Image

മട്ടന്നൂരില്‍ 16 ശതമാനം വോട്ടിന്റെ പിന്‍ബലമുണ്ടായിരുന്ന യു.ഡി.എഫിന് അത് 38 ശതമാനമാക്കി

Published on 05 September, 2012
മട്ടന്നൂരില്‍ 16 ശതമാനം വോട്ടിന്റെ പിന്‍ബലമുണ്ടായിരുന്ന യു.ഡി.എഫിന് അത് 38 ശതമാനമാക്കി
ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞുവെന്നതാണ് മട്ടന്നൂരില്‍ യു.ഡി.എഫിന്റെ വിജയത്തിന് തിളക്കമേറ്റുന്നത്.
മട്ടന്നൂരിന്റെ ചരിത്രത്തില്‍ ഇതുവരെ 14 വാര്‍ഡുകളില്‍ വിജയിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. 2007 ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളിലൊക്കെ ഇടത് സ്ഥാനാര്‍ഥികള്‍ കഷ്ടിച്ചാണ് ജയിച്ചു കയറിത്. മുണ്ടയോട്, കായല്ലൂര്‍, അയ്യല്ലൂര്‍, ഉത്തിയൂര്‍, മരുതായി, മേറ്റടി എന്നീ വാര്‍ഡുകള്‍ ഇടതുമുന്നണിയുടെ കരുത്തുറ്റ കേന്ദ്രങ്ങളായിരുന്നു. പക്ഷേ, ഇവിടങ്ങളിലെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
ഉത്തിയൂരും മേറ്റടിയും ഇടതിനെ കൈവിട്ടു. ആണിക്കരിയില്‍ സി.പി.എം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നഗരസഭയില്‍ 16 ശതമാനം വോട്ടിന്റെ പിന്‍ബലമുണ്ടായിരുന്ന യു.ഡി.എഫിന് അത് 38 ശതമാനമാക്കി ഉയര്‍ത്താനായി. എല്‍.ഡി.എഫ്. 49 ശതമാനം വോട്ടു നേടി. നഗരസഭയില്‍ ഇടതുമന്നണിയുടെ 7000 വോട്ടിന്റെ ഭൂരിപക്ഷം 3023 ആയി കുറഞ്ഞു.
പുതുതായി നിലവില്‍വന്ന ബേരം, കൊക്കയില്‍, കളറോഡ് എന്നീ വാര്‍ഡുകള്‍ യൂ.ഡി.എഫിനൊപ്പം നിന്നു. കോളാരി, കയനി, ഉത്തിയൂര്‍, മേറ്റടി, നാലാങ്കേരി എന്നീ വാര്‍ഡുകളാണ് യൂ.ഡി.എഫ്. പിടിച്ചെടുത്തത്. മണ്ണൂര്‍, ഏളന്നൂര്‍, ആണിക്കരി, ടെമ്പിള്‍, മട്ടന്നൂര്‍ എന്നീ വാര്‍ഡുകളും നിലനിര്‍ത്തി. യു.ഡി.എഫ്. ഏജന്റിന് ബൂത്തിലിരിക്കാന്‍ പോലും കഴിയാതിരുന്ന അയ്യല്ലൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 303 വോട്ടു നേടി.
705 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ സി.പി.എം. സ്ഥാനാര്‍ഥി ജയിച്ച ഇവിടെ 79 വോട്ടാണ് ഇത്തവണ മേല്‍ക്കൈ നേടിയത്.
ഇടതുമുന്നണിയുടെ ഘടകകക്ഷികളില്‍ സി.പി.ഐ.ക്ക് ഒഴികെ ആര്‍ക്കും വിജയിക്കാനായിട്ടില്ല. കഴിഞ്ഞതവണ സി.പി.ഐ., ഐ.എന്‍.എല്‍, ജനതാദള്‍(എസ്) എന്നിവര്‍ക്ക് ഓരോ സീറ്റ് വീതമാണുണ്ടായിരുന്നത്. 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞതവണ ജയിച്ച കരേറ്റവാര്‍ഡില്‍നിന്ന് 16 വോട്ടിന്റെ മേല്‍ക്കൈ നേടി കഷ്ടിച്ചാണ് സി.പി.ഐ. ജയിച്ചുകയറിയത്. പരിയാരം, കാര, കല്ലേരിക്കര, പെരിഞ്ചേരി, പഴശ്ശി എന്നിവിടങ്ങളില്‍ കാര്യമായ വോട്ടുചോര്‍ച്ച ഇടതുമുന്നണിക്കുണ്ടായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക