Image

മാര്‍ ജേക്കബ് മുരിക്കന്‍ അഭിഷിക്തനായി

Published on 01 October, 2012
മാര്‍ ജേക്കബ് മുരിക്കന്‍ അഭിഷിക്തനായി
പാലാ: പാലാ രൂപതയുടെ സഹായമെത്രാനായി മാര്‍ ജേക്കബ് മുരിക്കന്‍ അഭിഷിക്തനായി. ഉച്ചക്കു രണ്ടിനു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും സഹകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് ആര്‍ച്ച്ഡീക്കനായി.

തിരുക്കര്‍മങ്ങള്‍ക്ക് ഒരുക്കമായി ഉച്ചക്ക് 1.45-നു പാരിഷ്ഹാളില്‍നിന്നു കത്തീഡ്രലിലേക്ക് ആഘോഷമായ പ്രദക്ഷിണം നടന്നു. തുടര്‍ന്നായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രസംഗം നടത്തി. മാര്‍ ജേക്കബ് മുരിക്കനെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിയമനപത്രം ചാന്‍സലര്‍ റവ. ഡോ. ജോസ് കാക്കല്ലില്‍ വായിച്ചു. മലയാള പരിഭാഷ വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കിഴക്കേ അരഞ്ഞാണിയില്‍ വായിച്ചു. തുടര്‍ന്നാണ് മെത്രാഭിഷേകകര്‍മം നടന്നത്.

മെത്രാഭിഷേകത്തിനുശേഷം മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കി. രൂപതയിലെ എല്ലാ വൈദികരും രൂപതാതിര്‍ത്തിക്കുള്ളിലുള്ള എല്ലാ സമര്‍പ്പിത വൈദികരും തിരുക്കര്‍മങ്ങളില്‍ കാര്‍മികത്വം വഹിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും സന്യസ്തഭവനങ്ങളിലും നിന്നുള്ള പ്രതിനിധികള്‍ മെത്രാഭിഷേകച്ചടങ്ങുകളില്‍ പങ്കെടുത്തു. വിവിധ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരും മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങുകളില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക