Image

ദമാമില്‍ കെഎംസിസി 'ബാലറ്റ് 2014 ആന്‍ഡ് ഫ്യൂച്ചര്‍' ഇന്ത്യ ദേശീയ സംഗമം ശ്രദ്ധേയമായി

Published on 23 December, 2013
ദമാമില്‍ കെഎംസിസി 'ബാലറ്റ് 2014 ആന്‍ഡ് ഫ്യൂച്ചര്‍' ഇന്ത്യ ദേശീയ സംഗമം ശ്രദ്ധേയമായി
ദമാം: ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും നാനാത്വത്തിലുള്ള ഏകത്വവും ലോകത്തിന് മാതൃകയായത് കരുത്തുറ്റ ജനാധിപത്യവും അത് പരിപാലിച്ച് ഭരണം നടത്തിയ സച്ചരിതരായ ദേശീയ നേതാക്കളുമാണെന്നും മതേതരത്വവും ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വകവച്ച് നല്‍കിയ അര്‍ഹമായ പ്രാതിനിധ്യം അതിന്റെ സവിശേഷതയാണെന്നും കെഎംസിസി ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍ മഹാത്മാഗാന്ധിയുടെ ഘാതകരുടെ ആദര്‍ശം പേറുന്ന ഒരുകൂട്ടം ന്യൂനപക്ഷമായ മതേതര വിരുദ്ധര്‍ വിശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായി ചമയുന്ന അതീവ ഗുരുതര സാഹചര്യത്തില്‍ ഇന്ത്യയുടെ മതേതര പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ന്യൂനപക്ഷ മതേതര വോട്ടുകളുടെ ഭിന്നത ഒഴിവാക്കാന്‍ ദേശക്കൂറുള്ള ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളിലും പ്രത്യേകിച്ച് മുസ്‌ലീം സമൂഹത്തിലും കാണുന്ന അഭിപ്രായ ഭിന്നതകള്‍ അവരെ അരാഷ്ട്രീയവത്കരിക്കുന്നതിലും സവര്‍ണ ലോബിക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ ലഭിക്കുന്ന രീതിയില്‍ നിലപാടുകള്‍ തുടരുന്നതിലും യോജിച്ച നടപടികള്‍ സ്വീകരിക്കാന്‍ മതേതരരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിയണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി സംഘടിപ്പിച്ച സെമിനാര്‍ ദമാം ഇന്ത്യന്‍ എംബസി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും ആയിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സമ്പത്തെന്നും ആധുനിക ഇന്ത്യ മാനവ വിഭവശേഷിയുടെ ആഗോള ശ്രോതസാണെന്നും ഭാവിയുടെ ലോകം ഇന്ത്യന്‍ യുവത്വത്തിന്റെ കരങ്ങളിലാണെന്നും എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ഈ കര്‍മ്മശേഷിയെ നയിക്കാന്‍ കരുത്തുറ്റ രാഷ്ട്രീയ നേതൃത്വം ഭാവി ഇന്ത്യക്ക് അത്യാവശ്യമാണെന്നും അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ വികസനം നല്‍കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പിന്നോക്ക മതേതര രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ മലബാറിലെ മാപ്പിളകളുടെ കൈയിലാണ് എന്നത് ചരിത്ര വസ്തുതയാണെന്നും മുസ്‌ലിം മനസിനെ ഇന്ത്യടെ ദേശീയ ബോധത്തില്‍ ലയിപ്പിച്ചു പിന്നോക്ക രാഷ്ട്രീയത്തിന് അന്തസ് നല്‍കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തിച്ച രാഷ്ട്രീയ മേഖലക്ക് സാധിച്ചുവെന്നും മുഖ്യാഥിതിയായി സംസാരിച്ച മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സിറാജ് ഇബ്രാഹിം സേട്ട് അഭിപ്രായപ്പെട്ടു. 

