Image

മാര്‍ ജോസഫ് പവ്വത്തിലിനു തലമുറകളുടെ ആദരം

Published on 04 October, 2012
മാര്‍ ജോസഫ് പവ്വത്തിലിനു തലമുറകളുടെ ആദരം
ചങ്ങനാശേരി: അരനൂറ്റാണ്ട് സഭയ്ക്കും സമൂഹത്തിനും ആത്മീയ ദിശാബോധം പകര്‍ന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ സാസ്‌കാരിക കേരളം ആദരിച്ചു. ആത്മീയ രംഗത്തെ പ്രകാശ ഗോപുരമെന്നും വിദ്യാഭ്യാസ മേഖലയിലെ ദാര്‍ശനികനെന്നും വിശേഷിപ്പിക്കപ്പെട്ട പ്രസംഗങ്ങള്‍ ശ്രവിക്കാന്‍ എസ്ബി കോളജിലെ കാവുകാട്ട് ഹാള്‍ നിറഞ്ഞുകവിഞ്ഞു. 

വൈദികന്‍, അധ്യാപകന്‍, മെത്രാപ്പോലീത്ത, വിദ്യാഭ്യാസ വിചക്ഷണന്‍, ന്യൂനപക്ഷാവകാശ സംരക്ഷകന്‍, പ്രബോധകന്‍, ധാര്‍മികതയുടെ കാവലാള്‍ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ പ്രശംസനീയമായ മാതൃക പകര്‍ന്നു നല്‍കിയ മാര്‍ പവ്വത്തിലിന് അതിരൂപത നല്‍കിയ പ്രൗഢമായ ആദരവും അനുമോദനവുമായിരുന്നു സമ്മേളനം. 

അതിരൂപതാ കേന്ദ്രത്തില്‍നിന്നു നിരവധി വാഹനങ്ങളുടെയും ബാന്‍ഡുമേളങ്ങളുടെയും അകമ്പടിയിലാണു പവ്വത്തിലിനെ ജൂബിലി സമ്മേളന വേദിയായ എസ്ബി കോളജ് അങ്കണത്തിലേക്ക് ആനയിച്ചത്. മാര്‍ പവ്വത്തില്‍ സ്ഥാപിച്ച യുവജനപ്രസ്ഥാനം യുവദീപ്തിയുടെ പ്രവര്‍ത്തകര്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ മുന്‍ നിരയില്‍ നീങ്ങിയത് നഗരത്തിനു വര്‍ണക്കാഴ്ചയായി. 

മാതൃജ്യോതിസ്, പിതൃവേദി, മിഷന്‍ലീഗ്, ഡിസിഎംഎസ്, കെസിഎസ്എല്‍, ചാസ്, കെഎല്‍എം, എകെസിസി, കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളന വേദിയായ മാര്‍ കാവുകാട്ട് ഹാളിന്റെ കവാടത്തില്‍ പേപ്പല്‍ പതാകകളുമായി ആദരണീയനായ പിതാവിന് ഊഷ്മള സ്വീകരണം നല്‍കി. പിതാവ് തുടക്കംകുറിച്ച ഇത്തിത്താനം ആശാ ഭവന്‍ സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബാന്‍ഡ് മേളവും ചാസിലെ വനിതാ പ്രവര്‍ത്തരുടെ ചെണ്ടമേളവും ചടങ്ങിനെ വര്‍ണാഭമാക്കി.

അനാരോഗ്യം മൂലം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്താന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫോണിലൂടെ സന്ദേശം അറിയിച്ചത് സദസിന് ആവേശം പകര്‍ന്നു. എല്ലാ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും നിന്നുള്ള പ്രതിനിധികള്‍ കൃതജ്ഞതാബലിയിലും അനുമോദന സമ്മേളനത്തിലും പങ്കുചേര്‍ന്നു.

ചൊവ്വാഴ്ച രാവിലെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അര്‍പ്പിച്ച കൃതജ്ഞതാബലി അനുഗ്രഹ വര്‍ഷങ്ങള്‍ക്കുള്ള നന്ദിപ്രകാശനമായി. മുന്‍ പിതാക്കന്മാരായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി, മാര്‍ ജയിംസ് കാളാശേരി, ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് എന്നിവരുടെ കബറിടങ്ങളില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിച്ചശേഷമാണു മാര്‍ പവ്വത്തില്‍ ബലിവേദിയിലേക്കെത്തിയത്. പള്ളിയുടെ കവാടത്തിലെത്തിയ ആര്‍ച്ച്ബിഷപ്പിനെ തെളിയിച്ച മെഴുകുതിരി നല്കി വികാരി ഫാ. തോമസ് തുമ്പയില്‍ സ്വീകരിച്ചു.

ഭാരത സഭക്കും സീറോമലബാര്‍ സഭക്കും ദൈവം കനിഞ്ഞു നല്‍കിയ വരദാനമാണു മാര്‍ ജോസഫ് പവ്വത്തിലെന്നു വിശുദ്ധ കുര്‍ബാനമധ്യേ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുസ്മരിച്ചു. ദൈവം നല്‍കിയ നിയോഗം ഏറ്റുവാങ്ങി കേരളസഭയേയും സീറോമലബാര്‍ സഭയേയും മാര്‍ പവ്വത്തില്‍ ധീരമായി നയിച്ചു വളര്‍ത്തി വിശുദ്ധീകരിച്ചു. മലബാര്‍ സഭയുടെ കിരീടം എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിച്ചത് ഏറെ പ്രസക്തമാണെന്നും ഇത് സഭക്ക് അഭിമാനം പകരുന്നതാണെന്നും മാര്‍ പള്ളിക്കാപ്പറമ്പില്‍ ചൂണ്ടിക്കാട്ടി. 

മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ്് പള്ളിക്കാപ്പറമ്പില്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍, ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ് കുന്നത്ത്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരും അതിരൂപതയിലെ നാനൂറിലേറെ വൈദികരും സമൂഹബലിയില്‍ സഹകാര്‍മികരായിരുന്നു. വിവിധ സന്യാസിനി സമൂഹങ്ങളുടെ പ്രെവിന്‍ഷ്യാള്‍മാരും അത്മായ പ്രതിനിധികളും ബലിയില്‍ പങ്കുചേര്‍ന്നു. വികാരിജനറാള്‍ മോണ്‍. ജയിംസ് പാലക്കല്‍ സ്വാഗതം ആശംസിച്ചു. 

മാര്‍ ജോസഫ് പവ്വത്തിലിനു തലമുറകളുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക