Image

ആനയെ തൊഴുത്തില്‍ കെട്ടരുത്: ഡി. ബാബുപോള്‍

മധ്യരേഖ : ഡി. ബാബുപോള്‍ Published on 15 January, 2013
ആനയെ തൊഴുത്തില്‍ കെട്ടരുത്: ഡി. ബാബുപോള്‍
വിവേകാനന്ദസ്വാമികളെ കാണുന്ന നാം ആനയെ കണ്ട അന്ധന്മാരുടെ പിന്‍തലമുറയാണെന്ന് ആമുഖമായി കുറിക്കാതെ സ്വാമികളെക്കുറിച്ച് ഒന്നും പറയാനാവാത്തവണ്ണം മഹത്തും സങ്കീര്‍ണവുമാണ് ആ വ്യക്തിത്വം. ശിവസേന എത്ര ശ്രമിച്ചാലും ശിവജിയെ അവരുടെ വികാരധാരയിലെന്നല്ല വിചാരധാരയില്‍പോലും പരിമിതപ്പെടുത്താനാവുകയില്ല. വിവേകാനന്ദനെയും ഏതെങ്കിലും ഒരുവലയത്തില്‍ ഒതുക്കി അടയാളപ്പെടുത്താനാവുകയില്ല. രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്നല്ലോ വിവേകാനന്ദന്‍. രാമകൃഷ്ണന്‍ മതാതീതമായ ഈശ്വരബോധത്തെ സ്വാംശീകരിക്കയും പഠിപ്പിക്കുകയും ചെയ്ത മഹാത്മാവാണ്. രാമകൃഷ്ണന്‍ പറഞ്ഞു: ‘ഒരേ കെട്ടിടത്തിന്‍െറ ചിത്രം വിഭിന്നസ്ഥാനങ്ങളില്‍നിന്ന് രൂപപ്പെടുത്തിയാല്‍ ഓരോ ചിത്രവും പ്രതിഭിന്നമായിരിക്കുന്നതുപോലെയാണ് മതവും’. മാറുന്നത് വീക്ഷണകോണാണ്, വീക്ഷിത വസ്തുവല്ല. വിവേകാനന്ദന്‍ സൂര്യനെയാണ് ഉദാഹരണമാക്കുന്നത് ഇതേ സത്യം വിശദീകരിക്കാന്‍. രാവിലെ കാണുന്ന സൂര്യന്‍തന്നെയാണ് മധ്യാഹ്ന സൂര്യന്‍. അസ്തമിക്കുന്നതും അതേ സൂര്യന്‍ തന്നെ. ഭൂമിയില്‍നിന്ന് നോക്കിയാല്‍ കാണുന്ന വലിപ്പമല്ല സൂര്യനോട് ഒരുലക്ഷം മൈല്‍ ദൂരത്തില്‍നിന്നാല്‍ കാണുക. ബ്രിട്ടീഷുകാര്‍ കാണുന്ന പ്രഭാത സൂര്യനെ ഇന്ത്യക്കാര്‍ കാണുന്നത് മധ്യാഹ്നപ്രഭയിലാണ്. ന്യൂസിലന്‍ഡില്‍ അതേ സൂര്യന്‍ അസ്തമിക്കുന്ന തിരക്കിലാവും. മാറുന്നത് സൂര്യനല്ല. സൂര്യനെ കാണുന്ന ഇടവും ആ ഇടത്തിലെ മനുഷ്യനും മാറുമ്പോള്‍ സൂര്യന്‍ വേറെയാണ് അഥവാ സൂര്യന്‍െറ ഭാവങ്ങള്‍ ഭിന്നമാണ് എന്നൊക്കെ മനുഷ്യന്‍ ധരിക്കുകയാണ്. 1900 ജനുവരി ഏഴിന് കാലിഫോര്‍ണിയയില്‍ ചെയ്ത പ്രസംഗത്തിലാണ് സൂര്യനെ കാണുന്നത് സൂര്യനില്‍നിന്നുള്ള അകലം അനുസരിച്ച് മാറുന്ന കാര്യം സ്വാമി സൂചിപ്പിച്ചത്.  സ്വാമി സൂചിപ്പിച്ച ആ ആശയം വിശദീകരിക്കാനാണ് ഇവിടെ ഉദ്യമിച്ചത്.
ക്രിസ്തുമതത്തിന്‍െറ ദാര്‍ശനിക ഭാവം യവനദാര്‍ശനികതയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നും അത് യവനചിന്തയെക്കാള്‍ ഉത്തുംഗമായ ഭാരതീയ ചിന്താധാരകളിലൂടെ പരാവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട് എന്നും ആധുനികകാലത്ത് ബീഡ് ഗ്രിഫിത്ത്സിനെ പോലെ പല പാശ്ചാത്യരും പറയുന്നത് പത്തമ്പത് കൊല്ലം മുമ്പ് പാശ്ചാത്യര്‍ക്ക് വിവേകാനന്ദന്‍ പറഞ്ഞുകൊടുത്തു. പൗരസ്ത്യരിലെ ഏറ്റവും വലിയ പൗരസ്ത്യന്‍ എന്നാണ് സ്വാമി ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്. ഇങ്ങനെ വായിക്കുന്നു നാം: With all your attempts to paint him with blue eyes and yellow hair the Nazarene was still an Oriental. All the similies, the imageries, in which the Bible is written....are to be seen today in Asia.
ഏഷ്യയുടെ ശബ്ദം മതത്തിന്‍െറ ശബ്ദമാണെങ്കില്‍ പാശ്ചാത്യ ശബ്ദം രാഷ്ട്രീയത്തിന്‍െറയും ദേശീയതയുടെയും മാറ്റൊലിയാണ് എന്ന് സ്വാമി കരുതി. ഒന്ന് ശരിയെന്നും മറ്റേത് തെറ്റെന്നും അല്ല സ്വാമി പറഞ്ഞത്. ഒരു ശരിയില്‍ നിന്ന് കുറേക്കൂടി ശരിയായ ശരിയിലേക്കുള്ള തീര്‍ഥാടനമാണ് ഏത് സാധകന്‍െറയും ജീവിതസഞ്ചാരം. തെറ്റില്‍നിന്ന് ശരിയിലേക്ക് എന്നതിലേറെ ശരിയില്‍നിന്ന് ശരിയിലേക്ക് എന്നാണ് സ്വാമിയുടെ ചിന്താപഥം ഈ യാത്രയെ വിശേഷിപ്പിക്കുന്നത്.
യൂറോപ്പിന്‍െറ ശബ്ദം മഹത്തായത് തന്നെ, അതിന്‍െറ നിയതമേഖലയില്‍. അത് ഗ്രീക് ദര്‍ശനത്തിന്‍െറ തിരുശേഷിപ്പാണ് എന്ന് - പില്‍ക്കാലത്ത് ബീഡും ഫ്രാന്‍സിസ് ആചാര്യയും എന്നതുപോലെ - സ്വാമി കണ്ടെത്തി. ആ ദര്‍ശനത്തില്‍ രണ്ട് തരം ജനങ്ങളേ ഉള്ളൂ, യവനരും ബര്‍ബരരും. തൊട്ടുപിറകെ വന്ന റോമന്‍ സംസ്കൃതിയിലും ഇത് മറ്റൊരു ഭാവത്തില്‍ കാണാം. റോമാ പൗരനും പൗരത്വം ഇല്ലാത്ത പ്രജയും. ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ അവിടെ. കറുപ്പും വെളുപ്പും.
ക്രിസ്തുമതം സെന്‍റ് പോളിന് മുമ്പും പിമ്പും എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ തര്‍ക്കത്തില്‍ സ്വാമിക്ക് കൃത്യമായ നിലപാട് ഉണ്ട്. അതാകട്ടെ എഴുതപ്പെട്ട പാഠങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കതീതമായി യേശുവിന്‍െറ ലളിതമായ ഈശ്വരോന്മുഖതയെ തിരിച്ചറിയണം എന്നതാണ്. ഏത് മഹാഗുരുവിന്‍െറയും  സന്ദേശം സ്വജീവിതമാണ് എന്ന് ഓര്‍മിപ്പിക്കുന്ന സ്വാമി കുറുനരികള്‍ക്ക് മാളവും ആകാശത്തിലെ പറവകള്‍ക്ക് കൂടും ഉണ്ടായിരിക്കെ തല ചായ്ക്കാന്‍ ഇടമില്ലാ എന്ന് പ്രഖ്യാപിച്ച യേശുവിനെ ആ വ്യാക്യത്തില്‍ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. പെക്കന്‍ഹാംവാല്‍ഷ്, പേറ്റണ്‍, സി.എഫ് ആന്‍ഡ്രൂസ് തുടങ്ങിയ ബ്രിട്ടീഷുകാരും ഇത് പിറകെ തിരിച്ചറിയുകയും ഭാരതീയ ക്രൈസ്തവാശ്രമങ്ങള്‍ക്ക് രൂപം നല്‍കി ഈ മണ്ണില്‍തന്നെ ഒടുങ്ങുകയും ചെയ്തുവല്ലോ.
ഈശ്വരനെ തേടുന്നവര്‍ കടന്നുപോവുന്ന മൂന്ന് ഘട്ടങ്ങളെക്കുറിച്ച് സ്വാമി ലളിതമായി വിശദീകരിക്കുന്നു. അജ്ഞാനത്തിന്‍െറ നാളുകളില്‍ ഈശ്വരന്‍ വിദൂരസ്ഥനായ ഒരു അധികാരിയും രക്ഷാകര്‍ത്താവും ആണ്. അടുത്ത ഘട്ടത്തിലാണ് ദൈവം വിദൂരസ്ഥനല്ല, സമീപസ്ഥന്‍ കൂടെ ആയ സര്‍വവ്യാപിയാണ് എന്ന് തിരിച്ചറിയുന്നത്. ഇവിടെ ദൈവം എന്‍െറ ആത്മാവിനോട് സംവദിക്കുന്ന പരമാത്മാവായി മാറുന്നു. ‘സോള്‍ വിത്തിന്‍ സോള്‍’ എന്നാണ് സ്വാമി പ്രയോഗിച്ചിട്ടുള്ളത്. അടുത്ത ഘട്ടം ഗിരി പ്രഭാഷണസൂക്തങ്ങള്‍ ഉപയോഗിച്ച് ’ദൈവത്തെ കാണുന്ന അവസ്ഥ’ എന്ന് സ്വാമി ഉണര്‍ത്തുന്നു: ‘ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും’ (മത്തായിയുടെ സുവിശേഷം, അധ്യായം അഞ്ച്, വാക്യം എട്ട്). അവര്‍ പിതാവാം ദൈവവുമായി ഏകീഭവിക്കുന്നു എന്ന് സ്വാമി അരുളിച്ചെയ്യുന്നു.
‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന ലളിതമായ പ്രാര്‍ഥന സാധാരണക്കാരനുള്ള ആദ്യപടിയാണ് എന്ന് സ്വാമി പറഞ്ഞുതരുന്നു. അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ‘ഞാന്‍ പിതാവിലും പിതാവ് എന്നിലും വസിക്കുന്നു, നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും വസിക്കുന്നു’ എന്ന് യേശു പഠിപ്പിക്കുന്നതായി സ്വാമി ഓര്‍മിപ്പിക്കുന്നു. അതിനും അപ്പുറത്താണ് ‘പിതാവും ഞാനും ഒന്നാണ്’ എന്ന് പറയുന്ന പരമൗന്നത്യം. ഇത് യഹൂദന്മാര്‍ക്ക് അസ്വീകാര്യമായിരുന്നെങ്കിലും പഴയ നിയമ പ്രവാചകര്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നതാണ് എന്ന് കൂട്ടിച്ചേര്‍ക്കുന്ന സ്വാമി നമ്മോട് പറയുന്നത് ഈ മൂന്ന് പടവുകളും നമുക്ക് അന്യമാവേണ്ടതില്ല എന്നാണ്.
ക്രിസ്തീയദര്‍ശനത്തെ കൃത്യമായി തിരിച്ചറിഞ്ഞ വിവേകാനന്ദന്‍ ക്രിസ്തു പറഞ്ഞതിനപ്പുറം യവന ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായി പോളില്‍ തുടങ്ങി അഗസ്റ്റിന്‍ മുതലായവരിലൂടെ വികസിച്ച് കാക്കത്തൊള്ളായിരം വിഭിന്നസരണികളിലായി ഇന്ന് കാണപ്പെടുന്ന ക്രൈസ്തവ വേദശാസ്ത്രത്തെ സ്വീകരിക്കുന്നു എന്ന് പറയാവുന്നതല്ല. സ്വാമിതന്നെ ഒരിടത്ത് പറഞ്ഞിട്ടുള്ളത്  ഓര്‍ക്കുന്നു. ആരെങ്കിലും ക്രിസ്തുവിനോട് ‘അങ്ങ് പറഞ്ഞതൊക്കെ ശരി; ഞാന്‍ അത് സ്വാംശീകരിക്കുന്നു; അതനുസരിച്ച് ജീവിക്കുകയും ചെയ്യാം. എന്നാല്‍, അങ്ങ് പിതാവിന്‍െറ ഏകജാതനായ പുത്രനാണ് എന്ന് കരുതി അങ്ങയെ ആരാധിക്കാന്‍ എനിക്ക് കഴിയുന്നില്ല’ എന്ന് പറഞ്ഞു എന്ന് കരുതുക. സ്വാമി ഊഹിക്കുന്നു, ക്രിസ്തുവിന്‍െറ മറുപടി ‘ഞാന്‍ പറയുന്നത് പാലിച്ച് ജീവിക്കുമ്പോള്‍ പഠിപ്പിച്ചതിന്‍െറ പകര്‍പ്പവകാശം എനിക്ക് തരികയൊന്നും വേണ്ട, ഞാന്‍ മതത്തെ കച്ചവടച്ചരക്കാക്കുന്നവനല്ല, ഞാന്‍ സത്യം പഠിപ്പിക്കുന്നു, സത്യം ആരുടെയും കുത്തകയല്ല, സത്യം ദൈവമാണ്, സത്യം നിന്നെ സ്വതന്ത്രനാക്കും’ എന്ന് ആയിരിക്കുമെന്ന്. ഈ പ്രസ്താവനക്കും സുവിശേഷത്തില്‍ അടിസ്ഥാനം ഉണ്ട് എന്നത് ശ്രദ്ധിച്ചുകൊള്ളണം. ബൈബ്ളില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട് സ്വാമി ഇവിടെ.
ക്രിസ്തുവിനെ പത്രോസും യാക്കോബും തിരിച്ചറിഞ്ഞ ഭാവത്തില്‍ തിരിച്ചറിഞ്ഞവനായിരുന്നു വിവേകാനന്ദന്‍. ഏക പൂര്‍ണാവതാരമായോ ദൈവത്തിന്‍െറ ഏകജാതനായ പുത്രനായോ യേശുവിനെ അംഗീകരിക്കുന്നില്ല എന്നതാണ് ഇന്നത്തെ ക്രിസ്തുമതഘടനക്ക് സ്വാമിയെ അന്യനാക്കുന്നത്. എന്നാല്‍, ക്രിസ്തുദര്‍ശനം ഇത്ര ഭംഗിയായി അവതരിപ്പിച്ചിട്ടുള്ളവര്‍ ആ ഘടനയുടെ ചട്ടക്കൂടിനകത്ത് ഏറെ ഇല്ല എന്ന സത്യം സ്വാമിയെ നിസ്തുലനാക്കുന്നു. ക്രിസ്തു പില്‍ക്കാലത്ത് ഹൈജാക് ചെയ്യപ്പെട്ടതുപോലെ സ്വാമിയും ഹൈജാക് ചെയ്യപ്പെടുന്നു എന്നത് മറ്റൊരു കാര്യം. അത് എല്ലാ വിശ്വഗുരുക്കന്മാരുടെയും വിധിയാണ്.
ഏറ്റവും കൗതുകകരമായ കാര്യം തീവ്രഹിന്ദുത്വ വാദികള്‍ സ്വാമിയെ മുന്നില്‍ നിര്‍ത്തുന്നതാണ്. ആണ്ടോടാണ്ട് ക്രിസ്മസ് ആചരിക്കുന്ന പ്രസ്ഥാനത്തിന്‍െറ ശില്‍പിയാണ് സ്വാമി. ആ പ്രസ്ഥാനമാകട്ടെ തങ്ങള്‍ ഹിന്ദുക്കളല്ല എന്ന് പ്രഖ്യാപിച്ചുകിട്ടാന്‍ കോടതിയെ സമീപിച്ചതുമാണ്. കല്‍ക്കട്ടാ ഹൈകോടതി അത് അനുവദിക്കുകയും രാമകൃഷ്ണ മിഷനിലെ അംഗങ്ങള്‍ ഹിന്ദുക്കളല്ല, ഒരു മതന്യൂനപക്ഷമാണ് എന്ന് വിധിക്കുകയും ചെയ്തു.
സുപ്രീംകോടതി മറിച്ചു വിധിച്ചതുകൊണ്ടാണ് ഇപ്പോള്‍ രാമകൃഷ്ണ മിഷന്‍ ഒരു ഹിന്ദുസംഘടനയായി പേര്‍വഴി ചാര്‍ത്തപ്പെടുന്നത്. ഒരാശ്വാസം കാണുന്നത് ഡിഫിയും സ്വാമിയെ സ്വന്തമാക്കുന്നതിലെ സന്തുലനമാണ്, സംഗതി വലിയ തമാശയാണെങ്കിലും സത്യത്തില്‍ സ്വാമി വിവേകാനന്ദന്‍ ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത എന്ന് ആഹ്വാനം ചെയ്തത് നാം ഓരോരുത്തരോടുമാണ്. സ്വദേശാഭിമാനവും ആത്മവിശ്വാസവും ഉള്ള ഭാരതീയതയുടെ പ്രതീകമാണ് സ്വാമി. ഒരു സഭയില്‍ ജനിക്കാം, എന്നാല്‍ സഭയിലാവരുത് മരണം എന്ന് പറഞ്ഞയാളാണ് അദ്ദേഹം. അതുകൊണ്ട് ജനിച്ചത് ഹിന്ദുമതത്തിലാണെങ്കിലും ഏതെങ്കിലും മതത്തിന്‍െറ ചട്ടക്കൂടില്‍ മരിക്കേണ്ടയാളായിരുന്നില്ല സ്വാമി. മരണാനന്തരം നാം അദ്ദേഹത്തെ ഏതെങ്കിലും തൊഴുത്തില്‍ കെട്ടരുത്. ആനയെ കെട്ടാനുള്ളതല്ല ഒരു തൊഴുത്തും. 
http://www.madhyamam.com/news/209001/130116
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക