Image

മാര്‍ പവ്വത്തിലിന്റെ നിലപാടുകളെ കാലം ശരിവയ്ക്കും: മുഖ്യമന്ത്രി

Published on 04 October, 2012
മാര്‍ പവ്വത്തിലിന്റെ നിലപാടുകളെ കാലം ശരിവയ്ക്കും: മുഖ്യമന്ത്രി
കോട്ടയം: മാര്‍ ജോസഫ് പവ്വത്തിലിന്റെ വിദ്യാഭ്യാസ നിലപാടുകളോടും മൂല്യാധിഷ്ഠിത ഉദ്‌ബോധനങ്ങളോടും വിയോജിപ്പും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നവര്‍ക്കു പില്‍ക്കാലത്ത് അവ തിരുത്തിപ്പറയേണ്ടിവരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാര്‍ പവ്വത്തിലിന്റെ കാഴ്ചപ്പാടുകള്‍ കേരള സഭയ്ക്കും സമൂഹത്തിനും എക്കാലവും ധൈര്യവും ഊര്‍ജവും പകരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്നു. 

മാര്‍ ജോസഫ് പവ്വത്തിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും പ്രമാണിച്ച് നടത്തിയ അനുമോദനസമ്മേളനത്തോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിതാവിന്റെ നേതൃത്വവും സാന്നിധ്യവും സഭാമക്കള്‍ക്കു ബലവും പ്രത്യാശയും നല്‍കുന്നതായി സമ്മേളനത്തിനു നല്കിയ ഓഡി യോ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ അധിനിവേശങ്ങളെ ഒറ്റയ്ക്കു പൊരുതിത്തോല്‍പിച്ച ധീരനാണു മാര്‍ പവ്വത്തിലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മഹാസാഗരത്തെ വിലയിരുത്തുന്നതുപോലെ ശ്രമകരമാണ് പവ്വത്തില്‍ പിതാവിന്റെ ബഹുമുഖ വ്യക്തിത്വത്തെ അപഗ്രഥിക്കുക എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രത്യയശാസ്ത്രങ്ങളുടെ അധിനിവേശങ്ങളെ തിരിച്ചറിഞ്ഞ അദ്ദേഹം ന്യൂനപക്ഷാവകാശങ്ങളുടെ കാവലാളും ബോധ്യങ്ങളില്‍ അണുവിട വ്യതിചലിക്കാത്ത ധീരനുമാണ്- മാര്‍ വലിയമറ്റം വ്യക്തമാക്കി.

ജീവിച്ച വര്‍ഷംകൊണ്ടല്ല വര്‍ഷിച്ച ജീവിതം കൊണ്ടാണു മാര്‍ ജോസഫ് പവ്വത്തിലിനെ തലമുറകള്‍ അനുസ്മരിക്കുകയെന്നു പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഇരുളടഞ്ഞ നൂറ്റാണ്ടില്‍ ദളിതരെയും ദരിദ്രരെയും മറ്റുള്ളവരോ ടൊപ്പം ഒരേ ബെഞ്ചിലിരുത്തി പഠിപ്പിക്കുകയും ഈ സമൂഹത്തിനു വസ്ത്രവും ഭക്ഷണവും നല്‍കുകയും ചെയ്തതു ചാവറപ്പിതാവിനെപ്പോലുള്ള ക്രൈസ്തവ സന്ന്യാസികളാണ്. കെ.ആര്‍. നാരായണനെയും ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെയും കുടിലില്‍നിന്ന് അത്യുന്നത പദവികളിലെത്തിച്ചതു കപട പ്രത്യയശാസ്ത്രക്കാരല്ല, ക്രൈസ്തവ മിഷനറിമാരാണ്. വൈദികരും കന്യാസ്ത്രികളും സമര്‍പ്പിതരായി നമുക്കിടയിലുള്ളതുകൊണ്ടാണു കേരളത്തിനു ജാതിത്തത്തിന്റെ ഇരുളറയില്‍നിന്നു മോചനമുണ്ടായതെന്നും ഡോ. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തിലും പ്രസംഗിച്ചു. സി.എഫ്.തോമസ് എംഎല്‍എ അതിരൂപതയുടെ ഉപഹാരം മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു. ദൈവത്തിന്റെ അനന്തമായ കാരുണ്യവും മെത്രാന്മാരുടെയും വൈദികരുടെയും അല്‍മായരുടെ യും സഹകരണവും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകര്‍ന്നതായി മാര്‍ പവ്വത്തില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.


മാര്‍ പവ്വത്തിലിന്റെ നിലപാടുകളെ കാലം ശരിവയ്ക്കും: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക