-->

EMALAYALEE SPECIAL

ഒറ്റപ്പാലം മോഡല്‍: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍

Published

on

1982. ധനമന്ത്രി കെ.എം. മാണിയുടെ മേല്‍ ഒരു കണ്ണ് ഉണ്ടായിരിക്കണം എന്ന രഹസ്യനിര്‍ദേശത്തോടെ കരുണാകരന്‍ എന്നെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ച കാലം. കരുണാകരന്‍ പറഞ്ഞതുകേട്ട് മാണിയെ നോക്കിയാല്‍ എന്‍െറ കണ്ണ് കോങ്കണ്ണാകുമെന്നല്ലാതെ ഒരു കാര്യവും ഇല്ല എന്നറിയാനുള്ള സാമാന്യവിജ്ഞാനം ആ 41ാം വയസ്സിലും സ്വായത്തമായിരുന്നു. അത് കഥ വേറെ. അതല്ല വിഷയം. അക്കാലത്ത് ഒരു ബജറ്റില്‍ നവീനാശയങ്ങളുടെ വറ്റാത്ത ഉറവ ആയ മാണിയന്‍ മസ്തിഷ്കത്തില്‍ യൂറേക്കായുടെ സൈറന്‍ മുഴങ്ങി: ഓരോ നിയോജകമണ്ഡലത്തിലും ഈരണ്ട് എം.എല്‍.എ റോഡുകള്‍. സിറ്റിയിലെ എം.എല്‍.എക്ക് തന്‍െറ വിഹിതം ദാനംചെയ്യാം. ഞാന്‍ എതിര്‍ത്തു. ഏത് റോഡാണ് ആദ്യം നേരെയാക്കേണ്ടത് എന്ന മുന്‍ഗണന രാഷ്ട്രീയപരിഗണനയോ ജനകീയതയോ വെച്ച് നിശ്ചയിക്കേണ്ടതല്ല എന്ന് എന്‍ജിനീയര്‍ കൂടിയായ ഞാന്‍ വാദിച്ചു. മന്ത്രിസഭായോഗത്തിലും ഇത് സംബന്ധിച്ച് തര്‍ക്കിച്ചുനോക്കി. ആര് കേള്‍ക്കാന്‍? എല്ലാ മന്ത്രിമാരും എം.എല്‍.എമാര്‍കൂടി ആണല്ലോ. പില്‍ക്കാലത്ത് റോഡിന് പകരം അഞ്ച് ലക്ഷം രൂപ എന്നോ മറ്റോ ആയി. അത് നരസിംഹറാവുവിന്‍െറ ശ്രദ്ധയില്‍പെട്ടു. അങ്ങനെ ‘എം.പി ലാഡ്’ പദ്ധതിയുണ്ടായി. മാണി ഗോര്‍ബച്ചേവിന് ട്യൂഷനെടുത്തു എന്നത് കേ.കോ.മാ. വിഭാഗം മാത്രം പുലര്‍ത്തുന്ന അന്ധവിശ്വാസമാണെങ്കിലും നരസിംഹറാവുവിന് ഈ ബുദ്ധി കൊടുത്തത് മാണി തന്നെയാണ്. സൃഗാലബുദ്ധിയില്‍ അഗ്രഗണ്യനാണ് റാവു എങ്കില്‍ ആ റാവുവിന് ബുദ്ധി കൊടുക്കാന്‍ പോന്ന ഗുരുവാണ് മാണി. (ഉമ്മന്‍ ചാണ്ടിയും രമേശും ജാഗ്രതൈ!).
ഈയിടെ ഒറ്റപ്പാലത്ത് പോയിരുന്നു. ആ നിയോജകമണ്ഡലത്തിലെ എം.എല്‍.എ എന്‍െറ യുവ സുഹൃത്ത് സഖാവ് ഹംസ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിക്കുന്നതിലുള്ള സന്തോഷവും ആവേശവും ആണ് എന്നെ ആ യാത്രക്ക് പ്രേരിപ്പിച്ചത്. ഹംസക്ക് മാണിവിലാസമായി കിട്ടുന്ന ഒരു കോടി രൂപ വിദ്യാഭ്യാസമേഖലയിലേക്കാണ് നീക്കിവെക്കുന്നത്.
ഈവര്‍ഷത്തെ പരിപാടികളുടെ കൃത്യമായ ആസൂത്രണം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഏപ്രില്‍ ഇത്രാം തീയതി ആദ്യയോഗം ഇന്നയിന്ന ദിവസങ്ങളില്‍ ഇന്നയിന്ന നടപടികള്‍. ഒട്ടാകെ വളരെ സന്തോഷം തോന്നുന്നു. എം.എല്‍.എ ഫണ്ടുകള്‍ ബസ്ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് പേരെഴുതി തൂക്കാന്‍ മാത്രമല്ല ഉപയോഗിക്കേണ്ടത് എന്ന് ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരന്‍െറ മാതൃക ആര്‍ക്കെങ്കിലും പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഇത് കുറിക്കുന്നത്.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന പരിപാടിയാണ് സാധന. വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക് മേഖലയിലും ഇതിനകം തന്നെ സാമൂഹിക പങ്കാളിത്തത്തോടെ വലിയ മുന്നേറ്റങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചും വിവിധ ഗവണ്‍മെന്‍റ് ഏജന്‍സികളുടെ സഹകരണം ഉറപ്പുവരുത്തിയുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ഉറപ്പാക്കുക, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഫലപ്രദമായ ഏകോപനം, ആകര്‍ഷകമായ പഠനാന്തരീക്ഷം ആധുനിക സൗകര്യങ്ങളോടെ എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കുക, പരിസ്ഥിതി സൗഹൃദ പരിസരവും സംസ്കാരവും എല്ലാ വിദ്യാലയങ്ങളിലും ഉറപ്പുവരുത്തുക, സമഗ്രവും നിരന്തരവുമായ ആരോഗ്യ പരിപാലനം, വ്യത്യസ്ത അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ ഉറപ്പാക്കുക, ആരോഗ്യ ശുചിത്വ സംസ്കാരം വിദ്യാലയങ്ങളിലും സമൂഹത്തിലും വ്യാപിപ്പിക്കുക, മുഴുവന്‍ കുട്ടികള്‍ക്കും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉപരിപഠന യോഗ്യത ഉറപ്പുവരുത്തുക, മൂന്ന് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം കുട്ടികള്‍ക്കെങ്കിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ഭാവനാ പൂര്‍ണമാണ് ഹംസയുടെ പരിപാടികള്‍. ആകര്‍ഷകമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്കൂള്‍ ചുവരുകള്‍ക്ക് ഏകീകൃതവും ആകര്‍ഷകവുമായി പെയ്ന്‍റിങ് നടത്തുന്നു. സ്കൂള്‍ പരിസരത്തുള്ള എല്ലാ ഘടകങ്ങളും പഠന സാമഗ്രികളായി ഉപയോഗപ്പെടുത്തുന്നു. മെച്ചപ്പെട്ട ലബോറട്ടറി, ലൈബ്രറി, ഐ.സി.ടി സൗകര്യങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നു. അനുയോജ്യമായ ആശയങ്ങള്‍, സ്കൂള്‍ ചുവരുകളില്‍ ആലേഖനം ചെയ്ത് ബോധവത്കരണം നടത്തുന്നു.
സ്കൂള്‍ പരിസരം സാമൂഹിക ഘടകങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വപൂര്‍ണവും ആകര്‍ഷകവുമാക്കിക്കൊണ്ട് ആരോഗ്യ ശുചിത്വ മേഖലകളില്‍ പുതിയ ജീവിത സംസ്കാരം രൂപപ്പെടുത്തുന്ന പരിപാടിയുമുണ്ട്. എല്ലാ ക്ളാസ് മുറികളിലും വേസ്റ്റ് ബിന്നുകള്‍, ജൈവ മാലിന്യത്തിന്‍െറ ഉപയോഗപ്രദമായ സംസ്കരണം, പഞ്ചായത്ത് തലത്തില്‍ അജൈവ മാലിന്യത്തിന്‍െറ സംസ്കരണ യൂനിറ്റ്, പ്ളാസ്റ്റിക് വിമുക്ത കാമ്പസ്, പ്ളാസ്റ്റിക് വിമുക്ത ഗ്രാമം എന്നീ ആശയങ്ങള്‍ക്ക് പ്രോത്സാഹനം ഉറപ്പാക്കാനും വനം വകുപ്പിന്‍െറയും കൃഷി വകുപ്പിന്‍െറയും സഹായത്തോടെ സ്കൂള്‍ കാമ്പസ് ഹരിതാഭമാക്കാനും പച്ചക്കറിത്തോട്ടങ്ങള്‍ സ്ഥാപിക്കാനും എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും ആകര്‍ഷകമായ പൂന്തോട്ടം നിര്‍മിക്കാനും വ്യക്തമായ പദ്ധതികള്‍ ഉണ്ട്. സമഗ്ര ആരോഗ്യ പരിപാടിയാണ് സാധനയുടെ മറ്റൊരു ഘടകം. സമഗ്ര ആരോഗ്യ പരിശോധനയും ക്യുമുലേറ്റിവ് ഹെല്‍ത്ത് കാര്‍ഡ് വിതരണവും, വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് അവധി ദിന ക്ളാസുകളും അനുബന്ധ പിന്തുണയും, പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുക, എല്ലാ വിദ്യാലയങ്ങളിലും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളോടെ റെസ്റ്റ് റൂം സ്ഥാപിക്കുക തുടങ്ങിയവയാണ് ഇതിന്‍െറ ഭാഗം.
ഇനി ബൗദ്ധിക രംഗത്തേക്ക് തിരിഞ്ഞാല്‍ പ്രതിഭാ നിര്‍ണയ പരിപാടിയും ശ്രദ്ധേയമാവുന്നു. അഭിരുചി നിര്‍ണയ പ്രവര്‍ത്തനങ്ങള്‍, പ്രതിഭാ സംഗമം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍, ദേശീയ അന്തര്‍ദേശീയ ഗവേഷണ സ്ഥാപനങ്ങളിലേക്ക് പ്രവേശം ഉറപ്പുവരുത്തുന്നതിനുള്ള പരിശീലനങ്ങള്‍ എന്നിവയൊക്കെ അതിന്‍െറ ഉപഘടകങ്ങളാണ്. അധ്യാപകര്‍ക്ക് പ്രത്യേക ശില്‍പശാലകളും ഇംഗ്ളീഷ് അധ്യാപകര്‍ക്ക് നിരന്തര പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു ഈ എം.എല്‍.എ. തീര്‍ന്നില്ല, ഡയറ്റിന്‍െറ നേതൃത്വത്തില്‍ ഗവേഷണാത്മക ബേസ് ലൈന്‍ സ്റ്റഡി, പഠനം മെച്ചപ്പെടുത്തുന്നതിനായി ആറാംതരത്തിലും പത്താംതരത്തിലും പ്രത്യേക പാക്കേജ്, പ്രത്യേക രക്ഷാകര്‍തൃ വിദ്യാഭ്യാസവും കൗണ്‍സലിങ് പരിപാടികളും, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് സവിശേഷ പിന്തുണ എന്നിവയൊക്കെയുണ്ട്.
ഇവ ഏട്ടിലെ പശുവല്ല. ഒന്നാം ഘട്ടത്തില്‍ നടപ്പാക്കിക്കഴിഞ്ഞ പരിപാടികള്‍തന്നെ ശ്രദ്ധേയമാണ്. മൂന്ന് ഹൈസ്കൂളുകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ളാസ് റൂമുകള്‍, എല്ലാ വിദ്യാലയങ്ങളിലും വനം വകുപ്പിന്‍െറ സഹകരണത്തോടെ ഹരിതസുന്ദര കാമ്പസ്, ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ആരോഗ്യമുള്ള വിദ്യാര്‍ഥി നാടിന്‍െറ സമ്പത്ത് എന്ന മുദ്രാവാക്യവുമായി സമഗ്ര ആരോഗ്യ വികസന പരിപാടി, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന കുട്ടികളുടെ അവകാശം ഉറപ്പുവരുത്തുന്നതിനായി അധ്യാപക ശാക്തീകരണ പദ്ധതി, സീമാറ്റിന്‍െറ നേതൃത്വത്തില്‍ പ്രധാന അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനം, 3000ത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒറ്റപ്പാലം പെണ്‍പള്ളിക്കൂടത്തില്‍ രണ്ട് ഇ-ടോയ്ലറ്റുകള്‍, എല്ലാ വിദ്യാലയങ്ങളിലും ഇന്‍റര്‍നെറ്റ് സൗകര്യം, ഒരു സ്കൂളില്‍ ബസും മറ്റൊരിടത്ത് പുതിയ ക്ളാസ് മുറികളും. ഹംസയുടെ പശു പുല്ല് തിന്നതിന്‍െറ കണക്കാണിത്.
ലക്ഷ്യങ്ങള്‍ അവസാനിക്കുന്നില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിജയവും 25 ശതമാനം വിദ്യാര്‍ഥികള്‍ക്കെങ്കിലും എല്ലാ വിഷയങ്ങളിലും എ പ്ളസ് ഗ്രേഡും ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ മോഹം. അതിനായി പ്രാദേശിക പഠന കേന്ദ്രങ്ങള്‍, രാവിലെയും വൈകുന്നേരങ്ങളിലുമുള്ള പ്രത്യേക ക്ളാസുകള്‍, വിദ്യാര്‍ഥി-രക്ഷാകര്‍തൃ ബോധവത്കരണം എന്നിങ്ങനെയുള്ള പരിപാടികള്‍. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കൊപ്പം ഒരു സത്പ്രേരണയായി എം.എല്‍.എയും നേരിട്ട് എല്ലാ സ്കൂളുകളും സന്ദര്‍ശിക്കുന്നത് നമ്മുടെ എല്ലാ നേതാക്കളും ശ്രദ്ധിക്കേണ്ട മാതൃകയാണ്.
വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പരീക്ഷാ പേടി ഇല്ലാതാക്കുന്നതിനുമായി കൗണ്‍സലിങ്ങും രക്ഷാകര്‍ത്താക്കള്‍ക്ക് പ്രത്യേക ബോധവത്കരണ പരിപാടിയും ഒറ്റപ്പാലം മണ്ഡലത്തില്‍ ഉണ്ട്. പലയിടത്തും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പള്ളിക്കൂടങ്ങളില്‍ ചെല്ലുന്നത് വിദ്യാലയാന്തരീക്ഷത്തെ രാഷ്ട്രീയം കൊണ്ട് മലിനീകരിക്കാനും തങ്ങളുടെ അധികാര പ്രമത്തതക്ക് അള്‍ത്താരകള്‍ തീര്‍ക്കാനുമാണ് എന്ന പരാതി നിലനില്‍ക്കെ ഹംസയുടെ മാതൃക ശ്രദ്ധേയവും അനുകരണാര്‍ഹവും ആണ് എന്ന് പറയാതെ വയ്യ.
സമാനമായ പരിപാടികള്‍ ഏറിയും കുറഞ്ഞും വേറെയും കാണാം. ഇല്ലാത്തയിടങ്ങളില്‍ ജനനായകര്‍ ശ്രദ്ധിക്കണം.
(Madhyamam)

Facebook Comments

Comments

  1. josecheripuram

    2013-07-22 07:41:53

    Dear Babu Sir,We all know there are enough rules and regulations for the poor,all the political parties and religious groups say about equality.The difference between India and other countries is that They enforce rules,but we don't.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More