Image

നവോദയ സഹായ ഹസ്തം; ദുരിതത്തില്‍ അകപ്പെട്ട ഏഴു പേര്‍ ജീവിത പ്രതീക്ഷയിലേക്ക്

Published on 21 December, 2013
നവോദയ സഹായ ഹസ്തം; ദുരിതത്തില്‍ അകപ്പെട്ട ഏഴു പേര്‍ ജീവിത പ്രതീക്ഷയിലേക്ക്
അല്‍കോബാര്‍: ട്രാവല്‍ ഏജന്‍സിയുടെ മോഹന വാഗ്ദാനത്തില്‍ പെട്ട് ഏഴു മലയാളികള്‍ ദുരിതത്തില്‍ അകപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ പേട്ടയിലെ ഈരാറ്റ് ട്രാവല്‍സ് മുഖേനെ 85,000 മുതല്‍ 90,000 രൂപ വീസക്ക് നല്കിയാണ് കഴിഞ്ഞ ഫെബ്രുവരി മൂന്നിന് എത്തിയ അഞ്ചു പേരും മാര്‍ച്ച് 15 ന് എത്തിയ രണ്ടു പേരുമാണ് ചതികുഴിയില്‍ അകപ്പെട്ടത്. 

600 റിയാല്‍ ശമ്പളവും 200 റിയാല്‍ ഭക്ഷണത്തിന് എന്നും താമസ സൗകര്യമടക്കം ഓവര്‍ ടൈം പ്രത്യേകമായി 2,000 റിയാല്‍ ഒരു മാസത്തില്‍ ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഏഴു പേരും സൗദിയില്‍ എത്തുന്നത്. റഹീമയിലെ സബ് കോണ്‍ട്രാക്ട് കമ്പനിയില്‍ എത്തിയ ഇവര്‍ക്ക് ഇതുവരെ ഇഖാമ നല്‍കുന്നതിനോ ഇന്‍ഷ്വറന്‍സ് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ കമ്പനി തയാറായില്ല. കഴക്കൂട്ടം കൊളത്തൂര്‍ സ്വദേശി മഹേഷ്, പാറശാല സ്വദേശി സനല്‍കുമാര്‍, തിരുവനന്തപുരം പെരുമതുര സ്വദേശി ഷംനാദ്, കാട്ടാകട സ്വദേശി ഷംജാദ്, തിരുവനന്തപുരം പെരുമതുര സ്വദേശി അന്‍സര്‍, തിരുവനന്തപുരം അസൂരി സ്വദേശി ബിജു കൃഷ്ണന്‍, കന്യാകുമാരി സ്വദേശി സതീശന്‍ എന്നിവരുമാണ് പ്രവാസത്തിന്റെ ദുരിതത്തില്‍ കയത്തില്‍ പെട്ടിരിക്കുന്നത്. 

ഫിലിപ്പിനോകള്‍ക്കെല്ലാം നല്ല സൗകര്യങ്ങളോടെയുള്ള റൂമുകള്‍ നല്‍കിയപ്പോള്‍ 10 പേര്‍ക്ക് ഒരു മുറിയാണ് നല്‍കിയത്, അതാകട്ടെ ദുര്‍ഗന്ധങ്ങള്‍ വമിക്കുന്നതും യാതൊരു സൗകര്യമില്ലാത്തതുമായിരുന്നു. അസുഖം വന്നാല്‍ ആശുപത്രിയില്‍ പോയി ബില്ലുമായി വന്നാല്‍ പണം നല്‍കുമെന്ന് പറഞ്ഞ കമ്പനി അധികൃതര്‍ പൊള്ളലേറ്റ് ചികിത്സയില്‍ ആയ ഷജദിനെ പണം നല്‍കിയില്ലെന്നു മാത്രമല്ല ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ബിജു കൃഷ്ണന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആയപ്പോള്‍ ഇഖാമയില്ലാത്തതിനാല്‍ പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്പനിയോട് പറഞ്ഞപ്പോള്‍ റൂമില്‍ ഇരുന്നാല്‍ മതി, ജോലിക്ക് പോകേണ്ടതില്ല എന്നായിരുന്നു മറുപടി. (പാസ്‌പോര്‍ട്ട് കാണിച്ചായിരുന്നു വര്‍ക്ക് സൈറ്റില്‍ ഇവര്‍ പ്രവേശിച്ചിരുന്നത്).

ഇഖാമ, റൂം എന്നിവ ലഭിക്കുന്നതിനായി അല്‍ കോബാര്‍ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയത് അറിഞ്ഞ കമ്പനി അധികൃതര്‍ താമസ സ്ഥലത്ത് വന്ന് നിര്‍ബന്ധപൂര്‍വം ഇറക്കി തുഖ്ബയിലെ ഹെഡ് ഓഫീസിലും തുടര്‍ന്ന് തുഖ്ബയിലെ ക്യാമ്പിലും കൊണ്ടുവന്നാക്കി ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇതിനെത്തുടര്‍ന്ന് മഹേഷ്, ഷാജാദ്, അന്‍സര്‍, സതീശന്‍ എന്നിവര്‍ ഇറങ്ങി ഓടുകയും തുടര്‍ന്ന് നവോദയ പ്രവര്‍ത്തകനായ ലിജോ വര്‍ഗീസിനെ ബന്ധപ്പെടുകയും ചെയ്തു. അന്നു രാത്രിതന്നെ മറ്റു മൂന്നുപേരെയും നിര്‍ബന്ധിച്ചു പല പേപ്പറിലും ഒപ്പിടുവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരും ക്യാമ്പില്‍നിന്നും ഓടി രക്ഷപെടുകയും തുടര്‍ന്ന് ഏഴു പേര്‍ക്കും നവോദയ പ്രവര്‍ത്തകരായ പവനന്‍ മൂലകീല്‍, സലിം, കുഞ്ഞിരാമന്‍, ലിജോ വര്‍ഗീസ് എന്നിവര്‍ താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കി. 

കഴിഞ്ഞ ദിവസം നവോദയ പ്രവര്‍ത്തകര്‍ക്കൊപ്പം ലേബര്‍ ഓഫീസില്‍ പോയി കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ ഇവരുടെ കമ്പനി റെഡിലാണെന്ന് അറിഞ്ഞത്. മാത്രമല്ല ഓഫീസര്‍ അല്‍ സാമില്‍ കോടിംഗ് സെക്ഷനില്‍ ബന്ധപ്പെട്ട് ജോലിയുണെ്ടന്നും അവിടെ പോകാനും നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം അല്‍ സാമില്‍ കോടിംഗ് കമ്പനിയില്‍ ചെന്ന ഏഴു പേരുടെയും പസ്‌പോര്‍ട്ടിന്റെ കോപ്പി നല്‍കുകയും അനുഭാവപൂര്‍വം പരിഗണിക്കാം എന്നുപറഞ്ഞു. 

സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് നാട്ടിലുള്ള ബന്ധുക്കള്‍ എ. സമ്പത്ത് എംപിയെ ബന്ധപ്പെടുകയും തുടര്‍ന്ന് പേട്ട പോലീസ് ട്രാവല്‍ ഏജന്‍സിക്ക് എതിരായി കേസ് എടുത്തിട്ടുണ്ട്. ഇതേ കമ്പനിയിലേക്ക് തന്നെ 200 വീസകള്‍ ഈരട്ട് ട്രാവല്‍സില്‍ ഇപ്പോള്‍ ഉണെ്ടന്നും ഇവര്‍ ഏഴു പേര്‍ തറപ്പിച്ചു പറഞ്ഞു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

നവോദയ സഹായ ഹസ്തം; ദുരിതത്തില്‍ അകപ്പെട്ട ഏഴു പേര്‍ ജീവിത പ്രതീക്ഷയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക