Image

നിതാഖത്ത് തൊഴില്‍ മേഖലയെ ഗുണപരമായി സ്വാധീനിച്ചുവെന്ന് സൗദി തൊഴില്‍ മന്ത്രി

Published on 26 December, 2013
നിതാഖത്ത് തൊഴില്‍ മേഖലയെ ഗുണപരമായി സ്വാധീനിച്ചുവെന്ന് സൗദി തൊഴില്‍ മന്ത്രി
ജിദ്ദ: സ്വദേശിവത്കരണ പദ്ധതിയായ നിതാഖത്ത് സൗദിയിലെ തൊഴില്‍ മേഖലയെ ഗുണപരമായി സ്വാധീനിച്ചെന്ന് തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്. സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനും സ്വദേശികളുടെ ശമ്പളം ഉയര്‍ത്താനും സ്വദേശിവത്കരണം ത്വരിതപ്പെടുത്താനും നിതാഖത്ത് പരിഷ്‌കരണങ്ങള്‍ വഴി സാധിച്ചു. നിതാഖത്ത് പ്രകാരം പച്ച കാറ്റഗറിയിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 81 ശതമാനത്തിലെത്തിയെന്നും ചുവപ്പും മഞ്ഞയും സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആറു ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് ചുവപ്പ് കാറ്റഗറിയിലുള്ളത്. 

സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും നിലവില്‍ 13 ലക്ഷത്തിലധികം സ്വദേശി യുവാക്കള്‍ 3000 ത്തിനു മുകളില്‍ ശമ്പളം വാങ്ങുന്നവരാണെന്നും ഈ രംഗത്ത് നിതാഖാത് പരിഷ്‌കരണങ്ങളിലൂടെ മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടി വര്‍ധനവുണ്ടായിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു. വേതന സുരക്ഷാനിയമം നടപ്പിലാക്കിയതോടെ സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാര്‍ക്കും യഥാസമയം പൂര്‍ണമായി വേതനം ലഭിക്കുന്നുവെന്നുറപ്പ് വരുത്താന്‍ കഴിയുന്നു. ഇതുവഴി സ്ഥാപന ഉടമകള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉത്പാദനം കൂട്ടാനും സാധിക്കുന്നതിനൊപ്പം ജീവനക്കാരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നും തൊഴില്‍ മന്ത്രി വ്യക്തമാക്കി. 

അതിനിടെ സൗദി പാസ്‌പോര്‍ട്ട് വിഭാഗം നടപ്പാക്കിയ ഓണ്‍ലൈന്‍ സേവനപദ്ധതി 'അബ്ശിര്‍' വിദേശി തൊഴിലാളികള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടുന്നുവെന്ന് മക്ക മേഖലാ പാസ്‌പോര്‍ട്ട് വിഭാഗം മേധാവി കേണല്‍ ഹുസൈന്‍ ബിന്‍ യഹ്യ അല്‍ ഹാിരിസി വ്യക്തമാക്കി. നേരത്തേ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്ത് നിന്നാല്‍ മാത്രം തരപ്പെടുമായിരുന്ന ഇഖാമ പുതുക്കല്‍, റീഎന്‍ട്രി , എക്‌സിറ്റ് സ്റ്റാമ്പുകള്‍ തുടങ്ങിയ പാസ്‌പോര്‍ട്ട് ഓഫീസ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി വളരെ വേഗം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച പ്രകാരം ഓഫിസ് പ്രവൃത്തി സമയം വൈകുന്നേരം 5.30 വരെ നീട്ടിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ തിരക്ക് കുറക്കാനും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കുന്നുണെ്ടന്നും അദ്ദേഹം വിലയിരുത്തി.

റിപ്പോര്‍ട്ട്:മുസ്തഫ കെ.ടി പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക