-->

America

നിശാഗന്ധിയിലെ സൂര്യകാന്തി (ലേഖനം-ഡി. ബാബു പോള്‍)

ഡി. ബാബു പോള്‍

Published

on

നിശാഗന്ധിയിലെ സൂര്യകാന്തി

ഡി. ബാബു പോള്‍

മനുഷ്യന് സംഗീതത്തോടുള്ള കമ്പം പ്രാചീന ശിലായുഗം മുതല്‍ തെളിഞ്ഞിട്ടുള്ളതാണ്. ശബ്ദവും നിശ്ശബ്ദതയും ചേര്‍ന്ന് രാഗതാളസംവേദനത്തിലൂടെ സൃഷ്ടിക്കുന്ന സഹൃദയഹൃദയാഹഌദജനകമായ അനുഭൂതിയായും കലാബോധമുള്ള മനസ്സിന്റെ ആത്മാവിഷ്‌കാരമായും നമുക്ക് വിവരിക്കാന്‍ കഴിയുന്നതാണല്ലോ സംഗീതം. വരമൊഴി അന്യമായിരുന്ന കാലത്തും സംഗീതം അന്യമായിരുന്നില്‌ളെന്ന് തെളിയിക്കുന്നതാണ് പ്രാചീന ശിലായുഗത്തിലെ പുല്ലാങ്കുഴലുകള്‍. സൈന്ധവ സംസ്‌കാരത്തിലാകട്ടെ, സപ്തസുഷിരാലംകൃതമായ പുല്ലാങ്കുഴലുകള്‍ ഉണ്ടായിരുന്നു.

ചൈനയിലാണ് ഏറ്റവും പഴയ സംഗീതോപകരണങ്ങള്‍ കണ്ടത്തെിയിട്ടുള്ളത്. ക്രിസ്തുവിനുമുമ്പ് എട്ടാം സഹസ്രാബ്ദത്തോളം പിന്നാക്കംപോകുന്ന തെളിവുകളെക്കുറിച്ച് നാം വായിക്കുന്നുണ്ട്. സംഗീതകൃതികള്‍ ആദ്യമായി രചിക്കപ്പെട്ടതും ചൈനയിലായിരുന്നു ക്രിസ്തുപൂര്‍വകാലത്തെ രണ്ടാം സഹസ്രാബ്ദത്തില്‍.

ഭാരതീയ സംഗീതത്തിന്റെ വേരുകള്‍ ഋഗ്വേദത്തിലാണ് തേടേണ്ടതെന്ന് പറയാറുണ്ട്. ഈശ്വരനെ സ്തുതിക്കാനുള്ള ഉപാധിയായിരുന്നു സംഗീതം; ഇന്ത്യയിലായാലും പ്രാചീനകാലത്തെ ഫലസ്തീന്‍നാട്ടിലായാലും. സാമവേദത്തിലും സുറിയാനി കീര്‍ത്തനങ്ങളിലും ഒരേതരം സംഗീതം ഗവേഷകര്‍ തിരിച്ചറിയുന്നു എന്ന സംഗതി സംഗീതത്തിന് അതിര് കുറിക്കാന്‍ ഭൂമിശാസ്ത്രത്തിനോ വേദശാസ്ത്രത്തിനോ കരുത്തില്‌ളെന്ന് തെളിയിക്കുന്നുമുണ്ട്.

നമ്മുടെ പാരമ്പര്യത്തില്‍ നാരദനും രാവണനും സംഗീതജ്ഞരായിരുന്നു. ഗ്രീക്കുകാരുടെ മ്യൂസിനെപോലെയാണ് നമുക്ക് വീണാപാണിയായ സരസ്വതി. നമ്മുടെ കിനാവുകള്‍ക്ക് നിറംപകര്‍ന്ന ഗന്ധര്‍വന്മാര്‍ ഗായകരായിരുന്നു.

ഭരതന്റെ നാട്യശാസ്ത്രവും ദത്തിലമുനിയുടെ ദത്തിലവും രസങ്ങളെയും രാഗങ്ങളെയും കുറിച്ച് പ്രതിപാദിച്ചു. രണ്ടും ഏകദേശം ഒരേ കാലത്ത് വിരചിതമായി എന്നാണല്ലോ പറയാറുള്ളത്. കാളിദാസന്‍ പല തരം വീണകളെക്കുറിച്ചും മൃദംഗം, ഓടക്കുഴല്‍ (വംശി), ശംഖ് തുടങ്ങിയവയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ പേര്‍ഷ്യന്‍ സ്വാധീനത കടന്നുവരുന്നതിനുമുമ്പുള്ള അവസ്ഥ സംഗീതമകരന്ദത്തില്‍നിന്ന് വ്യക്തമാകുന്നു എന്ന് അത് ഗൗരവമായി വിചിന്തനം ചെയ്തിട്ടുള്ളവര്‍ നമുക്ക് പറഞ്ഞുതരുന്നുമുണ്ട്.

ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടക സംഗീതവും വഴിപിരിഞ്ഞത് 12ാം നൂറ്റാണ്ടിലായിരുന്നു എന്നതാണ് ആര്‍ജിതവിജ്ഞാനം. 13ാം നൂറ്റാണ്ടില്‍ ശാരങ്ഗദേവന്‍ രചിച്ച സംഗീതരത്‌നാകരത്തിലാണ് ഇസ്ലാമികസ്വാധീനതയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിക്കുന്നതെന്ന സംഗതിയും ഇവിടെ ഓര്‍മിക്കാവുന്നതാണ്.

ഇന്ന് നാം ശ്രദ്ധിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തില്‍ വേദോച്ചാരണത്തിന്റെയും പേര്‍ഷ്യന്‍ സമ്പ്രദായങ്ങളുടെയും ഉത്തരേന്ത്യയിലെ വിവിധ നാടോടിശീലുകളുടെയും സമന്വയം കാണാം. മതഭേദം ഏതുമില്ലാതെ ഉപാസിക്കപ്പെടുന്നു എന്നതാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സവിശേഷത. ഹിന്ദുവാണ് ഗായകനെങ്കില്‍ പണ്ഡിറ്റ് എന്നും മുസല്‍മാനാണെങ്കില്‍ ഉസ്താദ് എന്നും പറയുമെന്നുമാത്രം.

സൂഫി പാരമ്പര്യം അന്തര്‍ലീനമാണ് ഈ പാരമ്പര്യത്തില്‍. ഹിന്ദുസങ്കല്‍പത്തിലെ ദേവീദേവന്മാരുടെ കീര്‍ത്തനങ്ങള്‍ പാടുന്ന ഉസ്താദുമാരുടെ സാന്നിധ്യം തെളിയിക്കുന്നതും മറ്റൊന്നല്ല.
ദാക്ഷിണാത്യഔത്തരാഹ സരണികള്‍ വഴിപിരിഞ്ഞിട്ട് നൂറ്റാണ്ടുകള്‍ ഏഴെട്ട് കഴിഞ്ഞെങ്കിലും ഋഗ്വേദവും ശ്രുതികളും ആലപിക്കുന്ന രാഗതാള ബദ്ധമായ സമ്പ്രദായം രണ്ടിനെയും കൂട്ടിയിണക്കുന്നുണ്ട്. അമീര്‍ ഖുസ്‌റുവും ടാന്‍സനും വൈഷ്ണവരും ഒരുപോലെ പാദമുദ്ര പതിപ്പിച്ചതാണ് മേഖല. 16ാം നൂറ്റാണ്ടില്‍ വിവിധ ഖരാനകള്‍ രൂപമെടുത്തുവെങ്കിലും മൗലികസ്വഭാവം മാറിയില്ല. ആരോഹാവരോഹങ്ങള്‍ നിര്‍വചിച്ച രാഗങ്ങള്‍ക്ക് മൗലികഭാവം മാറ്റാനാവുകയില്ലല്ലോ.

ഖയാലും ദ്രുപദുമാണ് രണ്ട് പ്രധാന രൂപങ്ങള്‍. എങ്കിലും കഌസിക്കലായും സെമികഌസിക്കലായും വിവരിക്കപ്പെടുന്ന ശീലങ്ങള്‍ വേറെയുമുണ്ട്. പേര്‍ഷ്യന്‍ സ്വാധീനത വടക്കായി പരിമിതപ്പെടുമെങ്കിലും പ്രാദേശികമായ നാടോടിഭാവങ്ങള്‍ ഹിന്ദുസ്ഥാനി സംഗീതത്തെ എന്നതുപോലെ കര്‍ണാടക സംഗീതത്തെയും അലങ്കരിക്കുന്നുണ്ടെന്ന് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കാറുണ്ട്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ പല ഖരാനകളില്‍ ഒന്നാണ് ആഗ്ര ഖരാന. ഗ്വാളിയര്‍, ജയ്പൂര്‍, കിരാന, ബനാറസ്, പട്യാല, ലഖ്‌നോ ഖരാനകളാണ് മറ്റ് പ്രമുഖ സമ്പ്രദായങ്ങള്‍. ആഗ്ര ശ്രീകൃഷ്ണഭൂമിയുടെ ഹൃദയമാണ് എന്ന് പറയാറുണ്ട്. അക്ബറുടെ സേനാനായകരില്‍ ഒരാളായിരുന്ന സുജന്‍സിങ് തോമര്‍ ആണ് ആഗ്ര ഖരാനയുടെ സ്ഥാപകനായി വാഴ്ത്തപ്പെടുന്നത്. സുജന്‍സിങ് പില്‍ക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ച് സുജന്‍ഖാന്‍ ആയി. എങ്കിലും രജപുത്രര്‍ എന്നാണ് പിന്‍തലമുറകള്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ആഗ്ര ഖരാനയുടെ അഹങ്കാരം ഉസ്താദ് ഫയാസ് ഹുസൈന്‍ ഖാനാണ്. 19ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ജനിച്ച ഉസ്താദ് ഫയാസ് ഖാന്‍ അത്രോളിയിലെ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍നിന്നാണ് വിവാഹം ചെയ്തത്. ആഗ്രഅത്രോളി ഖരാന എന്ന പേരിന്റെ പശ്ചാത്തലം ഇതാണ്. ഖയാല്‍ ഗാനങ്ങളായിരുന്നു ഉസ്താദ് ഫയാസ് ഖാന്‍ തിളങ്ങിയ മേഖല. ബറോഡയിലെ ഗെയ്ക്വാദ് ഉസ്താദിനെ അഫ്താബ്ഇമുസികി അഥവാ സംഗീതത്തിന്റെ പുത്രന്‍ എന്ന് വിളിച്ച് ആദരിച്ചു. ഉസ്താദ് 1950ല്‍ ദിവംഗതനായെങ്കിലും ആഗ്ര ഖരാന പുര്‍വല്‍ ഉഷാറായി തുടരുന്നു.
മൂന്ന് വയസ്സുള്ളപ്പോള്‍ ഫയാസ് ഖാന്റെ കച്ചേരി കേട്ട ശിശുവിന് തോന്നിയ ആകര്‍ഷണമാണ് 2014ലെ നിശാഗന്ധി പുരസ്‌കാരം നേടിയ ലളിത് റാവുവിനെ ആഗ്ര ഖരാനയുടെ അഭിമാനമാക്കി വളര്‍ത്തിയെടുത്തത്. 12ാം വയസ്സില്‍ അരങ്ങേറ്റം. പിന്നെ പഠിച്ചത് എന്‍ജിനീയറിങ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയശേഷം സംഗീതത്തിന്റെ ഉപാസനക്കായി ജീവിതം ഉഴിഞ്ഞുവെച്ച കഥയാണ് ലളിത് റാവുവിന്‍േറത്. ദിനകര്‍ കയ്കീനിയും ഖാദിം ഹുസൈന്‍ ഖാനും ഗുരുക്കന്മാരായി. ഖയാല്‍, ദ്രുപദ്, ധമര്‍ തുടങ്ങിയ എല്ലാ ശാഖകളിലും സ്വന്തം മുദ്ര പതിപ്പിച്ചു ഈ വിദുഷി. കഴിഞ്ഞ മൂന്ന് വ്യാഴവട്ടക്കാലമായി വിദേശത്ത് കച്ചേരി നടത്തുന്നെന്ന് പറയുന്നതിന് വിശേഷണം വേണം. 1994ല്‍ വിദുഷി റാവുവിന് ശബ്ദം നഷ്ടപ്പെട്ടു. സംഗീതത്തെ ജീവനുപരി സ്‌നേഹിച്ചവര്‍ ആ ആഘാതത്തെ അതിജീവിച്ചു. കച്ചേരികള്‍ നടത്താനാവുന്നില്‌ളെങ്കിലും സോദാഹരണപ്രഭാഷണങ്ങളും സംഗീതാധ്യാപനവും വഴി അവര്‍ നാദോപാസന തുടരുകയാണ്.

ലളിത് എന്ന പേരുതന്നെ സാര്‍ഥകമാണ്. സരസ്വതിയുടെ പേര്. ഒരു ഉദയകാലരാഗത്തിന്റെ പേര്. അവിശ്വസനീയമായി നമുക്ക് തോന്നാമെങ്കിലും മൂന്നാം വയസ്സില്‍ ഉസ്താദ് ഫയാസ് ഖാന്റെ നാല് മണിക്കൂര്‍ കച്ചേരി ഉറങ്ങാതെയും കരയാതെയും കേട്ടിരുന്നു എന്നാണ് ഈ വിദുഷിയെക്കുറിച്ച് ചിത്രപ്പൂര്‍ സാരസ്വതസമുദായത്തില്‍ പ്രചാരത്തിലുള്ള ഐതിഹ്യം. ലളിതയുടെ സംഗീതവാസനയെക്കുറിച്ച് മാതാപിതാക്കന്മാര്‍ക്ക് തിരിച്ചറിവുണ്ടായത് അങ്ങനെയാണത്രെ. ആഗ്രഅത്രോളി ഖരാനയുടെ ആചാര്യനായിരുന്ന ഉസ്താദ് ഫയാസ് ഖാന്റെ ശിഷ്യന്‍ പണ്ഡിറ്റ് രാമറാവു നായിക് ആയിരുന്നു ആദ്യ ഗുരു. 14ാം വയസ്സില്‍ സ്വാമി ഹരിദാസ് സംഗീതസമ്മേളനത്തില്‍ പാടാന്‍ അവസരം കിട്ടി. അത് തിരുവനന്തപുരത്തെ നവരാത്രിസദസ്സുപോലെ ഉന്നതശീര്‍ഷര്‍ക്കുമാത്രം ലഭ്യമാവുന്ന പദവിയാണ് എന്നോര്‍ക്കണം.

1965ല്‍ മദിരാശിയിലെ ഒരു കച്ചേരിയില്‍ തലയാട്ടിയും താളംപിടിച്ചും ലയിച്ചിരുന്ന ഒരു സുമുഖന്‍ രണ്ടു വര്‍ഷം കഴിഞ്ഞ് താലികെട്ടിയതാണ് വഴിത്തിരിവായത്. ബയോമെഡിക്കല്‍ ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തരബിരുദം നേടി ഉപരിപഠനം തുടരേണ്ട വേളയില്‍ ഉസ്താദ് ഫയാസ് ഖാന്റെ ആത്മാവ് ഭര്‍ത്താവായ ജയ്വന്ത് റാവുവിലൂടെ വിദുഷിയെ സംഗീതത്തിന്റെ രാജപാതയില്‍ തിരിച്ചത്തെിക്കുകയായിരുന്നു. പണ്ഡിറ്റ് ദിന്‍കര്‍ കയ്കീനി ആ സമയത്ത് വഴികാട്ടിയായി. തുടര്‍ന്നാണ് ഉസ്താദ് ഖാദിം ഹുസൈന്‍ ഖാന്‍ ലളിത്‌റാവുവിന്റെ ഗുരുവായത്. ഉസ്താദ് ഹുസൈന്‍ ഖാന്‍ അവരെ സംഗീതലോകത്ത് തളച്ചിടാന്‍ കണ്ട വഴി കച്ചേരികള്‍ നടത്തിക്കുക എന്നതായിരുന്നു! രാഗവിസ്താരത്തിലൂടെ അനുവാചകരെ സരസ്വതീസാമ്രാജ്യത്തിന്റെ ഔന്നത്യങ്ങളില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

പഠിച്ച എന്‍ജിനീയറിങ്ങിന്റെ രീതിശാസ്ത്രം പ്രയോജനപ്പെടുത്തി ഹിന്ദുസ്ഥാനി സംഗീതത്തിലെ വിവിധ ഖരാനകളിലെ ആചാര്യന്മാരുടെ രാഗങ്ങളും രചനകളും ശേഖരിച്ചത് സംഗീതവിജ്ഞാനീയത്തിന് ലളിത് റാവുവിന്റെ സംഭാവനയാണ്. സിയാറ്റില്‍ സര്‍വകലാശാലയില്‍ 500 കൃതികളാണ് അവര്‍ സ്വനലേഖനം ചെയ്ത് സൂക്ഷിച്ചിട്ടുള്ളത്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മാച്ച് ദു മോണ്ടേ അവരെ പണ്ഡിറ്റ് രവിശങ്കര്‍ക്കൊപ്പമാണ് പ്രതിഷ്ഠിച്ചത്. അങ്ങനെയിരിക്കെയാണ് ശബ്ദം നഷ്ടപ്പെട്ടത്. ആ പ്രതിസന്ധിയും അവര്‍ വിജയകരമായി നേരിട്ടു എന്നത് ചരിത്രം. കച്ചേരി നടത്താനാവുന്നില്‌ളെങ്കിലും പ്രശസ്തരായ അനേകര്‍ ശിഷ്യജനങ്ങള്‍ക്കിടയിലുണ്ടെന്നത് അവരുടെ സുകൃതം.

ശുഭമസ്തു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

View More