Image

സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വിദ്യാഭ്യാസ വകുപ്പ്‌ ക്രൈസ്‌തവ സമുദായത്തെ ആക്ഷേപിക്കുന്നു: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍

Published on 06 January, 2013
സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വിദ്യാഭ്യാസ വകുപ്പ്‌ ക്രൈസ്‌തവ സമുദായത്തെ ആക്ഷേപിക്കുന്നു: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍
കൊച്ചി: ക്രൈസ്‌തവ സമൂഹം ഒന്നടങ്കം വിശുദ്ധ കര്‍മ്മങ്ങള്‍ക്കും മതപഠനത്തിനും മാറ്റിവെച്ചിരിക്കുന്നതും പൊതു അവധിദിനവുമായ ഞായറാഴ്‌ച ദിവസങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ സ്‌കൂള്‍ കലോത്സവങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌ അപലപനീയമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവം തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഞായറാഴ്‌ച നടക്കുകയുണ്ടായി. കാസര്‍കോഡ്‌ റവന്യൂജില്ലാ കലോത്സവവും ഞായറാഴ്‌ചയാണ്‌ നടന്നത്‌.

ക്രൈസ്‌തവ വിശ്വാസികള്‍ തലമുറകളായി തുടരുന്ന ഞായറാഴ്‌ച ആചരണത്തിനും ക്രൈസ്‌തവ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മതപഠനക്ലാസുകള്‍ക്കും തടസം സൃഷ്‌ടിക്കുന്ന രീതിയിലുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം നടപടികളില്‍ ദുരൂഹതയുണ്ട്‌. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ക്രൈസ്‌തവ സമുദായത്തിലെ വൈദികരും കന്യാസ്‌ത്രികളും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന പ്രശസ്‌തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലോത്സവവേദികളില്‍ നിന്ന്‌ മാറ്റി നിര്‍ത്തുവാനുള്ള വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ ബോധപൂര്‍വ്വമായ ശ്രമവും ഗൂഡാലോചനയുമാണ്‌ ഇതിന്റെ പിന്നിലെന്ന്‌ സംശയിക്കപ്പെടുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ വരുംകാല പരിപാടികളില്‍ നിന്ന്‌ ഞായറാഴ്‌ചദിവസം ഒഴിവാക്കണമെന്ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക