Image

അബുദാബിയില്‍ അരങ്ങുണര്‍ന്നു ഇനി നാടക രാവുകള്‍

Published on 22 December, 2013
അബുദാബിയില്‍ അരങ്ങുണര്‍ന്നു ഇനി നാടക രാവുകള്‍
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അഞ്ചാമത് ഭരത് മുരളി നാടകോല്‍സവത്തിന് തിരശീല ഉയര്‍ന്നു. ഇനി നാടക രാവുകളുടെ ദിനങ്ങള്‍ ആദ്യ ദിനം അബുദാബി കല അവതരിപ്പിച്ച മത്തി എന്ന നാടകം കാണാന്‍ നിറഞ്ഞ സദസ് ആയിരുന്നു. മറ്റ് എമിറേറ്റുകളില്‍ നിന്നും നൂറുകണക്കിനു നാടക പ്രേമികളാണ് നാടകം കാണാന്‍ എത്തിയത്. ജീനോ ജോസഫ് സംവിധാനം ചെയ്ത മത്തി എന്ന നാടകം അവതരണം കൊണ്ടും പുതുമ കൊണ്ടും പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചു. 

സാധാരണക്കാരന്റെ ജനകീയ മത്സ്യമായ മത്തിയും അതു പിടിച്ചു ജീവിക്കുന്നവരുടെ, മത്തി എന്ന മത്സ്യത്തെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും അവരുടെ സ്‌നേഹവും പ്രണയവും ഈ നാടകത്തിലൂടെ പറയുന്നു. റഫീക്കായി അഭിനയിച്ച വിനോദ് പട്ടുവവും റഫീക്കിന്റെ കുഞ്ഞുപെങ്ങളായി അഭിനയിച്ച ഗോപികയും മികച്ച അഭിനയമാണ് കാഴ്ചവച്ചത് ഈ നാടകത്തോടെ അബുദാബിയിലെ നാടക രാവുകള്‍ക്ക് ഈ തുടക്കമായി. അഹല്യ എക്‌സ്‌ചേഞ്ച് മാനേജര്‍ വി.എസ് തമ്പി നാടകോത്സവം ഉദ്ഘാടനം ചെയ്തു കെഎസ്‌സി പ്രസിഡന്റ് എം.യു വാസു അധ്യക്ഷത വഹിച്ചു. ഐഎസ്‌സി ആക്ക്ടിംഗ് പ്രസിഡന്റ് രാജന്‍ സക്കറിയ നടനും യുഎഇ എക്‌സ്‌ചേന്‍ജ് മീഡിയ മാനേജറും ആയ മൊയ്ദ്ദീന്‍ കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഎസ് സി സെക്രെട്ടറി ജയകുമാര്‍ സ്വാഗതവും കലാവിഭാഗം സെക്രട്ടറി രമേശ് രവി നന്ദിയും പറഞ്ഞു.

ജനുവരി നാലു വരെ നീളുന്ന ഈ നാടകോത്സവത്തില്‍ ഒമ്പത് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ലോകത്താകമാനമുള്ള മലയാളികളുടെ അഭിമാനമായി ഈ മഹാമേള വളരുകയാണ്. 

രണ്ടാം ദിവസമായ ഡിസംബര്‍ 20 ന് (വെള്ളി) അലൈന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന മഴപാട്ട് സംവിധാനം ചെയ്യുന്നത് മഞ്ജുളനാണ്. 

22ന് (ഞായര്‍) യുവകലാസഹിതി അബുദാബി അവതരിപ്പിക്കുന്ന മധ്യധരണ്യാഴി ഷട്ടര്‍ എന്നസിനിമയുടെ സംവിധായകന്‍ ജോയ് മാത്യുവിന്റെ രചനയില്‍ പ്രശസ്ത സംവിധായകന്‍ എ.രത്‌നാകരന്‍ സംവിധാനം ചെയ്യുന്നു. കേരള സാഹിത്യ അക്കാഡമിയുടെ പുരസ്‌ക്കാരം ലഭിച്ച രചനയാണ് മധ്യധരണ്യാഴി.

24ന് (ചൊവ്വാ) അബുദാബി ക്ലാപ്‌സ് ക്രിയേഷന്‍സിന്റെ പന്തയം രാജീവ് മുളക്കുഴ സംവിധാനംചെയ്യുന്നു. പ്രശസ്ത റഷ്യന്‍ കഥാകൃത്ത് ആന്റന്‍ ചെക്കോവിന്റെ ദി ബെറ്റ് എന്ന ഥയുടെനാടകാവിഷ്‌കാരമാണ് ഇത്. 

26ന് (വ്യാഴം) അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നാടകം പ്രശസ്ത കവി പി. കുഞ്ഞിരാമന്‍നായരുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ 'കവിയച്ഛന്‍' സംവിധാനം ചെയ്യുന്നത് സാംക്കുട്ടി പട്ടംങ്കരിയാണ്. 

28ന് (ശനി) തിയേറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന തിരസ്‌ക്കരണി സംവിധാനം ചെയ്യുന്ന തൃശൂര്‍ ഗോപാല്‍ജിയാണ്.

30ന് (തിങ്കള്‍) നാടക സൗഹൃദം അബുദാബിയുടെ 'നാഗമണ്ഡല' സംവിധാനം ചെയ്യുന്നത് സുവീരനാണ്. 

2014 ജനുവരി രണ്ടിന് മുസഫ്ഫ കൈരളി എന്‍പിസി സിയുടെ കിഴവനും കടലും സംവിധാനം ചെയ്യുന്നത്ശശിധരന്‍ നടുവില ആണ്. നോബല്‍ സമ്മാനം ലഭിച്ച ഏണസ്റ്റ് ഹെമിംഗ് വേയുടെ ഇതേ പേരിലുള്ളനോവലിന്റെ നാടകാവിഷ്‌കാരമാണ് ഇത്. 

ജനുവരി മൂന്നിന് തനിമ കലാ സാസ്‌കാരിക വേദി അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസിന്റെ രചനയും സംവിധാനവും സാജിദ് കൊടിഞ്ഞിയാണ് പ്രശസ്ത എഴുത്തുകാരന്‍ ഒ. ഹെന്റിയുടെ കഥയെആസ്പദമാക്കിയാണ് ഇതിന്റെ ആവിഷ്‌കാരം. 

ജനുവരി നാലിന് മത്സരഫലവും സമ്മാനദാനവും നടക്കുക. ഏറ്റവും നല്ല അവതരണം, ഏറ്റവും നല്ല രണ്ടാമത്തെ അവതരണം, ഏറ്റവും നല്ല സംവിധായകന്‍, ഏറ്റവും നല്ല നടന്‍, ഏറ്റവും നല്ല നടി,ഏറ്റവും നല്ല രണ്ടാമത്തെ നടന്‍, ഏറ്റവും നല്ല രണ്ടാമത്തെ നടി, ഏറ്റവും നല്ല ബാലതാരം, ഏറ്റവും നല്ലപ്രകാശ വിതാനം, ഏറ്റവും നല്ല പശ്ചാത്തല സംഗീതം, ഏറ്റവും നല്ല ചമയം, ഏറ്റവും നല്ല രംഗസജ്ജീകരണം എന്നീ പുരസ്‌കാരങ്ങള്‍ക്കു പുറമെ പ്രോത്സാഹന സമ്മാനമായി യുഎഇയില്‍ നിന്നുള്ള ഏറ്റവും നല്ല സംവിധായകാന്‍ മികച്ച രചന എന്നിവക്കും സമ്മാനം ഉണ്ട്. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

അബുദാബിയില്‍ അരങ്ങുണര്‍ന്നു ഇനി നാടക രാവുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക