‍ഉണ്ടാകുമെന്ന്‌ അറിയാഞ്ഞിട്ടല്ല; അതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ മിനക്കെട്ടില്ലെന്നു മാത്രം. അരുണന്റെ കാവ്യാത്മകമായ അത്ഭുത നേത്രങ്ങള്‍അയാളില്‍പ്രകൃതിയെക്കുറിച്ച്‌ മറ്റൊരു സങ്കല്‌പം സൃഷ്ടിച്ചു.

ജാക്ക്‌ ബേണ്‍സ്‌റൈറന്റെ മകളുടെ എന്‍ഗേജ്‌മെന്റ്‌ സെറെമൊണിയാണ്‌ ഇന്ന്‌. അപ്പര്‍വെസ്റ്റിലെ ട്രമ്പ്‌പ്ലെയ്‌സ്‌ അപാര്‍ട്ട്‌മെന്റില്‍. പടിഞ്ഞാറു നോക്കി നില്‍ക്കുന്ന സ്‌ഫടിക ജനലിലൂടെ, അവിടെ നിന്ന്‌ ഹഡ്‌സണിലെ അസ്‌തമനം നോക്കി നില്‍ക്കുന്നത്‌ ആര്‍ഥറിന്‌ എന്നും ഹരമായിരുന്നു. അന്നത്തെ പതിവു സായാഹ്ന നടത്തം മന്‍ഹാട്ടന്റെ കിഴക്കുപടിഞ്ഞാറു വീതിയളന്നാക്കാമെന്നു തീരുമാനിച്ച്‌, ആശംസാ കാര്‍ഡില്‍പൊതിഞ്ഞ ഗിഫ്‌റ്റ്‌ കാര്‍ഡ്‌ ബേഗില്‍വെച്ചു. മടക്കം ക്രോസ്‌കണ്‍ട്രി ബസ്സിലെന്ന്‌ ഉള്ളില്‍പറഞ്ഞു.

ബേണ്‍സ്‌റൈറന്റെ വീട്ടില്‍പ്രവേശിച്ചയുടനെ അപ്പെറ്റിയസറിനു വരി നിന്നിരുന്ന എല്ലാ കണ്ണുകളും പ്ലേറ്റുകളുടെ ചലനം നിശ്ചലമാക്കി ഗാഢമായ മൂകാന്തരീക്ഷം സൃഷ്ടിച്ചു. എല്ലാവരുടേയും മനസ്സില്‍ആര്‍ഥറെ വഴികാട്ടി മുന്നില്‍നടക്കാറുണ്ടായിരുന്ന എസ്‌തറുടെ ചിത്രം ഒന്നിനു മുകളില്‍മറ്റൊന്നു ചേര്‍ത്തുവെക്കുന്ന നേര്‍ത്ത പാളിയായി.

കടുപ്പം കുറഞ്ഞ പിങ്ക്‌ ഗൌണില്‍ബേണ്‍സ്‌റൈറന്റെ മകള്‍ മൃദുലമായി പുഞ്ചിരിച്ച്‌ അങ്കിളിനെ സ്വീകരണ മുറിയിലേക്കു കൊണ്ടുപോയി. അവര്‍ആഫ്രിക്കയില്‍ആതുര സേവനത്തിനു പോയിരിക്കുന്ന ഡീനയെക്കുറിച്ച്‌ വിവരങ്ങള്‍കൈമാറി. അതിനിടയില്‍അവള്‍ക്കു ആശംസ നേരാന്‍തിടുക്കത്തോടെ കൂട്ടുകാര്‍തടിച്ചു കൂടി.

ആര്‍ഥര്‍സ്വീകരണമുറിയിലെ ചില്ലലമാരയിലെ പുസ്‌തക ശേഖരത്തില്‍കണ്ണോടിച്ച്‌, സോഷ്യലൈസ്‌ ചെയ്യാന്‍വിമുഖതയുള്ള ബാലനെപ്പോലെ ഒറ്റയ്‌ക്കു നിന്നു. അലമാരയില്‍നിറം മങ്ങിയ ഒരു പുസ്‌തകത്തിന്റെ സ്‌പൈനിലെ മാഞ്ഞു തുടങ്ങിയ വെളുത്ത അക്ഷരങ്ങള്‍അയാള്‍കൂട്ടി വായിച്ചു: 'ടുഡേ ഈസ്‌ദ ഡെയ്‌റ്റ്‌ ടു ഡെയ്‌റ്റ്‌.'

പാര്‍ട്ടി കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ബേണ്‍സ്‌റൈറനോട്‌ ആ പുസ്‌തകം ചോദിച്ചു വാങ്ങാന്‍ആര്‍ഥര്‍മറന്നില്ല.

വാരാന്ത്യത്തിലെ വീട്ടുജോലിയും ഷോപ്പിങ്ങും കഴിഞ്ഞപ്പോള്‍ആര്‍ഥര്‍വിശ്രമത്തിന്റെ വീഥിയിലായി. സ്വീകരണ മുറിയിലെ സൈഡ്‌ടേബിളില്‍ന്യൂ യോര്‍ക്ക്‌ടൈംസിന്നടിയില്‍ഒതുങ്ങിയിരുന്നിരുന്ന ആ പുസ്‌തകം വിശദവായനയ്‌ക്കു പുറത്തെടുത്തു.

മന:ശാസ്‌ത്രം, മാനവശാസ്‌ത്രം, പ്രായോഗിക സമുദായശാസ്‌ത്രം എന്നീ മേഖലകള്‍അനാവൃതം ചെയ്‌ത ആ പുസ്‌തകത്തിന്റെ ആമുഖവും സൂചികയും അനുബന്ധവും പരതി; അദ്ധ്യായങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്‌ അയാളുടെ തൊണ്ട ചായയ്‌ക്കായി അടുക്കളയിലെത്തി.

നാല്‍പ്പതാം പിറന്നാളിന്‌ എസ്‌തറിനു സമ്മാനിച്ച പുതിയ ടേബിള്‍ടോപ്പിന്റെ മാര്‍ബിളിലെ വെളുത്തുകറുത്ത ഡിസൈന്‍നിറം മങ്ങാന്‍തുടങ്ങിയിരിക്കുന്നു.

ഓരോ അദ്ധ്യായവും സാദ്ധ്യായ ദിനങ്ങളിലെ ശുഷ്‌കാന്തിയോടെ അയാള്‍ഒപ്പിയെടുക്കാന്‍തുടങ്ങി.

'എവ്‌റി എഫെയര്‍ഈസ്‌എ വൈല്‍ഡ്‌എക്‌സ്‌പീരിയന്‍സ്‌,' ആമുഖക്കുറിപ്പ്‌ആവര്‍ത്തിച്ചു. ജീവിതത്തെ കാടുമായി താരതമ്യം ചെയ്യുന്ന ആ സമീപനത്തിലെ ഹൃദയമില്ലായ്‌മയില്‍ആദ്യം പകച്ചെങ്കിലും ഉള്‍ക്കാഴ്‌ച്ചയുള്ള അവതരണം അയാളെ ആകര്‍ഷിച്ചു.

'ഹൌ ടു ഡെയ്‌റ്റ്‌ എ ലയന്‍?'; 'ഹൌ ടു ഡെയ്‌റ്റ്‌ എ ടൈഗര്‍?'; 'ഹൗ ടു ഡെയ്‌റ്റ്‌ ഏന്‍ഓസ്‌ട്രിച്ച്‌?'; 'ഹൌ ടു ഡെയ്‌റ്റ്‌ എ ഡിയെര്‍?'; 'ഹൌ ടു ഡെയ്‌റ്റ്‌ എ സ്‌ക്വുറല്‍?'; 'ഹൌ ടു ഡെയ്‌റ്റ്‌ എ സ്‌നെയ്‌ക്ക്‌?'; 'ഹൌ ടു ഡെയ്‌റ്റ്‌ എ ...?' ... ... ...

മൃഗങ്ങളുടെ മന:ശാസ്‌ത്രത്തെക്കുറിച്ച്‌ ഗൌരവത്തോടെ ചിന്തിക്കുന്ന സാംസ്‌കാരിക പരിണാമത്തിന്റെ ബഹുദിശകള്‍; ബോധധാര ചായക്കൂട്ട്‌ പകരുന്ന വിശകലനങ്ങള്‍. അവ ആര്‍ഥറില്‍സട കുടഞ്ഞ്‌ എഴുന്നേല്‍ക്കാന്‍ശ്രമിക്കുന്ന സിംഹമായും, കൂര്‍പ്പിച്ച ദംഷ്ട്രങ്ങളുള്ള പുള്ളിപ്പുലിയായും, മണലില്‍തല പൂഴ്‌ത്തുന്ന പക്ഷിയായും, നിഷ്‌ക്കളങ്കതയുടെ പേടമാനായും, ചില്ലകള്‍ചാടിക്കളിക്കുന്ന അണ്ണാനായും, അപ്രതീക്ഷിത ദംശനത്തിന്റെ വിഷപ്പാമ്പായും, മറ്റും ഹൃദയബിംബങ്ങള്‍വരച്ചു.

'കണ്ടുമുട്ടലും അഭിമുഖവും; തലോടലും ഉരസ്സലും; മുഖംമൂടിയണിഞ്ഞ ദര്‍ശനവും പ്രയോഗ സാദ്ധ്യതകളും; ഇണക്കവും പിണക്കവും; ഭീതിയുടെ നിഴലും മാംസദാഹവും; തണുപ്പൂറുന്ന ലൈംഗിക ചേതനയും ചോദനയും; നിഷേധവും പ്രതിഷേധവും; ചുട്ടുപഴുത്ത നീറ്റലും ശീതസമരവും; വില കേറ്റലും വില പേശലും; യുദ്ധവും സമാധാനവും; നീതിയും സ്വാതന്ത്ര്യവും.'

'ഇരപിടിക്കുന്ന ഇണചേരലും ഇണയെ വിഴുങ്ങലും; അടുപ്പവും അടുപ്പു പങ്കുവെക്കലും; ജോലി വിഭജനവും തര്‍ക്കവും; വിലക്കുകളും വെല്ലുവിളികളും; ചതിക്കുഴിയും കരേറ്റലും; നീറുന്ന ആത്മനിഷ്‌ഠതയും നാറുന്ന വാസ്‌തവികതയും; വിളിപ്പുറത്തെ സത്യവും വിളിപ്പാടകലെയുള്ള തിരച്ചിലും.'

'കുളിപ്പുരയിലെ കുസൃതിയും കളപ്പുരയിലെ കളിയും; ചുടലശ്ശീലങ്ങളെ പരുവപ്പെടുത്തലും ഹൃദയധമനികള്‍കത്രിക്കലും; തിളയ്‌ക്കുന്ന ജ്വരവും തുടിക്കുന്ന മൌനവും; അനുമോദിക്കാതെ അകറ്റലും അനുകരിച്ചു തോല്‍പ്പിക്കലും; ആത്മവിശ്വാസം കരളലും കരളിനെ കുത്തിനോവിക്കലും; ആളിക്കത്തുന്ന തീക്കുഴിയും കോരിയൊഴിക്കുന്ന ശീതജലവും.'

'കരുത്തിന്റെ സാംസണും കുരുടിപ്പിക്കുന്ന ദിലേലയും; നിഴല്‍നാടകവും നിഴല്‍യുദ്ധവും.' ... ... ...

ആര്‍ഥര്‍, കണ്ടും കേട്ടും വായിച്ചും ജീവിച്ചും അറിഞ്ഞ അനുഭവങ്ങളുടെ കാരാഗൃഹത്തില്‍നിന്നും തടവു ചാടാനാവാതെ കൈവിലങ്ങിലെ താക്കോല്‍ദ്വാരത്തിലേക്കു നോക്കി.

രാത്രി വളരെ വൈകിയിരുന്നു. ബീപ്പുചെയ്യുന്ന ലാന്‍ഡ്‌ലൈനിലെ ചുവന്ന പ്രകാശം അരുണിന്റെ സന്ദേശമായിരുന്നു ഇമെയില്‍ചെക്കുചെയ്യാന്‍.

'ഇന്ന്‌ വായനയ്‌ക്കിടയില്‍കണ്ടെത്തിയ ചെന്നൈയിലെ പഴയ സുഹൃത്തിന്റെ പുതിയ ഒരു പേപ്പറിന്റെ പി.ഡി.എഫ്‌. അയയ്‌ക്കുന്നു. 'ന്യൂ ഡെയ്‌റ്റിങ്‌ വേല്യൂസ്‌ ഫോര്‍ഇന്‍ഡസ്‌ സിവിലൈസേഷന്‍പിരീഡ്‌'.


പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D
ഇന്‍ഡസ്‌ ഡെയ്‌റ്റിങ്‌ (കഥ:പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക