Image

നന്മ വിരിയിക്കുന്ന രക്ഷിതാക്കള്‍' എംജിഎം കാമ്പയിന് ഉജ്വല സമാപനം

Published on 31 December, 2013
നന്മ വിരിയിക്കുന്ന രക്ഷിതാക്കള്‍' എംജിഎം കാമ്പയിന് ഉജ്വല സമാപനം
ദോഹ: നന്മ വിരിയിക്കുന്ന രക്ഷിതാക്കള്‍ എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാവിഭാഗമായ എംജിഎം ഖത്തര്‍ സംഘടിപ്പിച്ച ദൈ്വമാസ കാമ്പയിന്‍ സമാപിച്ചു. രക്ഷാകര്‍ത്യത്വം ഗൗരവപൂര്‍വം നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് നല്‍കിക്കൊണ്ടാണ് ബിന്‍മഹ്മൂദിലെ ഹംസ ബിന്‍ അബ്ദുള്‍ മുത്തലിബ് സ്‌കൂളില്‍ നടന്ന സമാപനസമ്മേളനത്തിന് തിരശീല വീണത്. പരിപാടിയില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.

വിവരസാങ്കേതികവിദ്യയുടെ വിപ്ലവം നടക്കുന്ന ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ ഓണ്‍ലൈനില്‍ സുരക്ഷിതമായി നിലനിര്‍ത്തുവാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യമാണെന്ന് പ്രമുഖ ഐടി വിദഗ്ധനും കൗണ്‍സലറുമായ മുഹമ്മദ് ഫൈസല്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ അപായപ്പെടുത്തുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ധാരാളം മാഫിയകള്‍ വലവിരിച്ചിരിക്കുന്ന ഒരു മഹാനഗരത്തിന് സമാനമാണ് സൈബര്‍ലോകമെന്ന് അദ്ദേഹം വിശദീകരിച്ചു.

പരസ്പരമുളള ആദരവാണ് കുടുംബജീവിതത്തെ ഏറ്റവും മനോഹരമാക്കുകയെന്ന് 'ദാമ്പത്യം: കടമകളും കടപ്പാടുകളും' എന്ന വിഷയമവതരിപ്പിച്ച പ്രമുഖ പണ്ഡിതന്‍ ഡോ. അബ്ദുള്‍ അഹദ് മദനി വിശദീകരിച്ചു. 

കുട്ടികളുടെ വൈകാരികതലങ്ങളില്‍ ക്രിയാത്മകമായ ചലനം സ്യഷ്ടിക്കുന്ന നിക്ഷേപങ്ങള്‍ നടത്തുവാന്‍ രക്ഷിതാക്കള്‍ക്ക് സാധിച്ചാല്‍ മാത്രമേ അവര്‍ വളര്‍ന്നാല്‍ അവരില്‍ നിന്ന് അത് തിരികെ ലഭിക്കുകയുളളുവെന്ന് സമാപനപ്രസംഗം നടത്തിയ ഐഎസ്എം വയനാട് ജില്ലാ സെക്രട്ടറി അബ്ദുള്‍ ജലീല്‍ മദനി പ്രസ്താവിച്ചു. ശരിയായ അവബോധം ലഭിച്ചാല്‍ അവര്‍ ഒരിക്കലും വഴിതെറ്റുകയില്ല. 

സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഗമത്തില്‍ സഫീര്‍ അസീസ്, അഹ്മദ് അന്‍സാരി, ഹുസൈന്‍ കായംകുളം എന്നിവര്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ആശംസകള്‍ നേര്‍ന്നു. എംജിഎം പ്രസിഡന്റ് ഖമറുന്നീസ ശാഹുല്‍ അധ്യക്ഷത വഹിച്ചു. താഹിറ അബു, ജസീറ ഹാഫിസ് എന്നിവര്‍ പ്രസംഗിച്ചു. കാമ്പയിനോടനുബന്ധിച്ചു നടന്ന വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ആയിഷ മുസ്തഫ, സുലൈഖ അബ്ദുള്ള എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി താഹിറ വഹാബ് സ്വാഗതവും സബിത മുഹമ്മദലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക