ദുബായ്: ആഘോഷത്തിമിര്‍പ്പിനു മാറ്റു കൂട്ടി ആരംഭിച്ച ഷോപ്പിയസ്റ്റ
പ്രദര്‍ശനത്തിനു തിരക്കേറുന്നു. ആദ്യ ദിനം പതിനായിരത്തിലേറെ സന്ദര്‍ശകരാണ്
മെയ്ദാനിലെ ഷോപ്പിയസ്റ്റ വേദിയിലെത്തിയത്. ഈദ് ഇന്‍ ദുബായ് എന്ന പേരിലുള്ള
ഔദ്യോഗിക പരിപാടിയുടെ ഭാഗമായാണു ഷോപ്പിയസ്റ്റ വാണിജ്യ വിപണന മേള
നടത്തുന്നത്.
ദുബായ് ഇവന്റ്സ് സിഇഒ ലൈല സുഹൈല്‍ ഉദ്ഘാടനം ചെയ്തു.
ഡപ്യൂട്ടി സിഇഒ ഇബ്രാഹിം സാലെയും ദുബായ് ഇവന്റ്സ്, സിട്രോണ്‍
കമ്യൂണിക്കേഷന്‍സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ദുബായ് ഡ്രംസിലെ
50 ഡ്രമ്മര്‍മാരുടെ പ്രകടനവും പഞ്ചഭൂതങ്ങളുടെ നൃത്താവിഷ്കാരമായ എലിമെന്റ്സ് ഓഫ്
എര്‍ത്തും ഉദ്ഘാടനച്ചടങ്ങിനു മാറ്റു കൂട്ടി.
ആകര്‍ഷകമായ ഡിസ്കൗണ്ടുകളും
മറ്റ് ആനുകൂല്യങ്ങളും നല്കുന്ന ഷോപ്പിയസ്റ്റ ലോകത്തിലെ ഏറ്റവും വലിയ മുഖങ്ങളുടെ
ഫോട്ടോ കൊളാഷ് നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡിടാനുള്ള ശ്രമത്തിനും
വേദിയാകും.
അഞ്ചു ദിര്‍ഹമാണ് പ്രവേശന ഫീസ്. ഉച്ചയ്ക്കു രണ്ടു മുതല്‍
വൈകുന്നേരം ഏഴു വരെ സൗജന്യ കലാപരിപാടികളുണ്ടാകും. 32 ഭക്ഷണ ശാലകള്‍, 10 അഡ്വഞ്ചര്‍
സ്പോര്‍ട്സ് റൈഡുകള്‍ എന്നിവ ഇവിടെയുണ്ട്. റൈഡുകള്‍ക്കും അഞ്ചു ദിര്‍ഹമാണ്
പ്രവേശന ഫീസ്.
ഇതിനു പുറമേ അഞ്ചു ദിവസവും ഓരോ മേഖലയുടെ രുചിക്കിണങ്ങുന്ന
സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതിനു പ്രത്യേക നിരക്കുകളുണ്ട്. ഏറ്റവും
കുറഞ്ഞത് 90 ദിര്‍ഹമാണ്. ഇന്ന് പേര്‍ഷ്യന്‍ മഡോണ ഗുഗൂഷിന്റെ പേര്‍ഷ്യന്‍ നൈറ്റ്
നടക്കും. നാളെ ഇന്ത്യന്‍ നൈറ്റില്‍ ശങ്കര്‍ മഹാദേവനും ഹരിഹരനും
ഗാനങ്ങളുമായെത്തും.
അവസാന ദിവസമായ സെപ്റ്റംബര്‍ നാലിന് കെല്ലി റൗളണ്ട്,
ടി. പെയിന്‍, ഷോണ്‍ പോള്‍ എന്നിവരും നിരവധി ബോളിവുഡ് താരങ്ങളും അണി നിരക്കുന്ന
ഇന്റര്‍നാഷനല്‍ നൈറ്റുമുണ്ടാകും. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, പ്രിയങ്ക
ചോപ്ര, ദീപിക, മലായ്ക അറോറ, ജാക്വലിന് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുക്കും.