റാന്നി: നവജാതശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണെ്ടത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ്, മുത്തശി എന്നിവരെ അറസ്റ്റുചെയ്തു. മണ്ണടിശാല പരുവ താന്നിക്കല്‍ സന്ധ്യ (25), ഇവരുടെ മാതാവ് രാധാമണി (47) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ്ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി.
റാന്നി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെയാണ് യുവതി പറഞ്ഞ സ്ഥലം കുഴിച്ച് ആണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ചെറിയ ആഴത്തില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഒന്നും ഇല്ലാത്ത നിലയിലായിരുന്നു. കഴിഞ്ഞ ചതയദിനത്തിലാണ് യുവതി വീട്ടില്‍ പ്രസവിച്ചതെന്നു പറയുന്നു. പിന്നീട് കുട്ടിയെ സംബന്ധിച്ച് വിവരമൊന്നുമില്ലാതിരുന്നതിനെത്തുടര്ന്ന് നാട്ടുകാരുടെയും വാര്‍ഡ് മെംബര്‍ രമാദേവിയുടെയും നേതൃത്വത്തില്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ടിട്ടുണെ്ടന്ന് പോലീസ് കസ്റ്റഡിയിലായ യുവതി വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നു പോലീസ് പറഞ്ഞു. സന്ധ്യ അവിവാഹിതയാണ്. വടശേരിക്കര സിഐ രവികുമാര്‍, വെച്ചൂച്ചിറ എസ്ഐ ആര്. സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.