ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ യുദ്ധമുന്നണിയില്‍ അപ്പാഷെ ഹെലികോപ്ടര്‍ പൈലറ്റായി ഹാരി രാജകുമാരന് വീണ്ടും ജോലി തുടങ്ങി. ഹെല്‍മന്ദ് പ്രവിശ്യയിലെ ക്യാമ്പ് ബാസ്റ്റിയോണില് നാലു മാസം അദ്ദേഹം പൈലറ്റായി സേവനമനുഷ്ഠിക്കും.
രാജകുമാരന്റെ നഗ്നഫോട്ടോകള്‍ ഈയിടെ ഇന്റര്‍നെറ്റിലും ചില മാധ്യമങ്ങളിലും വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ ലാസ്വെഗാസിലെ നിശാ ക്ലബില്‍ ഉല്ലസിക്കാന്‍ പോയതായിരുന്നു രാജകുമാരന്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അഭ്യര്‍ഥന അവഗണിച്ച് മര്‍ഡോക്കിന്റെ സണ്പത്രം ഈ ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തി. പൊതുജനങ്ങളില്‍നിന്ന് 3880ല്‍അധികം പരാതി കിട്ടിയെങ്കിലും രാജകുമാരന് പരാതി നല്കാത്തതിനാല് പത്രത്തിനെതിരേ അന്വേഷണമില്ലെന്ന് പ്രസ് കംപ്ളെയിന്റ്സ് കമ്മീഷന് വ്യക്തമാക്കി.