-->

EMALAYALEE SPECIAL

സ്വാതന്ത്ര്യം

സുനില്‍.എം.എസ്

Published

on

വളരെയധികം തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് സ്വാതന്ത്ര്യം. ഭരണഘടനയില്‍ ചില സ്വാതന്ത്ര്യങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഓരോ പൗരനും ഇന്നയിന്ന സ്വാതന്ത്ര്യങ്ങളുണ്ട് എന്നു ഭരണഘടനയില്‍ പറയുമ്പോള്‍, ഒരു പൗരന് ആ സ്വാതന്ത്ര്യങ്ങള്‍ മാത്രമേയുള്ളു, മറ്റു സ്വാതന്ത്ര്യങ്ങള്‍ ഇല്ല എന്ന അര്‍ത്ഥം വരുന്നു. അതിനും പുറമേ, പാര്‍ലമെന്റ് ഇതുവരെയായി എണ്ണൂറിലേറെ നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. അവയും എണ്ണത്തില്‍ കുറയാന്‍ വഴിയില്ല. ആകെ 1600 നിയമങ്ങള്‍ എന്നു വയ്ക്കുക. ഒരു പൗരന്‍ 1600 നിയമങ്ങള്‍ക്കു വിധേയമായാണു ജീവിയ്ക്കുന്നത്. ഇത്രയേറെ നിയമങ്ങള്‍ക്കു വിധേയനായി ജീവിയ്ക്കുമ്പോള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യമെവിടെ.

അസ്വതന്ത്രതകള്‍ ഇവിടെ അവസാനിക്കുന്നില്ല. മൗലികാവകാശങ്ങളിലുള്ള ഒന്നാണ് ഉപജീവനത്തിന്നായി തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം. പക്ഷേ, ഹര്‍ത്താല്‍ നടക്കുന്നെന്നു കരുതുക. ഉപജീവനത്തിന്നായി നടത്തുന്ന തയ്യല്‍ക്കട ഹര്‍ത്താല്‍ ദിവസം തുറക്കാനുള്ള സ്വാതന്ത്ര്യം, അതായത് ഉപജീവനത്തിന്നായി തൊഴില്‍ ചെയ്യാന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന മൌലികസ്വാതന്ത്ര്യം,  ഫലത്തില്‍ ഇല്ലാതാകുന്നു. സഞ്ചാരസ്വാതന്ത്ര്യവും ഭരണഘടനയനുസരിച്ചുള്ളതാണ്. ഹര്‍ത്താല്‍ ദിവസം ഉപജീവനത്തിന്നായി ഓട്ടോറിക്ഷ ഓടിച്ചാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ തല്ലിപ്പൊളിച്ചതു തന്നെ. പരാതിപ്പെട്ടാല്‍ പോലീസ്, 'ഹര്‍ത്താലാണെന്നറിയില്ലേ, നിങ്ങളെന്തിന് ഓട്ടോ ഓടിച്ചു' എന്നു ചോദിയ്ക്കുകയേ ഉള്ളു. അത്രയേ ഉള്ളു, സഞ്ചാരസ്വാതന്ത്ര്യവും.

ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണവും ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മൗലികാവകാശങ്ങളിലൊന്നാണ്. മകളുടെ വിവാഹം നടത്താനൊരു ലോണിന്നായി ഒരു നിര്‍ദ്ധനന്‍ ബാങ്കിനെ സമീപിച്ചെന്നു കരുതുക. നിരാശയോടെ മടങ്ങിപ്പോരേണ്ടതായി വരാം. സ്വര്‍ണ്ണപ്പണയത്തിന്മേല്‍ പണം കടം കൊടുക്കുന്ന സ്ഥാപനത്തിനെ സമീപിച്ചാല്‍ അവര്‍ സ്വര്‍ണ്ണം കൊണ്ടുവരൂ, ലോണ്‍ തരാമെന്നായിരിയ്ക്കും പറയുക. പക്ഷേ നിര്‍ദ്ധനന്റെ കൈയില്‍ സ്വര്‍ണ്ണമെവിടെ! 'ബ്ലേഡു'കാരെ സമീപിയ്ക്കാന്‍ അതോടെ അയാള്‍ നിര്‍ബ്ബദ്ധനാകുന്നു. അന്‍പതു ശതമാനം പലിശയ്ക്കായിരിയ്ക്കാം അയാള്‍ക്കു കടം കിട്ടുന്നത്. ഇതു ചൂഷണം തന്നെ. ഈ ചൂഷണത്തിന്ന് ബ്ലേഡുകാര്‍ മാത്രമല്ല, വ്യവസ്ഥിതിയും കാരണക്കാരാണ്. മറ്റൊരു ഉദാഹരണം കൂടിപ്പറയാം. ഒരു ദിവസം ബീന്‍സിന്റെ വില നാല്‍പ്പതു രൂപയില്‍ താഴെയായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു ബീന്‍സ് വാങ്ങാന്‍ ചെന്നപ്പോള്‍ വില എണ്‍പത്! ബീന്‍സ് കിട്ടാനില്ലെങ്കില്‍ വില്‍ക്കാതിരിയ്ക്കുകയാണു വേണ്ടത്. നൂറു ശതമാനം വില കൂട്ടി വില്‍ക്കുന്നത് ചൂഷണമല്ലാതെ മറ്റൊന്നുമല്ല. സര്‍ക്കാര്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയും ചെയ്യും. ചൂഷണത്തിനെതിരെയുള്ള സ്വാതന്ത്ര്യം കടലാസില്‍ മാത്രമേയുള്ളു.

മറ്റൊരു സംസ്ഥാനത്തു ചെന്നു ഉപജീവനം നടത്തി ജീവിയ്ക്കുന്ന ഒരു പൌരന്ന് വേറെയും അസ്വതന്ത്രതകള്‍ അഭിമുഖീകരിയ്‌ക്കേണ്ടി വരുന്നുണ്ട്. അയാളുടെ കുഞ്ഞുങ്ങള്‍ക്ക് അന്യസംസ്ഥാനത്തെ ഭാഷ കൂടി നിര്‍ബന്ധമായും പഠിയ്‌ക്കേണ്ടി വരുന്നു. മാതൃഭാഷയില്‍ പഠനം നടത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനം വിട്ടാല്‍ നഷ്ടമായതു തന്നെ.

മതസ്വാതന്ത്ര്യത്തിന്റെ കാര്യവുമെടുക്കാം. ഭരണഘടനയില്‍ പറഞ്ഞിരിയ്ക്കുന്ന മതസ്വാതന്ത്ര്യം ഉപയോഗിച്ച് മതം മാറാന്‍ തീരുമാനിയ്ക്കുന്നെന്നു കരുതുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് എളുപ്പമല്ല. പലയിടങ്ങളിലും കടുത്ത എതിര്‍പ്പും ശത്രുതയും നേരിടേണ്ടി വന്നെന്നും വരാം. മതസ്വാതന്ത്ര്യവും മതേതര സര്‍ക്കാരുമുണ്ടായിട്ടും ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പലയിടങ്ങളിലും വിവിധതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിയ്‌ക്കേണ്ടി വന്നിട്ടുള്ളതിന് ചരിത്രം തന്നെ സാക്ഷി. പലപ്പോഴും ചുറ്റുമുള്ള സമൂഹം തന്നെയായിരിയ്ക്കാം ബുദ്ധിമുട്ടുകള്‍ക്കുത്തരവാദി. അത്തരം സമൂഹത്തില്‍ ജീവിയ്ക്കുമ്പോള്‍ മതസ്വാതന്ത്ര്യവും കമ്മി. ജാതിയുടെ പേരിലുള്ള വിവേചനം ഇന്നും പല സംസ്ഥാനങ്ങളിലുമുണ്ട്. തമിഴ്‌നാട് അത്തരമൊരു സംസ്ഥാനമാണെന്നു സൂചിപ്പിയ്ക്കുന്ന ഒരു വാര്‍ത്ത, ചിത്രസഹിതം, ഹിന്ദുപ്പത്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്നിരുന്നു. പല പൌരന്മാരെ സംബന്ധിച്ചിടത്തോളം സമത്വവും മരീചിക തന്നെ.

മൗലികസ്വാതന്ത്ര്യങ്ങളില്‍ ഏറ്റവും മഹത്തരമായി കണക്കാക്കപ്പെടുന്നത് അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണ്. മുഖ്യമന്ത്രി പ്രസംഗിയ്ക്കുമ്പോള്‍ സദസ്സില്‍ എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രിയോട് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു നോക്കൂ, ഒന്നുകില്‍ നിങ്ങള്‍ 'അകത്താ'കും, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അനുയായികള്‍ നിങ്ങളെ 'കൈകാര്യം ചെയ്യും'. ജീവനുംകൊണ്ടോടിപ്പോരാന്‍ സാധിച്ചാല്‍ ഭാഗ്യം. മനുഷ്യാവകാശത്തെപ്പറ്റി സംസാരിച്ചതുകൊണ്ട് ഡോക്ടര്‍ ബിനായക് സെന്നിന് രണ്ടു വര്‍ഷത്തോളം ജാമ്യം പോലും ലഭിയ്ക്കാതെ തടവില്‍ കഴിയേണ്ടി വന്നു. അതും ലോകം മുഴുവനും അദ്ദേഹത്തെ വിടാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടു പോലും. ഉത്തരപൂര്‍വ പ്രദേശത്തെ ചില ഭാഗങ്ങളില്‍ AFSPA എന്നൊരു കര്‍ക്കശ നിയമം ഏറെ നാളായി നിലവിലുണ്ട്. ഈ നിയമം നിലവിലിരിയ്ക്കുന്ന ഇടങ്ങളിലെ പൌരന്മാര്‍ക്ക് മൌലിക സ്വാതന്ത്ര്യങ്ങള്‍ ഇല്ല എന്നു തന്നെ വേണം പറയാന്‍.

ഭരണഘടനയനുസരിച്ച് നാം സ്വതന്ത്രരാണെങ്കിലും, സ്വാതന്ത്ര്യം എന്ന പദത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ നാം സ്വതന്ത്രരല്ല.

 


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

View More