Image

ബാങ്കില്‍ വ്യാജ ചെക്ക് നല്‍കി രണ്ടരകോടി തട്ടാന്‍ ശ്രമിച്ച ആറ് പേര്‍ പിടിയില്‍

Published on 29 September, 2012
ബാങ്കില്‍ വ്യാജ ചെക്ക് നല്‍കി രണ്ടരകോടി തട്ടാന്‍ ശ്രമിച്ച ആറ് പേര്‍ പിടിയില്‍
പാലക്കാട്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലക്കാട് 'റാസ്‌മെക്' ശാഖയില്‍ രണ്ടരകോടി രൂപയുടെ വ്യാജചെക്ക് നല്‍കി തട്ടിപ്പിന് ശ്രമിച്ച ആറ് പേര്‍ അറസ്റ്റില്‍. ഒരാള്‍ രക്ഷപ്പെട്ടു. കാസര്‍കോട് തൃക്കരിപ്പൂര്‍ ഷഫീന മന്‍സിലില്‍ അബ്ദുറസാഖ് (32), പാലക്കാട് ആലത്തൂര്‍ ക്രസന്റ് ആശുപത്രിക്ക് സമീപം ഷാ മന്‍സിലില്‍ ഷബീര്‍ (38), ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റിന് സമീപം തെക്കേതില്‍ വീട്ടില്‍ കൃഷ്ണദാസ് (43), തൃശൂര്‍ കുറുമ്പിലാവ് അമ്പലത്ത് വീട്ടില്‍ അബ്ദിന്‍ ഷാ (44), തൃശൂര്‍ എടത്തിരുത്തി അമ്പലത്ത് വീട്ടില്‍ കുഞ്ഞുമോന്‍ ജമാലുദ്ദീന്‍ (50), തൃശൂര്‍ എരുമപ്പെട്ടി മുണ്ടന്‍പറമ്പ് അപ്പോഴത്ത് വീട്ടില്‍ മുകുന്ദന്‍ (50) എന്നിവരെയാണ് പാലക്കാട് സൗത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ താണിക്കുടം സ്വദേശി സി.ടി. മേനോനാണ് രക്ഷപ്പെട്ടത്. ഇയാളുടെ വീട് പൊലീസ് പരിശോധിച്ചു. 

ഝാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള 'ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്' (ഐ.എസ്.എം) എന്ന കല്‍പിത സര്‍വകലാശാലയുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടാനുള്ള ശ്രമം ബാങ്ക് അഡീഷനല്‍ ജനറല്‍ മാനേജര്‍ കെ.കെ. കുര്യന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശ്രമഫലമായാണ് പൊളിഞ്ഞത്.
കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ധന്‍ബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് കാമ്പസിലെ എസ്.ബി.ഐ ശാഖയുടെ ചെക്കാണ് വ്യാജമായി നിര്‍മിച്ചത്. പിടിയിലായ കൃഷ്ണദാസിന്റെ ഉടമസ്ഥതയില്‍ ഒലവക്കോട്ടുള്ള 'വി ആന്റ് വി ഓര്‍ഗാനിക് മാന്വര്‍' എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക് ഹാജരാക്കിയത്. 

ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളുടെ വായ്പാ അപേക്ഷകളില്‍ തീരുമാനമെടുക്കുന്ന കേന്ദ്രീകൃത വിഭാഗമാണ് റാസ്‌മെക് (റീട്ടെയില്‍ അസെറ്റ് ആന്റ് സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍െ്രെപസസ് സെന്‍ട്രലൈസ്ഡ് ക്രെഡിറ്റ് സെല്‍). എസ്.ബി.ഐയുടെ വിവിധ ശാഖകളില്‍ കിട്ടുന്ന ഇത്തരം അപേക്ഷകള്‍ അതത് ജില്ലയിലെ റാസ്‌മെക് ശാഖയിലാണ് പരിശോധിച്ച് തീരുമാനമെടുക്കുന്നത്.

കൃഷ്ണദാസ് 2008-09ല്‍ എസ്.ബി.ഐയില്‍നിന്ന് ഭൂമി പണയപ്പെടുത്തി അരക്കോടി രൂപയോളം വായ്പ എടുത്തിരുന്നു. ഇത് കിട്ടാക്കടമാവുകയും ബാങ്ക് റവന്യൂ റിക്കവറി നടപടി തുടങ്ങുകയും ചെയ്തിരിക്കെയാണ് തിങ്കളാഴ്ച കൃഷ്ണദാസും കൂട്ടരും 070948 എന്ന സീരിയല്‍ നമ്പറുള്ള ചെക്കുമായി എത്തിയത്. ചെക്ക് മാറ്റി പണം കിട്ടുമ്പോള്‍ തന്റെ വായ്പ തീര്‍ക്കുമെന്ന് കൃഷ്ണദാസ് ബാങ്കിനെ അറിയിച്ചു. ചെക്കിന്റെ നിജസ്ഥിതി അറിയാന്‍ ബാങ്ക് അധികൃതര്‍ ധന്‍ബാദ് എസ്.ബി.ഐ ശാഖയില്‍ ബന്ധപ്പെട്ടപ്പോള്‍ അതേ സീരിയല്‍ നമ്പറിലുള്ള ഒരു ചെക്കില്‍ മുമ്പ് പണം അനുവദിച്ചതായി സംശയമുണ്ടെന്നും സ്ഥിരീകരിക്കുന്നത് വരെ കാത്തുനില്‍ക്കണമെന്നും മറുപടി ലഭിച്ചു. ഇതോടെ ബാങ്ക് ജീവനക്കാര്‍ ചെക്ക്‌ലീഫ് സ്‌കാന്‍ ചെയ്തു. ചെക്ക് യഥാര്‍ഥമല്ലെന്നും വ്യാജമായി നിര്‍മിച്ചതാണെന്നും തിരിച്ചറിഞ്ഞു. സെപ്റ്റംബര്‍ 15ന് ഇതേ നമ്പറുള്ള ചെക്കില്‍ 2,89,688 രൂപ ഐ.എസ്.എം കാമ്പസ് ശാഖയില്‍നിന്ന് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് മാറ്റി നല്‍കിയതായി ധന്‍ബാദില്‍നിന്ന് അറിയിച്ചു. അസല്‍ ചെക്ക് ലീഫിന്റെ നമ്പര്‍ 11 ആയിരുന്നെങ്കില്‍ വ്യാജന്റേത് 29 ആണെന്ന വ്യത്യാസമേ പ്രത്യക്ഷത്തിലുണ്ടായിരുന്നുള്ളൂ.

തട്ടിപ്പ് ബോധ്യപ്പെട്ടതോടെ എ.ജി.എം ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വാതില്‍ അടക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ബഹളത്തിനിടെ പുറത്തിറങ്ങിയ സി.ടി. മേനോന്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി പിടിയിലായവരെ ചോദ്യം ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. വ്യാജ ചെക്ക് നിര്‍മിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക