Image

സമാധാനം ദൈവികമാകണം: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 26 September, 2012
സമാധാനം ദൈവികമാകണം: ഡി. ബാബുപോള്‍
പ്രണയാഭ്യര്‍ഥന നിരസിക്കുന്ന കാമുകിയെ കുത്തിക്കൊലപ്പെടുത്തി മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയും ഒപ്പം സ്വയം കത്തിയെരിഞ്ഞ്‌ വരണത്തിന്‌ പകരം മരണം ഒന്നിക്കാനുള്ള ഉപാധിയായി കാണുകയും ചെയ്‌ത കോയമ്പത്തൂരിലെ ചെറുപ്പക്കാരനോട്‌ വിരോധം തോന്നിയിട്ട്‌ കാര്യമില്ല. വരികള്‍ക്കിടയില്‍ വായിക്കാനാവുന്നത്‌ ചങ്ങമ്പുഴക്ക്‌ മുമ്പും ഉണ്ടായിരുന്നതും ഇന്നും തുടരുന്നതുമായ തരം രമണ സമാനകഥ തന്നെയാണ്‌. പെണ്‍കുട്ടിക്കും ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നെന്ന്‌ തോന്നുന്നില്ല. അവള്‍ മാതാപിതാക്കളെ അനുസരിച്ചുകൊണ്ട്‌ ഏത്‌ സാധാരണ പെണ്‍കുട്ടിയെയും പോലെ സ്വപ്രണയം അതിജീവിക്കാന്‍ ശ്രമിക്കുകയായിരുന്നിരിക്കണം. മാതാപിതാക്കളെയും കുറ്റപ്പെടുത്താനില്ല എതിര്‍ത്തതില്‍. ആരാണ്‌ പ്രഥമ ശ്രവണത്തില്‍ തന്നെ സ്വന്തം മകള്‍ക്ക്‌ ഒരു മിശ്രവിവാഹം അംഗീകരിക്കുക? ഇല്ലെന്നല്ല, അത്യന്തം വിരളം എന്നാണ്‌ പറയുന്നത്‌. കാമുകന്‍െറ മാതാപിതാക്കളും അതീവ സന്തുഷ്ടരായിരുന്നിരിക്കാനിടയില്ല. മകള്‍ മതം മാറി വിവാഹം കഴിക്കുന്നത്‌ പോലെ അസ്വീകാര്യമാവുമല്ലോ മകന്‍ മതം മാറാതെ ആയാലും അന്യമതസ്ഥയെ വിളിച്ചുകൊണ്ടുവരുന്നതും. തീവ്രപ്രണയത്തിലായിരുന്ന യുവാവ്‌, മാതാപിതാക്കളെ മാനിച്ച യുവതി, ഇരുവരുടെയും മാതാപിതാക്കള്‍, കഥാന്ത്യത്തില്‍ എല്ലാവരും ദുരന്തകഥയിലെ പാത്രങ്ങള്‍.

മറ്റൊരിടത്ത്‌ നാം കേള്‍ക്കുന്നത്‌ പെണ്‍കുട്ടികള്‍ ചെന്നുവീഴുന്ന ചതിക്കുഴികളെക്കുറിച്ചാണ്‌. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്നതാണ്‌ സ്വ ലേ. ഭാഷ. ബലാത്സംഗത്തിന്‌ സമ്മതം വേണ്ട. എങ്കിലും ഒരു വാഗ്‌ദാനം വിശ്വസിച്ച്‌ സംഗത്തില്‍ അഭിരമിക്കുന്ന പെണ്‍കുട്ടിയെ ആദരിക്കാനാവുന്നില്ല ഈ വൃദ്ധമനസ്സിന്‌.

വേറെ കഥകളില്‍ സ്‌ത്രീപുരുഷ ബന്ധം ആയിരിക്കയില്ല ഘടകം. പുരയിടത്തില്‍ കയറി മാങ്ങ പറിച്ച ബാലനെ വെടിവെച്ച കഥയിലെ പ്രതി വിചാരണ നേരിടുന്നതേയുള്ളൂ. പഠിക്കാന്‍ പറഞ്ഞ തന്തയെ വെടിവെച്ചുകൊന്ന സന്തതിയുടെ കഥ കോവൈ ദുരന്തം കഴിഞ്ഞിട്ടാണ്‌.

പ്രണയം പുതിയ കാര്യമല്ല. സ്‌ത്രീ പുരുഷന്മാരുടെ അവിഹിതബന്ധം പുതിയ കാര്യമല്ല. മാങ്ങ പറിക്കുന്ന കുട്ടിയോ മാര്‍ക്ക്‌ കിട്ടാത്ത വിദ്യാര്‍ഥിയോ ഒന്നും പുതിയ കാര്യമല്ല. പുതിയ കാര്യങ്ങള്‍ മറ്റ്‌ ചിലതാണ്‌. ഒന്ന്‌, ജീവിതത്തിന്‍െറ ഗതിവേഗം വര്‍ധിച്ചിരിക്കുന്നു. രണ്ട്‌, സമൂഹത്തില്‍ മത്സരഭാവം ഏറിയിരിക്കുന്നു. മൂന്ന്‌, എലിപ്പത്തായങ്ങളില്‍ അടിഞ്ഞുപോവുന്ന തലമുറക്ക്‌ തല ചായ്‌ച്ച്‌ കരയാന്‍ ചുമലുകള്‍ ഇല്ലാതായിരിക്കുന്നു. അവനവന്‍െറ കാര്യം നോക്കാന്‍ നേരമില്ലാത്തപ്പോള്‍ അപരന്‍െറ നൊമ്പരങ്ങള്‍ ആര്‌ ശ്രദ്ധിക്കാനാണ്‌ എന്ന പ്രസ്‌താവന ന്യായമാണെന്ന്‌ കരുതി നാഗരികത സമൂഹത്തിന്‍െറ നിര്‍വചന രാഗമായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ്‌ സ്വയം സഹായിക്കാന്‍ ഉതകുന്ന പുസ്‌തകങ്ങള്‍ പ്രസക്തമാവുന്നത്‌. അതും തീര്‍ത്തും പുതിയ ഏര്‍പ്പാടൊന്നുമല്ല. ഞാന്‍ പ്രീയൂനിവേഴ്‌സിറ്റി ക്‌ളാസിലോ മറ്റോ വെച്ച്‌ വായിച്ചതാണ്‌ ഡെയില്‍ കാര്‍ണജിയുടെ `ഹൗ ടു വിന്‍ ഫ്രന്‍ഡ്‌സ്‌......' അറുപതുകളില്‍ ഒരു പിതാവാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വായിച്ച ബഞ്ചമിന്‍ സ്‌പോക്ക്‌ പുസ്‌തകത്തിന്‍െറയും ആദ്യപതിപ്പായിരുന്നില്ല വായിച്ചത്‌. പിന്നെ എഴുപതുകളില്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസ്‌ `സ്വയം സഹായകൃതി'കളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഇനമായി. എങ്കിലും ഇന്നുള്ളത്ര കൃതികളോ ഇത്രയുമൊന്നും പോരാ എന്ന ചിന്തയോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുമുമ്പ്‌ ഉണ്ടായിരുന്നു എന്ന്‌ തോന്നുന്നില്ല.

അടിസ്ഥാനപരമായി വേണ്ടത്‌ ഒരു സര്‍ഗാത്മക സമീപനമാണ്‌. സന്തുഷ്ടമായ ഒരു കുടുംബാന്തരീക്ഷവും ഈശ്വരോന്മുഖമായ ജീവിതവീക്ഷണവും അതിന്‌ പശ്ചാത്തലം ഒരുക്കും. അരനൂറ്റാണ്ടിനപ്പുറം മസൂറിയിലെ നാഷനല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ഞങ്ങളുടെ ഡയറക്ടര്‍ (എസ്‌.കെ. ദത്ത എന്ന ഐ.സി.എസ്‌ ഉദ്യോഗസ്ഥന്‍) പറഞ്ഞുതന്നതും ഇതുതന്നെ ആയിരുന്നു. `അധികം വൈകാതെ നിങ്ങളൊക്കെ ഉത്തരവാദിത്തവും ജോലി സമ്മര്‍ദവുമുള്ള ഇടങ്ങളിലെത്തും. മനസ്സിന്‍െറ സമനിലയും ജോലിയിലെ കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്ക്‌ രണ്ട്‌ കാര്യങ്ങള്‍ ഉണ്ടാകണം: ആശ്രയിക്കാന്‍ ഒരു വിശ്വാസം, ചേക്കേറാന്‍ ഒരു സന്തുഷ്ട കുടുംബം' ഇംഗ്‌ളീഷിലാണ്‌ പറഞ്ഞത്‌: a faith to cling on to, a happy family to return to.

ഇത്‌ ഗൃഹനാഥന്‍െറ കാര്യം. പല ഗൃഹനാഥന്മാരും അവരുടെ ആപ്പീസുകാര്യങ്ങള്‍ വീട്ടില്‍ വിളമ്പി വീട്ടിലുള്ളവരുടെ സൈ്വരം കെടുത്തും. നാല്‍പത്‌ വര്‍ഷം ഓഫിസ്‌ പ്രശ്‌നങ്ങള്‍ വീട്ടുകാരെ അറിയിക്കാതെ കൊണ്ടുനടന്നിരുന്നു ഞാന്‍. പത്രങ്ങളില്‍ ആരോപണമോ ദോഷകരമായ വാര്‍ത്തയോ വന്നാല്‍ പത്രം വായിക്കുന്നവര്‍ അതറിയും. അങ്ങനെ ഉണ്ടായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ പോലും വൃക്ഷത്തിനല്ലാതെ പുല്ലിനും കുറ്റിച്ചെടിക്കും കാറ്റ്‌ പിടിക്കുമോ എന്ന മട്ടില്‍ ഗൃഹാന്തരീക്ഷം ശാന്തമായി നിര്‍ത്താന്‍ കഴിഞ്ഞിരുന്നത്‌ ഈശ്വരവിശ്വാസം നല്‍കിയ ബലം കൊണ്ടാണ്‌. എന്നാല്‍, രണ്ടുപേരും ജോലിക്ക്‌ പോകുന്നവരാണെങ്കില്‍ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതാവും നല്ലത്‌. കുഞ്ഞുങ്ങളെ കക്ഷിചേര്‍ക്കാതെ വേണം എന്ന്‌ മാത്രം.

കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ അടുത്ത വെല്ലുവിളി തുടങ്ങുകയായി. നേരത്തെ സൂചിപ്പിച്ച നാഗരികഭാവം നന്മകളാല്‍ സമൃദ്ധമായിരുന്ന നാട്ടിന്‍പുറത്തിന്‍െറ ചാരുതയെ കാര്‍ന്നുതിന്നുകയാണ്‌ ഇന്ന്‌. താമസിക്കുന്നത്‌ നാട്ടിന്‍പുറത്തായാലും മനസ്സ്‌ നഗരത്തിന്‍േറതാണ്‌. അത്‌ മത്സരം, ഇന്‍റര്‍നെറ്റ്‌, ചാറ്റിങ്‌, മിസ്‌ഡ്‌ കാള്‍ തുടങ്ങിയവ അടയാളപ്പെടുത്തുന്നതാണ്‌. മാതാപിതാക്കള്‍ക്ക്‌ കൃത്യാന്തര ബഹുലത. അധ്യാപകര്‍ക്ക്‌ അലസതയും അര്‍പ്പണബോധം അന്യമായ മനസ്സും. മൂല്യാധിഷ്‌ഠിതമായ ലംബമാനബന്ധങ്ങള്‍ യന്ത്രാധിഷ്‌ഠിതമായ തിരശ്ചീനബന്ധങ്ങള്‍ക്ക്‌ വഴിമാറുന്നു. ദമ്പതിമാര്‍ക്ക്‌ സ്വച്ഛമായ ലൈംഗികജീവിതം പോലും അസാധ്യമാക്കുന്ന സമ്മര്‍ദങ്ങള്‍. അസംതൃപ്‌തിയും ഇച്ഛാഭംഗവും കോപം സൃഷ്ടിക്കും. അതോടെ മക്കള്‍ക്ക്‌ നല്ല മാതൃക ലഭിക്കാതാവും. ഇവിടെയാണ്‌ വിജയരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന പുസ്‌തകങ്ങളുടെ പ്രസക്തി.

ഇത്തരം പുസ്‌തകങ്ങള്‍ പൊതുവെ രണ്ടായി തിരിക്കാം. ഒന്ന്‌ കര്‍മമണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഉപദേശങ്ങള്‍ ഗുളിക പരുവത്തില്‍ നല്‍കുന്നവ. മറ്റേത്‌ പരാജയങ്ങളെയും പ്രശ്‌നങ്ങളെയും നേരിടുന്നതിനും അതിജീവിക്കുന്നതിനും പ്രാപ്‌തി പകരുന്നവ. സ്റ്റീവ്‌ കോവെ പോലുള്ളവരുടേത്‌ ആദ്യത്തേതിനും ദീപക്‌ചോപ്ര കൃതികളും ചിക്കന്‍ സൂപ്പ്‌ പരമ്പരയും മറ്റും രണ്ടാമത്തേതിനും ഉദാഹരണം. മൂന്നാമതൊരിനം മലയാളത്തില്‍ ഈയിടയായി പ്രത്യക്ഷപ്പെട്ടു കാണുന്നുണ്ട്‌. മന$ശാസ്‌ത്രം അറിയുന്നവരും അതില്‍ കൗതുകം ഉള്ളതിനാല്‍ അറിവുണ്ടെന്ന്‌ കരുതുന്നവരും എഴുതുന്ന കൃതികളാണ്‌ അവ. ഈ കൃതികള്‍ രചിക്കുന്നത്‌ വൈദികരാണെങ്കില്‍ ഗുണവും ദോഷവും ഉണ്ടാകാം. കുമ്പസാരം എന്ന കൂദാശ അംഗീകരിക്കുന്ന കത്തോലിക്കാഓര്‍ത്തഡോക്‌സ്‌ സഭകളിലെ വിദ്യാസമ്പന്നരായ വൈദികര്‍ക്ക്‌ മനുഷ്യമനസ്സിന്‍െറ അന്ത$പുരങ്ങളില്‍ അലോസരം ചമയ്‌ക്കുന്ന വിഹ്വലതകള്‍ പരിചിതമായിരിക്കും. ഞാന്‍ മോഷ്ടിച്ചു, ഞാന്‍ വ്യഭിചരിച്ചു, ഞാന്‍ ഞായറാഴ്‌ച പള്ളിയില്‍ പോയില്ല എന്നിത്യാദി കുമ്പസാരത്തിന്‍െറ ആദ്യതലത്തെക്കുറിച്ചല്ല പറയുന്നത്‌. ആ പ്രക്രിയയെ ആധ്യാത്മിക വളര്‍ച്ചയുടെ ഉപാധിയാക്കുന്ന വ്യക്തികളുമായി കുമ്പസാരക്കൂടിന്‍െറ ചുറ്റുവട്ടത്തുണ്ടാവുന്ന സംവാദം കൗണ്‍സലിങ്ങില്‍ നല്‍കുന്ന അനുഭവ പരിചയം ചെറുതല്ല. അത്‌ ഗുണം. ദോഷം വൈദികര്‍ പലപ്പോഴും തങ്ങളുടെ അജ്ഞത തിരിച്ചറിയാതെ പോവുന്നു എന്നതാണ്‌. ശങ്കരാചാര്യര്‍ സര്‍വജ്ഞാനപീഠം കയറിയിട്ടാണ്‌ സമാധിയായത്‌. എന്നാല്‍, ദാമ്പത്യവും രതിയും അദ്ദേഹത്തിന്‌ അപ്പോഴും അന്യമായിരുന്നു. അറിവിന്‍െറ പൂര്‍ണതക്കായി ജീവിതത്തിലേക്ക്‌ മടങ്ങി ഒരു ഗൃഹസ്ഥാശ്രമിയുടെ മൃതശരീരത്തില്‍ പ്രവേശിച്ച്‌ കുറേനാള്‍ ജീവിച്ചു എന്നാണല്ലോ കഥ. അവിവാഹിതരായ വൈദികര്‍ ഇത്തരം കാര്യങ്ങളില്‍ എത്ര അജ്ഞരാണെന്നത്‌ വിവാഹിതരായ വായനക്കാര്‍ക്കേ അറിയൂ. അത്‌ ദോഷം. ഗുണമാണ്‌ മുന്നില്‍ എന്നത്‌ ആശ്വാസം! വ്യക്തിളുടെയും കുടുംബങ്ങളുടെയും നവീകരണാനുഭവം ആണ്‌ ഇത്തരം പുസ്‌തകങ്ങള്‍ ലക്ഷ്യമാക്കേണ്ടത്‌. മന$ശാസ്‌ത്രവും വേദശാസ്‌ത്രവും ധര്‍മശാസ്‌ത്രവും ഒക്കെ പരിചയം ഉള്ളവര്‍ക്കാണ്‌ അവ രചിക്കാന്‍ കഴിയുക. അതേസമയം പുസ്‌തകങ്ങള്‍ കൊണ്ടുമാത്രം ആവുകയുമില്ല. നമുക്ക്‌ വേണ്ടത്‌ ഗുരുസ്ഥാനീയരായ പക്വമതികളാണ്‌. ചിലരുടെ കൂടെ കുറേനേരം സംസാരിച്ചിരുന്നാല്‍ നമ്മുടെ മനസ്സിന്‍െറ ഭാരം നാം അറിയാതെ ചോര്‍ന്നുകിട്ടും. അതിനെ തെറാപ്പിയെന്നും കൗണ്‍സലിങ്ങെന്നും ഒന്നും വിളിക്കണമെന്നില്ല. ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചത്‌ അവിടത്തെ സാമീപ്യം ആസ്വദിച്ച്‌ ജീവിക്കുമ്പോള്‍ ആഹ്‌ളാദം അനുഭവിക്കാനുള്ള സിദ്ധിയോടുകൂടെ ആണ്‌. ആ സിദ്ധി കൈമോശം വരുമ്പോഴാണ്‌ നാം നിരാശരും ഇതികര്‍ത്തവ്യതാമൂഢരും ആകുന്നത്‌. അതുകൊണ്ട്‌ ഈശ്വരസാന്നിധ്യം നിരന്തരാനുഭവമാക്കി മാറ്റുക എന്നതാണ്‌ വര്‍ത്തമാനദു$ഖങ്ങള്‍ക്കുള്ള പ്രതിവിധി.

`സകലബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം' എന്നതാണ്‌ സത്യവേദ പുസ്‌തകത്തില്‍ ചാത്തുമേനോന്‍ ഉപയോഗിച്ചിട്ടുള്ള പഴയ മലയാളശൈലി നല്‍കുന്ന വിവരണം. മനുഷ്യന്‍ നല്‍കുന്ന സമാധാനം മനുഷ്യനെ പോലെ നശ്വരമാകും. അനശ്വര സമാധാനത്തിന്‍െറ അക്ഷയസ്രോതസ്സ്‌ സര്‍വശക്തനും കരുണാസമ്പന്നനുമായ സ്രഷ്ടാവ്‌ തന്നെ. (കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക