എന്റെ അരീക്കര കഥകളില്‍ എന്നെ പോലെ ഒരു മകനെ
വളര്‍ത്താന്‍ പാടുപെട്ടു ശരീരം വിറ്റു ജീവിതം നയിച്ച ഒരു പാവം
സ്തീയെപ്പറ്റി എഴുതിയത് ചിലരെങ്കിലും വായിച്ചു കാണുമല്ലോ . രജീടമ്മയുടെ
രൂപം എന്റെ മനസ്സില്‍ എന്നും ഒരു വേദനയായി തങ്ങി നിന്നതിനാല്‍ അത്തരം
ജീവിതം നയിക്കേണ്ടി വന്ന സ്ത്രീകളെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്താനോ
അക്ഷേപിക്കാണോ എനിക്ക് കഴിഞ്ഞിട്ടില്ല .
എന്റെ എഞ്ചിനീയറിംഗ് പഠനത്തിനായി ഞാന്‍ മുംബയില്‍ ബാന്ദ്രയില്‍ ലിങ്കിംഗ്
റോഡിലുള്ള നാഷണല്‍ കോളേജു കാമ്പസ്സില്‍ ഉള്ള ഹോസ്റ്റല്‍ ആയിരുന്നു നാല്
കൊല്ലം താമസിച്ചത് . കോളേജു ദൂരെ വര്‍ളി എന്ന സ്ഥലത്തും . എങ്കിലും അതെ
സ്ഥാപനങ്ങളുടെ കീഴില്‍ ഉള്ള ഒരേ ഒരു ഹോസ്റ്റല്‍ ആണ് ബാന്ദ്രയില്‍
ഞങ്ങളുടേത് . അമീര്‍ഖാന്റെ ' ത്രീ ഇടിയട്ട്സ് ' നെ കടത്തി വെട്ടുന്ന ഒരു
ഹോസ്റ്റല്‍ ജീവിതം ആയിരുന്നു ഞങ്ങളുടേത് . ഞങ്ങളുടെ ബാച്ചില്‍ നിന്നും ആകെ
മുപ്പത്തഞ്ചോളം സഹപാഠികള്‍ . എന്റെ ജീവിതത്തിലെ ഈറ്റവും അവിസ്മരണീയമായ കാലം
എന്ന് സിസ്സംശയം പറയാവുന്ന കാലം. ആ ഹോസ്റ്റല്‍ ജീവിതം എനിക്ക് ജീവിതത്തിലെ
വിലപ്പെട്ട അനുഭവങ്ങള്‍ മാത്രം അല്ല, എക്കലെത്തെയും മികച്ച അനവധി
സുഹൃത്തുക്കളെയും തന്നു. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും പലതരം
അപകര്‍ഷതാബോധവുമായി എത്തിയ ഹോസ്റ്റല്‍ലെ ഏക ' മദ്രാസി ' ആയിരുന്നു ഞാന്‍ .
പക്ഷെ നാല് കൊല്ലത്തെ ഹോസ്റ്റല്‍ ജീവിതവും അവിടെ കിട്ടിയ സുഹൃത്തുക്കളും
എന്റെ ജിവിതം മാറ്റി എഴുതി എന്ന് തന്നെ പറയാം.
എനിക്ക് ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു സുഹൃത്തിനെ പറ്റി ഇന്നെഴുതാം .
അദ്ദ്യ ദിവസം തന്നെ പരിചയപ്പെട്ട സഹപാറി ആണ് ധീരെന്‍ കല്ഘട്ടി എന്ന്
മുഴുവന്‍ പേരുള്ള ധീരെന്‍ . അയാളുടെ വേരുകള്‍ ചികഞ്ഞാല്‍ കര്‍ണാടകത്തിലെ
ബല്‍ഗാം എന്ന സ്ഥലത്താണ് . അച്ഛന് മഹാരഷ്ട്രയ്ല് സര്‍ക്കാര്‍ സര്‍വീസില്‍
. വളരെക്കാലമായി താനേ ജില്ലയില്‍ താമസം. കോളേജില്‍ അവിടെനിന്നും വരാന്‍
പ്രയാസം ആയതിനാല്‍ ഹോസ്റ്റലില്‍ വന്നതാണ് . അന്ന് വര്‍ളി കോളജില്‍ നിന്നും
എത്തിയാല്‍ ഉടന്‍ നാഷണല്‍ കോളെജിനു മുന്പില് ഉള്ള ഒരു യൂപ്പിക്കാരന്‍
ഭയ്യായുടെ ' കട്ടിംഗ് ' എന്ന് വിളിക്കുന്ന ഒരു തരം മസാല ചായക്കട ഉണ്ട് .
അത് കുടിക്കാന്‍ ഞങ്ങള്‍ വൈകിട്ട് അവിടെ കൂടും . ഒരു ചെറിയ കല്‍ഭിത്തിയില്‍
കയറി ഇരുന്നു വായി നോട്ടവും വെടി പറച്ചിലും ഈ ചായ കുടിയും കഴിഞ്ഞിട്ടേ
ഹോസ്റ്റലില്‍ പോവൂ . രണ്ടു റോഡുകള്‍ സന്ധിക്കുന്ന ഒരു സ്ഥലമായതിനാല്‍ ഈ ചായ
കുടിക്കാനും അടുത്തുള്ള പാന്കാരന്റെ അടുത്തും നാഷണല്‍ കോളേജിലെ ബിരുദ
വിദ്യാര്‍ഥികള്‍ വരുന്ന സാന്ഡ്വിച്ചു കാരന്റെ അടുത്തും ഒക്കെ ഇതു സമയവും
നല്ല തിരക്കായിരിക്കും . എപ്പോഴും നിറമുള്ള കാഴ്ചയാണ് ഇവിടെ.
വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ എപ്പോഴും ഒരു ഗ്രൂപ്പായി വരുന്നതിനാല്‍ ഭയ്യക്ക്
ബള്‍ക്ക് ഓര്‍ഡര്‍ കിട്ടുമെന്ന് ഉറപ്പായതിനാല്‍ അയാള്‍ ഞങ്ങളെ കാണേണ്ട
താമസം , പുതിയ മസാല ചായക്ക് വെള്ളം വെക്കും . ഇഞ്ചി , ഏലക്ക , അങ്ങിനെ ചില
മസാലകള്‍ ചേര്‍ത്ത് നല്ലവണ്ണം തിളപ്പിച്ച് അരിച്ചെടുക്കുന്ന ഈ കട്ടിംഗ്
മുംബൈ മിക്ക സ്ഥലങ്ങളിലും പ്രസിദ്ധമാണ് . ഞങള്‍ കോളേജു പിള്ളേര്
മാത്രമാല്ല ഈ കട്ടിംഗ് കുടിക്കാന്‍ വരുന്നത്, വഴിപോക്കരും ട്രാഫിക്
പോലീസുകാരും വഴി വാണിഭക്കാരും ഓട്ടോ ടാക്സി െ്രെഡവര്‍ മാരും തിരക്കില്‍
അറിയീതെ പോവുന്ന പോക്കടിക്കാരും ഗുണ്ടകളും ഒക്കെ ഇവിടെക്കാണും . ഞങ്ങളുടെ
സ്ഥിരമായ വരവും അതും പത്തിരുപതു പേരുടെ ഈ സംഘം താമസിയാതെ ഇവിടുത്തെ സ്ഥിരം
കാഴ്ചകളില്‍ ഒന്നായി മാറി . പരസ്പരം കളിയാക്കുക , ചീത്ത വിളിക്കുക ,
പിടിച്ചു തള്ളുക, കടം വാങ്ങുക തുടങ്ങി കുട്ടികളുടെ എല്ലാ വികൃതികളും എന്നും
പതിവായിരിക്കും. സ്ഥിരം ആസമയത്ത് വന്നു ചായ കുടിക്കുന്ന പലരും ഞങ്ങളുടെ
ഗ്രൂപ്പിനോട് കുശലം പറയുകയോ വഴി ചോദിക്കുകയോ ഒക്കെ പതിവാണ് . , .
ധീരെന്റെ ഒരു പ്രത്യകത നമ്മള്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒന്നായി എനിക്ക്
ആദ്യ ദിവസങ്ങളില്‍ തന്നെ മനസ്സിലായി . ഭയ്യ ആണെങ്കിലും പാന്‍ കാരന്
ആണെങ്കിലും സാന്‍ഡ് വിച്ചു കാരന് ആണെങ്കിലും അയാള്‍ പെട്ടന്ന് അടുത്ത
സുഹൃത്തായി മാറും. ഒരാളെ അടുത്ത സുഹൃത്താക്കാന്‍ നിമിഷ നേരം മതി . അവരുടെ
വീട്ടു വിശേഷം ചോദിക്കല്‍ , അവരോടു കടം പറയല്‍ , അവര്‍ക്ക് കടം കൊടുക്കല്‍ ,
അതെല്ലാം ധീരെനില് ഞാന്‍ കണ്ട പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ആണ് .
അതിനാല്‍ തന്നെ ധീരെന്റെ സുഹൃത്ത് വലയം പെട്ടന്നാണ് വലുതായത് . അയാളുടെ
സൗഹൃദം ഇഷ്ടപ്പെടാത്തെ ഒരാളും ഞങ്ങളുടെ ഹോസ്റ്റലില്‍ ഇല്ലായിരുന്നു .
അന്നും പതിവ് പോലെ ഞങ്ങള്‍ ' ഘട്ട ' എന്ന് അറിയപ്പെടുന്ന ആ അരമതിലില്‍
ചായയും കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു . ഭായ്യയുടെ ചായക്ക് ഓര്‍ഡര്‍
ചെയ്തു ഒരു സ്ത്രീ ഞങ്ങളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട്
അസഹ്യഭാവത്തില്‍ നോക്കി. അവര്‍ ഇടയ്ക്കിടെ ഭയ്യയോടും പാന്‍ വാലയോടും
എതെക്കെയോ പറയുന്നുണ്ട് .
പ്രത്യേകതരം മേക്ക് അപ്പും കടും ചുവന്ന ലിപ് സ്ടിക് ഉം ഒക്കെ ഉള്ള അവര്‍ പോയ ഉടനെ പാന്‍വാല ധീരെനോട് പറഞ്ഞു
' നിങ്ങടെ നാട്ടുകാരിയാ , കന്നടയാ , മറ്റേതാ പണി '
അയാള്‍ പറഞ്ഞത് എന്താണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രയാസവും
ഇല്ലായിരുന്നു . കാരണം മുംബയില്‍ ഏതു ബസ് സ്റൊപ്പിലും ഇങ്ങനെയുള്ള
സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ഞങ്ങളില്‍ മിക്കവരും
കണ്ടിട്ടുണ്ട് . കാറില്‍ പോകുന്ന പുരുഷന്മാരെ കൈകാണിച്ചു വില പറഞ്ഞു അവരുടെ
ഒപ്പം കയറിപ്പോവുന്ന അനേകം പേരെ ഞങ്ങള്‍ ഇതിനകം കണ്ടിരിക്കുന്നു .
മുംബയില്‍ ശരീരം വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രം ആണ് എന്ന് കരുതരുത് .
സ്വവര്‍ഗ പ്രേമികളായ പുരുഷന്മാരും ഹിജടകളും ഒക്കെ മിക്ക സ്ഥലങ്ങളിലും
ഉപജീവനമാര്‍ഗം തേടി കാത്തു നില്‍ക്കുന്നത് ഞങ്ങള്‍ സ്ഥിരമായി കാണുന്ന
കാഴ്ചയാണ് . ചിലസ്ഥലങ്ങളില്‍ ചെറുപ്പക്കാരെ തേടി ഇറങ്ങുന്ന
പര്ഷ്ക്കാരിപെണ്ണുങ്ങള് ഉണ്ടെന്നുപോലും ഞങ്ങള്‍ ഇതിനകം കേട്ടിരിക്കുന്നു .
അടുത്ത ദിവസവും ഈ സ്ത്രീ വന്നു , ഞങ്ങളുടെ ഗ്രൂപ്പ് അവിടെ പതിവ് രാഷ്ട്രീയവും വെടി പറച്ചിലും കളിയാക്കലും ആയി സമയം നീക്കുക ആണ് .
ധീരെന്‍ ഈ സ്ത്രീ വന്നതും കന്നടയില്‍ എന്തോ ചോദിച്ചു ,
' നീ ബെല്‍ഗാം കാരിയാണോ ? ' എന്നാണു അവരുടെ തലയാട്ടലില്‍ നിന്നും എനിക്കും മനസ്സിലായി .
, അവര്‍ ധീരെനോട് ചറപറാ എന്തെക്കെയോ പറഞ്ഞു . ചായയും കുടിച്ചു കയ്യിലെ വലിയ പേഴ്സ് മായി അവര്‍ മറയുകയും ചെയ്തു .
അന്ന് ഹോസ്റ്റലില്‍ ഞങ്ങള്‍ മുംബയിലെ ചുവന്ന തെരുവകളെ പറ്റിയും ശരീരം
വിറ്റു ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും സ്വര്‍ഗ്ഗ പ്രേമികളെയും
പറ്റി ഒക്കെ ആയിരുന്നു ചര്‍ച്ച . മുംബൈ നഗരത്തില്‍ മാത്രം അഞ്ചു ലക്ഷം
ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നു പറയുമ്പോള്‍ മുംബയിലെ ചുവന്ന തെരുവുകളും
അനുബന്ധ വ്യാപാരങ്ങളുടെയും അവസ്ഥ മനസ്സിലാക്കാം .
എന്തിനു പറയുന്നു , ഈ സ്ത്രീ എന്നും ചായ കുടിക്കാന്‍ വരികയും ധീരേനെ ധീരന്
ഭയ്യ എന്ന് വിളിച്ചു സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി . അവരെ കാണുമ്പോള്‍
ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്ന അടക്കം പറച്ചിലും പരിഹാസവും ഒക്കെ മാറി
. ധീരെന്‍ ഓരോ ദിവസം ചെല്ലുതോറും ശരിക്കും അവരുടെ ഭയ്യ (സഹോദരന് )ആയി
വരുന്നു എന്ന് തോന്നി .
അന്ന് ധീരെന്‍ അവരുടെ കഥ പറഞ്ഞു. റീന എന്ന് മുംബയില്‍ എത്തിയിട്ട് ഇട്ട
പേരാണ് . അവര്‍ ബെല്‍ഗാമില്‍ ഒരു പാവപ്പെട്ട വീട്ടില്‍ പട്ടിണിയും
ദാരിദ്രവുമായി കഴിഞ്ഞു വരികയായിരുന്നു . അച്ഛന് ഇല്ല , ഇളയ രണ്ടു
പെണ്‍കുട്ടികള്‍ . അമ്മ വീടുകളില്‍ പാത്രം കഴുകിയും വെള്ളം കോരിയും മൂന്നു
പെണ്മക്കളെ വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു . മുംബയില്‍ ജോലിയുള്ള
നാട്ടുകാരനായ ഒരാള്‍ റീനയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചു , അങ്ങിനെ
അയാളുടെ കൂടെ മുംബയില്‍ എത്തി , ധാരാവിയിലെ ഒരു ചേരിയില്‍ എത്തി . ചുവന്ന
തെരുവില്‍ വില്ക്കാന് കൊണ്ടുവന്ന അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രം
ആണന്നു അവര്‍ക്ക് അപ്പോളാണ് മനസ്സിലായത് . പലര് കൈമറിഞ്ഞ് അവര്‍ നാടും
വീടും ഒക്കെ മറന്നു അവസാനം മുംബയിലെ ചുവന്ന്! തെരുവിലെ ലക്ഷങ്ങളില്‍ ഒരാള്‍
ആയി മാറി . അത്യാവശ്യം പണം ഒക്കെ കിട്ടിത്തുടങ്ങി , പിന്നെ
ബാന്ദ്രയിലേക്ക് കൂട് മാറി . റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഒരു
കുടിലില്‍ താമസിക്കുന്നു . അനിയത്തിമാരുടെ കല്യാണം നടത്തണം , പിന്നെ മുംബൈ
വിടും . അത് മാത്രമാണ് അവരുടെ മനസ്സില്‍ . .
പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും റീന ചായ കുടിക്കാന്‍ വരുമ്പോള്‍
ഞങ്ങളോടും എന്തെങ്കിലും ഒക്കെ പറയാന്‍ തുടങ്ങി . ജീവിതം
കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത
പുരുഷന്മ്മാരുടെ വാഹനത്തിനു കൈകാണിച്ചു വില പേശി മുന്‍സീറ്റില്‍ കയറി
പ്പോവുന്ന ആ സ്ത്രീക്കും ഞങ്ങളെപ്പോലെ ഒരു നല്ല നാളയെ സ്വപ്നം കാണുന്നില്ലേ
. ധീരെനോട് അവര്‍ ഓരോ ദിവസം നേരിട്ട നല്ലതും ചീത്തയും അനുഭവങ്ങള്‍
പറയുന്നത് ഞങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി . സ്ഥിരം ഗോസിപ്പുകള്‍ പറഞ്ഞു
പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍ അവര്‍ വരുമ്പോള്‍ നിശബ്ദം ആകാന്‍ തുടങ്ങി .
' നിനക്ക് ഇ വൃത്തികെട്ട പണി നിര്‍ത്തി നാട്ടില്‍ പോയിക്കൂടെ '
' ഭയ്യ , ഞാന്‍ അയക്കുന്ന കാശ് കൊണ്ടാണ് എന്റെ അമ്മയും അനിയത്തിമാരും
കഴിയുന്നത് , എനിക്ക് ഇവിടെ നല്ല ജോലിയാണ് എന്നാണു ഞാന്‍ പറഞ്ഞിരിക്കുന്നത്
, അവരുടെ കല്യാണം നടത്തണം , പിന്നെ നാട്ടില്‍ പോവണം '
' നിനക്ക് ഒരു കല്യാണം കഴിച്ചു കൂടെ '
' വേണ്ട, ഒരു ഭര്‍ത്താവ് ഇനി എനിക്ക് വേണ്ട '
' നിനക്ക് കുട്ടികള്‍ വേണ്ടേ '
' ഞാന്‍ ഒരു കുട്ടിയെ ദത്തെടുക്കും '
ചിലപ്പോഴൊക്കെ അവര്‍ ഞങ്ങള്‍ കുടിച്ച ചായയുടെ കൂടി പണം യൂപ്പിക്കാരന്‍
ഭയ്യക്ക് കൊടുക്കും . രാഖിയുടെ ദിവസം മുംബയില്‍ വലിയ ആഘോഷമാണ് . അന്ന്
ആങ്ങളമാരുടെ കൈയ്യില്‍ വര്‍ണ്ണ നിറവും സ്വര്‍ണ നൂലും ഒക്കെ വാച്ച് പോലെ
പെങ്ങള്മാര് കെട്ടികെടുക്കും. ചിലരുടെ കൈകളില്‍ ഇങ്ങനെ നിരവധി രാഖികള്‍
ഉണ്ടാവും . ധീരെനോട് നേരത്തെ പറഞ്ഞതാതിനാല് അന്ന് റീന വന്നത് ഞങളുടെ
കൈയ്യില്‍ മുഴുവന്‍ കെട്ടാനുള്ള രാഖികളുമായാണ്. വരി വരിയായി ഞങ്ങള്‍ ഇരുപതു
പേര്‍ക്കാണ് കൈയ്യില്‍ അവര്‍ രാഖി കെട്ടി തന്നത് .
എന്റെ കൈയ്യില്‍ റീന കെട്ടിത്തന്ന രാഖി നോക്കി , ദൈവമേ , നാട്ടില്‍
സ്വാതികയായ എന്റെ അമ്മയോട് എനിക്ക് ഇങ്ങനെ ഒരു സഹോദരിയെ കിട്ടി എന്നെങ്ങാനം
പറഞ്ഞാന്‍ , അല്ല അമ്മ ഇതെങ്ങാനം അറിഞ്ഞാല്‍ ! . സ്വന്തം വീട്ടില്‍
രീനയെപറ്റി അച്ഛനോടും അമ്മയോട് പറഞ്ഞു എന്ന് ധീരെന്‍ പറഞ്ഞത് എനിക്ക്
അവിശ്വസനീയമായി തോന്നി . മക്കളെ ഇത്രയ്ക്കു വിശ്വാസമുള്ള ആ അമ്മയെയും
അച്ഛനെയും ഞാന്‍ മനസ്സില്‍ സങ്കല്പ്പിച്ചു .
ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയി , ഇതിനകം ധീരെന്‍ പലപ്പോഴും പാന്‍ വാലയെ
ഡോക്ടറിനെ കാണിക്കാനോ രീനക്ക് മരുന്ന് മേടിക്കാണോ ഒക്കെ കറങ്ങി നടക്കും .
അയാളുടെ പാവങ്ങളോടുള്ള കരുണയും സൌഹൃദവും ഞങ്ങള്‍ക്ക് ഒരു പുതിയ പാഠം തന്നെ
ആയിരുന്നു .
ഒരു ദിവസം ധീരെന്‍ തിരക്കിട്ട് ഞങ്ങളുടെ മുറിയിലേക്ക് വന്നു , നേരെ അയയില്‍
കിടന്ന എന്റെ ഷര്‍ട്ട് ന്റെ പോക്കെറ്റില്‍ കൈയിട്ടു .. അതാണ് ഈ ഹോസ്റെല്
ലെ പതിവ് . കാശ് എടുത്തിട്ടേ പറയൂ .
' സോം , ശിവാ , ഫാറൂക്ക് , ഇത് പോരാ , ഒരു നൂറു രൂപ വീതം വേണം '
' നോക്കട്ടെ , നൂറു കാണുമോ എന്ന് സംശയമാ , എന്തിന്നാ '
' റീന ആശുപത്രിയിലാ , കുറച്ചു കാശ് വേണം '
ബാക്കി എന്തെങ്കിലും പറയുനതിനു മുന്‍പ് തന്നെ ധീരെന്‍ ഹോസ്റ്റല്‍
കുട്ടികള്‍ നിന്നും കിട്ടിയ പണവുമായി ഓടിക്കഴിഞ്ഞിരുന്നു . പിന്നെ രണ്ടു
ദിവസത്തേക്ക് കണ്ടില്ല . അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .
മൂന്നാം ദിവസം ധീരെന്‍ വന്നു, സംഗതി സീരിയസ് ആണ് . മഞ്ഞപ്പിത്തം ആണെന്ന് പറയുന്നു , കുറെ ദിവസം കിടക്കണം . ജെ ജെ ആശുപത്രിയില്‍ ആണ് .
ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും അന്ന് തന്നെ കോളേജില്‍ പോവാതെ നേരെ ജെ ജെ
ആശുപത്രി യില്‍ പോയി . മുംബയിലെ സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റുന്ന വലിയ
ഒരു മുന്‍സിപ്പല്‍ ആശുപത്രിയാണ് ഇത് . ചെന്നപ്പോള്‍ ധീരെന്‍ മാത്രം ഉണ്ട് .
രീനക്ക് ട്രിപ്പ് ഉണ്ട് , രോഗം അല്‍പ്പം സീരിയസ് ആണെന്ന് കണ്ടാല്‍ തന്നെ
അറിയാം. അവര്‍ക്ക് മുംബൈയില്‍ വേറെ ആരാണ് ബന്ധുക്കള്‍ . പകല്‍ കൂട്ട്
ഇരിക്കാന്‍ ധീരെന്‍ ചിലരെ ഒക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട് . മുംബയില്‍
ആശുപത്രിക്കൂട്ടിനു ആര്‍ക്കാണ് നേരം ? . ഉറ്റ ബന്ധുക്കള്‍ അല്ലാതെ ആര്
കാണില്ല .
ഞങ്ങള്‍ ആവശ്യമുള്ള പണം പിരിക്കാന്‍ തുടങ്ങി . ഹോസ്റ്റലില്‍ നിന്നും
കോളേജില്‍ നിന്നും ഒക്കെ ആയി പത്തു രണ്ടായിരം രൂപ പിരിച്ചെടുത്ത് ധീരേനെ
ഏല്‍പ്പിച്ചു . ഞങ്ങളില്‍ പലരും മാറി മാറി കൂട്ട് ഇരിക്കാം എന്ന് പറഞ്ഞു
എങ്കിലും ധീരെന്‍ ചിലരെ ഒക്കെ സംഘടിപ്പിച്ചു അത് വേണ്ടെന്നു പറഞ്ഞു ..
അന്ന് വൈകിട്ട് ഞങ്ങളുടെ കൂടുകാരന് സഞ്ജയ് യുടെ വീട്ടില്‍ വന്ന ഫോണ്‍ മൂലം
ആണ് ധീരെന്‍ ആ ന്യൂസ് ഞങ്ങള്‍ക്ക് തന്നത് . റീന മരിച്ചു . ഹോസ്റ്റല്‍
മുഴുവന്‍ നടുങ്ങിപ്പോയ ഒരു നിമിഷം ആയിരുന്നു അത് .
പ്രശ്നങ്ങള്‍ തീരുകയല്ല , തുടങ്ങുകയായിരുന്നു . ഇവരുടെ ഒരു ബന്ധു ഇല്ല ,
ബാല്ഗാമില് എവിടെയാണെന്ന് അറിയില്ല . എവിടെ സംസ്കരിക്കണം എന്ന് അറിയില്ല .
ആശുപത്രിയില്‍ നിന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം , ആംബുലന്‍സ് വേണം
. ധീരെന്‍ എത്ര വലിയ മനുഷ്യ സ്നേഹി ആണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി
. ഒരു ദിവസം മുഴുവന്‍ ഓട്ടമായിരുന്നു . പണം പലരില്‍ നിന്നും കടം വാങ്ങി .
ഞങള്‍ ഹോസ്റെല് ലെ മുപ്പതു കുട്ടികളും അന്ന് ധീരെന്റെ ഒപ്പം
ഉണ്ടായിരുന്നു .
ശ്മാശാനതെക്ക് ഉള്ള ആ അവസാന യാത്ര എനിക്ക് ജീവിതത്തില്‍ ഒരിക്കലും
മറക്കാന്‍ ആവില്ല . ഒരു യഥാര്‍ത്ഥ സഹോദരനെപ്പോലെ ഞങ്ങളുടെ ധീരെന്‍
മുന്പില് ചിത കത്തിക്കാനുള്ള കനലുകള്‍ നിറച്ച ആ മങ്കുടവും തൂക്കി
മുന്നില്‍ , നിറയെ പൂക്കളാല്‍ മൂടി വെള്ളത്തുണി പുതപ്പിച്ച ആ ശവമഞ്ചം പേറി
ഒരു എഞ്ചിനീയറിംഗ് കോളേജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ , കൂടെ പാന്‍ വാലയും
ഭയ്യയും കുറെ ധീരെന്റെ സുഹൃത്തുക്കളും .
' രാം നാം സത്യ ഹേ'
ഞങ്ങള്‍ ഏറ്റു പറഞ്ഞു ധീരെന്റെ പിന്നാലെ നടന്നു .
മതപരമായ ചടങ്ങുകള്‍ നടത്തി റീനയുടെ സ്വന്തം സഹോദരനെപ്പോലെ തല മുണ്ഡനം ചെയ്ത ധീരെന്‍ അന്നും ഇന്നും എനിക്ക് ഒരു അത്ഭുതമാണ് .
തന്റെ മകള്‍ മുംബയില്‍ ജോലി ചെയ്തു അയച്ചു കിട്ടുന്ന പണം പ്രതീക്ഷിച്ചു
ബെല്‍ഗാമില്‍ എവിടെയോ കാത്തിരിക്കുന്ന ഒരമ്മയെ ഞാന്‍ ഓര്‍ത്തു . തങ്ങളുടെ
വിവാഹം സ്വപ്നം കണ്ട രണ്ടു അനിയത്തിമാരെ ഓര്‍ത്തു.
ധീരെന്‍ ഇന്ന് സ്വന്തമായി ഒരു ടെലി കമ്മൂനിക്കെഷന് കമ്പനി നടത്തുന്നു . മുപ്പതോളം ജീവനക്കാരും ,
അന്നത്തെപ്പോലെ ഇന്നും ഒരുപാടു സൌഹൃദങ്ങള്‍ ., കൂടാതെ എയിഡ്സ്
രോഗികള്‍ക്ക് വേണ്ടിയുള്ള ചില ജീവക്കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു .
ധീരെനെപ്പോലെ ഉള്ള ഒരു വലിയ മനുഷ്യന്റെ സഹപാറി ആവാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം.
റീനയുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്റെ ദൌഭാഗ്യവും !