Image

ആര്‍. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാന്‍ തീരുമാനം

Published on 31 October, 2011
ആര്‍. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ബാലകൃഷ്ണപിള്ളയുടെ പേരുള്ളത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരുമാസം ഇളവും ലഭിക്കും. ആറ് മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക് രണ്ട് മാസവും രണ്ട് വരെ വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മൂന്നുമാസവും ഇളവ് നല്‍കും.

എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് ആറുമാസം ഇളവും ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് ഒരുവര്‍ഷത്തെ ഇളവാണ് ലഭിക്കുക. പിള്ളയടക്കം 2500 തടവുകാര്‍ക്കാണ് പുതിയ ഉത്തരവ് ഗുണകരമാകുക.

എന്നാല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി കെ ലക്ഷ്മണക്ക് ശിക്ഷാഇളവില്ല.

സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ കാറ്റില്‍ പറത്തിയതായി ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക