Image

യാത്രികര്‍ക്കു നല്കുന്ന ശുശ്രൂഷ ക്രിസ്തുവിന്‍റെ സാന്ത്വന സാന്നിദ്ധ്യം

Published on 14 September, 2012
യാത്രികര്‍ക്കു നല്കുന്ന ശുശ്രൂഷ ക്രിസ്തുവിന്‍റെ സാന്ത്വന സാന്നിദ്ധ്യം
വത്തിക്കാന്‍ : ജീവിത യാത്രയില്‍ ക്രിസ്തു എന്നും കൂടെയുണ്ടെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. ടാന്‍സേനിയായില്‍ സെപ്റ്റംമ്പര്‍ 11-മുതല്‍ 15-വരെ തിയതികളില്‍ സമ്മേളിച്ചിരിക്കുന്ന ‘ആഫ്രിക്കന്‍ തെരുവീഥികളിലെ അജപാലന ശുശ്രൂഷ’യെക്കുറിച്ചുള്ള പ്രഥമ സമ്മേളനത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം സമര്‍ത്ഥിച്ചത്. ജീവിതത്തില്‍ നഷ്ടധൈര്യരായി ഒളിച്ചോടിപ്പോവുകയായിരുന്ന എമാവൂസിലെ ശിഷ്യന്മാരുടെ അടുത്തെത്തി, മാര്‍ഗ്ഗമദ്ധ്യേ അവര്‍ക്ക് സാന്ത്വനത്തിന്‍റെയും സ്നേഹത്തിന്‍റെയും നിറസാന്നിദ്ധ്യമായ ക്രിസ്തു എന്നും മാനവരാശിയുടെ ജീവിതയാത്രയില്‍ സഹചാരിയും സഹായിയുമാണെന്ന് പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ജീവിത സാഹചര്യങ്ങളില്‍ അന്ധാളിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് തുണയും പ്രോത്സാഹനവും സമാധാനവും പകര്‍ന്ന ക്രിസ്തുവിനെപ്പോലെ പ്രവര്‍ത്തിക്കുവാന്‍ സഭ ഇന്ന് ആഗ്രഹിക്കുന്നതിന്‍റെ പ്രതീകമാണ്, യാത്രികര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള വത്തിക്കാന്‍റെ കാര്യാലയം സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനമെന്നും പാപ്പാ സന്ദേശത്തില്‍ വിശദീകരിച്ചു. ജീവിതത്തിന്‍റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പരാധീനതകളില്‍ അകപ്പെട്ടവരെയും ചൂഷണംചെയ്യപ്പെട്ടവരെയും, ജീവിതത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവരെ, വിശിഷ്യാ സ്ത്രീകളെയും കുഞ്ഞളെയും തെരുവീഥികളിലുള്ളവരുടെ അജപാലന ശുശ്രൂഷകര്‍ തണയ്ക്കണമെന്നും പാപ്പാ സന്ദേശത്തിലുടെ പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു.

ആഫ്രിക്കയുടെയും മഡഗാസ്ക്കറിന്‍റെയും സമൂഹ്യ വളര്‍ച്ചയ്ക്കും രാഷ്ട്രനിര്‍മ്മിതിക്കും ഉതകുന്നവിധത്തിലുള്ള നവോന്മേഷം പകരുന്നതിന് തെരുവീഥികളിലെ അജപാലന ശുശ്രൂഷ സഹായകമാകട്ടെ എന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക