-->

EMALAYALEE SPECIAL

സിവില്‍ സര്‍വീസ്: ഒരു മുഖവുര: ഡി. ബാബുപോള്‍

Published

on

കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയെ തുടര്‍ന്ന് മലബാറിലെ നാട്ടിന്‍പുറങ്ങളില്‍നിന്ന് പല മാതാപിതാക്കളും അവരുടെ കുട്ടികളെ സിവില്‍ സര്‍വീസ് പ്രാപ്തരാക്കുന്നതിനെക്കുറിച്ച് ഫോണും തപാലും വഴി ബന്ധപ്പെട്ടിരുന്നു. അവര്‍ക്കെല്ലാവര്‍ക്കുമുള്ള ഒരു പൊതുവായ മറുപടിയാണ് താഴെ കൊടുക്കുന്നത്.
അടുത്തകൊല്ലത്തെ സിവില്‍ സര്‍വീസ് പരീക്ഷക്ക് വായിച്ചുതുടങ്ങാന്‍ നേരമായി. സിവില്‍ സര്‍വീസ് അഭികാമ്യവും അധ്വാനശീലര്‍ക്ക് അനപ്രാപ്യവും ആണ് എന്ന ധാരണ കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. ഇത് ശുഭോദര്‍ക്കമായ സംഗതിയാണ്. ഞാന്‍ ആദ്യമായി ഒരു കലക്ടറെ അടുത്തുകണ്ടത് ഐ.എ.എസില്‍ അംഗമായതിനുശേഷം മാത്രമാണ്. ഇന്ന് വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പത്രങ്ങളും ഏറെ. ഭരണയന്ത്രം പണ്ടത്തെക്കാള്‍ ദൃശ്യമായിരിക്കുന്നു. അതൊക്കെയാവാം പല കൗമാരങ്ങളെയും സിവില്‍ സര്‍വീസ് എന്ന സ്വപ്നം നെയ്തു തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പണ്ട് ‘പിയര്‍ ഇന്‍ഫ്ളുവന്‍സ്’ മാത്രമായിരുന്നു പ്രേരണ.
പ്രൈമറി സ്കൂളില്‍വെച്ച് പേഷ്ക്കാരാകണമെന്ന് പറഞ്ഞുതന്ന എമ്പാശ്ശേരി മത്തായി സാറും 15 വയസ്സുള്ളപ്പോള്‍ ‘താന്‍ കലക്ടറാവാനുള്ളയാളാണ്’ എന്ന് പറഞ്ഞ ആലുവ യു.സി കോളജിലെ ഡോ. കെ.സി. ജോസഫും എന്‍െറ അബോധ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടാവാം എന്ന് തിരിച്ചറിയുന്നുണ്ട് ഞാന്‍ ഇപ്പോള്‍. എങ്കിലും ഒരു നാട്ടിന്‍പുറത്തുകാരന്‍െറ മലയാളം മീഡിയം കിനാവുകളില്‍ ആ കാലത്ത് ഐ.എ.എസ് അസാധാരണമായിരുന്നു.
എന്തുകൊണ്ട് സിവില്‍ സര്‍വീസ്? പല അഭിമുഖങ്ങളിലും സംവാദങ്ങളിലും ‘ഐ.എ.എസ് കിട്ടിയില്ലായിരുന്നുവെങ്കില്‍?’ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വന്നിട്ടുണ്ട് എനിക്ക്. പൊതുമരാമത്ത് വകുപ്പില്‍ ചീഫ് എന്‍ജിനീയര്‍ ആകുമായിരുന്നു. അല്ലെങ്കില്‍ ഞാന്‍ ലെക്ചറര്‍ ആയി പണിയെടുത്ത മുസ്ലിയാര്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ആകുമായിരുന്നു. രണ്ടിലേതായാലും അര്‍പ്പണബുദ്ധിയോടെ ജോലി ചെയ്യുമായിരുന്നു. ദുഷ്പേര് കേള്‍പ്പിക്കാതെ അടുത്തൂണ്‍ പറ്റുമായിരുന്നു. എന്നാല്‍, ഐ.എ.എസ് എനിക്ക് നല്‍കിയ അവസരങ്ങള്‍ അന്യമായിരുന്നേനെ എന്നു മാത്രമല്ല അങ്ങനെയൊക്കെ ഒരു ആത്മസാക്ഷാത്കാരം ഈ പുണ്യഭൂമിയില്‍ സാധ്യമാണെന്ന് ഞാന്‍ അറിയാതെ പോവുകയും ചെയ്തേനെ! ഇടുക്കി പദ്ധതി, വല്ലാര്‍പാടം ടെര്‍മിനല്‍, വാസ്തുവിദ്യാഗുരുകുലം, കലാമണ്ഡലത്തിലെ കുട്ടികള്‍ക്ക് തരമാക്കിയ 10ാംക്ളാസ് യോഗ്യത, ടൂറിസത്തിലും സാംസ്കാരിക വകുപ്പിലും ഉരുട്ടിവിടാനായ ഒട്ടേറെ പന്തുകള്‍ ഒക്കെ ഇപ്പോള്‍ മനസ്സിലുണ്ട്. ആത്മാവിഷ്കാരത്തിന് -സെല്‍ഫ് ആക്ച്വലൈസേഷന്‍ -ഇത്രമേല്‍ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ അനാവരണം ചെയ്യുന്ന മറ്റൊരു മേഖല കാണാനിടയില്ല. ആത്മസാക്ഷാത്കാരം മാത്രം അല്ല. ദേശസേവനസാധ്യതയും പ്രധാനമാണ്. ‘ദ ഇക്കോണമിസ്റ്റ്’ എന്ന പ്രശസ്ത വാരിക ഒരു പഠനം നടത്തി. ഭാരതത്തിന്‍െറ അഖണ്ഡതയുടെയും പുരോഗതിയുടെയും രഹസ്യം ഇവിടത്തെ സിവില്‍ സര്‍വീസും ജില്ലാ ഭരണസമ്പ്രദായവും ആണ് എന്നാണ് അവര്‍ കണ്ടത്.
യു.പിയിലെ ഒരു ഓണംകേറാ ജില്ലയും നമ്മുടെ എറണാകുളം ജില്ലയും കേന്ദ്രീകരിച്ചായിരുന്നു പഠനം. രണ്ട് കലക്ടര്‍മാരെ രണ്ടാഴ്ചക്കാലം അവര്‍ അനുധാവനം ചെയ്തു. എറണാകുളത്ത് ഹനീഷ് ആയിരുന്നു കലക്ടര്‍ എന്ന് ഇപ്പോള്‍ ഓര്‍മ വരുന്നു. അത്യന്തം വിഭിന്നമായ സാഹചര്യങ്ങള്‍. തികച്ചും വ്യത്യസ്തരായ കലക്ടര്‍മാര്‍. സിവില്‍ സര്‍വീസ് സംസ്കാരമാണ് പൊതുവായി ഉണ്ടായിരുന്നത്.
അതായത്, ഒരു പ്രവര്‍ത്തനമേഖല എന്ന നിലയില്‍ സിവില്‍ സര്‍വീസിന് തുല്യമായി മറ്റൊന്നില്ല. അതേസമയം, എല്ലാവര്‍ക്കും സിവില്‍ സര്‍വീസില്‍ നിയമനം കിട്ടുകയില്ല. നിയമനം കിട്ടുന്നവര്‍ എല്ലാവരും ഒരേപോലെ ശോഭിക്കയുമില്ല.
ആദ്യം നിയമനം കിട്ടാത്തവരുടെ കാര്യം പറയാം. അവര്‍ക്ക് മറ്റെത്രയോ മേഖലകള്‍ ഉണ്ട് പ്രവര്‍ത്തിക്കാനും പ്രാഗല്ഭ്യം തെളിയിക്കാനും. അതുകൊണ്ട് നിരാശ വേണ്ട. അഞ്ച് ലക്ഷം പേര്‍ എഴുതുന്ന പരീക്ഷയാണ്. അതില്‍ ഒരു ലക്ഷമെങ്കിലും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ പോന്നവരാകും. ആകെ ഒഴിവുകള്‍ ആയിരത്തില്‍ താഴെ. അതില്‍തന്നെ ഐ.എ.എസ് നൂറോ നൂറ്റിപ്പത്തോ മാത്രം. അവയിലൊന്നില്‍ കയറിപ്പറ്റിയില്ലെന്നതിനെ ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. അമാവാസി ചന്ദ്രന്‍െറ തമോഗര്‍ത്തമല്ല. പൗര്‍ണമി പിറകെ ഉണ്ട്.
ഇനി നിയമനം കിട്ടുന്നവര്‍. റാങ്ക് നേടുന്നത് നേടാതിരിക്കുന്നതിനേക്കാള്‍ ഭേദമാണ്. എന്നാല്‍, റാങ്ക് തെളിയിക്കുന്നത് പഠിക്കാന്‍ മിടുക്കനായിരുന്നു എന്ന് മാത്രമാണ്. അതില്‍തന്നെ ഒന്നാം റാങ്ക് നേടിയ ഹരിത ഈയിടെ പറഞ്ഞതുപോലെ ആദ്യത്തെ 50ല്‍ വരുക കഴിവാകാം, 50ല്‍ ഒന്നാമതാകുന്നത് ഭാഗ്യമാണ്. കേരളത്തില്‍ ചീഫ് സെക്രട്ടറി ആയിരുന്ന കൃഷ്ണമൂര്‍ത്തിക്ക് എന്‍ജിനീയറിങ്ങിന് മാത്രം റാങ്ക് കിട്ടിയില്ല. പരീക്ഷക്ക് ഫീസടച്ചതിനുശേഷം ചിക്കന്‍പോക്സ് പിടിപെട്ടു. അതുകൊണ്ട് പിന്നെ എഴുതിയപ്പോള്‍ രണ്ടാം തവണക്കാരനായി. മൂര്‍ത്തിക്ക് എഴുതാന്‍ കഴിയാതിരുന്നതിനാല്‍ ഒന്നാം റാങ്ക് കിട്ടിയ ആളെക്കാള്‍ ഏറെ മാര്‍ക്ക് വാങ്ങിയാണ് അദ്ദേഹം സെപ്റ്റംബറിലെ പരീക്ഷ ജയിച്ചത്. പറഞ്ഞിട്ടെന്താ, ഗോള്‍ഡ് മെഡല്‍ നഷ്ടമായി. അതിനേക്കാള്‍ അപ്രധാനമാണ് ഐ.എ.എസിലും മറ്റും റാങ്ക്.
തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ -ഏത് സര്‍വീസിലെ ഉദ്യോഗസ്ഥനെയും -വേര്‍തിരിച്ച് കാണാന്‍ സഹായിക്കുന്ന ഘടകം. ചിലര്‍ നോക്കുമ്പോള്‍ എല്ലായിടത്തും മര്‍മംതന്നെ. ഒരിടത്തും അടിക്കാന്‍ വയ്യ. അങ്ങനെ ആറുമാസംകൊണ്ട് ഗുമസ്തമേശകളിലെ ഫയലുകള്‍ ആപ്പീസറുടെ മേശമേല്‍ ഉറക്കമാവും. കുറച്ചുനാളൊക്കെ ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്ന് പറഞ്ഞുനില്‍ക്കാം. കുറെകഴിയുമ്പോള്‍ ഒരു പണിയും വിശ്വസിച്ചേല്‍പിക്കാനാവാത്തയാള്‍ എന്നാവും കീര്‍ത്തി.
അതുപോലെത്തന്നെ പ്രധാനമാണ് സത്യസന്ധതയും കഠിനാധ്വാനത്തിലുള്ള മനസ്സും. ശമ്പളം കൊണ്ട് തൃപ്തിപ്പെടാന്‍ ശീലിക്കണം. സര്‍ക്കാറില്‍നിന്നല്ലാതെ കിട്ടുന്ന ഏത് സൗജന്യവും അത് സ്വീകരിക്കുന്നയാളെ ദാതാവിന്‍െറ അധമര്‍ണനാക്കുകയാണ് എന്നറിയണം; ഉദ്യോഗസ്ഥന്‍െറ സത്യസന്ധത സ്ത്രീയുടെ കന്യകാത്വം പോലെയാണ്. കന്യാചര്‍മഭേദനം ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ശേഷം അത് നടപ്പുശീലമായി. അതുകൊണ്ട് തുടക്കം മുതല്‍ കൈകള്‍ സംശുദ്ധമായിരിക്കണം.
സര്‍വീസില്‍ കയറിപ്പറ്റിയാല്‍ പിന്നെ അധ്വാനിക്കേണ്ടതില്ലെന്ന് കരുതരുത്. അവസാനം വരെ ഉപേക്ഷിക്കാനാവാത്തതാണ് അധ്വാനശീലം. ഫയലുകളില്‍ മാത്രം ഒതുങ്ങാനുള്ളതല്ലതാനും അതിന്‍െറ നന്മ. പരന്ന വായന പ്രാഗല്ഭ്യത്തിന് അനുപേക്ഷണീയമാണ്.
സമ്മര്‍ദങ്ങളെ ഭയപ്പെടേണ്ടതില്ല. നാം വഴങ്ങുമോ എന്ന് തിരിച്ചറിയാന്‍ നേരം ഏറെവേണ്ട. വഴങ്ങാത്ത ഇനം എന്നറിഞ്ഞാല്‍ ആരും സമ്മര്‍ദവുമായി ഇറങ്ങുകയില്ല. സ്ഥലം മാറ്റിയേക്കാം. അത് കാര്യമാക്കരുത്.
ഒരു കസേരയോടും അമിതമായ താല്‍പര്യം ഉണ്ടാകരുത്. ഓരോ കസേരക്കും അതതിന്‍െറ വില ഉണ്ട്. ഒരു കസേരക്കും തനിക്കൊപ്പം വിലയില്ല എന്നറിയുകയും വേണം.
ഇനി ഒരു കാര്യം കൂടി. എന്നു മുതല്‍ തുടങ്ങണം പരീക്ഷക്കുള്ള തയാറെടുപ്പ്? ഹൈസ്കൂള്‍ കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും പലപ്പോഴും ചോദിക്കുന്നതാണ് ഈ ചോദ്യം. സ്കൂളിലും ബിരുദപൂര്‍വകാലത്തും ശ്രദ്ധിക്കേണ്ടത് ഭാഷയും സാമാന്യമായ പൊതുവിജ്ഞാനവും മാത്രമാണ്. ഇംഗ്ളീഷും മലയാളവും തുടക്കം മുതല്‍ ഗൗരവത്തോടെ പഠിക്കണം. പൊതുവിജ്ഞാനവും ശ്രദ്ധിച്ചുകൊള്ളണം. ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പത്രങ്ങള്‍ പതിവായി വായിക്കണം. ‘ദ ഹിന്ദു’ പോലെ എല്ലാ സിവില്‍ സര്‍വീസ് മോഹികളും വായിക്കുന്ന പത്രം മാത്രം പോരാ. ചുരുങ്ങിയത് രണ്ടു വീതം. പുതിയ വാക്കുകള്‍ വിടരുത്. ഒരു വാക്ക് അറിയാതെയും ഒരു വാക്യത്തിലെ ആശയം കിട്ടുമായിരിക്കും.
എങ്കിലും ഭാഷാജ്ഞാനത്തിന് ഓരോ വാക്കും പ്രധാനമാണ്. അറിയാത്ത വാക്കുകള്‍ക്ക് നിഘണ്ടുവിന്‍െറ സഹായം തേടുക. കുറിച്ചുവെക്കുക. അറിവിന് അതിരില്ല. ഈ 73ാം വയസ്സിലും എസ്.എസ്.എല്‍.സി പഠന സഹായികള്‍ പത്രങ്ങളില്‍ കണ്ടെത്തി വായിക്കുന്നയാളാണ് ഞാന്‍. എന്നും എന്തെങ്കിലും പുതിയ അറിവ് നമുക്ക് കിട്ടുന്നു എന്നുറപ്പിക്കണം.
ചുരുക്കിപ്പറയാം. (ക) സിവില്‍ സര്‍വീസ് നല്ല ഒരു പ്രവര്‍ത്തന മേഖലയാണ്. (ഖ) കടുത്ത മത്സരം അതിജീവിച്ച് മാത്രമേ അവിടെ എത്താനാവൂ. (ഗ) ആ മത്സരത്തില്‍ തോറ്റാല്‍ വ്യാകുലപ്പെടാനില്ല. വേറെ എത്രയോ മേഖലകള്‍ കിടക്കുന്നു ആത്മസാക്ഷാത്കാരത്തിനും ദേശസേവനത്തിനും. (ഘ) സിവില്‍ സര്‍വീസില്‍ കയറിയാല്‍ അര്‍പ്പണബോധം, അധ്വാനശീലം, സത്യസന്ധത, തസ്തികകളോടുള്ള നിര്‍മമത, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവയാണ് വിജയം നിര്‍ണയിക്കുന്ന ഘടകങ്ങള്‍. (ങ) സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള ഒരുക്കം അങ്ങോട്ടടുക്കുമ്പോള്‍ തുടങ്ങിയാല്‍ മതി. എന്നാല്‍, സ്കൂള്‍ കാലം മുതല്‍ പത്രവായന ഉണ്ടാവണം. ഭാഷയും പൊതുവിജ്ഞാനവും പ്രത്യേകം ശ്രദ്ധിച്ചുകൊള്ളണം.
(‘സിവില്‍ സര്‍വീസ് വിജയഗാഥകള്‍’ എന്ന കൃതിക്കുവേണ്ടി എഴുതിയത്)
(Madhyamam)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More