Image

ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

Published on 26 December, 2013
ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദമാം: ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവാസി ഇന്ത്യക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യാ കേരള ചാപ്റ്റര്‍ 'ഹെല്‍ത്തി ലൈഫ്, ഹാപ്പി ലൈഫ്' (ആരോഗ്യമുള്ള ജീവിതം; സന്തുഷ്ട ജീവിതം) എന്ന പേരില്‍ ഡിസംബര്‍ 25 മുതല്‍ ഒരു മാസം ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആതുര സേവന രംഗത്ത് ശ്രദ്ധേയരായ സഫ്‌വയിലെ സലാമതക് മെഡിക്കല്‍ സെന്ററാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

പ്രവാസി സമൂഹത്തില്‍ തിരക്കുപിടിച്ച ജോലിയും മറ്റു മാനസിക സംഘര്‍ഷങ്ങളുമായി ആരോഗ്യ കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധ ചെലുത്താതെ ഒരു വിഭാഗമാളുകള്‍ ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍, ഗണ്യമായ വിഭാഗം ആയാസരഹിതവും ദൈര്‍ഘ്യമേറിയതുമായ ജോലികള്‍ക്കൊടുവില്‍ ശിഷ്ട സമയം കംപ്യൂട്ടറിന്റെയോ ടെലിവിഷന്റെയോ മുമ്പില്‍ ചെലവഴിക്കുന്നവരാണ്. ഇക്കാരണങ്ങളാല്‍ വളരെ ചെറുപ്രായത്തില്‍ തന്നെ പ്രവാസികള്‍ക്കിടയില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാണ്. 

പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നവരാണെങ്കില്‍ തുടര്‍ന്നുള്ള ജീവിതം ആശുപത്രികളിലും മരുന്നിനുമായി നീക്കിവയ്ക്കുന്നു. ഇവിടെ മരണം സംഭവിക്കുന്നതില്‍ ഏറിയ പങ്കും ഇത്തരം അസുഖങ്ങള്‍ മൂലമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. അധ്വാനക്കൂടുതലുള്ള തൊഴിലുകള്‍ ചെയ്യുന്ന ആളുകളില്‍ പോലും കണ്ടുവരുന്ന ഈ മരണ നിരക്ക് വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗള്‍ഫ് കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ശരീരത്തെ പാകപ്പെടുത്തി എടുക്കണമെങ്കിലും വ്യായാമം കൂടിയേ തീരൂ.

ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കുവാന്‍ സാധ്യമാകൂ. ഈ സന്ദേശം പ്രവാസികള്‍ക്കിടയില്‍ എത്തിക്കുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്താണ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളുമായി ഫ്രട്ടേണിറ്റി ഫോറം മുന്നോട്ടു വരുന്നത്. 

പ്രവാസി സമൂഹത്തിന്റെ ക്ഷേമ കാര്യങ്ങളില്‍ ദൈനംദിന ഇടപെടലുകള്‍ നടത്തുന്നതിലൂടെ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ചെയ്തുവരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന പ്രവാസി കൂട്ടായ്മയെന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനും സേവനങ്ങള്‍ ഇന്ത്യക്കാരായ പരമാവധി ആളുകളില്‍ എത്തിക്കുന്നതിനും മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്.

കാമ്പയിന്റെ ഭാഗമായി പ്രവിശ്യയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വ്യായാമത്തിന്റെ പ്രാധാന്യവും ചെയ്യേണ്ട രീതികളും വ്യക്തമാക്കുന്ന വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള 10,000ത്തിലധികം കൈപുസ്തകങ്ങളുടെ വിതരണം, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, റൂം സന്ദര്‍ശനം, ലഘുലേഖ വിതരണം, കോര്‍ണര്‍ ഡിസ്‌കഷന്‍, പ്രാദേശിക മെഡിക്കല്‍ സെന്ററുകളുടെ സഹായത്തോടെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വനിതകള്‍ക്ക് മാത്രമായി ആരോഗ്യ സെമിനാറും സംശയ നിവാരണ സൗകര്യങ്ങളും, വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ യോഗ പരിശീലന ക്ലാസുകള്‍ എന്നിവ നടക്കും.

പൊതുനന്മ ലക്ഷ്യമാക്കി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഈ കാമ്പയിന്‍ വിജയിപ്പിക്കുവാന്‍ ഏവരുടേയും സഹായ സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക