Image

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ ചിന്തകള്‍

Published on 07 September, 2012
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ ചിന്തകള്‍
മുമ്പൈ: സാമൂഹ്യഘടയിലെ തിന്മകള്‍ ഇല്ലാതാക്കാന്‍ മദര്‍ തെരേസായുടെ പ്രേഷിത മാതൃക സഹായകമെന്ന് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു. സെപ്റ്റംമ്പര്‍ 5-ാം തിയതി വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍ ആചരിച്ചുകൊണ്ട് കൊളാബായിലെ കത്തീഡ്രല്‍ ദേവാലയത്തിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ലിംഗവിവേചനവും ഭ്രൂണഹത്യയും, വിശിഷ്യാ വിവേചനപരമായ പെണ്‍ഭ്രൂണഹത്യയും, ഇന്ത്യയുടെ സമൂഹ്യ മനസ്സാക്ഷിയിലെ ഇനിയും അക്ഷന്തവ്യമായ തിന്മകളാണെന്ന്, പാവങ്ങള്‍ക്കുവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിച്ച മദര്‍ തെരേസായെ അനുസ്മരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

അമ്മമാരുടെ അനുമതിയോടെ ലോകത്ത് നടക്കുന്ന നിര്‍ദ്ദോഷികളായ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ കൊലപാതകങ്ങളാണ് ഇന്ന് ലോകസമാധാനത്തിന് വിഘ്നമായി നില്ക്കുന്നതെന്ന്, (1979-ലെ) നൊബേല്‍ പുരസ്ക്കാര സ്വീകരണ വേളയില്‍ മദര്‍ തെരേസാ പ്രസ്താവിച്ചത് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. മനുഷ്യവ്യക്തിയോടുള്ള ആദരവ്, മനുഷ്യാന്തസ്സു മാനിക്കല്‍, ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരെയുള്ള ജീവന്‍റെ പരിരക്ഷ എന്നിവയാണ് മദര്‍ തെരീസായെ വിശുദ്ധിയുടെ പടവുകളിലേയ്ക്ക് ഉയര്‍ത്തിയതെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക