Image

പെണ്‍കുട്ടിയുടെ പേര്‌ വെളിപ്പെടുത്തണമെന്ന തരൂരിന്റെ പ്രസ്‌താവന വിവാദത്തില്‍

Published on 01 January, 2013
പെണ്‍കുട്ടിയുടെ പേര്‌ വെളിപ്പെടുത്തണമെന്ന തരൂരിന്റെ പ്രസ്‌താവന വിവാദത്തില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പേര്‌ വെളിപ്പെടുത്തണമെന്ന്‌ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെ ആവശ്യമുന്നയിച്ചത്‌ വിവാദത്തിലായി.

പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക്‌ എതിര്‍പ്പില്ലെങ്കില്‍ പേരു വെളിപ്പെടുത്തി അവളെ ആദരിക്കണം. ബലാത്സംഗത്തിനെതിരെ പുതിയ നിയമം വരുമ്പോള്‍ അതിന്‌ പെണ്‍കുട്ടിയുടെ പേര്‌ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആ പെണ്‍കുട്ടിയുടെ പേര്‌ ഇനിയും രഹസ്യമാക്കി വെക്കുന്നതിലൂടെ ഏത്‌ ലക്ഷ്യമാണ്‌ സാധൂകരിക്കപ്പെടുകയെന്ന്‌ അറിയില്ല. എന്തുകൊണ്ട്‌ അവരുടെ പേര്‌ വെളിപ്പെടുത്തുകയും സ്വന്തം വ്യക്തിത്വമുള്ള ഒരാളെന്ന നിലയില്‍ ആദരിക്കുകയും ചെയ്‌തുകൂടേയെന്നും തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.

എന്നാല്‍ കുട്ടിയുടെ പേര്‌ വെളിപ്പെടുത്തരുതെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. പേരുവിവരം പുറത്തുവിട്ടതിന്‌ ഒരു പത്രത്തിനെതിരെ കഴിഞ്ഞ ദിവസം പോലീസ്‌ കേസെടുത്തിരുന്നു.

അതിനിടെ, കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ബസ്‌ ഇടിച്ചു കൊല്ലാനും പ്രതികള്‍ ശ്രമിച്ചതായി കുറ്റപത്രം. ആണ്‍സുഹൃത്തിന്റെ ഇടപെടലാണു കുട്ടിയെ രക്ഷിച്ചത്‌. ഇതുള്‍പ്പെടെ മൃഗീയ പീഡനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നാളെ സാകേത്‌ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്‌. പ്രോസിക്യൂഷന്‍ പ്രതികള്‍ക്കു വധശിക്ഷ ആവശ്യപ്പെടും. ശിക്ഷാ ഇളവിനു പഴുതാകുമെന്നതിനാല്‍ ആരെയും മാപ്പുസാക്ഷിയാക്കില്ല. വിചാരണയ്‌ക്ക്‌ അതിവേഗ കോടതി സ്‌ഥാപിച്ചുകൊണ്ടുള്ള വിജ്‌ഞാപനം ആഭ്യന്തര മന്ത്രാലയം ഇന്നു പുറപ്പെടുവിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക