തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ
മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടില്‍
തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയതായി കോടതി കണ്ടെത്തി. ഇതിന്റെ
പേരില്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്. ഗീത, കെമിക്കല്‍ അനലിസ്റ്റ് എം. ചിത്ര
എന്നിവര്‍ക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു.
അഭയയുടെ ആന്തരികാവയവങ്ങളുടെ രക്തപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക്
ബുക്ക് രജിസ്റ്ററില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ടെന്ന്
ചൂണ്ടിക്കാട്ടി ജോമോന് പുത്തന്‍പുരക്കല്‍ നല്കിയ ഹരജിയിലാണ് കോടതി കേസെടുത്തത്.
കോടതി നേരിട്ട് തെളിവെടുപ്പില്‍ പരിശോധനാഫലത്തില്‍ ക്രമക്കേട് നടന്നതായി
കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ജൂണ്‍ 14ന് പ്രതികള്‍ക്ക് കുറ്റപത്രം
വായിച്ചുകേള്‍പ്പിക്കും.