വെള്ളക്കാര്‍ക്കെതിരെ പട നയിച്ച മാപ്പിള മക്കളുടെ ദേശീയബോധം വളരെ വലുതാണെന്നും ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും സഹിച്ചു കരുത്തുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം നയിക്കാന്‍ ത്യഗവര്യന്മാര്‍ അവരെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഖായിദേ മില്ലത്തും, ബാഫക്കി തങ്ങളും, സുലൈമാന്‍ സേട്ടുവും തങ്ങളുടെ സമ്പത്തും ആയുസും മുസ്‌ലിം രാഷ്ട്രീയത്തിന് സമര്‍പ്പിച്ച നേതാക്കളാണെന്നും അവരുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയുറച്ച ദൈവ വിശ്വാസവും അതിലൂന്നിയ സാമൂഹ്യ സേവനവും കൈമുതലാക്കിയവര്‍ക്ക് ഏതു സാഗര ഗര്‍ജനത്തിലും വിദഗ്ദമായി കപ്പലോടിക്കുന്ന നാവികന്റെ മനസ് ഉണ്ടാവുമെന്നും ആ മനസാണ് മലബാര്‍ മുസ്‌ലിങ്ങളെ അന്തസോടെ ഭാരത മണ്ണില്‍ നിലനിര്‍ത്തുന്നതെന്നും അല്ലാമ ഇഖ്ബാല്‍ കവിതകളിലൂടെ അദ്ദേഹം പറഞ്ഞു. ലോക മര്‍ദ്ദിത ജനതക്ക് ഐക്യദാര്‍ഡ്യം കാന്നിക്കുന്ന മനസാണ് ഇന്ത്യന്‍ മുസല്‍മാന്റേതെന്നും അതുപോലെ കേരളത്തിലെ അശരണരുടെ അത്താണികളായാണ് പ്രാവാസി സമൂഹം സ്വന്തം കുടുംബത്തെ പരിപാലിക്കുന്നപോലെ ജീവകാരുണ്യ രംഗത്ത് ഇടപെടുന്നതെന്നും സിറാജ് സേട്ട് പറഞ്ഞു. അബൂ ജിര്‍ഫാസ് മൗലവി സിറാജ് സേട്ടിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തി. സവര്‍ണ ഫാസിസ്റ്റ് വിരുദ്ധ വോട്ടുകളുടെ ഏകോപനം വിവിധ സംസ്ഥാനങ്ങളില്‍ രൂപപ്പെടണമെന്നും വിജയിച്ച കേരള മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം നല്‍കണമെന്നും പ്രവാസ ലോകത്തെ വിവിധ സംസ്ഥാങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തകരായ ഡോ. ഷംഷാദ് അഹമ്മദ് (ഡല്‍ഹി), ഹസനൈന്‍ (യുപി), മിര്‍സാ ബേഗ് (ഹൈദരാബാദ്), യൂനസ് ഖാദി (കര്‍ണാടക), ഷഫീക്കുല്ലാ (തമിഴ്‌നാട്) എന്നിവര്‍ പറഞ്ഞു. 

ഇന്ത്യന്‍ എംബസി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം അബ്ദുള്ള മഞ്ചേരി, പി.എഎം ഹാരിസ് തുടങ്ങിയവര്‍ സെമിനാറില്‍ പ്രസംഗിച്ചു. അബ്ദുള്‍ ഗഫൂര്‍ സാഹിബ് (സെക്രട്ടറി കെഎംസിസി നാഷണല്‍ കമ്മിറ്റി) അമീറലി തളിപ്പറമ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഫാ ക്ലിനിക്ക് ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോടൂര്‍, സി.പി ഷരീഫ് എന്നിവര്‍ സംബന്ധിച്ചു. സക്കീര്‍ അഹമ്മദിന്റെ ഖിറാഅത്തോടെ അരംഭിച്ച സെമിനാറില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും യു.എ റഹീം (ജുബൈല്‍) കൃതജ്ഞതയും അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

ദമാമില്‍ കെഎംസിസി 'ബാലറ്റ് 2014 ആന്‍ഡ് ഫ്യൂച്ചര്‍' ഇന്ത്യ ദേശീയ സംഗമം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക