Image

മുന്‍ മന്ത്രി ചമഞ്ഞ് തട്ടിപ്പ്: നാലു പേര്‍ പിടിയില്‍

Published on 04 September, 2012
മുന്‍ മന്ത്രി ചമഞ്ഞ് തട്ടിപ്പ്: നാലു പേര്‍ പിടിയില്‍
കോട്ടയം: മുന്‍ മന്ത്രി ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍. മീനടം എട്ടാംമൈല്‍ നുറളക്കോട് മോന്‍സി.വി ജേക്കബ് (51), വടവാതൂര്‍ കൊച്ചുപറമ്പില്‍ അതീഷ് (27), തിരുവാതുക്കല്‍ സ്വദേശി സുരേഷ് (37), ഇല്ലിക്കല്‍ സ്വദേശി നജീര്‍ എന്നിവരാണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വടവാതൂര്‍ സ്വദേശി ജോയി ജേക്കബിന്റെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ കൂട്ടുപ്രതികളായ തിരുവാതുക്കല്‍ സ്വദേശി സുരേഷിനെ പൊലീസ് തിരയുന്നു. ആഗസ്റ്റിലാണ് വിദേശ മലയാളിയായ ജോയി ജേക്കബിനെ കബളിപ്പിച്ച് പ്രതികള്‍ പണം തട്ടിയത്. 

മുന്‍ മന്ത്രി മോന്‍സ് ജോസഫ് ആണെന്നുപറഞ്ഞ് പരിചയപ്പെടുത്തി ഇയാളുടെ പക്കല്‍നിന്ന് 2000 രൂപ കൈപ്പറ്റി. ഹരേകൃഷ്ണ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സഹായം നല്‍കുന്നുണ്ടെന്നും താലിവാങ്ങാന്‍ പണം തരണമെന്നുമാണ് ആവശ്യപ്പെട്ടത്. പ്രതികള്‍ നാലുപേരും എത്തിയാണ് ജോയി ജേക്കബിനെ തെറ്റിദ്ധരിപ്പിച്ചത്. ജോയി ജേക്കബ് വര്‍ഷങ്ങളായി ദുബൈയില്‍ ജോലി നോക്കിവരുന്നതിനാല്‍ മുന്‍മന്ത്രി മോന്‍സ് ജോസഫ് എന്ന് പരിചയപ്പെടുത്തിയപ്പോള്‍ തട്ടിപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച പകല്‍ കോട്ടയത്തേക്ക് കാറില്‍ ജോയി ജേക്കബ് വരുമ്പോഴാണ് മുന്‍മന്ത്രി കഞ്ഞിക്കുഴിയില്‍ വഴിയരികില്‍ നില്‍ക്കുന്നത് കണ്ടത്. സംശയം തോന്നിയ ജോയി ഈസ്റ്റ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് കഞ്ഞിക്കുഴിയില്‍നിന്ന് 'മുന്‍മന്ത്രിയെ' പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് തനിനിറം വെളിവാകുന്നത്.

മുന്‍ മന്ത്രി ചമഞ്ഞ് തട്ടിപ്പ്: നാലു പേര്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക