Image

സൗദി ടൂറിസം ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം

Published on 21 December, 2013
സൗദി ടൂറിസം ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം
റിയാദ്: വിവിധ രാജ്യക്കാരായ 1200 ഫോട്ടോഗ്രാഫര്‍മാര്‍ മത്സരിച്ച രാജ്യാന്തര ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫറും റിയാദ് ടാക്കീസ് എന്ന പ്രവാസി സംഘടനയുടെ പ്രവര്‍ത്തകനുമായ അബ്ദുറസാഖിന് രണ്ടാം സ്ഥാനം. 

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്‍ഡി ക്വിറ്റീസിന്റെ (എസ്‌സിടിസി) 'കളേഴ്‌സ് ഓഫ് സൗദി അറേബ്യ ഫോറം' മത്സരത്തിലെ 'ടൂറിസം എക്‌സ്പീരിയന്‍സ്' വിഭാഗത്തിലാണ് മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശിയായ ഈ 29 കാരന്‍ മിന്നുന്ന നേട്ടം കൊയ്തത്. വിജയികളിലെ രണ്ട് വിദേശികളിലൊരാളും ഏക ഏഷ്യക്കാരനുമാണ് അബ്ദുറസാഖ്.

ജോലിക്കുവേണ്ടി മാത്രം നാലു വര്‍ഷം മുമ്പ് കൈയിലെടുത്ത കാമറ കൊണ്ട്, ദമാമില്‍നിന്ന് റിയാദിലേക്കുള്ള യാത്രാമധ്യേ വെറുതെ പകര്‍ത്തിയ ചിത്രമാണ് 30,000 റിയാലിന്റെ അവാര്‍ഡും രാജ്യാന്തര ഫോട്ടോഗ്രഫി പ്രദര്‍ശന വേദിയിലെ ആദരവും നേടിക്കൊടുത്തത്. ശനിയാഴ്ച റിയാദ് ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്റെറില്‍ ആരംഭിച്ച കളേഴ്‌സ് ഓഫ് സൗദി അറേബ്യ ഫോറം രാജ്യാന്തര പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എസ്‌സിടിസി പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പുരസ്‌കാരം സമ്മാനിച്ചു.

റിയാദിലെ സമയ ഹോള്‍ഡിംഗ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഫോട്ടോഗ്രാഫറാണ്. ഫോട്ടോഗ്രഫി, ഷോര്‍ട്ട് ഫിലിം മത്സരത്തിനും പ്രദര്‍ശനത്തിനുമായി 'കളേഴ്‌സ് ഓഫ് സൗദി അറേബ്യ ഫോറം' എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച വിനോദസഞ്ചാര പരിപാടിയുടെ രണ്ടാം സീസണാണിത്. കഴിഞ്ഞ തവണ മത്സരത്തെകുറിച്ച് അറിയുമ്പോഴേയ്ക്കും എന്‍ട്രി സമര്‍പ്പിക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. ഇത്തവണ നേരത്തെ തന്നെ തയാറെടുപ്പ് നടത്തി കാത്തിരുന്ന് മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് അബ്ദുറസാഖ് പറഞ്ഞു. 'ടൂറിസം എക്‌സ്പീരിയന്‍സ്' എന്ന മെയിന്‍ കാറ്റഗറിയിലാണ് ഫോട്ടോ സമര്‍പ്പിച്ചത്. സുഹൃത്തിനോടൊപ്പം ദമാമില്‍നിന്ന് റിയാദിലേക്ക് വരുമ്പോള്‍ അകലെ മണല്‍ക്കുന്നുകളില്‍ ആളുകള്‍ ചാടിയും മറിഞ്ഞും കളിക്കുന്നത് കണ്ടു. തന്റെ കാനോണ്‍ സെവന്‍ ഡി കാമറ കൊണ്ട് പകര്‍ത്തിയ ആ കാഴ്ചയാണ് സമ്മാനം നേടിയത്. മദാഇന്‍ സാലിഹിലെ ഗുഹാവീടിന്റെ ചിത്രവുമായി ഹായിലില്‍നിന്നത്തെിയ മാജിദ് അല്‍മുആയിലിക്കാണ് ഒന്നാം സ്ഥാനം. 40,000 റിയാലാണ് സമ്മാനത്തുക. 2,000 റിയാലിന്റെ 10ാം സമ്മാനം വരെയുള്ള ഈ വിഭാഗത്തില്‍ അബ്ദുറസാഖ് ഒഴികെ ബാക്കിയെല്ലാവരും സൗദി പൗരന്മാരാണ്. നാലു വിഭാഗങ്ങളിലുമായി 5050 ഫോട്ടോകളാണ് മത്സരിച്ചത്.

പത്രപ്രവര്‍ത്തനത്തിലും ഷെയര്‍ ബ്രോക്കറിംഗിലും ഒരു കൈനോക്കിയ ശേഷം അഞ്ച് വര്‍ഷം മുമ്പാണ് അബ്ദുള്‍ റസാഖ് സൗദിയിലേക്ക് വിമാനം കയറിയത്. ഇക്കണോമിക്‌സില്‍ ബിരുദവും ജേര്‍ണലിസം ഡിപ്‌ളോമയും നേടിയശേഷം ഓരോ വര്‍ഷം വീതം, തേജസ്, വര്‍ത്തമാനം പത്രങ്ങളില്‍ സബ് എഡിറ്ററും റിപ്പോര്‍ട്ടറുമായി ജോലി ചെയ്തു.

ഷെയര്‍ ബ്രോക്കറിംഗില്‍ കൈപൊള്ളിയപ്പോള്‍ ഫ്രീ വീസയെടുത്ത് റിയാദിലിറങ്ങി. വെബ്ഡിസൈനിംഗിലേയും അമച്വര്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയിലേയും പരിചയവുമായി റിയാദിലെ ഡെസര്‍ട്ട് പബ്‌ളിഷര്‍ എന്ന കമ്പനിയില്‍ ഫോട്ടോഗ്രാഫിക് അസിസ്റ്റന്റായി ചേര്‍ന്നു. മൂന്നുവര്‍ഷത്തെ ജോലിക്കിടയിലാണ് ഫോട്ടോഗ്രഫിയിലെ മുഴുവന്‍ സങ്കേതങ്ങളും പരിചയപ്പെടുന്നത്. മൊയ്തീന്‍ മുത്തനൂര്‍ -ഫാത്തിമ ദമ്പതികളുടെ മകനാണ് ഈ അവിവാഹിതന്‍. അബ്ദുള്‍ വഹാബ്, റഷീദ, സാബിറ, നസീറ എന്നിവര്‍ സഹോദരങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക